21 March Thursday

കരിനീലവേരുള്ള വേനൽ...ധ്വനി ഷൈനി എഴുതുന്നു

ധ്വനി ഷൈനിUpdated: Sunday Oct 28, 2018

വീട്ടിലുള്ളവരെല്ലാം പുതുതായി മേടിച്ച സ്ഥലത്തേക്ക്‌ പണിക്ക്‌ പോയ ഒരു ദിവസം അടുക്കളചായ്‌പിലെത്തിയപ്പോൾ കാണുന്നത്  മുറിക്കാത്തൊരു മുഴുത്ത ചക്ക. വലിയവരുടെ ചക്കവെട്ടൽ രംഗം മനസ്സിൽ കണ്ട്, ഒരു കുരണ്ടിയും കൊച്ചുവാക്കത്തിയും അടുക്കളയിൽ നിന്നെടുത്ത് ചായ്‌പിലേക്കിറങ്ങി. കുരണ്ടിയിട്ടിരുന്ന്, കാലുകളകത്തി വച്ച്,  ചക്ക പാളയോടെ വലിച്ചു മുന്നിൽ വച്ച്, രണ്ടൂന്നോങ്ങി, ആഞ്ഞൊരു വെട്ട്! ഇടതുകാലൊന്ന് കുലുങ്ങി, ദേഹത്തൊരു വിറ പാഞ്ഞു. കണ്ണുതുറന്നു നോക്കിയപ്പോൾ മൺഭിത്തിയിലേക്ക്‌  ചോര ചീറ്റുന്നു

വിനുക്കുട്ടന്റെ വരവിന് ഈറ്റയിലകളുടെ മർമരവും കശുമാമ്പഴത്തിന്റെ മണവുമായിരുന്നു. വീടിനുപിറകിലെ വലരിത്തോടരികിലെ പ്ലാംതടിപ്പാലത്തിലേക്കുചാഞ്ഞ ഈറ്റ ഇലകളും പാലം കടന്നാലുടൻ കശുവണ്ടി പിരിച്ചിലിഞ്ഞുമാറ്റി തിന്ന കശുമാമ്പഴച്ചൂരും അവനിങ്ങെത്തും മുമ്പേ, അവന്റെ വരവിനെ ഒറ്റുകൊടുക്കും. അരകല്ലിൻകെട്ടിലെ മഞ്ഞൾവെള്ളവും തേങ്ങാപ്പീരയും ചളിച്ച മുറ്റവും  ചാലിലെ കാന്താരിച്ചീനിയും കടന്നു ഞാൻ ചെല്ലുമ്പോൾ, കൈയിലുള്ള കശുവണ്ടി സൈഡിലെ അലക്കുകല്ലിൽവച്ച്, കമുകിൻപാത്തിയിലെ തെളിഞ്ഞ വെള്ളത്തിൽ കൈമുക്കി കുടഞ്ഞുകൊണ്ട്, അവൻ പറയും: ‘പാറ നെറേ ഞാറയ്‌ക്കാ!'

ഒറ്റയടിവഴിയിലേക്ക‌് തള്ളിനിൽക്കുന്ന കണ്ടോനെക്കൊത്തികളെ ഒഴിവാക്കി പെറ്റിക്കോട്ടൊതുക്കിപ്പിടിച്ചു ഞാനവന്റെ പിറകേയോടി, പാലം കടന്ന്, കുന്നത്തുകാരുടെ തെങ്ങിൻതോപ്പ‌് മുറിച്ചുകടന്ന്, തോട്ടരികിലെത്തും. പെരിയിലക്കാടും ഈറ്റക്കൂട്ടവും മൂടിയ തിട്ടിലിലെ സ്ഥിരവഴിയിൽ,  ചേറ്റുവഴുക്കലിൽ തന്തവിരലിറുമ്മി തോട്ടിലിറങ്ങും. തോടിനു പല കള്ളികളും  നിറങ്ങളുമാണ്. തിട്ടിലിനോടുചേർന്ന് ചേറ്റുമട്ടടിഞ്ഞ ഈറ്റയിലകൾ നിറഞ്ഞ, ഇളകിയാൽ ചോക്കുന്ന ഒന്നാം ഭാഗം. തോടിന്റെ ഒത്തനടുക്കായി പരശ്ശതം വർഷം  മലവെള്ളമോടി നേർത്ത വലിയ പാറ വെയിൽച്ചൂടിൽ ഞാറയ്‌ക്ക പുതച്ചു മലർന്നു കിടക്കുന്നു. പാറയ്‌ക്കൊരുവശം, വേനലിൽ മെല്ലിച്ചൊരു വെള്ളച്ചാട്ടം, കുത്തിച്ചാരി വച്ചപോലുള്ള പാറക്കൂട്ടങ്ങളിൽനിന്ന് നിരന്തരം വഴുതിവീണു താഴെ കുഴിയിലൊടുങ്ങുന്നു. കുത്തിലെ വഴുക്കലടുക്കുകളിൽ  പല വലിപ്പത്തിൽ, കറുപ്പും ചാരവും മൂടി ഞവണിക്കക്കൂട്ടം. കുത്തിൽ പിറക്കുന്ന കുമിളകൾക്കടിയിൽ വെട്ടിമാറിക്കളിക്കുന്ന പൊടിമീൻ കുഞ്ഞുങ്ങൾ. അവയ്‌ക്കും  കീഴെ മണലിനും ഉരുളൻകല്ലുകൾക്കുംമീതെ വയലറ്റിലും  പഴകിയ കെട്ട നിറങ്ങളിലും ഒരുപാട് ഞാറയ്‌ക്ക. 

തിട്ടിലിലെ പെരിയിലക്കൂട്ടത്തിൽനിന്ന് രണ്ടുമൂന്നില പറിച്ചു കോട്ടി, വയറിനും കൈത്തണ്ടയ്‌ക്കുമിടയിലൊതുക്കി ഞങ്ങൾ പാറയിലെ ചതയാത്ത ഞാറയ്‌ക്ക പെറുക്കിയൊതുക്കി. പാറയിൽത്തന്നെയിരുന്നു തിന്നുകൊണ്ട് കുരു വെള്ളക്കുഴിയിലേക്ക്‌ തുപ്പി. വായിലെ രസങ്ങൾ, ഇപ്പോൾ കൊഴിഞ്ഞ കറചുവയുള്ളതിനെ, ഇന്നലത്തെ വാടിയ മധുരം കൂടുതലുള്ളവയുമായി തുലനം ചെയ്‌തുകൊണ്ടിരുന്നു. ഞങ്ങൾ തലയുയർത്തി ആകാശംമുട്ടെ കുടവിരിച്ചുനിൽക്കുന്ന കൂറ്റൻ ഞാറയെ നോക്കി. അത് ചാരിനിൽക്കുന്ന ശോഷിച്ച ആഞ്ഞിലിമരത്തിൽ നോക്കി വിനുക്കുട്ടൻ പതിവു താക്കീതു തന്നു. ‘ഒറ്റയ്‌ക്കെങ്ങും വന്നേക്കല്ല്! കാറ്റുവന്നാൽ ഞാറ പിടരും. ഈ പാറേൽത്തന്നെ വീഴും!' 
മിച്ചമുള്ള ഞാറയ്‌ക്ക ഇലയിൽ തൊറുത്തെടുത്ത്, എന്നെ കൈപിടിച്ചു തിട്ടിൽകയറ്റിവിട്ട്, 'പെട്ടെന്ന് പൊയ്‌ക്കോ' എന്നു പിറുപിറുത്ത്‌ വിനുക്കുട്ടൻ തോടുകടന്ന്,  ഏലക്കാടിനിടവഴിയിലൂടെ റോഡരികിലുള്ള അവന്റെ വീട്ടിലേക്കു നടന്നു. റബർവെട്ടുകാരൻ രാമൻകുട്ടിയുടെയും  വെട്ടുകാരി ശാന്തയുടെയും വീട്‌. ഞാൻ ചരിവിലുള്ള എന്റെ വീടെത്തി താഴെ റോഡരികിലെ അവന്റെ വീട്ടിലേക്കുനോക്കി. ഈർക്കിലിച്ചൂൽ അടുക്കി ചിത്രംവരച്ച അവന്റെ വീട്ടുമുറ്റം. മുറ്റത്തെ അയയിൽ ഉണക്കാനിട്ട തുണികൾ. മുറ്റത്തും തിണ്ണയിലും ആരുമില്ല. 
 
പിറ്റേയാഴ്‌ച  ഇടവപ്പാതി തുടങ്ങി. പുതുമഴയിൽ ഞങ്ങൾ കപ്പലിറക്കി. പിടിപൊട്ടിയ പ്ലാസ്റ്റിക് കപ്പിൽ ആലിപ്പഴം പെറുക്കി. നനഞ്ഞ തല തോർത്തി, മഴതോരുവോളം ഞങ്ങൾ ഇറവാലത്തെ കുമിളകൾ വിടരുന്നതും പൊട്ടുന്നതും നോക്കി തിണ്ണയിലെ പരമ്പു ചുരുളിനരികിലിരുന്നു.  പിന്നെയവൻ മുറ്റത്തിറങ്ങി, കുറ്റിയടിച്ച് തടഞ്ഞുനിർത്തി ഇടയ്‌‌ക്കിടെ തീയിട്ടുവാട്ടി വളവു നിവർത്താൻ വച്ചിരിക്കുന്ന ഇല്ലിയേണിയും അതിനുതാഴെ മഴ പെയ്‌തൊഴുക്കിയ ചാരച്ചാലുകളും കവച്ചുകടന്ന്, അടുക്കളപ്പുറംവഴി കുത്തിലേക്കുള്ള വഴിക്കു നടന്നകന്നു.
 
മിഥുനം പേർത്തു കരഞ്ഞു. കുതിർന്ന ഉണക്കയിലകൾ വിരിച്ച ഇടവഴികൾക്ക് അഴുകിയ ചക്കപ്പഴമണമായി. സ്‌കൂൾ വിട്ടുവരുന്ന എന്റെ വൈകുന്നേരങ്ങൾ, അടുക്കളചായ്‌പിലിറങ്ങി കമുകുംപാളയിൽ മുറിച്ചു കിടത്തിയിരിക്കുന്ന വരിക്കച്ചക്ക തുണ്ടുകളിൽ ചുള തപ്പിത്തുടങ്ങി. 
 
വീട്ടിലുള്ളവരെല്ലാം പുതുതായി മേടിച്ച സ്ഥലത്തേക്ക്‌ പണിക്കുപോയ ഒരുദിവസം അടുക്കളചായ്‌പിലെത്തിയപ്പോൾ കാണുന്നത്  മുറിക്കാത്തൊരു മുഴുത്ത ചക്ക. വലിയവരുടെ ചക്കവെട്ടൽ രംഗം മനസ്സിൽ കണ്ട്, ഒരു കുരണ്ടിയും കൊച്ചുവാക്കത്തിയും അടുക്കളയിൽ നിന്നെടുത്ത് ചായ്‌പിലേക്കിറങ്ങി. കുരണ്ടിയിട്ടിരുന്ന്, കാലുകളകത്തി വച്ച്,  ചക്ക പാളയോടെ വലിച്ചു മുന്നിൽവച്ച്, രണ്ടൂന്നോങ്ങി, ആഞ്ഞൊരു വെട്ട്! ഇടതുകാലൊന്ന് കുലുങ്ങി, ദേഹത്തൊരു വിറ പാഞ്ഞു. കണ്ണുതുറന്നു നോക്കിയപ്പോൾ മൺഭിത്തിയിലേക്ക്‌ ചോര ചീറ്റുന്നു. ഇടത്തേ കണ്ണയ്‌ക്കാണു വെട്ടെന്നുകണ്ടപ്പോൾ, ഒറ്റക്കുതിപ്പിനു മുറ്റത്തിറങ്ങി ഉറക്കെ കരഞ്ഞു. 
 
അക്കരറോഡിലൂടെ റബർഷീറ്റടിച്ചിട്ടു തിരിച്ചുപോകുന്ന വെട്ടുകാരി ശാന്ത തോടുകടന്നോടി വന്നു. ‘ഞരമ്പു ചീന്തിയോ  കൊച്ചേ'യെന്നു നീരസപ്പെട്ട്, വെപ്രാളത്തിൽ തോളത്തെ വെള്ളത്തോർത്തു കീറി മുറിവുകെട്ടി,  എന്നെ മടിയിലിരുത്തി ചേർത്തുപിടിച്ച്, സന്ധ്യമയങ്ങി വീട്ടിലാളുവരുവോളം മുറ്റത്തെ അലക്കുകല്ലിലിരുന്നു. അലക്കുകാരത്തിന്റെ വൃത്തി മണക്കുന്ന അവരുടെ വയലറ്റ് കളർ ബ്ലൗസിലും  പാതികീറിയ വെള്ളത്തോർത്തിലും ഞാൻ മുഖമമർത്തി. ഓർമവച്ചതിൽ പിന്നെ, എന്നെ അത്രത്തോളം ചേർത്തു പൊതിഞ്ഞു പിടിച്ച ആദ്യത്തെ മനുഷ്യജീവിയായിരുന്നു ആ സ‌്ത്രീ.
 
കർക്കടകം മുറിയാത്ത മഴനൂലിറക്കി. കുന്നിലെ മഴവെള്ളം മാടിക്കുടിച്ച‌് ക്രുദ്ധിച്ചുപായുന്ന വലരിത്തോടിന്റെ ഹുങ്കാരം ലോകത്തിലെ സർവശബ്ദങ്ങളുടെയുംകൂടെ വെള്ളച്ചാട്ടക്കുത്തിലെ ഇരപ്പിൽ മുങ്ങിമരിച്ചു. 
 
കുടക്കമ്പിയൊടിക്കുന്ന മഴപെയ്യുന്നൊരു വൈകുന്നേരത്ത്, കുത്തിലെ വെള്ളത്തിനും മീതേയലറിക്കൊണ്ട്, ആകാശത്തിന്റെ ഒരു തുണ്ട് വേരോടുകൂടി ഭൂമിയിലേക്ക്‌ വീണു. 
വിനുക്കുട്ടന്റെ താക്കീതുഭാരം കൊണ്ട  ഞാറമരം ആഞ്ഞിലിത്താങ്ങിൽ നിന്ന‌് ഉടലോടെ മുക്തി നേടിയിരിക്കുന്നു.
 
അക്കര മൺറോഡിൽ ജീപ്പു വന്നുനിൽക്കുന്ന അസാധാരണ സംഭവത്തിൽ പകച്ച്, കുടചൂടിയും ചൂടാതെയുമായി ചരിവുകളിലെ വീടുകളിൽനിന്ന് ആളുകൾ ഓടിയിറങ്ങി. ജീപ്പുവിടുമ്പോൾ അതിൽ തായ്‌ത്തടി വീണു ചതഞ്ഞു ചോരയും മാംസവും വെടിഞ്ഞ ശാന്തയുടെ ശരീരവും  ശിഖരം തല്ലിയൊടിച്ച പല അസ്ഥികളുമായി വിനുക്കുട്ടനും അനിയത്തി ബിന്ദുവും ഉണ്ടായിരുന്നു. വൈകുമ്പോൾ കുത്തിലെ വെള്ളത്തിൽ കുളിക്കാൻ, മഴയോടൊപ്പം ആകാശത്തുനിന്നിറങ്ങുന്ന ദേവിയെ കാണാൻ പോയതായിരുന്നുവെന്ന് വിനുക്കുട്ടൻ പറഞ്ഞാണ് നാട്ടുകാരറിഞ്ഞത്. പിറ്റേന്നു നേരംവെളുത്തപ്പോൾ ഞാനും മറ്റുള്ളവർക്കൊപ്പം അക്കരകയറി, പലയാൾ   ചുറ്റളവുള്ള ഞാറയുടെ തായ്‌ത്തടിയിലും  ഭൂമിയിൽ അടിച്ചുകൊഴിച്ച ഒരായിരം ഇലകൾക്കിടയിൽ ചത്തുമലർന്ന പരശ്ശതം ചില്ലകളിലും  ഞാനും വിനുക്കുട്ടനും പകുത്ത  കരിനീല വേനലുകളെ തിരഞ്ഞു. 
 
ചിങ്ങത്തിലെ തെളിവിൽ ഞങ്ങൾ സ്ഥലം മാറി. മൂന്നോ നാലോ വേനലവധി കഴിഞ്ഞ് വീണ്ടും അവിടെ ചെന്നപ്പോൾ, വിനുക്കുട്ടനെ കണ്ടു. കിളരം ബാധിച്ച മെല്ലിച്ച ദേഹത്തിൽ തല കുനിഞ്ഞു തൂങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ, പൊടിരോമങ്ങളുള്ള മുഖത്തൊരു പകപ്പുമായി, ഒന്നും മിണ്ടാതെ അവൻ റോഡരികിലെ വീടിനകത്തേക്കു കയറി. അവന്റെ മുറ്റം പഴയതിലും വൃത്തിയായി കിടക്കുന്നു. മുറ്റത്തരികിലെ കല്ലിലടുക്കിയ,  തേച്ചുമിനുക്കിയ അലുമിനിയ പാത്രങ്ങൾ വെയിലിൽ മിനുങ്ങുന്നു. അയയിൽ നിറമുള്ള തുണികൾ വെയിൽ കായുന്നു. അവന്റെ അമ്മ പോയതോടെ, അമ്മയുടെ അനിയത്തിയെ രാമൻകുട്ടി സ്വീകരിച്ചെന്നറിഞ്ഞു. അവന്റെ അനിയത്തി ബിന്ദുവിനെ അപ്പൻവീട്ടുകാർ ഏറ്റെടുത്തുകൊണ്ടുപോയി. വഴിയരികിൽ അറുത്തൊതുക്കിയ, ഇനിയും ചെതുക്കുകുത്താത്ത,  കൂറ്റൻ ഞാറത്തടിക്കഷണങ്ങളുടെ കാതലിൽ, പഴയകാലം വിള്ളലായി വിരിഞ്ഞു മലർന്നുകിടന്നു. 
 
(എൺപതുകളുടെ അവസാനം ഇടുക്കി, പ്രകാശിനടുത്ത് കിളിയാർകണ്ടത്ത് നടന്ന സംഭവമാണ്)
പ്രധാന വാർത്തകൾ
 Top