28 September Thursday

ഇടവത്തിൻ പുതുകുഞ്ഞുങ്ങൾ തുടികൊട്ടിപ്പാടി വരുന്നു

ഡോ. ജിനേഷ് കുമാർ എരമം jinesheramam2023@gmail.comUpdated: Sunday May 28, 2023

ഫോട്ടോ: മനു വിശ്വനാഥ്‌

ഒരു വിദ്യാഭ്യാസവർഷംകൂടി കുഞ്ഞുങ്ങളെപ്പോലെ ഉത്സാഹത്തോടെ ഓടിയെത്തുകയാണ്. പണ്ടൊക്കെ ഇടവത്തിന്റെ കുഞ്ഞുങ്ങളായ മഴമണികളും ഒപ്പം തുടികൊട്ടിപ്പാടി വരുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ കാലത്ത് മഴ അതിന്റെ കലണ്ടർ തോന്നിയപോലെ നിർമിക്കുന്നു. എന്തായാലും മലയാളികളുടെ ഏറ്റവുംവലിയ ഉത്സവം സ്കൂൾ തുറക്കൽ തന്നെ. ഏറ്റവും ആഴമുള്ള ഗൃഹാതുരത്വം വിദ്യാലയകാലവും. ഋതുക്കളെപ്പോലും വിദ്യാലയവുമായി കൂട്ടിക്കെട്ടി വിശേഷിപ്പിക്കുന്നവരാണ് നാം. മധ്യവേനലവധിക്കാലം എന്ന് ഗ്രീഷ്മത്തെ നാം മനസ്സിലാക്കുന്നു.

പണ്ട് അതിന് മാമ്പഴക്കാലമെന്നും അർഥമുണ്ടായിരുന്നെന്ന് കവി പി പി രാമചന്ദ്രൻ. മാഞ്ചോടായിരുന്നു മധ്യവേനലിൽ കുഞ്ഞുങ്ങളുടെ വീട്. പലതരം മധുരങ്ങൾ നിറഞ്ഞുതുളുമ്പിയ മാങ്ങകളായിരുന്നു ആഹാരം. മുറിഞ്ഞാൽ പഴച്ചാറ് പൊടിയുന്ന ബാല്യം. ഞരമ്പുകളിൽ ചോരയായിരുന്നില്ല മാങ്ങയുടെ ചാറായിരുന്നു. അവ രക്തമായി മാറാൻ സമയം കിട്ടുംമുമ്പ് പിന്നെയും പിന്നെയും മാങ്ങ തിന്ന് കൈയും കാലുംവച്ച മാമ്പഴമായി തീർന്നു അന്നത്തെ കുട്ടികൾ. മഴവില്ലുപോലെ നാവിൻതുമ്പത്ത് വിടർന്നു വന്ന രസരാജികൾക്കു പകരം ചോക്ലേറ്റിന്റെ രാസമാധുര്യം നുണയുന്ന പുതിയ കുട്ടികളെ കാണുമ്പോൾ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ എന്ന് ഒ എൻ വിയോടൊപ്പം പഴയ തലമുറയും അറിയാതെ പാടിപ്പോകുന്നു. കവി പി കുഞ്ഞിരാമൻ നായർക്ക് ചേമ്പും താളുമൊക്കെ കണ്ടപ്പോൾ മഴയത്ത് നിവർത്തിയ കുട പൂട്ടാൻ കഴിയാതെ കുഴങ്ങുന്ന സ്കൂൾ കുഞ്ഞുങ്ങളായാണ് തോന്നിയത്. കുട്ടികൾ മഴയത്ത് വേഗം കുട നിവർത്തും. പക്ഷേ, അവർക്കത് പൂട്ടാൻ എളുപ്പമല്ല. ഇപ്പോഴും കുട നിവർത്തിത്തന്നെ താളിന്റെയും ചേമ്പിന്റെയും നിൽപ്പ്‌.

സ്കൂളോർമകൾ കവികൾക്ക് എന്നും ഇഷ്ടവിഷയങ്ങളാണ്. പൂക്കളോടും പൂമ്പാറ്റകളോടും കിളികളോടും ഒപ്പം കളിച്ചും സംസാരിച്ചും കഴിഞ്ഞ കുട്ടി സ്കൂളിൽ പോയി പഠിച്ചുവരുമ്പോഴേക്കും അവയുടെ ഭാഷ മറക്കുന്നുവെന്നാണ് ഇടശ്ശേരി വേവലാതിപ്പെട്ടത്.

‘‘പോയി നാമിത്തിരി വ്യാകരണം 

വായിലാക്കീട്ടു വരുന്നു മന്ദം

നാവിൽ നിന്നപ്പോഴേ പോയ്മറഞ്ഞു

നാനാ ജഗൻമനോരമ്യഭാഷ’’ (പള്ളിക്കൂടത്തിലേക്ക് വീണ്ടും). 

ഫോട്ടോ: ഷിബിൻ ചെറുകര

ഫോട്ടോ: ഷിബിൻ ചെറുകര

‘തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുംഗമാം വാനിൻ ചോട്ടി’ലുള്ള പ്രകൃതിയാകുന്ന വിദ്യാലയത്തിലെ വിദ്യാർഥിയാണ് താനെന്ന് ഒളപ്പമണ്ണ, മുൾച്ചെടിത്തലപ്പിലും പുഞ്ചിരി വിരിയുമെന്ന് അവിടത്തെ പനിനീർ പഠിപ്പിക്കുന്നു. ചെറുതാണെങ്കിലും ജീവിതം മധുരമെന്ന് പൂമ്പാറ്റകൾ. ഇവരെല്ലാം തന്റെ ഗുരുനാഥന്മാരാണ്. പ്രകൃതിയിലെ ഓരോ വസ്തുവും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്ന ഗുരുനാഥന്മാരാണ്. -എത്ര മഹത്തായ വിദ്യാഭ്യാസ കാഴ്ചപ്പാട്.

അതിദിവ്യമായ തന്റെ ആദ്യ വിദ്യാലയത്തിൽവച്ചാണ് താൻ ആദ്യമായി അക്ഷരപ്പൂവിലെ തേനെടുത്തതെന്നും അറിവിന്റെ നീലവിഹായസ്സിലേറുവാൻ ചിറകുനേടിയതെന്നും പി ഭാസ്കരൻ (ആദ്യ വിദ്യാലയം).

വിദ്യാലയത്തെ ചൂഴ്ന്നുള്ള ഈ ഗൃഹാതുരത്വം ഇത്രമേൽ ശക്തിയായി കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്തോ. സ്കൂളിൽനിന്ന് എത്ര ക്രൂരമായ ശിക്ഷകൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ഗൃഹാതുരത്വം ആ മുറിവുകളെയെല്ലാം മായ്ക്കുന്നു. വീണ്ടും പഴയ വിദ്യാലയ ജീവിതത്തിലേക്ക് പോകാൻ ആരും വെറുതേ മോഹിക്കുന്നു. അമ്പരപ്പും കൗതുകവുമായി സ്കൂളിലെത്തുന്ന പുതുതലമുറയെ കാണുമ്പോൾ അറിയാതെ ഒരു പുസ്തകസഞ്ചി  കൈകളിലെത്തുന്നു. ഇടനാഴികളിൽനിന്ന് എഞ്ചുവടിച്ചൊല്ലുകൾ മുഴങ്ങിക്കേൾക്കുന്നു. മഞ്ചാടിച്ചെറുമണിപോലെ മനസ്സിൽ പുതുമഴ ചിന്നുന്നു.

ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടംകൂടിയാണ്. ഭൂരിപക്ഷത്തിനും വിദ്യ നിഷേധിച്ചിരുന്ന ഫ്യൂഡൽ കാലത്ത് വിദ്യയാണ് മോക്ഷത്തിലേക്കുള്ള വഴിയെന്ന് എഴുത്തച്ഛൻ പാടിക്കൊണ്ടിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനംചെയ്ത ശ്രീനാരായണ ഗുരു 1917 ആകുമ്പോഴേക്ക് ഇനി നമുക്ക് ദേവാലയങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ഉറപ്പിച്ചുപറഞ്ഞു. ഗുരു തന്നെ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുത്തു. ജനാധിപത്യത്തിന്റെ മുന്നോടിയായ പൊതുമണ്ഡലങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു പൊതുവിദ്യാലയങ്ങളുടെ നിർമാണവും. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിതരണകേന്ദ്രങ്ങൾ, പൊതുജന ആരോഗ്യസംവിധാനം, പൊതുജന വായനശാല, പൊതുപ്രവർത്തകർ, പൊതുയോഗങ്ങൾ, പൊതുവിദ്യാലയങ്ങൾ എന്നിങ്ങനെ ധാരാളം ‘പൊതുക്കൾ' നമുക്കുണ്ടായി. ഇവയാണ് കേരളത്തിന്റെ  നേട്ടങ്ങൾക്ക് പ്രധാന കാരണം. ഇ എം എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസനിയമം പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ ഇടയാക്കിയ ചരിത്രസംഭവമായിരുന്നല്ലോ.

ഫോട്ടോ: ജി പ്രമോദ്‌

ഫോട്ടോ: ജി പ്രമോദ്‌

പൊതുവിദ്യാഭ്യാസത്തിലൂടെ നേട്ടം കൊയ്ത മധ്യവർഗം സ്വകാര്യത്തിന്റെ ആളാകുന്ന വിചിത്രദൃശ്യം പിൽക്കാലത്ത് നാം കണ്ടു. സ്കൂൾ എന്നാൽ പൊതുവിദ്യാലയമല്ല സ്വകാര്യ വിദ്യാലയമാണെന്ന സാമാന്യ ബോധമുണ്ടാക്കാൻ സിനിമകൾ പോലും മത്സരിച്ചു. പൊതുവിദ്യാലയങ്ങളെ തൊഴുത്തുകളെന്നുവരെ ചില മുഖ്യധാരാ മാധ്യമങ്ങൾ ആക്ഷേപിച്ചു. പൊതുവിനെയെല്ലാം സ്വകാര്യവൽക്കരിക്കുന്നവർ അറവുകത്തിയുമായി പൊതുവിദ്യാഭ്യാസത്തിനുനേരെയും പാഞ്ഞടുത്തു. പൊതുസ്ഥാപനങ്ങളുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്. സർക്കാരാശുപത്രികളും പൊതുവിതരണകേന്ദ്രങ്ങളും ഇല്ലായിരുന്നെങ്കിൽ ഇവിടെ എത്ര പേർ കോവിഡിനെ അതിജീവിക്കുമായിരുന്നു.

ഹൈടെക്കായ പൊതുവിദ്യാലയങ്ങളിലേക്കാണ് പുതിയ കുഞ്ഞുങ്ങൾ കടന്നുചെല്ലുന്നത്. ചോരുന്ന ക്ലാസ് മുറികളും കാറ്റത്ത് ഓടുകൾ പറന്നുപോകുന്ന കെട്ടിടങ്ങളും ഇന്ന് പഴങ്കഥ. പഞ്ചനക്ഷത്ര ഹോട്ടലെന്നോ റിസോർട്ടെന്നോ തോന്നിപ്പിക്കുംവിധം തലയുയർത്തി നിൽക്കുന്നു ഇന്നത്തെ പല പൊതുവിദ്യാലയങ്ങൾ. കഴിഞ്ഞവർഷം 130 സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനംചെയ്തത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുഞ്ഞുങ്ങൾ പഠിക്കുന്നു. അല്ല, അറിവ് നിർമിക്കുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് ആറേമുക്കാൽ ലക്ഷം കുട്ടികളാണ് കൂടുതലായി വന്നത്. ജാതി മത വ്യത്യാസമില്ലാതെ അവർ ഒന്നിച്ചിരിക്കുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോഴല്ലേ മതനിരപേക്ഷത എന്ന ഭരണഘടനാ മൂല്യം പൂത്തുലയുന്നത്.

മറക്കരുത്, ഈ സ്കൂളുകൾ മിക്കതും ഒരുകാലത്ത് പൂട്ടാൻ വച്ചതായിരുന്നു. 2644 സ്കൂളുകൾ ഉടൻ പൂട്ടുമെന്ന് ഒരു വിദ്യാഭ്യാസ മന്ത്രിതന്നെ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ 32 ദിവസം അധ്യാപകരും ജീവനക്കാരും പണിമുടക്കിയിരുന്നു. 

കൊല്ലാൻ പിടിച്ചതിനെ പോറ്റാൻ തുടങ്ങിയതാരാണെന്ന് ഓർത്തുകൊണ്ട് നമുക്ക് കുഞ്ഞുങ്ങളെ കൈപിടിച്ച് വിദ്യാലയ മുറ്റത്തെത്തിക്കാം. 

ഇടശ്ശേരി പാടിയതുപോലെ, ‘വളർച്ചയ്‌ക്കുള്ള വെമ്പലും പൂർണതയ്ക്കുള്ള തേങ്ങലുമായിരിക്കട്ടെ’ അവർക്ക് വിദ്യാഭ്യാസം. പഠിച്ച് പണമുണ്ടാക്കുന്നവർ മാത്രമായി അവർ മാറാതിരിക്കട്ടെ, സമൂഹത്തെ മറക്കാത്തവരായിത്തീരട്ടെ, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ പൗരൻമാരായിത്തീരട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top