10 August Monday

നിലവിളിക്കുന്ന ദ്വീപ്

എ ശ്യാം shyamachuth@gmail.comUpdated: Sunday Apr 28, 2019

കൊളംബോയിൽ സ്‌ഫോടനമുണ്ടായ പള്ളിക്കുമുന്നിൽ കാവൽനിൽക്കുന്ന ലങ്കൻ സൈനികൻ ‐എഎഫ്‌പി

ലങ്കന്‍ തെരുവുകളില്‍ ഇനിയും രക്തം ഉണങ്ങിയിട്ടില്ല. കാൽനൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തരയുദ്ധം രക്തരൂഷിതമായി ത്തന്നെ അവസാനിച്ചപ്പോള്‍ തലപൊക്കുന്നു പുതിയ അസ്വസ്ഥതകള്‍. ന്യൂസിലൻഡിലെ ക്രൈസ്റ്റ‌്‌ ചർച്ചില്‍ കേട്ട നിലവിളിക്കുള്ള പ്രതികാരമായിരുന്നത്രേ ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയില്‍ പൊട്ടിത്തെറിച്ചത്. പാശ‌്ചാത്യരാജ്യങ്ങളിൽ പടരുന്ന ഇസ്ലാംവിരുദ്ധതയുടെ ദുര്യോ​ഗം പേറുകയാണ് രക്തച്ചൊരിച്ചിലുകളിലൂടെ സഞ്ചരിച്ച ദ്വീപ് രാഷ്ട്രം

കാൽനൂറ്റാണ്ടിലേറെ നീണ്ട ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ‘പ്രതിനായക’നായിരുന്നു വേലുപ്പിള്ള പ്രഭാകരൻ.  ആ യുദ്ധത്തിന്റെ അന്ത്യത്തിൽ, 2009 മെയ‌് 18ന‌് തമിഴ‌്പുലികളുടെ നായകൻ കൊല്ലപ്പെട്ടതോടെ ലങ്കൻ തമിഴരുടെ വിമോചനസ്വപ‌്നങ്ങളും പൊലിഞ്ഞു. പിന്നീട‌്  ഒരു പതിറ്റാണ്ടോളമായി ശ്രീലങ്ക ഏറെക്കുറെ ശാന്തമായിരുന്നു. ആ സ്വസ്ഥതയിലേക്ക‌് ചോരപ്പുഴ ഒഴുക്കിയാണ‌് കഴിഞ്ഞ ഞായറാഴ‌്ച മതഭീകരതയുടെ ചാവേറുകൾ പൊട്ടിച്ചിതറിയത‌്. ലോകമെങ്ങും ക്രൈസ‌്തവ വിശ്വാസികൾ പ്രത്യാശയുടെ ഉയിർപ്പ‌് പെരുന്നാൾ ആഘോഷിക്കുന്ന ദിനത്തിൽ പള്ളികളും ആഡംബര ഹോട്ടലുകളും തെരഞ്ഞെടുത്ത‌് നടത്തിയ സ‌്ഫോടനപരമ്പരയിൽ 253 പേർ കൊല്ലപ്പെട്ടതായാണ‌് ഒടുവിൽ സ്ഥിരീകരിക്കപ്പെട്ട കണക്ക‌്(359 പേർ കൊല്ലപ്പെട്ടതായി വന്ന റിപ്പോർട്ട‌് തെറ്റാണെന്ന‌് പിന്നീട‌് ശ്രീലങ്കൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി). കൊല്ലപ്പെട്ടവരിൽ ശ്രീലങ്കക്കാർക്ക‌് പുറമെ ഇന്ത്യക്കാരും ചൈനക്കാരും പാശ്ചാത്യരും അറബികളുമടക്കം നിരവധി വിദേശികളുമുണ്ട‌്. വിവിധ മതക്കാരുണ്ട‌്. പിഞ്ചുകുട്ടികളുണ്ട‌്. ഈ ദ്വീപുരാഷ്ട്രത്തിന്റെ നിലവിളി സമാധാനം ആഗ്രഹിക്കുന്ന ലോകജനതയുടേതായി.
 
കൊളംബോ, ബട്ടിക്കലോവ, നെഗംബോ എന്നിവിടങ്ങളിലെ ഓരോ ക്രിസ‌്ത്യൻ പള്ളികളും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ സിന്നമൻ, ഷാങ‌്ഗ്രിലാ, കിങ‌്സ‌്ബറി എന്നിവയുമടക്കം എട്ടിടത്ത‌ാണ‌് സ‌്ഫോടനങ്ങളുണ്ടായ‌ത‌്. പ്രസിഡന്റും പ്രധാനമന്ത്രിയുംതമ്മിൽ നടന്ന അധികാരവടംവലിയെ തുടർന്ന‌് ശ്രീലങ്കയിൽ ആറുമാസമായുള്ള അനിശ്ചിതാവസ്ഥ മുതലാക്കിയാണ‌് ഇസ്ലാമിക‌് സ‌്റ്റേറ്റുമായി ബന്ധമുള്ള നാടൻ സംഘടനയുടെ ചാവേറുകൾ മരണം വിതച്ചത‌്. ശ്രീലങ്കയിൽ ഭീകരാക്രമണസാധ്യതയുണ്ടെന്ന‌് ഇന്ത്യയിൽനിന്നടക്കം മുന്നറിയിപ്പ‌് ലഭിച്ചിട്ടും അവശ്യമായ ജാഗ്രത പുലർത്താൻ ലങ്കൻ ഭരണകൂടത്തിന‌് സാധിച്ചില്ല. പ്രസിഡന്റ‌് മൈത്രിപാല സിരിസേന വിദേശത്ത‌് അവധിക്കാലം ചെലവഴിക്കുകയായിരുന്നു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ ആറുമാസമായി സുരക്ഷാ കൗൺസിൽ യോഗങ്ങളിലേക്ക‌് ക്ഷണിച്ചിട്ടുപോലുമില്ല. ഈ സാഹചര്യം മുതലാക്കി നാഷണൽ തൗഹീദ‌് ജമാഅത്ത‌് എന്ന സംഘത്തിൽപ്പെട്ടവരാണ‌് മാപ്പർഹിക്കാത്ത ക്രൂരത നടത്തിയത‌് എന്നാണ‌് സർക്കാർ നൽകുന്ന വിവരം. സ‌്ഫോടകവസ‌്തുക്കൾ നിറച്ച കനത്ത ബാഗുകൾ ചുമലിൽ തൂക്കി ഒരു തടസ്സവുമില്ലാതെ ഭീകരർക്ക‌് ആൾക്കൂട്ടങ്ങൾക്കിടയിൽ കടന്ന‌് കൃത്യം നടത്താനായി എന്നത‌് പാളിച്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ഒരു യുവതിയടക്കം ഒമ്പത‌് ചാവേറുകളാണ‌് ആസൂത്രിതമായി സ‌്ഫോടനങ്ങൾ നടത്തിയത‌്. വീഴ‌്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ രാജിവച്ചിട്ടുണ്ട‌്.
 

വിദ്യാസമ്പന്നരായ ചാവേറുകൾ

പലപ്പോഴും ചാവേർ സ‌്ഫോടനങ്ങൾ നടത്താൻ വിധിക്കപ്പെടുന്നത‌് ദുർബലരായ ബലിയാടുകളോ വ്യക്തിപരമായ കാരണങ്ങളാൽ പ്രതികാരസന്നദ്ധരായവരോ ആയിരിക്കുമെങ്കിലും ശ്രീലങ്കയിൽ സംഭവിച്ചത‌് അങ്ങനെയല്ല. സ‌്ഫോടനം നടത്തിയവരിൽ പലരും സമ്പന്ന കുടുംബങ്ങളിൽനിന്നുള്ള യുവാക്കളാണ‌്. വിദ്യാഭ്യാസമുള്ളവരാണ‌്. സുഗന്ധദ്രവ്യ കയറ്റുമതിക്കാരനായ മുഹമ്മദ‌് യൂസഫിന്റെ മക്കളായ ഇൽഹാം അഹ‌്മദ‌് ഇബ്രാഹിം, ഇസ‌്മത‌് അഹ‌്മദ‌് ഇബ്രാഹിം എന്നിവരാണ‌്  യഥാക്രമം സിന്നമൻ, ഷാങ‌്ഗ്രിലാ ഹോട്ടലുകളിൽ ചാവേർ സ‌്ഫോടനം നടത്തിയത‌്. ഇവരിൽ ഒരാൾ ബ്രിട്ടനിൽനിന്നാണ‌് ബിരുദം നേടിയത‌്. ഓസ‌്ട്രേലിയയിൽനിന്ന‌് ബിരുദാനന്തര ബിരുദവും. സ‌്ഫോടനങ്ങളെ തുടർന്ന‌് പൊലീസിന്റെ പ്രത്യേക ദൗത്യസേന ഇൽഹാമിന്റെ വീട്ടിൽ പരിശോധനയ‌്ക്കെത്തിയപ്പോൾ ഭാര്യ നടത്തിയ സ‌്ഫോടനത്തിൽ അവരും രണ്ട‌് മക്കളും മൂന്ന‌് പൊലീസ‌് കമാൻഡോകളും കൊല്ലപ്പെട്ടു. പിതാവിന്റെ ബിസിനസിൽ ഭാഗമായി പ്രവർത്തിച്ചുവന്നവരാണ‌് ചാവേറുകളായി മാറിയ ഇൽഹാമും ഇസ‌്മത്തും.
 
ചാവേർ സ‌്ഫോടനങ്ങളുടെ സൂത്രധാരനായ സഹറാൻ ഹാഷിമും ശരാശരി മധ്യവർഗ കുടുംബത്തിൽപ്പെട്ടയാളാണ‌്. മതപ്രഭാഷകനായ ഇയാൾ മുഹമ്മദ‌് സഹറാൻ എന്നും മൗലവി ഹാഷിം എന്നും അറിയപ്പെട്ടിരുന്നു. ഇയാളുടെ തീവ്രവാദപ്രവർത്തനങ്ങളെക്കുറിച്ച‌് ശ്രീലങ്കൻ മുസ്ലിം സമൂഹം വർഷങ്ങൾക്കുമുമ്പേ അധികൃതർക്ക‌് മുന്നറിയിപ്പ‌് നൽകിയിരുന്നതാണ‌്. കിഴക്കൻ ലങ്കയിലെ കാട്ടൻകുടിയിലെ ഒരു ഇസ്ലാമിക കോളേജിൽ പഠിച്ച ഇയാൾ ഇടയ‌്ക്ക‌് പഠനം നിർത്തി. ശ്രീലങ്കയിലെ ചാവേർ സ‌്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് ഐഎസ‌് പുറത്തുവിട്ട വീഡിയോയിൽ ഭീകരസംഘടനയോട‌് കൂറ‌് പ്രഖ്യാപിക്കുന്ന എട്ട‌് യുവാക്കളിൽ ഇയാൾ ഒഴികെ എല്ലാവരും മുഖം മറച്ചാണ‌് പ്രത്യക്ഷപ്പെട്ടത‌്. ഹാഷിമും സ‌്ഫോടനങ്ങളിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട‌്.  ചാവേറുകളിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന രണ്ടുപേർ സിറിയയിൽനിന്നും ഇറാഖിൽനിന്നും തിരിച്ചെത്തിയ, ഐഎസ‌് പരിശീലനം നേടിയ ഭീകരരാണ‌്.
 
മുപ്പതോളം ശ്രീലങ്കൻ യുവാക്കൾ സിറിയയിൽ ഐഎസിനൊപ്പം ചേർന്നതായി രണ്ടരവർഷം മുമ്പ‌് ലങ്കൻ സർക്കാർ വെളിപ്പെടുത്തി. ഇവരെല്ലാം  വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിൽ നിന്നാണെന്നും 2016 നവംബറിൽ അന്നത്തെ നീതിന്യായമന്ത്രി പാർലമെന്റിൽ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട‌് ഇക്കാലത്തിനിടയിൽ ഇസ്ലാമിക തീവ്രവാദത്തിലേക്ക‌് യുവാക്കൾ ആകർഷിക്കപ്പെടുന്നത‌് കാര്യമായി പരിശോധിക്കപ്പെട്ടില്ല എന്ന വിമർശനമുണ്ട‌്. ഇപ്പോഴത്തെ ചാവേർ സ‌്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ,  ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നതിനുപിന്നിൽ വിദേശസ്വാധീനമുണ്ടോ എന്നും എന്തുകൊണ്ടാണ‌് സമ്പന്ന കുടുംബങ്ങളിൽനിന്നുള്ള വിദ്യാഭ്യാസമുള്ള യുവാക്കൾ തീവ്രവാദത്തിലകപ്പെടുന്നതെന്നും ശ്രീലങ്ക പരിശോധിക്കുന്നതായാണ‌് ഔദ്യോഗികകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത‌്.
സ്‌ഫോടനപരമ്പരയിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ വിലാപം

സ്‌ഫോടനപരമ്പരയിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ വിലാപം

 

ക്രൈസ്റ്റ‌്‌ ചർച്ച്‌,  ട്രംപിസം

ഈ സാഹചര്യത്തിലാണ‌് പാശ‌്ചാത്യരാജ്യങ്ങളിൽ വളരുന്ന ഇസ്ലാംവിരുദ്ധതയും മാർച്ച‌് 15ന‌് ന്യൂസിലൻഡിലെ ക്രൈസ്റ്റ‌്‌ ചർച്ചിൽ രണ്ട‌് മുസ്ലിം പള്ളികളിൽ വെള്ളക്കാരനായ തീവ്രവംശീയവാദി യുവാവ‌് നടത്തിയ കൂട്ടക്കൊലകളും മറ്റും വീണ്ടും ചർച്ചയാവുന്നത‌്. ക്രൈസ്റ്റ‌് ചർച്ച‌ിൽ ഓസ‌്ട്രേലിയക്കാരനായ ബ്രന്റൺ ടാറന്റ‌് എന്ന യുവാവ‌് നടത്തിയ വെടിവയ‌്പിൽ പിഞ്ചുകുട്ടികളടക്കം 50 പേരാണ‌് കൊല്ലപ്പെട്ടത‌്. കൊടുങ്ങല്ലൂർ സ്വദേശിയായ മലയാളി യുവതി അൻസി ബാവയും അന്ന‌് വംശീയവാദിയായ ഭീകരന്റെ തോക്കിനിരയായി. 2011ൽ നോർവെയിൽ ലേബർ പാർടി ക്യാമ്പിൽ ആക്രമണം നടത്തി 77 പേരെ കൊന്ന ആൻഡേഴ‌്സ‌് ബ്രെവിക്കിന്റെയും അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെയും ആരാധകനായ ടാറന്റിന‌് കൂട്ടക്കൊല നടത്തിയ ശേഷവും ഒരു പശ്ചാത്താപവുമുണ്ടായില്ല. കൂട്ടക്കൊലയ‌്ക്ക‌് ശേഷം ടാറന്റ‌് പുറത്തുവിട്ട 74 പേജുള്ള രേഖയിൽ ട്രംപിന്റെ നയങ്ങളെ വാഴ‌്ത്തുന്നുണ്ട‌്. ഇതര മതസ്ഥർക്കെതിരെയെന്നപോലെ കമ്യൂണിസ്റ്റുകാർക്കെതിരെയും അതിൽ ഭീഷണികളുണ്ട‌്. 
 
ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നതിൽ അമേരിക്കൻ നയങ്ങളും അധിനിവേശങ്ങളും വലിയ പങ്ക‌് വഹിച്ചിട്ടുണ്ട‌്. ട്രംപ‌് അധികാരമേറ്റശേഷം ഇസ്ലാംവിരുദ്ധ പ്രചാരണങ്ങളും നടപടികളും അമേരിക്ക തീവ്രമാക്കിയതും ഭീകരവാദത്തിന‌് വളമായിട്ടുണ്ട‌്. പശ്ചിമേഷ്യയിൽ അമേരിക്ക പ്രഖ്യാപിത നിഷ‌്പക്ഷനാട്യങ്ങൾ പൂർണമായി ഉപേക്ഷിച്ച‌് ഇസ്രയേലിന്റെ വിനാശകരമായ നയങ്ങളെയും നടപടികളെയും പിന്തുണയ‌്ക്കാനാരംഭിച്ചിട്ടുണ്ട‌്. ലോകമെങ്ങുമുള്ള ഇസ്ലാംവിശ്വാസികൾ പാവനമായി കരുതുന്ന ജെറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി ഇസ്രയേൽ ഏകപക്ഷീയമായി പ്രഖ്യാപിച്ചത‌് ട്രംപിന്റെ മാത്രം (അമേരിക്കയിൽ പോലും ഇതിൽ എതിർപ്പുണ്ട‌്) പിന്തുണയോടെയാണ‌്. ലോകാഭിപ്രായത്തെയും  ഐക്യരാഷ്ട്ര സംഘടനയെയും ധിക്കരിച്ച‌ാണ‌് പലസ്തീന‌് അവകാശപ്പെട്ട കിഴക്കൻ ജെറുസലെംകൂടി ഇസ്രയേൽ തട്ടിയെടുക്കുന്നത‌്. ഫലത്തിൽ ഐക്യരാഷ‌്ട്ര സംഘടന വിഭാവനചെയ്യുന്ന തരത്തിലെങ്കിലും പലസ‌്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത‌് അസാധ്യമാക്കുന്നതാണ‌് ട്രംപിന്റെ നടപടി.  1967ലെ യുദ്ധത്തിൽ സിറിയയിൽനിന്ന‌് പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാക്കുന്നതിനെയും കഴിഞ്ഞമാസം ട്രംപ‌് അനുകൂലിച്ചിട്ടുണ്ട‌്. ഇറാനെതിരെ അമേരിക്ക തീവ്രമാക്കിവരുന്ന ഉപരോധവും ലോകത്തെ കൂടുതൽ അസ്വസ്ഥമാക്കുന്നതാണ‌്. 
 
സുന്നി സ്വേഛാധിപത്യ രാജവാഴ‌്ചകളിലെ മർദക ഭരണകൂടങ്ങളെ അമേരിക്ക പിന്തുണയ‌്ക്കുന്നതും അവിടങ്ങളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക‌് നയിക്കുന്നുണ്ട‌്. ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി തെരുവിലിറങ്ങിയതിന്റെയും മറ്റും പേരിൽ കഴിഞ്ഞ ചൊവ്വാഴ‌്ച  37 യുവാക്കളെ സൗദി അറേബ്യൻ ഭരണകൂടം വധശിക്ഷയ‌്ക്കിരയാക്കി. ഇവരിൽ 32 പേർ ഷിയാ ന്യൂനപക്ഷത്തിൽ പെട്ടവരാണ‌്. പലരും പ്രായപൂർത്തിയാകുന്നതിനുമുമ്പാണ‌് തടവിലടയ‌്ക്കപ്പെട്ടത‌്.  ഇത്തരം സംഭവങ്ങളും ലോകമെങ്ങും തീവ്രവാദത്തിന‌് വളക്കൂറുള്ള മണ്ണൊരുക്കുകയാണ‌്. അതിനൊപ്പം വിവിധ രാജ്യങ്ങളിലെ വംശീയ, മത ഭൂരിപക്ഷങ്ങളുടെ ആധിപത്യവും അവിടങ്ങളിൽ ഭീകരവാദത്തിന‌് സഹായമാകുന്നുണ്ട‌്.  ഇന്ത്യയിൽ ബാബ‌്റി മസ‌്ജിദ‌് തകർത്തതടക്കം ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങളും  ശ്രീലങ്കയിലെ സിംഹള ബുദ്ധ വിഭാഗക്കാരുടെ ആധിപത്യവുംമറ്റും ഇത്തരത്തിൽ ഭീകരവാദത്തെ സഹായിക്കുന്നുണ്ട‌്. ഭരണകൂടങ്ങൾ കൂടുതൽ മതനിരപേക്ഷവും ജനാധിപത്യപരവും നീതിപൂർവകവും ആകുമ്പോഴാണ‌് ഭീകരവാദത്തിന‌് ഇടമില്ലാതാകുന്നത‌്. പക്ഷേ ലങ്കയിൽ സമാധാനം ഇനിയും അകലെയാണ്‌.
 

അരക്ഷിതരാണ് ലങ്കൻ മുസ്ലിങ്ങൾ

ടി ഡി രാമകൃഷ്ണൻ എഴുത്തുകാരൻ

ടി ഡി രാമകൃഷ്ണൻ എഴുത്തുകാരൻ

ശ്രീ ലങ്കയിൽ മുസ്ലിങ്ങൾക്കെതിരെ എൽടിടിയുടെയും തീവ്രനിലപാടുള്ള സിംഹള-ബുദ്ധിസ്റ്റ് കൂട്ടായ്മകളുടെയും ഭാഗത്തുനിന്ന് പലതരത്തിലുള്ള അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എൽടിടിഇയുടെ കാലത്ത് ജാഫ്‌നയിൽനിന്നും മുസ്ലിങ്ങളെ പുറത്താക്കുകയാണ് ചെയ്തത്. രണ്ടുജോഡി ഡ്രസ്സും 150 രൂപയും മാത്രം കൈവശം വയ്ക്കാൻ അനുവദിച്ചശേഷം ബാക്കിയുള്ള സ്വത്ത് മുഴുവൻ പിടിച്ചെടുത്തശേഷം അവരെ ജാഫ്‌നയിൽ നിന്നും എലഫന്റ് പാസ് കടത്തിവിടുകയായിരുന്നു.പിന്നീട് സിംഹളഷോവനിസ്റ്റുകളും അത്യന്തം പ്രതിലോമകരമായാണ് മുസ്ലിങ്ങളോട് പെരുമാറിയിരുന്നത്. സിവിൽ വാറിന് ശേഷം ബുദ്ധ ബല സേന എന്ന തീവ്രസ്വഭാവമുള്ള സിംഹള സംഘടന മുസ്ലിം നാമധാരികളോടും അവരുടെ സ്ഥാപനങ്ങളോടും സ്വീകരിച്ച സമീപനം വലിയ അതിക്രമങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിങ്ങൾ രാജ്യത്ത് അരക്ഷിതരാണ് എന്ന ചിന്ത ശ്രീലങ്കയിലെ, പ്രത്യേകിച്ച് കിഴക്കൻ മേഖലയിലും ജാഫ്‌നയിലുമുള്ള മുസ്ലിങ്ങൾക്കിടയിൽ വളർന്നുവരാൻ ഇത് സാഹചര്യമൊരുക്കി. അത്തരമൊരു സാഹചര്യമാണ് ഐഎസ് ഭീകരതയ്ക്ക് ലങ്കയിൽ  താവളമൊരുക്കിക്കൊടുത്തത്. അരക്ഷിതബോധമുള്ള യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതെറ്റിക്കാൻ എളുപ്പത്തിൽ കഴിഞ്ഞു. ന്യൂസിലൻഡിലുണ്ടായ സംഭവത്തിന്റെ പ്രതികാരം എന്ന നിലയിൽ സ്വന്തം ജീവൻപോലും എറിഞ്ഞുടയ‌്ക്കാൻ സന്നദ്ധരായ മുസ്ലിംയുവജനങ്ങളെ ഐഎസിന് ലങ്കയിൽ കണ്ടെത്താനായി. ലങ്കയിലെ ദാരുണമായ സമകാലീന യാഥാർഥ്യത്തെ ബോധപൂർവം ചൂഷണംചെയ്യാൻ ഐഎസിന് സാധിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top