20 April Tuesday

ഓപ്പറേഷൻ മലയാളസിനിമ

ശൈലൻ mahashylan@gmail.comUpdated: Sunday Feb 28, 2021

‘ഒാപ്പറേഷൻ ജാവ’യിലെ രംഗം

ലോക്‌ഡൗണിനുശേഷം തിയറ്ററുകൾ വീണ്ടും സജീവമായപ്പോൾ സിനിമാ പ്രേമികൾ ആസ്വദിച്ച്‌ കാണുന്ന ഒരു സിനിമയുണ്ട്‌, ഓപ്പറേഷൻ ജാവ. താരപ്പൊലിമ യൊന്നുമില്ലെങ്കിലും  ഒരു മികച്ച ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറെന്ന്‌ പ്രേക്ഷകർ പറയുന്ന ജാവയുടെ സംവിധായകൻ തരുൺ മൂർത്തി സംസാരിക്കുന്നു

 
നടനാകണമെന്ന ലക്ഷ്യവുമായാണ് തരുൺമൂർത്തി സിനിമയിലെത്തിയത്. അതത്ര എളുപ്പമല്ലെന്ന്‌ കണ്ടപ്പോൾ തിരക്കഥയിലേക്ക് മാറി. സ്‌ക്രിപ്റ്റുകൾ മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കാതായപ്പോഴാണ്‌ സംവിധായകനാകുന്നത്. തന്റെ പടം  സാധാരണ ഐറ്റം ആക്കുന്നതിൽ ഒട്ടും താൽപ്പര്യമില്ല. അതിന്റെ പരിണിതഫലമാണ്  വിജയത്തിലേക്കു കുതിക്കുന്ന ഓപ്പറേഷൻ ജാവ. 
 
? ഇങ്ങനൊരു റിസൾട്ട് പ്രതീക്ഷിച്ചിരുന്നോ.
 
= പടം മോശമാവില്ല എന്നുറപ്പുണ്ടായിരുന്നു. ആളുകളെ  രസിപ്പിച്ചു എന്നതിൽ സന്തോഷം. കാഴ്‌ചക്കാരന്റെ വികാരമറിഞ്ഞ്  സംവിധാനംചെയ്യാൻ സാധിച്ചു. ഇത് വലിയ ആത്മവിശ്വാസം തരുന്നുണ്ട്.
 
? സൈബർ ഇൻവെസ്റ്റിഗേഷൻ ഇത്രയും വിശദമാക്കുന്ന സിനിമകൾ  മലയാളത്തിലാദ്യം. എങ്ങനെയായിരുന്നു  തയ്യാറെടുപ്പുകൾ.
 
= കൊച്ചി സൈബർ സെല്ലിൽ പോയി ഉദ്യോഗസ്ഥരുമായി  വിശദമായി സംസാരിച്ചു. ഓപ്പറേഷൻ പ്ലാൻ ചെയ്യുമ്പോഴും അങ്ങനെ തന്നെ. പൊലീസിങ്ങിന്റെ കാര്യത്തിൽ പിന്നീടൊരു വിശദീകരണം നൽകേണ്ട രീതിയിൽ ചോദ്യങ്ങൾ വരരുതെന്ന് നിർബന്ധമുണ്ടായിരുന്നു.
 
? താരങ്ങളെ മാറ്റി നിർത്തി മികച്ച നടന്മാരെ വച്ചുള്ള ഹീറോയിസം  കയ്യടി നേടുന്നത്  പുതുമയാണ്. പ്രതിസന്ധികൾ ഉണ്ടായിരുന്നോ നിർമാണഘട്ടത്തിൽ.
 
തരുൺ മൂർത്തി

തരുൺ മൂർത്തി

= ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെയാണ്  തേടിയത്. ഇർഷാദും ബിനു പപ്പുവും  ഷൈൻ ടോം ചാക്കോയും അലക്‌സാണ്ടർ പ്രശാന്തും  ഗംഭീര നടന്മാർ തന്നെ.  അവരിൽ എനിക്ക് നല്ല വിശ്വാസവുമുണ്ടായിരുന്നു.   ഇവർ കൂളിങ് ഗ്ലാസ് വച്ചാലും സ്ലോ മോഷനിൽ നടന്നാലും ഒന്നും പ്രേക്ഷകർക്ക് പ്രശ്നമുണ്ടാകില്ല എന്നത് ഉറപ്പായിരുന്നു.  വാസ്‌തവം, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളെടുത്ത  വി സിനിമാസിന്‌ നല്ല സിനിമ എന്നൊരുപാധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഘട്ടത്തിലും അവരുടെയോ അഭിനേതാക്കളുടെയോ ഭാഗത്തുനിന്നുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായില്ല. റോൾ ഇഷ്ടപ്പെട്ടത് കൊണ്ടുമാത്രം രാമനാഥൻ എന്ന കഥാപാത്രത്തെ കൂളായി ചെയ്‌തുപോയ വിനായകന്റെ സമീപനവും എടുത്തുപറണം.
 
? ഈ സബ്ജക്ട്‌ തെരഞ്ഞെടുക്കാൻ കാരണം.
 
= സൈബർ സെല്ലിന്റെ റിയാലിറ്റിയും ടീം വർക്കും കാണിക്കുന്നതിൽ ഒരു ചന്തമുണ്ടാകും എന്ന് ആദ്യം എന്നോട് പറയുന്നത് ഷൈജു ഖാലിദ് ആണ്. ആക്ഷൻ ഹീറോ ബിജു  ഒക്കെ ഇറങ്ങിയ സ്‌ഥിതിക്ക്‌ ആശയക്കുഴപ്പം  വന്നെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഇതിന് പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കി.
 
? സിനിമയിൽ എത്തിയ വഴി.
 
= അഭിനയമോഹവുമായി  2009 മുതൽ ഓഡിഷന് പോയി പരാജയപ്പെട്ടപ്പോൾ ആണ് എഴുതാൻ തുടങ്ങിയത്. അതിന്റെ ഭാഗമായി സംവിധായകരുമായും നിർമാതാക്കളുമായുമൊക്കെ ഇടപഴകാൻ തുടങ്ങിയപ്പോൾ ആണ് സംവിധായകൻ ആകാമെന്നുതോന്നിയത്. സിനിമയിൽ അങ്ങനെ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ല.  സിനിമയ്‌ക്ക്‌ നമ്മളെയല്ല നമ്മൾക്ക് സിനിമയെ ആണ് ആവശ്യം എന്നതാണ് തിരിച്ചറിവ്.
 
? ജാവ ഇറങ്ങിയ ശേഷമുള്ള അനുഭവങ്ങൾ.
 
= ഒരുപാട് കോളുകളും ഓഫറുകളും വരുന്നുണ്ട്. നമ്മൾ കൊതിക്കുന്ന ലെജൻഡ്സിന്റെയും സീനിയേഴ്‌സിന്റെയും മുതൽ നമ്പർ തപ്പിപ്പിടിച്ച് വിളിക്കുന്ന സാധാരണക്കാരുടെ വിളിവരെ ഊർജം തരുന്നു.  താൽക്കാലികജോലി ചെയ്യുന്ന കുറെയധികം സാധാരണക്കാരെ സിനിമ സ്‌പർശിച്ചെന്ന് കേൾക്കുമ്പോഴാണ് വലിയ സന്തോഷം.
 
? ഭാവി പദ്ധതികൾ.
 
=  സത്യസന്ധവും മൗലികവുമായ  സിനിമകൾ ചെയ്യണം. അതുപോലൊന്ന്‌ സാധ്യമാകുമ്പോഴേ അടുത്ത സിനിമ ചെയ്യുന്നുള്ളൂ.  മികച്ച ടീമിലൂടെയേ ഇത്തരം സിനിമകൾ സംഭവിക്കൂ. സമയമെടുത്ത് പ്ലാൻ ചെയ്‌താലേ നല്ല ടീമുണ്ടാകൂ. അടുത്തത്‌  ജാവയിൽനിന്ന് താഴെ പോകരുത്‌.  വ്യത്യസ്‌തവുമാകണം.
 
? സിനിമയിലെ രാഷ്‌ട്രീയ ശരി.
 
= ജാവയിൽ സ്‌ത്രീവിരുദ്ധത ഉണ്ടെന്ന് ഒരു ആരോപണം വന്നിരുന്നു. അത് എങ്ങനെ എന്ന് എനിക്ക് മനസ്സിലായില്ല. ജാനകി, അൽഫോൻസ എന്നീ രണ്ട്  കഥാപാത്രങ്ങളും വ്യക്തിത്വമുള്ളവരാണ്‌. എല്ലാ കഥാപാത്രങ്ങളെയും പൊളിറ്റിക്കലി കറക്‌ട്‌ ആക്കിക്കൊണ്ടു  സിനിമ സാധ്യമല്ലെന്നാണ് വിശ്വാസം. മുൻവിധികൾ ഒഴിവാക്കി,  ഇഴകീറി നോക്കാതെ സിനിമയെ സമഗ്രമായി ആസ്വദിക്കാനാകണം.
 
? കുടുംബത്തിന്റെ പിന്തുണ.
 
= സിനിമ തേടിയിറങ്ങുന്നവർക്ക്‌  ആദ്യം വേണ്ടത് അതാണ്‌.  എന്റെ കാര്യത്തിൽ മാതാപിതാക്കളും ഭാര്യ  രേവതി റോയിയും പിന്തുണയുമായി ഒപ്പമുണ്ട്.
 
? അഭിനയമോഹം ഉപേക്ഷിച്ചോ.
 
= ഏയ്‌.. ആക്‌ടിങ് ആണ്  ഏറ്റവും വലിയ പാഷൻ.. ‘തൃശിവപേരൂർ ക്ലിപ്‌ത’ത്തിലാണ്‌  ആദ്യം  അഭിനയിച്ചത്. ആസ്വദിച്ചു ചെയ്‌ത, ശ്രദ്ധിക്കപ്പെട്ട റോൾ.  ജാവയിൽ എല്ലാവരും നിർബന്ധിച്ചിട്ടും ഏത് റോൾ തെരഞ്ഞെടുക്കാമായിരുന്നിട്ടും അഭിനയിച്ചില്ല. സംവിധാനത്തിൽ പരമാവധി ശ്രദ്ധിച്ചു.  ജാവ ഇറങ്ങി  അഞ്ചാം ദിവസം അഭിനയിക്കാൻ ഓഫർ വന്നു. എടുത്ത് ചാടി സ്വീകരിക്കേണ്ട എന്ന്‌ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top