08 August Saturday

പ്രണയമഷി പുരണ്ട കൗമാരത്തിന്റെ അക്ഷരങ്ങൾ

സബീന എം സാലിUpdated: Sunday Jul 28, 2019

വിശാലാക്ഷി ടീച്ചറും സബീന സാലിയും

ഒരു ദിവസം അവരെന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. അവരുടെ കണ്ണുകളിൽ ഒരു വല്ലാത്ത വാൽസല്യം ഞാൻ വായിച്ചെടുത്തു. ഞങ്ങൾ അധ്യാപകർക്ക് പ്രതീക്ഷയുള്ള ചില കുട്ടികളുണ്ട്. അവരിലൊ രാളാണ്‌ നീ.  അവരെന്റെ വലതു തോളിൽ കൈയൂന്നിക്കൊണ്ട് പറഞ്ഞു. ലോകസാഹിത്യമൊ ന്നും പരിചയമില്ലാത്ത  ഒമ്പതാം ക്ലാസിലെ ആ പതിനാലുകാരി അന്ന് ഗ്രീക്ക‌് കവയിത്രി സാഫോയെ  വായിക്കുകയോ അറിയുകയോ ചെയ‌്തിരുന്നെങ്കിൽ നീ തൊട്ടു, ഞാൻ തീനാമ്പായി എന്ന് ആ സ‌്പർശത്തെ വ്യാഖ്യാനം ചെയ‌്തേനെ

 

എത്ര അടച്ചുവച്ചാലും നുരഞ്ഞുപൊങ്ങുന്ന വീഞ്ഞുപോലെ നമ്മുടെയുള്ളിൽ ആരോടെങ്കിലും ഒരിഷ്ടം പതഞ്ഞുപൊങ്ങുന്നുവെങ്കിൽ നാമതിനെ പ്രണയമെന്നല്ലേ വിളിക്കുക. അത്തരത്തിൽ ഹൃദയസ‌്പർശിയായ ഒരു പ്രണയത്തിന്റെ സുഖം ആദ്യമായി ഞാനറിയുന്നത് ഒമ്പതാംതരത്തിൽ പഠിക്കുമ്പോഴാണ്‌. എട്ടാം ക്ലാസ്‌വരെ മറ്റേത്

വിഷയംപോലെതന്നെയായിരുന്നു എനിക്ക് മലയാളവും. മനോധർമംപോലെ, ക്ലാസിൽ ശ്രദ്ധിച്ചാലായി ഇല്ലെങ്കിലായി. പരീക്ഷയിൽ ജയിക്കാനായി എന്തെങ്കിലുമൊക്കെ വായിക്കും എന്നതിൽ കവിഞ്ഞ് ആ വിഷയത്തിന്‌ അത്ര ഗൗരവം കൽപ്പിച്ചിരുന്നില്ല.  പക്ഷേ, ഒമ്പതിൽ വിശാലാക്ഷി ടീച്ചർ മലയാളം പഠിപ്പിക്കാൻ തുടങ്ങിയതോടെ കഥയാകെ മാറി. ഞാൻ പഠിച്ച പൊന്നുരുന്നി കോൺവെന്റ് സ‌്കൂളിലെ സീനിയർ അധ്യാപികയായിരുന്നു അവർ. തലമുറകളെ പഠിപ്പിച്ച് തഴക്കവും പഴക്കവും വന്നവർ. സ്‌ത്രീസൗന്ദര്യത്തിന്റെ എല്ലാ വിലോലതകളുമുള്ളവർ. ആഢ്യത്വമുള്ള വസ‌്ത്രധാരണം. ശബ്ദഗാംഭീര്യം, തലയെടുപ്പ് എന്നുവേണ്ട ഒരു വിദ്യാർഥിനിയെ ആകർഷിക്കാൻ ഒരധ്യാപികയ‌്ക്കു വേണ്ടതിനേക്കാളേറെ വിശിഷ്ടതകൾ അവരിലുണ്ട്‌. അതുവരെ അനുഭവിച്ചിട്ടില്ലാത്ത വേറിട്ടതും ആകർഷകവുമായ  പഠനരീതിയായിരുന്നു അവരുടേത്. 

ടീച്ചർ ആരെയും അടിക്കുകയോ ശകാരിക്കുകയോ ചെയ‌്തതായി ഞാനോർക്കുന്നില്ല.   പെരുമഴപോലെ, കടൽത്തിരപോലെ, മലമടക്കുകളിൽനിന്ന് കുതിച്ചിറങ്ങുന്ന ജലപാതംപോലെ അനർഗളമായ ആ വാഗ്ധോരണിക്ക്, പിൻബഞ്ചിലായിട്ടും, കാതുകൊടുക്കാതിരിക്കാനായില്ല. ഒരുവിഷയം പഠിപ്പിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ കഥയായോ കവിതയായോ ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു.  ഒരു ഹൃദയബന്ധം അവരോടെനിക്ക് തോന്നി.

ചരിത്രാത്മക കാൽപ്പനികസാഹിത്യവിഭാഗത്തിൽപ്പെടുന്ന മാർത്താണ്ഡവർമയായിരുന്നു അന്ന് മലയാളം ഉപപാഠപുസ‌്തകം. ഉച്ചഭക്ഷണം കഴിഞ്ഞുള്ള ക്ലാസുകളിൽ സാധാരണ, എല്ലാവരുടെയും കണ്ണുകളിൽ ഉറക്കത്തിന്റെ ആലസ്യം  സാധാരണമാണ്‌. പക്ഷേ അനന്തപത്മനാഭനും ചെമ്പകശ്ശേരിയിലെ  പാറുക്കുട്ടിയും തമ്മിലുള്ള പ്രണയം ടീച്ചറിന്റെ അവതരണത്തിലൂടെ കൗമാരക്കാരികളുടെ കണ്ണുകളിൽ നീലനക്ഷത്രങ്ങൾ വിരിയിച്ചു. പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും കുതന്ത്രങ്ങളിൽനിന്ന് കുതറാൻ ശ്രമിക്കുന്ന അനന്തപദ്മനാഭൻ, സുഭദ്ര, പാറുക്കുട്ടിയോട് അസമയത്ത് അറയിൽവന്ന് അപമര്യാദയായി പെരുമാറുന്ന ശങ്കു ആശാൻ, കള്ളിയങ്കാട്ട് നീലിയാൽ അനന്തപദ്മനാഭൻ വധിക്കപ്പെട്ടു എന്ന് പ്രചരിപ്പിക്കുന്ന വേലുക്കുറുപ്പ്, പാറുക്കുട്ടിയുടെ അമ്മ പറഞ്ഞു കൊടുക്കുന്ന നീലിക്കഥകൾ...ഇതിനിടയിലെപ്പോഴോ അവരുടെ കണ്ണുകൾ ഏറ്റവും പിൻനിരയിലിരിക്കുന്ന എന്നിൽമാത്രം തറയുന്നതായി  തോന്നിയപ്പോൾ, ആദ്യമാദ്യം ഞാൻ ജാള്യതയോടെ മിഴി താഴ‌്ത്തി ഇരുന്നു. പിന്നെ പതിയെപ്പതിയെ ആ കണ്ണുകളിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാൻ ഞാൻ പഠിച്ചു. നോട്ടമുടക്കിക്കൊണ്ട് ഞാനവരെ കൊതിയോടെ കേട്ടുകൊണ്ടിരുന്നു. ഒറ്റമുലച്ചിയുടെയും ഗന്ധർവന്റെയും കഥകൾ പറഞ്ഞ് കൗമാരത്തിന്റെ മൈലാഞ്ചിവഴികളിൽ അവരെന്നെ കൈപിടിച്ചുനടത്തി. അനുഭവങ്ങളുടെ സമൃദ്ധിയും  മനസ്സിന്റെ വേഗക്കൂടുതലുംകൊണ്ട് അറിയാതെ ഉടലെടുത്ത ഒരു പ്രണയരസതന്ത്രം.
 
വിശാലം ടീച്ചറുടെ  ഒരു ക്ലാസ്‌ നഷ്ടമാകുക എന്നെ സംബന്ധിച്ച് ചിന്തകൾക്കപ്പുറമായിരുന്നു. എത്ര കൊടിയ പനിക്കിടക്കയിലായിരുന്നാലും ശരി ഞാനെന്റെ സ‌്കൂൾ ബാഗും ചുമന്ന്  കോൺവെന്റിന്റെ പടി കടക്കുന്നത് അവരുടെ ക്ലാസിൽ ഇരിക്കാൻവേണ്ടി മാത്രമായി. പാഠ്യവിഷയങ്ങളേക്കാൾ അവർ ചർച്ചചെയ്യുന്ന പഞ്ചതന്ത്രം കഥകളും കഥാസരിത് സാഗരവുമെല്ലാമായിരുന്നു ഞങ്ങൾക്ക് പ്രിയം. എന്നിലേക്ക്  നോട്ടത്തിന്റെ കൊളുത്തിട്ട് അവർ നടത്തുന്ന ഇന്ദ്രിയാതീതമായ പ്രകൃതിവർണനകൾകൊണ്ട് ഞാൻ പലപ്പോഴും  ഭാവനയുടെ മേൽക്കൂര പണിതു. സ‌്നേഹത്തിന്റെ കോവിലിൽ ഞാനവരെ ദേവിയായി പ്രതിഷ‌്ഠിച്ചു. എന്റെ നോട്ടുപുസ‌്തകത്തിൽ വിശാലാക്ഷി എന്ന പേരിനെ ഞാൻ ‘ഈറൻ നിലാവുകൊണ്ട് കണ്ണെഴുതുന്ന ഇന്ദീവരമിഴിയാൾ’  എന്ന് പരാവർത്തനംചെയ‌്തു.  അവരോടുള്ള ഇഷ്ടം ഭാഷയോടുള്ള ഇഷ്ടമാക്കി, ഓണപ്പരീക്ഷയ‌്ക്ക‌് മലയാളത്തിന്‌ ഞാൻ മുഴുവൻ മാർക്കും വാങ്ങിച്ചു. പിന്നീടവർ അമ്പത് എന്ന മാർക്ക് ചുവന്നമഷി കൊണ്ട്  വെട്ടിത്തിരുത്തി നാൽപ്പത്തിയൊമ്പത് ആക്കി, കണ്ണു പെടണ്ട, മനസ്സിൽ അഹങ്കാരം ജനിക്കുകയും വേണ്ട. കൈയക്ഷരം ഒന്നൂടെ നന്നാക്കാനുണ്ട് എന്ന താക്കീതും. സാഹിത്യസമാജവും യുവജനോത്സവവുമൊക്കെയായി ക്ലാസിൽ ഞങ്ങൾ കുറച്ചുപേർ പഠനം ഉഴപ്പുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഒരു ദിവസം അവരെന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. അവരുടെ കണ്ണുകളിൽ ഒരു വല്ലാത്ത വാത്സല്യം ഞാൻ വായിച്ചെടുത്തു. ഞങ്ങൾ അധ്യാപകർക്ക് പ്രതീക്ഷയുള്ള ചില കുട്ടികളുണ്ട്. അവരിലൊരാളാണ്‌ നീ.  അവരെന്റെ വലതുതോളിൽ കൈയൂന്നിക്കൊണ്ട് പറഞ്ഞു. ലോകസാഹിത്യമൊന്നും പരിചയമില്ലാത്ത  ഒമ്പതാം ക്ലാസിലെ ആ പതിനാലുകാരി അന്ന് ഗ്രീക്ക‌് കവയിത്രി സാഫോയെ  വായിക്കുകയോ അറിയുകയോ ചെയ‌്തിരുന്നെങ്കിൽ നീ തൊട്ടു, ഞാൻ തീനാമ്പായി. എന്ന് ആ സ‌്പർശത്തെ വ്യാഖ്യാനംചെയ‌്തേനെ.
 
    ഭാവനയുടെ ഭാവുകത്വം നഷ്ടപ്പെടുത്തരുത്. ഭാഷയെ ഒരിക്കലും വ്യഭിചരിക്കരുത്, അക്ഷരങ്ങളുടെ ശാപമേൽക്കാതെ ഭാഷയെ ഉപയോഗിക്കണം.  അവരുടെ അന്തർഗതങ്ങളെല്ലാം ഉപദേശരൂപേണ വാക്കുകളായ് എന്നിൽ പെയ‌്തിറങ്ങി. എന്റെ ഹൃദയം തുളുമ്പി. ആ സ്റ്റാഫ് മുറിയിൽ വച്ച് അവരെന്റെ ഹൃദയത്തിൽ അനുഗ്രഹത്തിന്റെ ഒരൊപ്പിട്ടു തന്നു.  അവിടെനിന്നാണ്‌ ഞാൻ വായനയുടെ മലകയറ്റം തുടങ്ങിയത്. അവരുടെ സംസാരത്തിലെ നൈർമല്യവും  പ്രസാദാത്മകതയുമാണ്‌  എനിക്ക് അക്ഷരപ്പൂട്ട് തുറന്ന് പുതുഭാവുകത്വങ്ങളുടെ ഭാഷയും കൽപ്പനാലോകവും പടുത്തുയർത്താൻ പ്രേരണയായത്. 
 
   പത്തിലും ടീച്ചർതന്നെയായിരുന്നു മലയാളം പഠിപ്പിച്ചത്. അവരുടെ ആഗ്രഹംപോലെതന്നെ, എസ്എസ്‌എൽസിക്ക് മലയാളത്തിന്‌ എനിക്കായിരുന്നു ‌സ‌്കൂളിൽ ഒന്നാംസ്ഥാനം. ഈച്ചരവാര്യർ മെമ്മോറിയൽ എൻഡോവ‌്മെന്റ്  ക്യാഷ് അവാർഡ് വാങ്ങുമ്പോൾ നിറഞ്ഞു വിശാലമായ ആ കണ്ണുകൾ സന്തോഷംകൊണ്ട് തുളുമ്പുന്നത് ഞാനറിഞ്ഞു. ഞങ്ങൾ പത്താംതരം കഴിഞ്ഞ് താമസിയാതെതന്നെ ടീച്ചറും വിരമിച്ചു.  കൈത്തോടുകളും  അരുവികളും പിന്നിട്ട് ജീവിതത്തോണി പുഴകളും സമുദ്രങ്ങളും തേടി ഒഴുകുന്നതിനിടയിൽ ടീച്ചർ വെറുമൊരു ഓർമയായി മനസ്സിന്റെ അടിത്തട്ടിലെവിടെയോ  മറഞ്ഞുകിടന്നു. ദീർഘനാളത്തെ വിദേശവാസത്തിനിടയ്‌ക്ക് ഒരിക്കൽ എറണാകുളം ബിടിഎച്ച് ഹോട്ടലിൽ എന്റെ ആദ്യകഥാസമാഹാരം കന്യാവിനോദം പ്രകാശനംചെയ്യുന്ന വേളയിൽ  ഞാൻ നമ്പർ തേടിപ്പിടിച്ച് ടീച്ചറെ വിളിച്ചു. കാൽനൂറ്റാണ്ടിന്റെ ഇടവേളയിൽ ടീച്ചർ എന്നെ മറന്നിരുന്നു. പക്ഷേ ഞാൻ വരും, ചടങ്ങിൽ പങ്കെടുക്കും എന്ന് പറഞ്ഞപ്പോൾ   മനസ്സ് നിറഞ്ഞു. പരസഹായമില്ലാതെ തൃപ്പൂണിത്തുറയിൽനിന്ന് ബസിൽ ടീച്ചർ അവിടെ വരികയും കണ്ട മാത്രയിൽ ഇയാളെ ഞാൻ മറന്നിട്ടില്ലെന്നുപറഞ്ഞ് ആശ്ലേഷിക്കുകയും ചെയ്‌തു. മുടിയെല്ലാം നരച്ചിട്ടും മുഖത്തെ പ്രസരിപ്പിന്‌ അന്നും ഒരു കുറവുമില്ല. ആത്മാവ് തണുപ്പിക്കുന്ന അനുഗ്രഹമായിരുന്നു മൈക്കിനു മുന്നിൽ അവരുടെ പ്രസംഗം.  രക്തത്തിൽ ഇപ്പോഴും ആ നനുത്ത പ്രണയത്തിന്റെ കണികകൾ ഒഴുകുന്നതുകൊണ്ടായിരിക്കാം അവരിപ്പോഴും എന്റെയുള്ളിൽ ഭാഷയുടെ നിറയൗവനമായി കുടികൊള്ളുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top