21 September Saturday

ഒരു യമണ്ടൻ സിനിമ ഉണ്ടാക്കുന്ന വിധം

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Apr 28, 2019

നീണ്ട കാത്തിരിപ്പിനു ശേഷമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം  ഒരു യമണ്ടൻ പ്രേമകഥയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ബി സി നൗഫല്‍

ഒന്നരവർഷത്തിന് ശേഷമെത്തുന്ന ദുൽഖർ സൽമാൻ ചിത്രമായാണ് ബി സി നൗഫൽ ഒരുക്കിയ ഒരു യമണ്ടൻ പ്രേമകഥ തിയറ്ററിലെത്തിയത്. പ്രണയിച്ച് കല്യാണം കഴിക്കാൻ ഹൃ-ദയത്തിൽ സ്പാർക്ക് തരുന്ന പെൺകുട്ടിയെ തേടുന്ന ലല്ലുവിന്റെയും സംഘത്തിന്റെയും കഥയാണ് ചിത്രം. നർമത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഉത്സവകാല വിനോദ ചിത്രത്തിന്റെ എല്ലാ കൂട്ടുകളുമായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് ഒരുക്കിയ സിനിമയുടെ മുഖ്യആകര്‍ഷണം  പ്രണയവും പാട്ടും കോമഡിയുമാണ്. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനുംശേഷം  ബിബിൻ ജോർജ്-–- വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീം ഒരുക്കുന്ന തിരക്കഥ. ഇരുവരും സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുകയും ചെയ്യുന്നു.  പുതുനിരയിലെ ശ്രദ്ധേയരായ നിഖില വിമലും സംയുക്ത മേനോനും  നായികമാരാകുന്ന ചിത്രം ഇതിനോടകം ദുല്‍ഖര്‍ ആരാധകര്‍ ഏറ്റെടുത്തുകഴ‍ിഞ്ഞു. സ്ത്രീവിരുദ്ധസംഭാഷണങ്ങളും ദ്വയാർഥപ്രയോ​ഗവുമില്ലാതെ മുഖ്യധാരാസിനിമയൊരുക്കാന്‍ തിരക്കഥാഘട്ടംമുതല്‍ ജാ​ഗ്രത പുലര്‍ത്തിയിരുന്നുവെന്ന് ചലച്ചിത്രസംവിധാനരം​ഗത്തെ പുതുമുഖമായ നൗഫല്‍ പറയുന്നു. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ പരിപാടികളൊരുക്കിയ അനുഭവവുമായാണ് നൗഫല്‍ കന്നി സിനിമ ഒരുക്കിയത്.

ദുൽഖറിന്റെ മടങ്ങിവരവ്

ഹിന്ദിചിത്രം സോയാ ഫാക്ടറിന്റെ തിരക്കിനിടെയാണ് ദുല്‍ഖര്‍ സിനിമയുടെ കഥകേട്ടത്. ചെയ്യാം എന്നായിരുന്നു മറുപടി. ബോളിവുഡിലടക്കം സിനിമ ചെയ്ത ശേഷമെത്തുന്ന ദുൽഖറിന്റെ അനുഭവപരിചയം  സിനിമയെ വലിയരീതിയില്‍ സഹായിച്ചു. കന്നി സിനിമാക്കാരന്‍ എന്ന എന്റെ സങ്കോചമെല്ലാം അതോടെ മാറി. മറ്റൊരു പ്രധാനകഥാപാത്രം അവതരിപ്പിച്ച സൗബിൻ ഷാഹിർ മികച്ച സംവിധായകൻകൂടിയാണ്. എന്നാല്‍, സിനിമ സംവിധായകന്റെ കലയാണെന്ന നിലപാടിനൊപ്പം ഇരുവരും നിന്നു. അതുകൊണ്ട് തന്നെ മനസ്സിലുള്ള സിനിമ ചെയ്യാൻ കഴിഞ്ഞു. 

ബി സി നൗഫല്‍

ബി സി നൗഫല്‍

നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ

സിനിമയുടെ പേര് കാണുമ്പോൾ തന്നെ എല്ലാവരും അവരുടെ മനസ്സിൽ കഥ സങ്കൽപ്പിക്കും. അതുകൊണ്ടാണ് ഒരു യമണ്ടൻ പ്രേമകഥ എന്ന പേരിനൊ പ്പം ഇത് നിങ്ങൾ ഉദ്ദേശിച്ച കഥതന്നെ എന്ന ടാഗ് ലെെൻ നൽകിയത്. വലിയ അവകാശവാദങ്ങളുമില്ല എന്ന് നമ്മള്‍തന്നെ പറയുമ്പോള്‍ പ്രേക്ഷകന്‍ മനസ്സില്‍ സങ്കല്പങ്ങളുമായി എത്തേണ്ടതില്ലല്ലോ. ആദ്യപ്രദർശനം കഴിഞ്ഞാൽ പിന്നെ സിനിമയുടെ മേന്മതന്നെയാണ് വിജയഘടകം. എത്ര വലിയ താരങ്ങളായാലും മോശം സിനിമ വിജയിക്കില്ല. പ്രേക്ഷകനാണ് സിനിമ ചെറുതോ വലുതോയെന്ന് തീരുമാനിക്കുന്നത്. 

സ്ത്രീവിരുദ്ധത പടിക്കുപുറത്ത്

സിനിമയുടെ എഴുത്ത് ന‌ടക്കുമ്പോൾത്തന്നെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും ദ്വയാർഥപദങ്ങളും വേണ്ടെന്ന് തീരുമാനിച്ചു. കോമഡിക്കൊപ്പം ഇത്തരം രം​ഗങ്ങള്‍ കടത്തിവിടില്ലെന്ന് നിര്‍ബന്ധമായിരുന്നു. ഒരു രംഗംപോലും സെൻസർ ചെയ്യേണ്ടിവന്നില്ല. തമാശയെന്നപേരിൽ പറയുന്നത് അപ്പോൾത്തന്നെ പ്രതിഫലിച്ചില്ലെങ്കിലും അത് പരോക്ഷമായി പ്രേക്ഷകന്റെ മനസ്സിൽ കിടക്കും. എങ്ങനെ അവതരിപ്പിച്ചാലും തിന്മ തിന്മതന്നെയാണ്. അത് നമ്മുടെ സിനിമയിൽ വേണ്ട എന്നതാണ് എന്റെ നിലപാട്.

നിറയെ പുതുമുഖങ്ങൾ

പ്രധാന കഥാപാത്രങ്ങളെ മാറ്റിനിർത്തിയാൽ കഥയിൽ സ്വാധീനം വരുത്താൻ കഴിയുന്ന അമ്പതോളം സന്ദര്‍ഭങ്ങളില്‍ പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കെല്ലാം സംഭാഷണമുണ്ട്. വേണമെങ്കില്‍ പരിചയസമ്പന്നരെ കുത്തിത്തിരുകാമായിരുന്നു. പുതുരക്തം വരട്ടെയെന്നു കരുതി.  നായകന് കൂടുതൽ കരുത്ത് വരുക നല്ല പ്രതിനായകൻ വരുമ്പോഴാണ്. വില്ലന്‍ കഥാപാത്രത്തിനായി തമിഴിൽ നിന്നടക്കം ആളുകളെ ആലോചിച്ചു. പക്ഷേ കഥയ്ക്കും കഥാപാത്രത്തിനും മികവ് ഉണ്ടാകാൻ കഥാപരിസരത്തുള്ള ഒരാൾ വില്ലനാകേണ്ടിവരുന്നു. അങ്ങനെയാണ് ബിബിൻതന്നെ വില്ലനാകുന്നത്. പുതിയ സിനിമയുടെ ആലോചനകള്‍ നടക്കുന്നു. ആസ്വാദനമൂല്യമുള്ള സിനിമ ചെയ്യണമെന്നുതന്നെയാണ് ലക്ഷ്യം.

പ്രധാന വാർത്തകൾ
 Top