23 April Friday

കൂടൊരുക്കും കൂട്ടുകാർ

എം വി പ്രദീപ്‌ mvpradeepkannur@gmail.comUpdated: Sunday Feb 28, 2021

കോഴിക്കോട്‌ കരിഞ്ചോലമലയിൽ 2018ൽ ഉരുൾപൊട്ടലിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ വീടുപണിയുന്ന വിദ്യാർഥികൾ

നമ്മൾ മനുഷ്യത്വത്തിന്റെ എത്രയെത്ര മഹാഗാഥകളാണ്‌ രചിച്ചുകൊണ്ടേയിരിക്കുന്നത്‌. പ്രതിസന്ധികളിൽ ഒപ്പമുള്ളവരുടെ കൈപിടിക്കാൻ മുഖ്യമന്ത്രി മുതൽ ഇങ്ങോട്ട്‌ എത്രയെത്ര പേർ. വിദ്യാർഥികളും ആ  മാതൃക ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്‌. സംസ്ഥാനത്തുടനീളം വിദ്യാർഥികൾ അവരുടെ കൂട്ടുകാർക്കായി പണിതുയർത്തിയ വീടുകൾ കഥ പറയുന്നു

 
ഭരണാധികാരികളുടെ ആഹ്വാനം നാട്‌ നെഞ്ചേറ്റുക. ജനങ്ങൾക്കും ഭരണാധികാരികൾക്കുമിടയിലെ ആത്മബന്ധവും പരസ്‌പര വിശ്വാസവും ആകാശത്തോളമുയരുക. അഞ്ചുവർഷത്തെ കേരളാനുഭവമാണത്‌. പ്രതിസന്ധികളിൽ താങ്ങും തണലുമായ സർക്കാർ, ജനങ്ങൾക്ക്‌ നൽകിയ പിന്തുണയ്‌ക്ക്‌ അളവും അതിരുകളുമില്ല. നയിക്കാൻ ഒരു ക്യാപ്‌റ്റനുള്ളപ്പോൾ പിന്നെങ്ങിനെ‌ നമ്മൾ കാഴ്‌ചക്കാർ മാത്രമാകും.
 
പരസ്‌പരം തുണയായി, തണലൊരുക്കി ആ കരുതൽ. അത്‌ പ്രളയജലത്തിൽ നീണ്ടു വരുന്ന കൈകളായി. കഷ്‌ടതയിൽനിന്ന്‌ കരകയറാനുള്ള നാണയത്തുട്ടുകളായി. തരിശുനിലത്തിലെ കൃഷിയായി. പായലും മണ്ണും മൂടിക്കിടന്ന തോടുകളിലെ തെളിനീരായി. സ്‌കൂളുകളിൽ ഇരിപ്പിടവും വെളിച്ചവുമായി.
 

കുട്ടികൾ ഉറങ്ങാത്ത വീട്‌

 

 സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ്‌ അജ്‌മലിന്‌ കൂത്തുപറമ്പ്‌  വേങ്ങാട്‌ ഇകെഎൻഎസ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഒരുക്കിയ  വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ

സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ്‌ അജ്‌മലിന്‌ കൂത്തുപറമ്പ്‌ വേങ്ങാട്‌ ഇകെഎൻഎസ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഒരുക്കിയ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ

ഇനി പറയാൻ പോകുന്നത്‌ കുഞ്ഞു കൈകൾ ഒരുക്കിയ വീടുകളെക്കുറിച്ചാണ്‌. നിർധന കുടുംബങ്ങളിലെ കൂട്ടുകാരുടെ സങ്കടം കണ്ടറിഞ്ഞ്‌ അവർക്ക്‌ കൂടൊരുക്കിയ കുട്ടികൾ എല്ലാ നാട്ടിലുമുണ്ട്‌. മുതിർന്നവർ ‌ പ്രതിസന്ധി കാലങ്ങളിൽ പരസ്‌പരം തുണയായപ്പോൾ കുട്ടികൾക്ക്‌ എങ്ങനെ മാറിനിൽക്കാനാകും. പുതുതലമുറയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും മനുഷ്യത്വത്തിന്റെയും നിത്യ സ്‌മാരകങ്ങളാകുകയാണ്‌ അവർ പണം ശേഖരിച്ച്‌ പണിതുയർത്തിയ വീടുകൾ. ലോകത്ത്‌ മറ്റെവിടെയും കാണില്ല കുട്ടികളുടെ പൂർണപങ്കാളിത്തത്തോടെയുള്ള ഇത്തരമൊരു പ്രവർത്തനം. 
 
വീടില്ലാത്തവർക്കെല്ലാം വീടൊരുക്കാൻ സന്മനസ്സുള്ളവരെല്ലാം മുന്നോട്ടുവരണമെന്ന്‌ ലൈഫ്‌ പദ്ധതി പ്രഖ്യാപിച്ച്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളിൽ ഒന്നിച്ചു നിൽക്കുന്ന കേരളം ഒറ്റമനസ്സായി ഏറ്റെടുത്തു ആ ആഹ്വാനം. സർക്കാർ ലൈഫ്‌ പദ്ധതിയിൽ ഇതുവരെ 2.52 ലക്ഷം വീട്‌ നിർമിച്ചു നൽകി. സർക്കാരിന്റെ മഹാദൗത്യത്തിനൊപ്പം ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സുമനസ്സുകളെല്ലാം പലപല കൂട്ടായ്‌മകളിലൂടെ നാട്ടിലാകെ പടർന്നു. കിടപ്പാടമില്ലാത്തവർക്ക്‌ തലചായ്‌ക്കാൻ അവർ സുരക്ഷിത ഇടം നിർമിക്കാൻ മുന്നോട്ടുവന്നു. ഇങ്ങനെ നിർമിച്ചത്‌ ആയിരക്കണക്കിന്‌ വീടുകൾ‌. സന്നദ്ധ സംഘടനകൾ, സാമൂഹ്യമാധ്യമ കൂട്ടായ്‌മകൾ, പൂർവ വിദ്യാർഥി സംഘടനകൾ, പിടിഎകൾ ക്ലബ്ബുകൾ, രാഷ്ട്രീയപാർടികൾ എന്നിങ്ങനെ നാടാകെ കിടപ്പാടമൊരുക്കാൻ മത്സരിച്ചു.
 
പഴയ സ്‌കൂൾ കെട്ടിടങ്ങൾ ഹൈടെക്‌ ആക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പ്രഖ്യാപിച്ചപ്പോൾ സർക്കാരിന്റെ ലൈഫ്‌ പദ്ധതിക്ക്‌ തങ്ങളാലാകുംവിധം സഹായമൊരുക്കാൻ ക്ലാസ്‌ മുറികളിലെ ഇടവേളകളും ഒഴിവ്‌ ദിവസങ്ങളും മാറ്റിവയ്‌ക്കുകയായിരുന്നു വിദ്യാർഥി സമൂഹം. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ നാഷണൽ സർവീസ്‌ സ്‌കീം നേതൃത്വത്തിൽ ഇതിനകം നിർമിച്ച്‌‌ താക്കോൽ നൽകിയത്‌ 400 വീടാണ്‌. നൂറിലേറെ വീടിന്റെ നിർമാണം പുരോഗമിക്കുന്നു‌. കോവിഡ്‌ പ്രതിസന്ധി വരിഞ്ഞുമുറുക്കുമ്പോഴും സ്‌നേഹ ഭവനങ്ങളൊരുങ്ങി. അതിരുകളില്ലാത്ത സന്തോഷങ്ങളാണ്‌ അവർ ഇല്ലായ്‌മകളുടെ കൂരകളിൽ കഴിയുന്ന കൂട്ടുകാർക്കായി ഒരുക്കിയത്‌.
 

നോട്ടുബുക്ക്‌ വിറ്റ്‌ 4 വീട്‌

 

മഹാപ്രളയത്തിൽ ജീവൻ മാത്രം ബാക്കിയായി സർവവും ഒലിച്ചുപോയ മലയോരത്തെ കൂട്ടുകാരെ സഹായിക്കാൻ പത്തനംതിട്ട സീതത്തോട്‌ കെആർപിഎംഎച്ച്എസ്എസിലെ വിദ്യാർഥികൾ കണ്ടെത്തിയ മാർഗം നോട്ടുബുക്ക്‌ നിർമിച്ച്‌ വിറ്റ്‌ തുക സ്വരൂപിക്കുക എന്നതായിരുന്നു. നാഷണൽ സർവീസ്‌ സ്‌കീം യൂണിറ്റ്‌ ഒരു ലക്ഷം നോട്ടുബുക്ക്‌ നിർമിച്ചു. പത്താം- ക്ലാസുകാരിക്കായി വീട്‌ നിർമിച്ച്‌ മന്ത്രി മണിയാശാനെകൊണ്ട്‌ അവർ താക്കോൽ കൈമാറിയപ്പോൾ നാട്‌ അൽഭുതത്തിന്റെ മറ്റൊരു വീടായി. കുട്ടികൾക്കാകാമെങ്കിൽ നമുക്കും ആയിക്കൂടേ എന്ന ചിന്തയിൽ കൂടുതൽ സംഘടനകൾ പാവപ്പെട്ടവർക്ക്‌ വീടൊരുക്കാൻ മുന്നോട്ടുവന്നുകഴിഞ്ഞു. ആദ്യ ദൗത്യത്തിന്റെ വിജയം പകർന്ന ആവേശത്തിൽ മൂന്ന്‌ വീടിന്റെ നിർമാണം കൂടി വിദ്യാർഥികൾ ആരംഭിച്ചിട്ടുണ്ട്‌.
 

എറണാകുളത്ത്‌ ആക്രി പെറുക്കി; മലപ്പുറത്ത്‌ 5 വീട്‌

 

2019ലെ പ്രകൃതി ദുരന്തത്തിൽ കവളപ്പാറ ഒലിച്ചുപോയപ്പോൾ ബാക്കിയായ കൂട്ടുകാരെ ചേർത്ത്‌ പിടിക്കുകയായിരുന്നു കേരളത്തിലെ കുരുന്നുകൾ. ജീവിതം ബാക്കിയായ ഏഴു കുടുംബങ്ങളെ സംരക്ഷിക്കാൻ വിദ്യാർഥികൾ മുന്നോട്ടുവന്നു. ഇതിനായി എറണാകുളത്തെ എൻഎസ്‌എസ്‌ വളന്റിയർമാർ അവധി ദിവസങ്ങളിൽ അയൽപക്കങ്ങളിൽ ആക്രി പെറുക്കി. അലഞ്ഞുനടന്ന്‌ പഴയ സാമഗ്രികൾ പെറുക്കി വിറ്റ്‌ 10 ലക്ഷം സമ്പാദിച്ചു. തുക മലപ്പുറത്തേക്ക്‌ കൈമാറി.
 
വീട്‌ നിർമിക്കാൻ സുരക്ഷിത സ്ഥലമാണ്‌ ഇനി വേണ്ടത്‌. വണ്ടൂർ തിരുവാലിയിൽ അഞ്ച്‌ സെന്റ്‌ വീതം നാല്‌ വീടിന്‌ ദാനം ചെയ്യാൻ പ്രവാസിയായ  മേലേ കോഴിപ്പറമ്പിൽ സുരേഷ്‌ കടമ്പത്ത്‌  തയ്യാറായി. വഴി കൂടിയായപ്പോൾ ആകെ 25 സെന്റ്.   നാല്‌ വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. രണ്ട്‌ വീട്‌ പൂർത്തിയാക്കി.
 

തട്ടുകടയിട്ട്‌ ചായവിറ്റ്‌ കരിഞ്ചോലമലയിലും

 

കട്ടിപ്പാറ കരിഞ്ചോലമലയിൽ എൻഎസ്‌എസ്‌ വളന്റിയർമാർ നിർമിച്ച വീട്ടിൽ പാലുകാച്ചലിന്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌  എത്തിയപ്പോൾ

കട്ടിപ്പാറ കരിഞ്ചോലമലയിൽ എൻഎസ്‌എസ്‌ വളന്റിയർമാർ നിർമിച്ച വീട്ടിൽ പാലുകാച്ചലിന്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ എത്തിയപ്പോൾ

കോഴിക്കോട്‌ താമരശേരിക്കടുത്ത്‌ കട്ടിപ്പാറയിലെ  കരിഞ്ചോലമലയിൽ 2018ൽ ജൂണിലുണ്ടായ ഉരുൾപൊട്ടലിൽ  പതിനാല്‌ ജീവനാണ്‌ പൊലിഞ്ഞത്‌.  27 വീട്‌ പൂർണമായി തകർന്നു.  ഒരു മനുഷ്യായുസ്സ്‌‌ മുഴുവൻ അധ്വാനിച്ച്‌ ഒരുക്കിയ കൂരകൾ മണ്ണോട്‌ ചേർന്നും ഉറ്റവർ നഷ്ടപ്പെട്ടും വിലപിക്കുന്നവർക്കായി തങ്ങളാലാവുന്നത്‌ ചെയ്യണമെന്ന്‌ വിദ്യാർഥികൾ മനസ്സിലുറപ്പിച്ചു.  അങ്ങനെ അവർക്ക്‌ തല ചായ്‌ക്കാൻ പാർപ്പിടങ്ങളൊരുങ്ങി. വീടുകളിൽ ചെന്ന്‌ അഭ്യർഥിച്ചും തെരുവുകളിൽ ബക്കറ്റ്‌ പിരിവ്‌ നടത്തിയും തട്ടുകടയൊരുക്കി ചായ വിറ്റും പേനവിറ്റും അവർ പണം സ്വരൂപിച്ചു. വീട്‌ വയ്‌ക്കാൻ നാടാകെ ചായക്കടയൊരുക്കിയപ്പോൾ അവിടെ കയറാതെ പോകാൻ വഴിപോക്കരായ സുമനസ്സുകൾക്ക്‌ കഴിയുമായിരുന്നില്ല. വിദ്യാർഥികളുടെ നിശ്‌ചയദാർഢ്യം തിരിച്ചറിഞ്ഞ്‌ കനിവിന്റെ ഉറവ വറ്റാത്ത സുമനസ്സുകൾ അവരോട്‌ കൈകോർത്തപ്പോൾ ഭവനനിർമാണത്തിനായി സമാഹരിച്ചത്‌ 16 ലക്ഷം രൂപ‌. കോഴിക്കോട്‌ ജില്ലയിലെ 139 ഹയർ സെക്കൻഡറി എൻഎസ്‌എസ്‌ യൂണിറ്റുകളിലെ 13,900 വളന്റിയർമാരാണ്‌ കരിഞ്ചോലയ്‌ക്കൊരു കൈത്താങ്ങ്‌ പദ്ധതിയിലൂടെ ഉരുൾപൊട്ടലിൽ ഭവന രഹിതരായവർക്ക്‌ വീടിന്റെ തണലൊരുക്കിയത്‌. കനിവ്‌ ഗ്രാമം വിട്ടുനൽകിയ അഞ്ച്‌ സെന്റ്‌ വീതം വരുന്ന സ്ഥലത്ത്‌ രണ്ടുവീടിന്റെ താക്കോൽ കൈമാറി. ഒരു വീടുകൂടി പൂർത്തിയാകുകയാണ്‌.
 

കോൺക്രീറ്റിനും വയറിങ്ങിനും കുട്ടികൾ തന്നെ

 

കാസർകോട്‌ ചെറുവത്തൂർ കുട്ടമത്ത്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ കൈകോർത്തപ്പോൾ നിർധന കുടുംബാംഗമായ പ്ലസ്‌ ടു വിദ്യാർഥിനിക്ക്‌ മനോഹരമായ വീടൊരുങ്ങി. ഓലഷെഡിന്റെ ദൈന്യം കണ്ടറിഞ്ഞ സഹപാഠികൾക്ക്‌ പിന്നെ വിശ്രമിച്ചത്‌ മനോഹരമായ വീട്‌ കൈമാറിക്കഴിഞ്ഞശേഷം മാത്രം.  കോൺക്രീറ്റ്‌, വയറിങ്‌ പണികളിലും ഭാഗഭാക്കായത്‌ വിദ്യാർഥികൾ തന്നെയാണ്‌.
 
കൽപ്പറ്റ എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ പെരിന്തട്ടയിലെ ലക്ഷ്‌മിയമ്മയെ സഹായിക്കാനെത്തിയത്‌ അഭയം പദ്ധതിയുടെ ഭാഗമായാണ്‌. ഇ എം എസ്‌ ഭവനപദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം ഭർത്താവിന്റെ മരണം കാരണം പാതിവഴിയിലായതോടെ സ്‌കൂൾ വിദ്യാർഥികൾ അത്‌ പൂർത്തീകരിക്കാൻ രംഗത്തിറങ്ങി.
 
തലചായ്‌ക്കാനൊരിടം സാക്ഷാൽക്കരിച്ച എൻഎസ്‌എസ്‌ പ്രവർത്തകർ മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്‌ വിദ്യാർഥികൾ നിർമിച്ച വീടിന്റെ താക്കോൽ കൈമാറാനെത്തിയപ്പോഴാണ്‌.
 
കൂത്തുപറമ്പ്‌ വേങ്ങാട്‌ ഉർപ്പളയിലെ മുഹമ്മദ്‌ അജ്‌മലിന്‌ വേങ്ങാട്‌ ഇകെഎൻഎസ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്‌ വീടൊരുക്കിയത്‌. അമേരിക്കയിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്‌ അഭിമാനമായി മാറിയ താരമാണ്‌ മുഹമ്മദ്‌ അജ്‌മൽ.
 

റോഡില്ല; കുട്ടികൾ ചുമന്നെത്തിച്ചു

 

പത്തനംതിട്ട കാതോലിക്കേറ്റ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഹപാഠിക്ക്‌ വീട്‌ നിർമിക്കാൻ തീരുമാനിച്ചപ്പോൾ, അർഹയായ കുട്ടിയുടെ വീട്ടിലേക്ക്‌ വഴിപോലുമില്ല. നിർമാണ സാമഗ്രികൾ  എത്തിക്കാൻതന്നെ വൻതുക വേണം. ആ ദൗത്യവും കുട്ടികൾ തന്നെ ഏറ്റെടുത്തു. കട്ടയും സിമന്റ്‌ ചാക്കുകളും ഉൾപ്പെടെ നിർമാണ സാമഗ്രികൾ മുഴുവൻ വിദ്യാർഥികൾ ചുമന്നെത്തിച്ചു.
 

സഹോദരികൾ സുന്ദരഭവനത്തിൽ‌

 

കൊല്ലം കരുനാഗപ്പള്ളി ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സഹോദരിമാർക്ക്‌ സഹപാഠികൾ നിർമിച്ചുനൽകിയ വീട്‌.  ഷീറ്റുകൊണ്ട്‌ മറച്ച അവരുടെ പഴയ വീട്‌

കൊല്ലം കരുനാഗപ്പള്ളി ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സഹോദരിമാർക്ക്‌ സഹപാഠികൾ നിർമിച്ചുനൽകിയ വീട്‌. ഷീറ്റുകൊണ്ട്‌ മറച്ച അവരുടെ പഴയ വീട്‌

കൊല്ലം കരുനാഗപ്പള്ളി ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സഹോദരിമാരായ രണ്ട്‌ പേരുടെ വീട്‌ പ്ലാസ്‌റ്റിക്‌ കൊണ്ട്‌ മറച്ച ഷെഡാണെന്ന്‌ കണ്ടെത്തിയത്‌ സ്‌കൂളിലെ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ പി ആർ ഷീബ. എൻഎസ്‌എസ്‌ യൂണിറ്റ്‌ യോഗത്തിൽ ഇക്കാര്യം വിശദീകരിച്ചപ്പോൾ കുട്ടികൾ പിന്നെ താമസിച്ചില്ല. എട്ടു ലക്ഷം രൂപ സ്വരൂപിച്ച്‌ സുന്ദരഭവനം യാഥാർഥ്യമാക്കി. ഇതിന്റെ ആവേശത്തിൽ രണ്ടാമത്തെ വീടിന്റെ നിർമാണവും ആരംഭിച്ചു‌. ഗൃഹനാഥൻ ക്യാൻസർ ബാധിച്ച്‌ മരിച്ച കുടുംബത്തിനാണ്‌ ഇപ്പോൾ ഈ സ്‌കൂളിലെ കുട്ടികൾ വീട്‌ നിർമാണം ആരംഭിച്ചിരിക്കുന്നത്‌.
 

അവർ വഴികാട്ടുന്നു

 

ഡോ. ജേക്കബ്‌ ജോൺ (ഹയർ സെക്കൻഡറി എൻഎസ്‌എസ്‌ സംസ്ഥാന പ്രോഗ്രാം കോ‐ഓർഡിനേറ്റർ)
 
ഒരോ കാലത്തും സമൂഹം ആഗ്രഹിക്കുന്നതെന്തെന്ന്‌ തിരിച്ചറിഞ്ഞ്‌ അവ അർഹർക്ക്‌ എത്തിക്കുന്നതിൽ വിദ്യാർഥികൾ പ്രകടമാക്കുന്ന ആവേശം നാടിനാകെ മാതൃകയാണ്‌. മുമ്പ്‌ റോഡില്ലാത്ത ഇടങ്ങളിൽ അവ നിർമിച്ച്‌ നൽകുന്നതിലായിരുന്നു കുട്ടികൾ ജാഗ്രത കാട്ടിയിരുന്നത്‌. ഇന്ന്‌ നാട്ടിലെല്ലാം റോഡുകൾ ഹൈടെക്‌ ആണ്‌. വീടില്ലാത്തവർക്ക്‌ വീട്‌ നിർമിക്കാൻ വലിയ പദ്ധതി വന്നപ്പോൾ അതിൽ ഭാഗഭാക്കാകാൻ കുട്ടികൾ കാണിച്ച മാതൃക സമൂഹമുന്നേറ്റത്തിൽ വലിയ പ്രതീക്ഷയാണ്‌ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top