ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ രാഷ്ട്രീയത്തോടൊപ്പം പാളുവ ഭാഷയിലുള്ള ഒരു കുടം പാറ് എന്ന മനോഹരമായ ഗാനവും ശ്രദ്ധനേടി. ഈ പാട്ടു പാടിയ ഹരിത ബാലകൃഷ്ണൻ സോഫ്റ്റ്വെയർ എൻജിനിയർ ആണ്
ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ ലെ ഒരു കുടം പാറ്' എന്ന മനോഹരമായ പാട്ട് കേട്ടവരാരും മറക്കില്ല. ഭാഷയുടെ പുതുമയും സൗന്ദര്യവും ഹൃദയസ്പർശിയായ ഈണവുമുള്ള ആ പാട്ട് സിനിമയുടെ ഗതിയുമായി ചേർന്നുനിൽക്കുന്നു. കാട്ടു മിശിറിന്റെ കലമ്പലും കരുമരത്തിന്റെ മൂളലുമെല്ലാം ആവാഹിച്ചെടുത്ത ശബ്ദ സൗന്ദര്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മൃദുലാദേവിയുടെ വരികളുടെ ആത്മാവിനെ ആഴത്തിൽ തൊട്ടറിയുന്ന ആലാപന മികവാണ് ഒരു കുടം പാറിനെ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഇടയാക്കിയത്. യുഎസ്ടിയിൽ 2018ൽ സോഫ്റ്റ് വെയർ എൻജിനിയറായ ഹരിത ബാലകൃഷ്ണനാണ് ഒരു കുടം പാറിനെ ഇത്ര ചേലും പൊലിമയുമുള്ള പാട്ടാക്കി മാറ്റിയത്.
ക്ലാസിക്കൽ അടിത്തറ
പതിനഞ്ച് വർഷമായി കെപിഎസി രവിക്കു കീഴിൽ സംഗീതം പഠിക്കുന്നുണ്ട് ഈ കാഞ്ഞിരപ്പള്ളിക്കാരി. ബിടെക് കഴിഞ്ഞ് സോഫ്റ്റ് വെയർ മേഖലയിൽ ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ എത്തിയത്. സംഗീത പഠനം തുടരാൻ ജോലി തടസ്സമായില്ല. പാട്ടുകാരിയെ സ്ഥാപനവും പിന്തുണച്ചു.
പാട്ടിനൊപ്പം ഡബ്ബിങ്ങും
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ഒപ്പ’ത്തിലാണ് ആദ്യം പാടിയത്. ‘പല നാളായി', ‘ചിരി മുകിലും' എന്നീ ഗാനങ്ങൾ. വില്ലനിലെ ‘പതിയേ നീ', ചെമ്പരത്തിപ്പൂവിലെ ‘കണ്ണിൽ കണ്ണൊന്ന്', അനുഗ്രഹീതൻ ആന്റണിയിലെ ‘നീയേ' എന്നീ ഗാനങ്ങളും ആസ്വാദകർ സ്വീകരിച്ചു. ബിഗ് ബ്രദർ, മെമ്പർ രമേശൻ ഒമ്പതാം വാർഡ്, അനുഗ്രഹീതൻ ആന്റണി എന്നീ ചിത്രങ്ങൾക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുമുണ്ട്.
2019 മുതൽ ചെന്നൈയിൽ എ ആർ റഹ്മാന്റെ മ്യൂസിക് അക്കാദമിയായ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ വോക്കൽ ട്രെയ്നിങ് ചെയ്യുന്നുണ്ട്. മാസത്തിൽ നാലു ദിവസം. യുഎസ്ടിയിൽനിന്നുള്ള അകമഴിഞ്ഞ പിന്തുണയില്ലെങ്കിൽ ഇതു സാധ്യമാകില്ലെന്ന് ഹരിത പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..