14 April Wednesday

മഴയുടെ സന്ദേശവാഹകർ

ഡോ. അബ്‌ദുള്ള പാലേരിUpdated: Sunday Feb 28, 2021
മനുഷ്യന്‌ അന്യമായ ഏതോ ലോകത്താണ് പക്ഷികൾ ജീവിക്കുന്നത്. ആകാശം മുട്ടെ പറന്നു ഭൂമിയിൽ ഇഴയുന്ന ഇരയെ കണ്ടെത്തുന്ന പരുന്തിന്റെ കാഴ്‌ച, പർവതങ്ങളും മഹാസമുദ്രങ്ങളും താണ്ടി പോയ വർഷത്തിൽ വന്നിരുന്ന അതേ  വൃക്ഷച്ചില്ല തേടി തിരിച്ചെത്തുന്ന  ദേശാടനപ്പക്ഷികളുടെ ഓർമകളുടെ കൃത്യത, പ്രകൃതിക്ഷോഭങ്ങൾക്കും സൂര്യഗ്രഹണത്തിനും മുമ്പേ പരിഭ്രാന്തരാകുന്ന പക്ഷികളുടെ അകക്കണ്ണിന്റെ പൊരുൾ, മനുഷ്യ നേത്രങ്ങൾക്ക്‌ അദൃശ്യമായ സൗരവികിരണം ദർശിക്കുന്ന  കൺമൂർച്ച, കണ്ണെത്താ ദൂരത്ത്‌ പരന്നു കിടക്കുന്ന മഞ്ഞു പാടത്ത്‌ കൂട്ടമായി വിഹരിക്കുന്ന  പരശ്ശതം   കുഞ്ഞുങ്ങളിൽനിന്ന് സ്വന്തം കുഞ്ഞിനെ കണ്ടെത്തുന്ന അമ്മപ്പക്ഷിയുടെ അതുല്യസിദ്ധി.... മനുഷ്യ ധിഷണയ്‌ക്ക്‌ ഇനിയും പിടികിട്ടാത്ത ഒട്ടേറെ സവിശേഷതകളുണ്ട്‌ പക്ഷികൾക്ക്‌.
 
സന്ദേശവാഹകരായ മേഘങ്ങളെക്കുറിച്ച്‌ കാളിദാസൻ എഴുതിയിട്ടുണ്ട്.  ഇവിടെ ഇതാ മഴയുടെ സന്ദേശവുമായി പറന്നെത്തുന്ന ഒരു പക്ഷി, കൊമ്പൻകുയിൽ(Jacobin Cuckoo). കൊമ്പൻ കുയിലിന്റെ ആഗമനം കണ്ടാൽ, കൂജനം കേട്ടാൽ മധ്യ ഇന്ത്യയിലേയും വടക്കേ ഇന്ത്യയിലേയും കർഷകരുടെ മനസ്സ് തെളിയും. കാരണം ഇനി ആകാശം മേഘാവൃതമാകാൻ ഏറെ കാത്തിരിക്കേണ്ടെന്ന്‌ അവർക്കറിയാം. ഈ മഴപ്പക്ഷിയെ കണ്ടാൽ തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകരുടെ മനസ്സിലും മഴവില്ല് വിരിയും. പക്ഷേ കേരളത്തിൽ മഴ എത്തും മുമ്പേ പറന്നെത്തുന്ന പക്ഷിയല്ല കൊമ്പൻ കുയിൽ. കേരളത്തിൽ എല്ലാ ഋതുക്കളിലും എവിടെയെങ്കിലും ഈ പക്ഷിയെ കണ്ടുമുട്ടാറുണ്ട്. ഋതുഭേദങ്ങൾ പക്ഷികളുടെ ബോധത്തെ സ്വാധീനിക്കുന്നുണ്ടെന്ന്‌ നമുക്ക് നേരത്തെ തന്നെ അറിയാം. ജന്മനാട്ടിൽ  കൊടുംമഞ്ഞു പെയ്യുമ്പോൾ പരസഹസ്രം പക്ഷികൾ ആയിരമായിരം നാഴികകൾ താണ്ടി, പ്രസന്നത തേടി ദേശാടനം ചെയ്യാറുണ്ടല്ലോ. ജന്മദേശത്തെ മഞ്ഞുരുകുന്നതോടെ ദേശാടകർ മടങ്ങും.
 
പുരാവൃത്തങ്ങളിലും നാടോടിക്കഥകളിലും  കൊമ്പൻ കുയിൽ നിറസാന്നിധ്യമാണ്. സംസ്‌കൃതത്തിൽ ചതക് എന്നുവിളിക്കുന്ന പക്ഷി കൊമ്പൻ കുയിൽ ആണെന്ന് അഭിപ്രായമുണ്ട്. ദാഹശമനത്തിനായി മഴ കാത്തിരിക്കുന്ന പക്ഷിയത്രെ ചതക്. 
ഇന്ത്യയിൽ രണ്ടു ഉപജാതി കൊമ്പൻ കുയിലുകളുണ്ട്.   തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന പക്ഷി ഒരു സ്ഥിരവാസിയാണ്.  പ്രാദേശിക ദേശാടകൻ ആണെങ്കിലും ദീർഘ ദൂരം സഞ്ചരിക്കാറില്ല. എന്നാൽ മധ്യേന്ത്യയിലും വടക്കേ ഇന്ത്യയിലും പ്രത്യക്ഷപ്പെടുന്നവ ദീർഘദൂര ദേശാടകരാണ്. ആഫ്രിക്കയിൽനിന്ന് കൂടുകൂട്ടാൻ ഇന്ത്യയിൽ എത്തുന്ന പക്ഷിയാണിത്. അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും കടന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷക്കാറ്റിനോടൊത്തു പറക്കുന്നതിനാൽ യാത്രയ്‌ക്ക് ആയാസമില്ല  എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. മെയ് അവസാനമോ ജൂൺ ആദ്യവാരമോ ഇന്ത്യയിലെത്തും. അവയുടെ വരവോടെ കാലവർഷവും ആരംഭിക്കും. വർഷാഗമം വൈകിയാൽ കുയിലിന്റെ വരവും വൈകും. ജൂൺ, ജൂലൈയിലും  ആഗസ്തിലും ഇന്ത്യയിൽ കൂടുവച്ച്‌ സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യ വിട്ടു പോകും. എങ്കിലും  ദേശാടന വഴികളെക്കുറിച്ചും  സഞ്ചാരദിശകളെക്കുറിച്ചുമുള്ള  അറിവ് അപൂർണമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top