20 April Tuesday

തിരസ്‌കൃതരുടെ ഭൂപടത്തിലെ സ്വതന്ത്ര രാജ്യം

ഡോ. പി സുരേഷ്Updated: Sunday Feb 28, 2021

‘ചൊകചൊകെച്ചുകപ്പുടുത്തു

വെള്ളിയരഞ്ഞാണി -
ട്ടര മുറുക്കിയുതിര ഭൂവിൽ
നൃത്തമാടിയാടി
ചൊകചൊകെച്ചുകപ്പുകൊണ്ടു
കാർകുഴലും മൂടി -
ത്തിറമെഴും ശിരസ്‌ത്രമിട്ടു
നൃത്തമാടിയാടി
ചടുല തടില്ലതിക പെരും-
കൊടുമുടിയിൽപ്പോലെ
കൊടിയ കൊടും വാൾകൾ മിന്നി
മിന്നൽ പെറും ദേവി "
 
എന്ന് "കാവിലെ പാട്ടി" ൽ ഇടശ്ശേരി ദേവിയെ അവതരിപ്പിക്കുന്നുണ്ട്. വാസ്‌തവത്തിൽ കവി കണ്ടത് ദേവിയുടെ കോലധാരിയെയാണല്ലോ. ദേവിയായി മാറിയ ഏതോ മനുഷ്യൻ! 
 
"എന്തിനാണമ്മേ ചോപ്പൻ തന്നത്താൻ വെട്ടുന്നത്?’എന്ന  കുട്ടിയുടെ കൗതുകത്തിൽനിന്നാണ്  കവിതയുണ്ടായതെന്ന് ഇടശ്ശേരി എഴുതുന്നുണ്ട്. കവിത പുറത്തുവന്ന് അറുപത്‌ വർഷങ്ങൾക്കിപ്പുറം, പി പി പ്രകാശന്റെ "ദൈവം എന്ന ദുരന്ത നായകൻ’ എന്ന നോവലിൽ ഇങ്ങനെ വായിക്കാം: "പ്രാണനെപ്പോലെ കണ്ട കൂടപ്പിറപ്പ് ലോകം വിട്ട് പോയതിന്റെ സങ്കടം മുത്തപ്പനെടുത്തൂട്ടോ... ഇഹലോകം വിട്ട് പരലോകത്തിൽ ഞാൻ കാത്തുരക്ഷിക്ക്ന്ന്ണ്ട്’ പൂർണമായും ദൈവാവസ്ഥയിലേക്ക് പരിണമിച്ച രാമൻ എന്ന മനുഷ്യൻ മറ്റുള്ളവരുടെ വേദനകൾ സ്വന്തം ഹൃദയത്തിൽ ഏറ്റെടുക്കുന്നു. ചോപ്പൻ തന്നത്താൻ വെട്ടുന്നതിന്റെ രഹസ്യം മുന്നിൽ തെളിഞ്ഞു വരുന്നു.
 
തെയ്യം മുൻചുവടും പിൻചുവടുംവച്ച് വാങ്ങിക്കളിക്കുന്നതുപോലെയാണ് ഈ നോവലിന്റെ ആഖ്യാനഘടന. ഐഐടി പ്രൊഫസറായ പ്രശാന്തന്റെ ഓർമകളിലൂടെയാണ് അദ്ദേഹത്തിന്റെ പിതാവായ രാമനെ നാം പരിചയപ്പെടുന്നത്.
 
തെയ്യക്കോലം കെട്ടുന്നയാൾ അടിസ്ഥാനവർഗത്തിൽ നിന്നുള്ളവർ. ജീവിതത്തിലുടനീളം, മേലാളന്മാർക്കു മുന്നിൽ തൊഴുതുകുനിഞ്ഞു നിൽക്കുന്ന അവർ  കളിയാട്ട ദിനത്തിൽ ദൈവമായി മാറി അവരുടെ അടിമജീവിതത്തിൽനിന്ന് താൽക്കാലിക മുക്തി നേടുന്നു. ദൈവമോ മനുഷ്യനോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇരട്ട വ്യക്തിത്വവുമായി സാധാരണ ജീവിതം നയിക്കുക എന്നത് ഒരു തരം ആത്മപീഡ കൂടിയാണ്. സാധാരണതയിലേക്ക് ഇറങ്ങി വരുന്ന ദൈവം കോലധാരികൾക്ക് നൽകുന്നത് അസാധാരണ ജീവിതമാണ്. അത്തരം അസാധാരണ ജീവിതത്തിനുടമയാവുക എന്നത് ഒരേ സമയം അഭിമാനകരവും പീഡാകരവുമാണ്.  
 
ഇത് രാമൻ എന്ന മനുഷ്യന്റെയും രാമനെന്ന ദൈവത്തിന്റെയും കഥയാണ്. ചുണ്ണാമ്പും നിലാവും മാറിപ്പോയ പി കുഞ്ഞിരാമൻ നായരെപ്പോലെ നമുക്ക് രാമനെന്ന മനുഷ്യനെയും ദൈവമായുറയുന്ന രാമനെന്ന ദൈവത്തെയും മാറിപ്പോകുന്നു.
 
പുറത്തുള്ളവർക്ക് കലയായിത്തോന്നുമെങ്കിലും അകത്തുള്ളവർക്ക് തെയ്യം ജീവിതം തന്നെയാണ്. നാം കലയായി അടയാളപ്പെടുത്തുന്ന കിരീടവും വേഷവും അരമണിയും ചുവടുകളും അവരെ സംബന്ധിച്ച് കലയെന്ന വ്യവഹാരത്തിലല്ല ഉൾപ്പെടുന്നത്. മറിച്ച് അടിമുടി ദൈവമായി മറുലോക ജീവിതം നയിക്കുന്ന മനുഷ്യന്റെ അഥവാ ദൈവത്തിന്റെ വെളിപ്പെടലുകളുടെ മുദ്രകളാണവ. പ്രകൃതിയുമായി അത്രമേൽ ഇഴുകിച്ചേർന്ന് അഭേദത്തിന്റെ പ്രകൃതി ബോധത്തിൽ ലയിച്ചു ചേരുന്ന തെയ്യക്കോലമാണ് രാമൻ. 
 
തിരുമുടിയേറ്റാനുള്ള രാമന്റെ യാത്രയെ പ്രകാശൻ ഇങ്ങനെ എഴുതുന്നു: "ജനസഹസ്രങ്ങളുടെ കണ്ണുകൾ ഈശ്വരനെന്ന ഒറ്റ ബിന്ദുവിലേക്ക്‌ പതിക്കുന്ന ആ നിമിഷത്തിന്റെ നിറവിൽ, അനുതാപാർദ്രമായി അമ്മ അച്ഛനെ നോക്കി. ദൈവികമുദ്രകൾ നെറ്റിത്തടത്തിൽ തെളിഞ്ഞു. അച്ഛൻ നിഴലിലേക്ക് മറഞ്ഞു. ദൈവം മുന്നിലേക്ക് തെളിഞ്ഞു, അമ്മയിലേക്ക് കനിഞ്ഞു’.
 
ഇത് രാമന്റെ കഥ മാത്രമല്ല, അത്ര തന്നെ പ്രാധാന്യമുള്ള അയാളുടെ പത്നിയുടെയും കഥയാണ്. പുരുഷ ദൈവങ്ങൾക്ക് തുണയായി നിൽക്കുന്ന അമ്മദൈവത്തിന്റെ കഥ. ലോകം കാക്കാൻ ഉറഞ്ഞാടുന്ന രാമനെന്ന പുരുഷ ദൈവത്തിന് കാവൽ നിന്ന അമ്മദൈവത്തിന്റെ ദുരന്ത കഥ.
 
അലിവും ആർദ്രതയും നിറഞ്ഞു വഴിയുന്ന ഈ നോവൽ മലയാളത്തിന്റെ അബോധത്തിലെ പാതാളപ്പടവുകൾ കയറിവന്ന് വായനക്കാരെ കെട്ടിപ്പിടിക്കുന്നു. തന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുയർന്നു വന്ന ചോദനയടക്കാൻ കഴിയാതെ മേലേരിയിലേക്ക് എടുത്തു ചാടിയ കൊഞ്ഞൻ രാവൻ എന്നൊരു കഥപാത്രമുണ്ട് നോവലിൽ. ആത്മബലിയാൽ അഹത്തെ കുരുതി കൊടുക്കുന്ന തെയ്യക്കോലങ്ങളെപ്പോലെ തീക്കനൽക്കൂമ്പാരമായ മേലേരിയിൽ കിടന്ന് ഉടലാസകലം  പൊള്ളലേൽക്കുന്നതു പോലുള്ള വായനാനുഭവമാണ് ഈ നോവൽ പകരുന്നത്.
 
ഒരു തരത്തിൽ, തിരസ്‌കൃതരുടെ ഭൂപടത്തിലെ സ്വതന്ത്ര രാജ്യമാണ് തെയ്യക്കാരൻ രാമൻ. സവർണന്റെ (അ)നീതി ബോധം ചവിട്ടിത്താഴ്‌ത്തിയ പാതാളത്തിൽനിന്ന് ദൈവമായി ഉയിർത്തെഴുന്നേറ്റ മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ പേരു കൂടിയാണത്.
കൃതിയുടെ ആത്മാവ് തൊട്ടറിഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരികയും സോമൻ കടലൂരിന്റെ രേഖാചിത്രങ്ങളും നോവലിന്റെ വായനാനുഭവത്തിന് അധിക മാനങ്ങൾ നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top