20 April Saturday

കഥാപാത്രങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 28, 2018

എഴുതിത്തുടങ്ങും മുമ്പേ കഥാപാത്രങ്ങൾ കൂടെനടന്നിരുന്നു. ഇടത്തരം പട്ടണത്തിന്റെ സൗകര്യങ്ങളുള്ള പെരിന്തൽമണ്ണയിലാണ് ജനിച്ചതും ജീവിക്കുന്നതും. വീടിനു പിൻവശം വിശാലമായ പ്രകൃതി. കുളിർമലയുടെ പച്ചപ്പും കുളവും കുരങ്ങന്മാരും കാട്ടുപൂക്കളും കശുമാവുകളും അപ്പൂപ്പൻതാടിയും ഈരാമുട്ടിയും കുന്നിക്കുരുവും മുളയും. അവിടെ നിയന്ത്രണമൊന്നുമില്ലാതെ സ്വതന്ത്രരായിരുന്നു ഞങ്ങൾ. കുളിർമലയെക്കുറിച്ചുള്ള മുത്തശ്ശിക്കഥകൾ. ആഭരണക്കല്ലും തങ്ങളുപ്പാപ്പയുടെ (ഹനുമാന്റേത് എന്നും പറയുന്നു) കാലടിയും കുളിർമലയിലുണ്ടെന്ന് വല്യുമ്മ പറഞ്ഞുതന്നിട്ടുണ്ട്. 

മുൻവശത്തെ റോഡിലൂടെ വൈകുന്നേരങ്ങളിൽ ജീവിതം ഒഴുകുന്നത് കണ്ടുനിൽക്കാൻ ഏറെ ഇഷ്ടമായിരുന്നു. കള്ള് മോന്താൻ വരുന്നവർ, തർക്കിച്ച് തല്ലുകൂടുന്നവർ, ലഹരിയുടെ ബലത്തിൽ തെറിവിളിക്കുന്നവർ, അമ്മിനിക്കാടൻ മലകളിൽനിന്ന് നാട്ടിലേക്കിറങ്ങുന്ന ആളൻമാർ, പിന്നെ എല്ലാ നാടിന്റെയും സ്വന്തമായ ശരീരവിൽപ്പനക്കാരികൾ. പിന്നീടെപ്പോഴോ ഉയിർത്തെഴുന്നേൽക്കുന്നതിനായി അവരെല്ലാം പലപ്പോഴായി മനസ്സിൽ പതിഞ്ഞിരിക്കണം.

തറവാട്ടിലെ അവിഭാജ്യമായ അംഗമായിരുന്നു മുണ്ടൻ. മുണ്ടനില്ലാതെ ഒരു കാര്യവും നടക്കില്ല. അധികം സംസാരിക്കാതെ, ഷർട്ടും ചെരിപ്പും ധരിക്കാതെ, മഞ്ഞും വെയിലും മഴയും കൂസാതെ പണിയെടുക്കുന്ന മുണ്ടൻ എന്റെ കുട്ടിക്കാലത്തിന്റെ ഭാഗം. തിരിച്ചറിയാനാകാത്ത ഒരു അസുഖം വന്ന് മുണ്ടൻ മരിക്കുമ്പോൾ ബാല്യത്തിന്റെ സുരക്ഷിതത്വം വീണുടയുന്ന ശബ്ദം എന്നെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. മരണശേഷവും എന്റെ മുറ്റത്ത് മുണ്ടൻ കാലൊച്ച കേൾപ്പിച്ചെന്നത് വെറും തോന്നലായി തള്ളിക്കളയാനാകുന്നില്ല. പെയ്‌തൊഴിയാതെ മുണ്ടൻ ഇപ്പോഴും ഉള്ളിലുണ്ട്.

സാഹിത്യക്യാമ്പുകളിലൊക്കെ വാചാലരായിരുന്ന, നന്നായി എഴുതിയിരുന്ന പെൺകുട്ടികൾ വിവാഹിതരായി കാലങ്ങൾക്കുശേഷം നിശബ്ദരാകുന്നത് എന്നും വിഷമിപ്പിച്ചിരുന്നു. അത്തരം ആധികളിൽനിന്നാണ് തിരുനെല്ലിയിലേക്കുള്ള ദൂരങ്ങളും കനലെഴുത്തും ഉടലെടുക്കുന്നത്. നല്ല ഭാഷാപ്രയോഗമറിയാമായിരുന്ന പെൺകുട്ടിയെ പിന്നീട് കണ്ടപ്പോൾ എന്തുകൊണ്ടെഴുതുന്നില്ല എന്നു ചോദിച്ചു. അവൾ പറഞ്ഞത് മടുപ്പിക്കുന്ന നിത്യജീവിതത്തിന്റെ വൈരസ്യങ്ങളെക്കുറിച്ചുമാത്രം. കറിക്കൂട്ടുകൾക്കും അഴുക്കുതുണികൾക്കുമിടയിൽ കടലാസും പേനയും മഷിയുടെ മണവും അവൾ മറന്നു. ജീവിച്ചിരിക്കുന്നു എന്ന് അടയാളപ്പെടുത്താനായിമാത്രം എഴുതുന്ന ചിലർ. മാലിനി അവരിലൊരാളാണ്. യഥാർഥ ജീവിതത്തിൽ എനിക്കവളെ ബുഷ്‌റ എന്നോ റീന എന്നോ വിളിക്കാനാകും.             

കപടമുഖങ്ങൾ കൂടുതൽ തിരിച്ചറിയാനായത് ജോലി കിട്ടിയതിനുശേഷമാണ്. സ്വന്തം വിശ്വാസമാണ് വലുത്, മറ്റുള്ളതെല്ലാം മോശം എന്ന ചിന്താഗതി പലപ്പോഴും കാണാനായി. അത്തരം കാപട്യങ്ങളാണ് 'കീഴാളൻ' എന്ന കഥയിലുള്ളത്. കഥ വായിച്ച് പലരും വിളിച്ചു. ഞാൻ ഒരു കീഴാളനാണ് എന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അവയെല്ലാം. ഓരോ ദളിതനും സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്ന അവമതിയുടെ ആഴം മനസ്സിലാക്കിത്തന്നു ആ വായനക്കാർ.  

ജപ്പാൻകാരനായ മിസോയ് എന്ന എൻജിനിയറുമായി കുട്ടിക്കാലത്തുണ്ടായിരുന്ന സൗഹൃദം അവിസ്മരണീയമായ അനുഭവമായിരുന്നു. ടോക്യോയിലേക്ക് മടങ്ങി വർഷങ്ങൾക്കുശേഷം തിരിച്ചുവരുമെന്ന ഘട്ടത്തിൽ മരണം എന്നിൽനിന്ന് അടർത്തിയ ആ സ്‌നേഹം വലിയൊരു വിഷാദകാലത്തിന്റെ ഓർമ. 'പ്ലം പഴത്തിന്റെ സൗരഭ്യം' എന്റെയും മിസോയ്‌യുടെയും കഥതന്നെ. ജീവിതം അപ്പോഴും കുറെ അത്ഭുതം ബാക്കിവച്ചു. മിസോയുടെ സഹപ്രവർത്തകൻ രഘുനാഥിന്റെയും നിത്യാനന്ദന്റെയും സൗഹൃദം എന്നിലേക്ക് വന്നതോടെ ആ കഥ ഉൾപ്പെട്ട നീലലോഹിതം എന്ന സമാഹാരം ടോക്യോയിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ എത്തിക്കാനായി. ജാപ്പനീസ് ആചാരപ്രകാരം മരിച്ചവർക്ക് പ്രിയപ്പെട്ട സാധനങ്ങൾ മുറിയിൽ സൂക്ഷിക്കുക പതിവുണ്ട്. നീലലോഹിതവും ഇന്ന് അദ്ദേഹത്തിന് പ്രിയപ്പെട്ട സാധനങ്ങൾക്കൊപ്പം ആ വീട്ടിലുണ്ട്. മിസോയുടെ വിധവ കെയ് കോ വർഷങ്ങളായി സൂക്ഷിച്ച പ്രിയപ്പെട്ട ചില വസ്തുക്കൾ എനിക്കായി തന്നയച്ചു. ഇന്ത്യയിൽ അദ്ദേഹം ഉപയോഗിച്ച കറുത്ത ഒരു തുകൽ പേഴ്‌സ്, നാണയങ്ങൾ അങ്ങനെ മിസോയുടെ കരസ്പർശമേറ്റ ചിലത്. 

 കഥ പൂർണമായി മുന്നിൽ സംഭവിക്കുന്നതുപോലെ തോന്നിയത് 'ഇറച്ചി വേവുന്ന ഗന്ധം' എഴുതിയപ്പോഴാണ്. ആശുപത്രികൾ കൈയൊഴിഞ്ഞ് മരിക്കാനായിമാത്രം വീട്ടിൽ തിരിച്ചെത്തിയ ഒരാളെ സന്ദർശിക്കേണ്ടിവന്നു. ഒന്നും സംഭവിക്കാത്തപോലെ പെരുമാറാൻ അയാൾ ശ്രമിക്കുമ്പോഴും ഇരച്ചാർത്തുവരുന്ന സംഘടനാപ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമെല്ലാം ചേർന്ന് ആ വീടിനെ ഒരു ആശുപത്രിമുറിയേക്കാൾ കഷ്ടമാക്കിത്തീർത്തിരുന്നു. സ്വകാര്യത ഒട്ടുമില്ലാതെ ചെറിയ വീട്ടിൽ അയാളുടെ ഭാര്യയും കൗമാരക്കാരായ മക്കളും വീർപ്പുമുട്ടി. മരണത്തെക്കുറിച്ചുള്ള ഫോൺസംഭാഷണങ്ങളും ചർച്ചകളും അയാൾ കേൾക്കുന്നുണ്ടായിരുന്നു. ആ അവസ്ഥയിലും രോഗിയായി കിടക്കാൻ ഇഷ്ടമില്ലാതെ പുഞ്ചിരിയോടെ എന്നോട് കഥയെക്കുറിച്ചും മറ്റും സംസാരിച്ചു. കുടുംബത്തിനൊപ്പം സമാധാനത്തോടെ ചെലവിടാനുള്ള അവസാനനിമിഷങ്ങളാണ് മറ്റുള്ളവർ കൈയടക്കുന്നത്. അതിനിടയിലാണ് അടുക്കളയിൽ ഇറച്ചിക്കറി തിളയ്ക്കുന്ന ഗന്ധം. മരണത്തിന് ദിവസങ്ങൾ ശേഷിക്കുന്ന അയാളിലും ഭാര്യയിലും ആ ഗന്ധം ഉണ്ടാക്കുന്ന മാനസികാവസ്ഥയാണ് എന്നെ അസ്വസ്ഥയാക്കിയത്. എല്ലാവരും ഒന്നിറങ്ങിപ്പോകുമോ എന്ന മാനസികാവസ്ഥയിൽ ആയിരുന്നിരിക്കണം അവർ. അവിടെനിന്ന് ഇറങ്ങിയിട്ടും ആ മസാലഗന്ധം ഉള്ളിൽ വിട്ടുപോകാതെ നിന്നു.

'നീര ഒരു വേനൽക്കാല സ്വപ്‌നം' എന്ന കഥയിലെ പ്രണയം ഉള്ളിൽ കവിയുമ്പോഴും പറയാൻ ഭയന്ന് പിരിഞ്ഞുപോയ തപൻ എന്റെ സഹപാഠിയായിരുന്നു. കഥ വായിച്ച് അവൻ വിളിച്ചു, ആരെക്കുറിച്ചാണ് ആ കഥയെന്ന് ചോദിച്ച്. തപൻ അവൻമാത്രമല്ല, മറ്റു പലരുമായിരുന്നു എന്നു പിന്നീടാണ് തിരിച്ചറിയുന്നത്. നീരയെ ഉള്ളിൽ കൊണ്ടുനടക്കുന്ന കുറച്ചുപേരുണ്ട്. പ്രണയനഷ്ടത്തിന്റെ തീവ്രവേദന അറിഞ്ഞവർ. ആനന്ദിനെ ഞാനിതുവരെ കണ്ടിട്ടില്ല. ആ കഥ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നു പറഞ്ഞ് ആനന്ദ് കത്തയച്ചു. വിവാഹിതനായി ഒരു പെൺകുഞ്ഞുണ്ടായാൽ അവളെ നീര എന്ന് ചെല്ലപ്പേര് വിളിക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞപ്പോൾ അമ്പരന്നുപോയി.

പ്രധാന വാർത്തകൾ
 Top