24 February Sunday

സർവൈവൽ ഓഫ് ദ 'മണ്ടൻസ്'

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

കാട്ടുകോഴിയിൽനിന്ന് ശനിയെയും സംക്രാന്തിയെയും കുറിച്ച് സ്റ്റഡിക്ലാസ് ആരും പ്രതീക്ഷിക്കുന്നില്ല. ഉറച്ച സംഘപരിവാർ  മനസ്സുകളിൽനിന്ന് യുക്തിചിന്തയും പ്രതീക്ഷിക്കുകയും വയ്യ. ഡാർവിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും സ്‌കൂളുകളിലും കോേളജുകളിലും പഠിപ്പിക്കരുതെന്നും സംഘപരിവാർ വക്താവ് പറയുന്നതിൽ ഒട്ടും അത്ഭുതമില്ലാത്തത് അതുകൊണ്ടാണ്. പക്ഷേ, ഈ പ്രസ്താവന കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി സത്യപാൽ സിങ്ങിൽനിന്നാകുമ്പോൾ കാര്യത്തിന്റെ ഗതി മാറും.'കുരങ്ങ് മനുഷ്യനായി മാറിയതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഭാരതത്തിന്റെ പുരാണങ്ങളിലോ നമ്മുടെ പൂർവികർ പറഞ്ഞുതന്ന കഥകളിലോ അത്തരമൊരു പരാമർശമില്ല. മനുഷ്യൻ ഭൂമിയിലുണ്ടായത് മനുഷ്യനായിത്തന്നെയാണെന്ന് സത്യപാൽ സിങ് വിശദീകരിക്കുമ്പോൾ അദ്ദേഹം പൂർവാശ്രമത്തിൽ വഹിച്ച പൊലീസുദ്യോഗത്തെക്കുറിച്ചും തലയിൽ ചൂടുന്ന രസതന്ത്ര ബിരുദാനന്തര ബിരുദത്തെക്കുറിച്ചും സംശയമുണ്ടാവുക സ്വാഭാവികം. മുംബൈ പൊലീസ് കമീഷണർ പദവി വഹിച്ചിരുന്ന; നക്‌സലിസത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റെടുത്ത ഒരാൾ സംഘപരിവാറിലെത്തിയാൽ ബുദ്ധിയും വിവേകവും ശാഖയിൽ അഴിച്ചുവയ്ക്കുമോ എന്നതാണ് ന്യായമായ സംശയം.

പുരാണത്തിലെ പുഷ്പകവിമാനത്തെക്കുറിച്ച് ഐഐടികളിൽ പഠിപ്പിക്കണം എന്ന വെളിപാടിലൂടെ വാർത്താതാരമായി നേരത്തെതന്നെ മാറിയ നേതാവുകൂടിയാണ് സത്യപാൽ സിങ്. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ സത്യപാൽ സിങ്ങിന് ഊർജം പകരുന്ന പലതും ഉണ്ടായിരുന്നു. ബിസി 7000ൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു എന്നും വായുവിൽ സഞ്ചരിക്കുന്ന വാഹനം എന്നാണ് വിമാനത്തെ നിർവചിച്ചതെന്നുമാണ് ആനന്ദ ബോദാസ് എന്ന സംഘിമനസ്സ് അവിടെ ഒരു പ്രബന്ധത്തിൽ സമർഥിച്ചത്. ഗ്രഹാന്തരയാത്രയ്ക്കടക്കം അന്ന് വിമാനം ഉപയോഗിച്ചെന്ന് ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധമവതരിപ്പിച്ചവരുടെ സഹയാത്രികർ ചാന്ദ്രയാനെക്കുറിച്ചും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെക്കുറിച്ചും അറിയണമെന്നുതന്നെയില്ല.

ചാണക മാഹാത്മ്യത്തിലാണ് സത്യപാൽ സിങ്ങിന്റെ സ്‌കൂളിലെ പ്രധാന പഠനം. പുല്ലും വൈക്കോലും തിന്ന് സ്വർണം ഉൽപ്പാദിപ്പിക്കുന്ന പശുക്കൾ പുരാണകാലത്ത് ജീവിച്ചിരുന്നു എന്നതാണവരുടെ വിശ്വാസം. മയിൽ കണ്ണീരുകൊണ്ട് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന മധുരമനോഹര മായാലോകത്തിലാണ് അവരുടെ ജീവിതം. ആധുനിക ശാസ്ത്രത്തിൽനിന്ന് ബ്രിഡ്ജ് നിർമിച്ച് അവർ അകലുന്നു. അന്ധവിശ്വാസ ജടിലമായ വിശ്വാസങ്ങൾക്ക് ശാസ്ത്രീയ വൈജ്ഞാനികമേഖലയിലേക്ക് കടന്നുകയറാനുള്ള പാലം നിർമിച്ച് വഴികാട്ടുകയും ചെയ്യുന്നു.

മേക് ഇന്ത്യ എന്നാൽ ചരിത്രത്തെ നിഷേധിക്കൽകൂടിയാണ്. ശാസ്ത്രത്തെ അപഹസിക്കലുമാണ്. ഗണപതിയുടെ തലയിൽ ലോകത്തെ ആദ്യ പ്ലാസ്റ്റിക് സർജറി ദർശിക്കുന്നവരിൽനിന്ന് നരേന്ദ്ര മോഡിയിലേക്കും സത്യപാൽ സിങ്ങിലേക്കും അധികം ദൂരമില്ല. പരിണാമം പൂർത്തിയാകാത്തതാണ് പ്രശ്‌നം. പതിനായിരക്കണക്കിനു തലമുറകൾക്കുമുമ്പ് ഉണ്ടായിരുന്ന പൂർവികരിൽനിന്ന് രൂപഭേദംവഴി ഉരുത്തിരിഞ്ഞുവന്നതാണ് ഇന്നത്തെ ജീവിവർഗമെന്നാണ് ഒറിജിൻ ഓഫ് സ്പീഷീസ്'എന്ന പുസ്തകത്തിൽ ഡാർവിൻ നിരീക്ഷിച്ചത്. ഡാർവിനെയും പരിണാമസിദ്ധാന്തത്തെയും സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റിനെയും തള്ളിപ്പറഞ്ഞവരിൽ ഒട്ടുമിക്കവരും സ്വയം മാറി. സത്യം വിളിച്ചുപറയുന്നവരെ ചുട്ടുകൊല്ലുന്ന കാലവും മാറി. പക്ഷേ, സംഘമനസ്സിനുമാത്രം ഒരു മാറ്റവുമില്ല. മിത്തുകളെയും കൽപ്പനകളെയും ശാസ്ത്രീയമെന്ന് തോന്നിക്കുംവിധം കൊണ്ടാടി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനജീവിതത്തിൽ കുത്തിക്കയറ്റാനുള്ള കർസേവകൂടിയാണ് ആർഎസ്എസ് നടത്തുന്നത്. അവർക്കതിന് അനുയോജ്യരായ കർസേവകർ വേണം. അക്കൂട്ടത്തിലാണ് സത്യപാൽ സിങ്. ചരിത്രത്തിന്റെ ഹൈന്ദവവൽക്കരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടന അഖിൽ ഭാരതീയ് ഇതിഹാസ് സങ്കലൻ യോജനയാണ്. ശാസ്ത്രത്തെ പിന്നോട്ടു നയിക്കാൻ സംഘപരിവാറിന് പ്രത്യേക ഘടകങ്ങളുണ്ട്. കേന്ദ്രമന്ത്രിപദത്തിലിരുന്ന് അവയുടെ വക്താവും യുക്തിരാഹിത്യത്തിന്റെ പ്രായോജകനുമായി സത്യപാൽ സിങ് മാറുമ്പോൾ, സംഘികൾ പൊതുവായി അഭിമുഖീകരിക്കുന്ന ചോദ്യംതന്നെ ഉയരുന്നു. എന്താണ് നിങ്ങളുടെ തലയ്ക്കകത്ത് എന്ന ചോദ്യം. ആർഎസ്എസ് പണ്ഡിതന്മാർ വിശുദ്ധവും ദിവ്യശക്തിയുള്ളതുമായ വസ്തുവായി കാണുന്നത് ചാണകത്തെയാണ്. ഗോമൂത്രമുപയോഗിച്ച് ക്യാൻസർ ചികിത്സിക്കാമെന്നും ചാണകംകൊണ്ട് സൈന്യത്തിന് ബങ്കർ നിർമിക്കാമെന്നും സത്യപാൽ സിങ്ങിന്റെ സഹപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമെെന്തങ്കിലുമൊരു ദിവ്യവസ്തു തലയ്ക്കകത്തുണ്ടായിരുെന്നങ്കിൽപ്പോലും സംഘികളുടെ പരിണാമം മനുഷ്യന്റെ അടുത്തെത്തിയേനേ.

പ്രധാന വാർത്തകൾ
 Top