19 September Saturday

ബിരിയാണിയുടെ ഫെസ്റ്റിവൽ കുതിപ്പ്‌

ശൈലൻUpdated: Sunday Mar 29, 2020

ബിരിയാണി എന്ന ചിത്രത്തിൽനിന്ന്‌

തിരുവനന്തപുരത്തിന്റെ ഒരു കിഴക്കൻ ഉൾനാടൻ ഗ്രാമത്തിൽനിന്ന്‌ പ്ലസ്ടു കഴിഞ്ഞ് വീടുവിട്ടിറങ്ങിയ പയ്യൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേരുകയും ജീവിക്കാനായി പല ജോലികളിൽ ഏർപ്പെടുകയും ചെയ്യുന്നു. നഗരത്തിന്റെ വിശാലതയിൽ സാംസ്‌കാരികമായ വാതിലുകൾ തുറന്നുകിട്ടിയ അവൻ, ഐഎഫ്എഫ്കെയിൽ മികച്ച സിനിമകൾ കണ്ടതിന്റെ മാത്രം അനുഭവം കൈമുതലാക്കി ഗുരുക്കന്മാരില്ലാതെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ചെയ്യുന്നു. ഇരുപത്താറാം വയസ്സിൽ സംവിധാനംചെയ്‌ത അസ്‌തമയംവരെ എന്ന ആദ്യ ഫീച്ചർ സിനിമ ഐഎഫ്എഫ്കെയിൽ ഇന്റർനാഷണൽ കോംപറ്റിഷൻ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രജതചകോരവും ലഭിച്ചു. സജിൻബാബു എന്ന സംവിധായകന്റെ ജീവിതവഴികൾ കൗതുകകരമാണ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ ബിരിയാണി, അതിന്റെ  ഉള്ളടക്കത്തിന്റെ  കത്തുന്ന പ്രസക്തി കാരണം ഇപ്പോൾ അന്താരാഷ്ട്രമേളകളിലേക്ക് കുതിപ്പ് തുടരുകയാണ്.  സജിൻബാബു സംസാരിക്കുന്നു

 
? ബിരിയാണി പ്രദർശിപ്പിച്ച മേളകൾ... ലഭിച്ച പുരസ്‌കാരങ്ങൾ.
 
= ബിരിയാണിയുടെ വേൾഡ് പ്രീമിയർ ഇറ്റലിയിലെ ഇരുപതാമത് ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലി(റോം)ൽ ആയിരുന്നു. അവിടെ മികച്ച സിനിമയ്‌ക്കുള്ള നെറ്റ് പാക്‌ അവാർഡ്‌ കിട്ടി. തുടർന്ന്‌ കർണാടക സ്റ്റേറ്റ് ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ജൂറി പ്രൈസ് കിട്ടി. നേപ്പാൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമേരിക്കയിലെ ടിബ്രോൺ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ(കാലിഫോർണിയ), സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവൽ, ഫ്രാൻസിലെ ടുലോസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര മത്സര വിഭാഗങ്ങളിലും ഗ്യാങ്‌ടോക്‌ ഗ്ലോബൽ സിനിമ ഫെസ്റ്റിവൽ, ഭുവനേശ്വർ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, മാംഗ്ലൂരു നിറ്റെ ഫിലിം ഫെസ്റ്റിവൽ, ഡൽഹിയിലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ, കോയമ്പത്തൂർ ഫിലിം ഫെസ്റ്റിവൽ, കേരളത്തിലെ കാഴ്ച ഫിലിം ഫെസ്റ്റിവൽ, തൃശൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്‌എഫ്‌കെ റീജ്യണൽ ഫിലിം ഫെസ്റ്റിവൽ കോട്ടയം തുടങ്ങി ധാരാളം ഫെസ്റ്റിവലുകളിൽ സെലക്ഷൻ കിട്ടി. വെബ്സൈറ്റ് വഴി റിസൾട്ട് പുറത്ത് വിടാത്ത പല ഫെസ്റ്റിവലുകളിലും ഇതിനോടകം സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
 
? വിവിധ മേളകളിൽനിന്നുള്ള അനുഭവങ്ങൾ
 
 റോമിലെ പ്രീമിയറിന്‌  മികച്ച പ്രതികരണമായിരുന്നു. സിനിമയ്‌ക്കുശേഷം നടന്ന ചർച്ച മുൻകൂട്ടി നിശ്ചയിച്ച 15 മിനിറ്റു മറികടന്നു നാൽപ്പതു മിനിറ്റിലെത്തി. ബംഗളൂരു ഫെസ്റ്റിവലിൽ പ്രദർശനം കഴിഞ്ഞു ഒരു ചെറുപ്പക്കാരി അടുത്തുവന്നു ഗൗരവത്തിൽ സംസാരിച്ചു തുടങ്ങി. അടുത്ത നിമിഷം എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. തിരുവനന്തപുരത്ത് സിനിമ കണ്ട് അടുത്ത ദിവസം രാത്രി എനിക്കൊരു ഫോൺകോൾ. സിനിമ കണ്ട  എഴുപത് വയസ്സുള്ള ഒരു വ്യക്തി ആദ്യംചോദിച്ചത്‌, ‘എന്റെ കഥ നിനക്ക് എവിടെനിന്ന്‌ കിട്ടി?' എന്നാണ്‌. കേരളത്തിൽ കാണിക്കുമ്പോൾ മാത്രമാണ് ആരും ഒന്നും മിണ്ടാതെ ഷോക്ക് ആയതുപോലെ സിനിമ കഴിഞ്ഞ് പലരും ഇറങ്ങിപ്പോകുന്നത്. പുറത്ത് അങ്ങനെയല്ല. അതിനു കാരണമായി എനിക്ക് തോന്നുന്നത്‌ വിദേശ സിനിമകൾ കണ്ടു കൈയടിക്കുമെങ്കിലും മലയാളിയുടെ സദാചാരബോധം മാറിയിട്ടില്ല എന്നതാണ്‌. 
 
സജിൻ ബാബു

സജിൻ ബാബു

? സാധാരണ മുസ്ലിം സ്‌ത്രീ അനുഭവിക്കുന്ന അരികുവൽക്കരണത്തിന്റെയും കടന്നുകയറ്റങ്ങളുടെയും പൊള്ളിക്കുന്ന കാഴ്‌ചയാണ് ബിരിയാണി. ഈ വിഷയത്തിൽ എത്തിപ്പെട്ടതെങ്ങനെ.
 
= ശരിക്കും ആദ്യചിത്രമായി  ആലോചിച്ചത്‌ ഇതായിരുന്നു. വർഷങ്ങൾ മനസ്സിൽ കിടന്നു വളർന്നാണ് ഇന്നു കാണുന്ന രീതിയിൽ വികസിച്ചത്‌. സ്‌ത്രീപക്ഷ സിനിമയാണിതെന്ന്‌ ഞാൻ പറയില്ല. അടുത്തകാലം സ്‌ത്രീകളോടുള്ള എന്റെ സമീപനം ഭിന്നമായിരുന്നു. അതിനു കാരണം വിദ്യാഭ്യാസ സമ്പ്രദായമാണ്. ഗ്രാമത്തിലെ മിക്‌സഡ് സ്‌കൂളിലാണ് പഠിച്ചതെങ്കിലും ഒരു പെൺകുട്ടിയുമായി ആദ്യം സംസാരിക്കുന്നത് പ്ലസ്‌ടു കാലത്താണ്. 2000ലെ കാര്യമാണിത്‌. അപ്പോഴെല്ലാം നമ്മൾ സ്‌ത്രീകളെക്കുറിച്ച് മനസ്സിലാക്കിയിരുന്നത് അവർ സെക്‌സിനും പ്രസവിക്കാനുമുള്ള യന്ത്രം മാത്രമാണെന്നാണ്. കാലവും പ്രായവും അനുഭവങ്ങളും ആ ധാരണ മാറ്റി. അതിനുശേഷം ഞാൻ എന്റെ അമ്മയും പെങ്ങളും ഗേൾ ഫ്രണ്ടും ഉൾപ്പെടെ ഒരുപാടു പേരോടു സംസാരിച്ചു. കുടുംബമായി ജീവിക്കുന്നതും അല്ലാത്തതുമായ കൂടുതൽ സ്‌ത്രീകളും (എല്ലാവരുമല്ല) ഇപ്പോഴും പുരുഷന്റെ കാഴ്‌ചപ്പാടിലാണ് സ്‌ത്രീകളെ കാണുന്നത്. ബിരിയാണിപോലും എന്നിലെ പുരുഷന്റെ കാഴ്‌ചപ്പാട്‌ മാത്രമാണ്. അതുകൊണ്ടാണ് ഇതൊരു സ്‌ത്രീപക്ഷ സിനിമ അല്ലെന്ന് പറഞ്ഞത്.
 
? ലൈംഗികത ധീരതയോടെ തുറന്ന് ചർച്ചചെയ്യുന്നുണ്ട് ബിരിയാണി. നമ്മുടെ സെൻസറിങ്‌ കുരുക്കുകളിൽ അതിന്റെ ആത്മാവ് ചോർന്നുപോകുമോ.
 
= സോഷ്യൽ മീഡിയയുടെയും കാലത്ത് സെൻസറിങ്‌  വേണോ എന്ന്‌ ചർച്ച ചെയ്യേണ്ടതുണ്ട്. ഒന്നും വെട്ടിക്കളയാതെ വിദേശങ്ങളിലെ പോലെ ഗ്രേഡുകൾ കൊടുക്കാം. താൽപ്പര്യമുള്ളവർ മാത്രം കാണാം. പക്ഷേ, സെൻസറിങ്‌ നിലനിൽക്കുന്നിടത്തോളം കാലം നാമതിനെ മാനിക്കണം. ബിരിയാണി ഷൂട്ട്‌ ചെയ്യുന്ന സമയം അതിനെക്കുറിച്ച് ഉൽക്കണ്ഠയില്ലായിരുന്നു. ഫെസ്റ്റിവലുകളിലും ഓടിയെങ്കിലും യഥാർഥ വേർഷൻ കാണിക്കാമെന്നായിരുന്നു മനസ്സിൽ. ഭാഗ്യവശാൽ സെൻസർ ബോർഡ്‌ ചില പ്രധാന ഇമേജുകളും ശബ്‌ദങ്ങളും വെട്ടിക്കളഞ്ഞെങ്കിലും ആത്മാവ് ചോർന്നിട്ടില്ല എന്നാണ് തോന്നുന്നത്
 
? ഞെട്ടിക്കുന്നതാണ് ബിരിയാണിയുടെ ക്ളൈമാക്‌സ്. സമൂഹത്തിലെ അസഹിഷ്‌ണുത സിനിമയെ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ.
 
= പതിഞ്ഞ താളത്തിൽ അല്ലാതെ ആർക്കും എളുപ്പത്തിൽ കാണാനും മനസ്സിലാക്കാനും കഴിയുംവിധമാണ് ബിരിയാണി ഒരുക്കിയിരിക്കുന്നത്. നമ്മുടെ ജാതിയും മതവും പൗരോഹിത്യവും അധികാരവുമെല്ലാം കുടുംബത്തിൽ ഇടപെടുന്നതാണ് പ്രമേയം. സ്‌ത്രീകളാണ്‌ സ്വാഭാവികമായും പ്രധാന ഇര. അതിൽ ഒരുവളുടെ കണ്ണിൽച്ചോരയില്ലാത്ത പ്രതികാരമാണ് ക്ളൈമാക്‌സ്. ഇവിടെ ഒന്നിനെയും മാറ്റിനിർത്താൻ കഴിയില്ല. വളരെ സൂക്ഷ്‌മമായി സിനിമയുടെ രാഷ്ട്രീയം നിരീക്ഷിച്ചില്ലെങ്കിൽ ഫോബിയ എന്ന നിലയിൽ വിലയിരുത്തപ്പെടും.  സിനിമയുടെ പശ്ചാത്തലം എനിക്ക് അത്രയ്‌ക്കും പരിചിതമാണ്‌. സദാചാരബോധത്തിന്റെ പുറത്തല്ലാതെ എതിർക്കാൻ വരുന്നവരെ സാമൂഹ്യ നവോത്ഥാനവിരുദ്ധർ എന്നേ വിശേഷിപ്പിക്കാനാകൂ.   
? പ്രധാനനടിയുടെ പ്രൊഫഷണലിസം ബിരിയാണിയുടെ ഹൈലൈറ്റ് ആണ്. അഭിനേതാക്കൾ സിനിമയെ എത്രത്തോളം സഹായിച്ചിട്ടുണ്ട്. 
 
= എഴുതുമ്പോൾ തന്നെ മനസ്സിൽ ഖദീജയായി കണ്ടിരുന്നത്‌ കനിയെ ആയിരുന്നു. ഞാൻ മനസ്സിൽ കണ്ടതിനെക്കാൾ നന്നായി കനി അഭിനയിച്ചു. കദീജയുടെ ഉമ്മയായി അഭിനയിച്ച ശൈലജ, സുർജിത് ഗോപിനാഥ്, തോന്നയ്‌ക്കൽ ജയചന്ദ്രൻ, ശ്യാം റെജി, അനിൽ നെടുമങ്ങാട്‌ എന്നിവരെയും എടുത്തുപറയണം. 
 
? നെടുമങ്ങാട്ടെ ഒരു ഉൾനാടൻ ഗ്രാമത്തിലെ അതിസാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന സജിൻബാബു എങ്ങനെയാണ് ചെറിയ പ്രായത്തിൽ തന്നെ  സിനിമയിൽ എത്തിച്ചേർന്നത്. 
 
= സിനിമ പണ്ട് മുതലേ മനസ്സിലുണ്ട്‌. എങ്ങനെയാണ് ആ അശാന്തി മനസ്സിൽ കയറിയതെന്ന് ഓർമയില്ല. കൂപ്പ് എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്. കുട്ടിക്കാലത്ത്‌ വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് കുറച്ചു ദൂരെയുള്ള വീട്ടിൽ പോയാണ് ഞായറാഴ്‌ചകളിലെ സിനിമ കണ്ടിരുന്നത്‌. അതിന് അമ്മയുടെ അനുവാദം കിട്ടാൻ രാവിലെ തൊട്ട് വീട്ടുജോലികൾ ചെയ്യണം. ഡിഗ്രി പഠനകാലത്താണ് വീട്ടിൽ കറണ്ട് കിട്ടുന്നത്. അപ്പോഴേക്കും ആശയപരമായ ഭിന്നതകൾ കാരണം വീടുവിട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നപ്പോഴാണ് മറ്റൊരു ലോകം മുന്നിൽ തുറന്നത്. പതിനേഴ് വയസ്സുവരെ ജീവിച്ചതും മനസ്സിലാക്കിയതുമല്ലാത്ത ജീവിതങ്ങൾ. വായന, സിനിമ കാണൽ. പാത്തും പതുങ്ങിയും കണ്ടിരുന്ന സിനിമ ധൈര്യത്തോടെ കാണാനായി. പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലികൾ. ഐഎഫ്‌ എഫ്‌കെ, ഫിൽക, ചലച്ചിത്ര, വിവിധ സൊസൈറ്റികൾ എന്നിവയുടെ സ്‌ക്രീനിങ്ങുകൾ, ചലച്ചിത്ര അക്കാദമിയുടെ വയനാട് ഫിലിം അപ്രസിയേഷൻ പഠനം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം, ഷോർട്ട് ഫിലിമുകൾ, ഡോകുമെന്ററികൾ... അങ്ങനെ ഇരുപത്താറാം വയസ്സിൽ ആദ്യ സിനിമ അസ്‌തമയം വരെയിൽ എത്തി. 
 
? ഭാവി പ്രോജക്ടുകൾ 
 
= ജൂണിൽ പുതിയ ചിത്രം തുടങ്ങണം. അതിന്റെ എഴുത്തു പുരോഗമിക്കുന്നു. നേരത്തെ എഴുതി പൂർത്തിയാക്കിയ സ്‌ക്രിപ്റ്റുകളും ഉണ്ട്. അതിന്റെയും ആലോചന നടക്കുന്നു. പിന്നെ ബിരിയാണി കേരളത്തിൽ റിലീസ് ചെയ്യുകയും വേണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top