07 July Tuesday

മൂത്താണ്ണൻ– എഴുതാത്ത കവിതയുടെ പൊള്ളൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2019

വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. കടലിനുള്ളിൽ വച്ച്. മൂത്താണ്ണൻ ഓടിച്ചിരുന്ന വള്ളം ഒരു കട്ടമരത്തിൽ കേറിയിറിങ്ങി. അറിയാതെ സംഭവിച്ചതാണ്. എഞ്ചിൻ വള്ളങ്ങൾ വന്നു തുടങ്ങിയ കാലം. ആർക്കും ഓടിക്കാനറിയില്ല. മൂത്താണ്ണന്റെ കൈപതറിയതോ. അതോ കട്ടമരത്തിലെ പാട്ടവിളക്ക് കെട്ടതോ. ഏതായാലും ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു. തീരത്ത് ആളുകൾ തടിച്ചു കൂടി. നിലവിളികളും പ്രാർഥനകളുമുയർന്നു. അക്കാലത്ത് എന്തിനും ഏതിനും ഞങ്ങൾക്കാശ്രയം പള്ളിയാണ്. അപ്പനില്ലാത്തതിനാൽ വീടിന്റെ ഭാരം അമ്മയ്‌ക്കാണ്. രാവിലെ കടപ്പുറത്തിറങ്ങുന്ന അമ്മ സന്ധ്യയാവോളം മീൻവാങ്ങി വിൽക്കും. ചിലപ്പോഴൊക്കെ ഇളയ ഞങ്ങൾ അഞ്ചു പേർ അമ്മയുടെ ചീലത്തുമ്പിൽ പിടിച്ചു കടപ്പുറംവരെ പോകും. കാല് പൊള്ളാതിരിക്കാൻ അമ്മ ഞങ്ങളെ ഒരു കുട്ടയിൽ എടുത്തു വയ്‌ക്കും. ഉച്ചയ്‌ക്ക്‌ പുറുത്തിച്ചക്ക(കൈതച്ചക്ക)യും തണ്ണിമത്തനും വാങ്ങിത്തരും. അമ്മയെ മറ്റുള്ളവർ തെറി വിളിക്കുന്നതും അമ്മ തിരിച്ചു തെറി പറയുന്നതും കേട്ടുനിൽക്കും. അമ്മയുടെ വെത്തപ്പാട് കുറയ്‌ക്കാനാണ് മൂത്താണ്ണൻ കടലിൽ പോയി തുടങ്ങിയത്. എന്നാലിപ്പോ... 

ചത്തയാൾ ആരാണെന്ന് തിരിച്ചറിഞ്ഞില്ല. തീരത്തുള്ളവർ ഊഹം വച്ചു തുടങ്ങി. മധ്യവയസ്‌കനായതിനാൽ ചില കുടികളുടെ ഉറക്കം കെട്ടു. അമ്പരപ്പും ആരവവുമായി പെണ്ണുങ്ങൾ പുറത്തു വന്നു. ഒരു ജീപ്പിൽ പൊലീസുമെത്തി. വിവരമറിയിച്ച വള്ളക്കാരൻ പൊലീസിനടുത്തുണ്ട്. വള്ളക്കാരുടെ സഹായം കൂടാതെ പൊലീസിനു കടലിനുള്ളിലേക്ക് പോകാൻ കഴിയില്ല. തീരുമാനിച്ചുറപ്പിച്ച പ്രകാരം പൊലീസുകാരെ കരയിൽ നിർത്തി വള്ളക്കാർ കടലിലേക്ക് പോയി. മരിച്ചയാളെയും ഇടിച്ച വള്ളക്കാരെയും കൊണ്ടു വരികയാണ് ലക്ഷ്യം. കരയിലുള്ളവർ വെള്ളത്തുണി പൊതിഞ്ഞെടുത്തു അവരെ ഏൽപ്പിച്ചു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ കുറെ വള്ളങ്ങളുടെ അകമ്പടിയോടെ മരിച്ചയാളുടെ ശരീരവുമായി ഒരു വള്ളമെത്തി. അതേ വള്ളത്തിൽ തന്നെ അപകടമുണ്ടാക്കിയ വള്ളത്തിലെ അഞ്ചുപേരും ഉണ്ടായിരുന്നു. ചുണ്ടുകൾ വിറച്ച്, ദേഹം തെറിച്ചു കൊണ്ട് പിറകിലായി മൂത്താണ്ണനും. 

മാറത്തടിച്ചു കൊണ്ട് എല്ലാവരും വള്ളത്തിന് ചുറ്റും കൂടി. വെള്ളത്തുണി മാറ്റി പലരും ചതഞ്ഞരഞ്ഞ ശരീരം കണ്ടു. ചത്തയാൾ തീരത്തെ ഏറ്റവും നല്ല ചേലാളിമാരിലൊരാൾ - മാർട്ടിൻ കൊച്ചോപ്പ. പകലിലും ഉടുപ്പില്ലാതെ ഒറ്റകൈലിയിൽ നടക്കുന്നയാൾ. ഏതുനേരവും ചെവിക്ക് മുകളിൽ പൊതിഞ്ഞെടുത്ത ചൂണ്ടയും റോളുമുണ്ടാകും. അയാള് കാണാത്ത മടകളില്ല. താക്കാത്ത മായക്കയില്ല. രണ്ടു പെണ്ണും ഒരാണുമാണ് മക്കൾ. മൂത്തവളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു. നിറകണ്ണുകളോടെ ശരീരം വിറച്ചു നിന്ന മൂത്താണ്ണനെ എല്ലാവരും അമർഷത്തോടെയും സഹതാപത്തോടെയും നോക്കി. ഓടിക്കാൻ അറിയാത്ത പയ്യന്റെ കയ്യിൽ എഞ്ചിൻ കൊടുത്തില്ലേ എന്ന് എല്ലാവരും ഒടമയുടെ നേരെ തിരിഞ്ഞു. പൊലീസിടപെട്ട് രംഗം ശാന്തമാക്കി ഇടിച്ച വള്ളക്കാരെ കസ്റ്റഡിയിലെടുത്തു. മൂത്താണ്ണനു പിന്നാലെ കരഞ്ഞുകൊണ്ടു പോയി അമ്മ. കുറേനാൾ കേസും ജയിലുമായി കഴിഞ്ഞ മൂത്താണ്ണനോട് മാർട്ടിൻ കൊച്ചോപ്പയുടെ മക്കൾ ക്ഷമിച്ചു. പൊടിച്ചെറുക്കൻ, അറിയാതെ പറ്റിയ കൈയബദ്ധം, അപ്പൻ ചത്തുപോയി, ആ വീടിന്റെ അത്താണി എന്നെല്ലാം കണ്ടു നാട്ടുകാർ പയ്യെപ്പയ്യെ കാര്യങ്ങൾ മറന്നു.

തുറയിലെ ഏറ്റവും നല്ല മീൻപിടിത്തക്കാരിൽ ഒരാളായി മൂത്താണ്ണൻ വളർന്നു. ഏതു കാറ്റിലും വള്ളമിറക്കി. എല്ലാ സീസണിലും വേളാവും പാരയുമായി വന്നു. കടൽപരുവത്തെ പറ്റി ചേല് പറഞ്ഞു. കാലം പോയ പോക്കിൽ കുടിച്ചു കുടിച്ചു തമ്പോറായ മൂത്താണ്ണനെയാണ് പിന്നീട് കണ്ടത്. കല്യാണത്തലേന്ന് വേറൊരു പെണ്ണുമായി കേറി വന്നു. വീട്ടുകാർ ആദ്യമറച്ചെങ്കിലും പിന്നീട് അതുതന്നെ നടത്തി കൊടുത്തു. അമ്മ, അപ്പൻ, ചങ്ക്, പറക്ക്, രാക്കാലം, കട്ടകൊമ്പൻ എല്ലാം  കവിതയിൽ ഇരമ്പി വന്നെങ്കിലും മൂത്താണ്ണൻ ഒരു കടൽപിശറായെങ്കിലും എന്റെ വരികളെ തൊട്ടില്ല. ഞാനെഴുതിയ കുടിയന്മാരിലൊന്നും മൂത്താണ്ണനില്ല. വീടും കൂടും നോക്കാത്ത വാലുവക്കാരിലും അവനില്ല. ആറാമീനും കണ്ട് ഏഴ്‌ കടലും താണ്ടിവരുന്ന ചേലാളിമാരിലും ഞാനവനെ കണ്ടില്ല. ഞങ്ങളിൽ നിന്ന് മാറി പാർക്കുന്നവൻ. കുടിച്ചഴിഞ്ഞ് എല്ലാ പിറവികളിൽ നിന്നും ഒഴിഞ്ഞുപോകുന്നവൻ. അതുമാത്രമായിരുന്നു എനിക്ക് മൂത്താണ്ണൻ. എങ്കിലും അവന്റെ കുടിയിൽ ഒരുനാൾ ഏട്ടത്തിയമ്മ സ്വയമെരിഞ്ഞു. ഒരു നട്ടുച്ചയ്‌ക്ക്‌. വെന്തുകരിഞ്ഞ ആ ശരീരത്തിന് കാവലായി പഞ്ചാംപാതി രാത്രിയിൽ മോർച്ചറിക്ക്‌ മുന്നിലിരിക്കുമ്പോൾ, അറിഞ്ഞു മൂത്താണ്ണന്റെ പ്രായമാകാത്ത മക്കളുടെ കണ്ണിൽ ഞാൻ  ഇതുവരെയെഴുതാത്ത കവിതയുടെ പൊള്ളൽ. ഏട്ടത്തിയമ്മയുടെ  അവസാന മൊഴിയിലും നീ രക്ഷപ്പെട്ടല്ലോ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top