23 October Friday

ഒരു ക്ലാസിക്‌ നൃത്തത്തെ വീണ്ടെടുത്ത കഥ

വിജയ് സി എച്ച് vijaych8222@gmail.comUpdated: Sunday Sep 27, 2020

ഷീബ കൃഷ്‌ണകുമാർ

കാലപ്രവാഹത്തിൽ എങ്ങോ വിസ്‌മരിക്കപ്പെട്ടുപോയ അഷ്‌ടപദിയാട്ടം എന്ന നൃത്ത ശാഖയെ വീണ്ടെടുത്ത കഥയാണ്‌ ഷീബ കൃഷ്‌ണകുമാർ നർത്തകിക്ക്‌ പറയാനുള്ളത്‌

 
അഷ്‌ടപദിയാട്ടം. കഥകളിയേക്കാൾ പ്രാചീനമായ ദൃശ്യകലാരൂപം. കൂടിയാട്ടം, കൃഷ്‌ണനാട്ടം, തിറയാട്ടം, ചാക്യാർകൂത്ത് മുതലായ നടനകലകളുടെ സംയുക്തം. പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ടതാണ് കഥകളിയെങ്കിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒഡിഷയിൽ ജീവിച്ച ജയദേവ കവിയുടെ ‘ഗീതഗോവിന്ദ'ത്തിന്റെ രംഗാവിഷ്‌കാരമാണ്‌ അഷ്‌ടപദിയാട്ടം.
 
ജയദേവകൃതിയിലെ എല്ലാ ഗീതങ്ങൾക്കും‌ എട്ടു ഖണ്ഡങ്ങൾ. അഷ്ട‌പദിയെന്നു വിളിക്കാൻ കാരണമിതാണ്. ഈ കാവ്യത്തിന്റെ ദൃശ്യരൂപങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും വിവിധ പേരുകളിൽ അവതരിപ്പിക്കപ്പെട്ടു. കഥകളിയിലുമുണ്ട്‌ അഷ്‌ടപദിയാട്ടത്തിന്റെ അടയാളങ്ങൾ. എവിടെയോ നഷ്ടമായ അഷ്‌ടപദിയാട്ടത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങളാണ്‌ കലാമണ്ഡലം ഷീബ കൃഷ്‌ണകുമാർ നടത്തുന്നത്‌.
 
ഇപ്പോൾ ഷീബ അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം പ്രൊഫ. കരിമ്പുഴ രാമകൃഷ്‌ണൻ ചിട്ടപ്പെടുത്തിയ വരികൾക്ക് പത്മശ്രീ ഗുരു ചേമഞ്ചേരി നൽകിയ ഭാഷ്യമാണ്. ചേമഞ്ചേരിയുടെതന്നെ ശിഷ്യയായ കണ്ണൂർ സീതാലക്ഷ്‌മിയാണ് അഷ്ടപദിയാട്ടത്തിൽ മുൻഗാമി. അവർക്ക്‌  പ്രായാധിക്യംമൂലം നൃത്തം ചെയ്യാനാവാത്ത ഘട്ടത്തിലാണ്‌ ഷീബ ചിലങ്കയണിഞ്ഞത്
 
ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എംഎ പൂർത്തിയാക്കിയ ഷീബ കേരള കലാമണ്ഡലത്തിൽ നൃത്തത്തിൽ ഗവേഷണം നടത്തുകയാണ്‌. അഷ്‌ടപദിയാട്ടത്തെക്കുറിച്ചും ഗവേഷണാനുഭവങ്ങളെക്കുറിച്ചും ഷീബ സംസാരിക്കുന്നു:
 

അഷ്ടപദിയിലെ അരങ്ങേറ്റം

 

 പന്ത്രണ്ടാം വയസ്സുമുതൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നു. അഞ്ചുവർഷം മുമ്പാണ് അഷ്ടപദിയാട്ടത്തിൽ ആകൃഷ്ടയായത്. ഗുരു ചേമഞ്ചേരിയാണ് അതിന്‌ പ്രേരണ.
 
രണ്ടുവർഷം കഠിന പരിശീലനം. ചില പ്രത്യേക മുദ്രകൾ സീതാലക്ഷ്‌മി ടീച്ചർ കൂടെയിരുത്തി പഠിപ്പിച്ചു. മെല്ലെ, മെല്ലെ ഈ ശാസ്‌ത്രീയ നൃത്തത്തിന്റെ  ഉള്ളറകളിലേക്ക് പ്രവേശിച്ചു. അമ്പതുകളിൽ ടീച്ചർ അവതരിപ്പിച്ച അഷ്ടപദിയാട്ടം, 2017-ൽ കണ്ണൂരിൽ പുനരാവിഷ്‌കരിച്ചു. 1972-ൽ, ടീച്ചർ കളിയരങ്ങുവിട്ടശേഷം ആദ്യമായി അഷ്ടപദിയാട്ടം അരങ്ങിലെത്തിയത്‌ അന്നായിരുന്നു.
   
ഈ തലമുറയ്‌ക്ക് കേട്ടറിവുമാത്രമുള്ള ഒരു ക്ലാസിക്കൽ നൃത്തം നാട്യരൂപം അരങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ പിരിമുറുക്കങ്ങളെല്ലാം അറിഞ്ഞു. അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു ഇതിന്റെ രീതികൾ. അഷ്ടപദിയാട്ടത്തിന് മോഹിനിയാട്ടവുമായി എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് മുദ്രകളിൽമാത്രം.
 
 48 വർഷത്തെ ഇടവേളയ്‌ക്കുശേഷം അഷ്‌ടപദിയാട്ടത്തിന്‌ വേദി വീണ്ടുമൊരുങ്ങുന്നുവെന്ന വാർത്തയിൽ ഉൾപ്പെടുത്താൻ, അഷ്‌ടപദിയാട്ടത്തിന്റെ വേഷമണിഞ്ഞ ഒരു ഫോട്ടോപോലുമില്ല. 
 

 പരിണാമങ്ങൾ

 

സീതാലക്ഷ്‌മി ടീച്ചറുടെ കാലത്ത് നാലുമണിക്കൂർ നേരമാണ്‌ നൃത്തമാടിയത്‌. ഗുരു ചേമഞ്ചേരിയുടെ നിർദേശമനുസരിച്ച്‌ ദൈർഘ്യം രണ്ടുമണിക്കൂറാക്കി. മുമ്പ്‌ രണ്ടുമണിക്കൂർ സോളോ പെർഫോർമൻസും രണ്ടുമണിക്കൂർ ബാലെയുമായിരുന്നു. ബാലെ വേണ്ടെന്നുവച്ചു.
 
ടീച്ചർ അണിഞ്ഞിരുന്നത് ഗുജറാത്തി രീതിയിലുള്ള പാവാടയും ബ്ലൗസും ദാവണിയുമായിരുന്നു. ചിത്രകാരൻ കെ കെ മാരാരാണ് കേരളശൈലിയിലുള്ള പുതിയ വസ്‌ത്രങ്ങളും അവയുടെ നിറങ്ങളും രൂപകൽപ്പന ചെയ്‌തത്‌. നങ്ങ്യാർകൂത്തിന്റേതുപോലെ വലിയ കിരീടമുണ്ട്‌. കേശാലങ്കാരത്തിൽ വരുത്തിയ വ്യത്യാസത്തോടൊപ്പം, കൊച്ചു രത്‌നകിരീടവും സ്വീകരിച്ചു. ആഭരണങ്ങളും ചമയങ്ങളും കാലോചിതമായി പരിഷ്‌കരിച്ചു.
 

 വാദ്യവൃന്ദം

 
മൃദംഗം, ഇടയ്‌ക്ക, പുല്ലാങ്കുഴൽ, വയലിൻ, ചെണ്ട, മദ്ദളം മുതലായവയാണ് അകമ്പടിയായി ഉപയോഗിക്കുന്നത്‌. പദം പാടുമ്പോൾ മൃദംഗവും ഇടയ്‌ക്കയും പുല്ലാങ്കുഴലും. കലാശത്തിലെത്തുമ്പോൾ ചെണ്ടയും മദ്ദളവും പങ്കുചേരും. തീവ്ര രംഗങ്ങൾ ആവിഷ്‌കരിക്കുന്ന ഘട്ടങ്ങളിൽ ചെണ്ടയും മദ്ദളവും അകമ്പടിയാകും.  വർണനാശ്ലോകങ്ങളാണ് വായ്‌പ്പാട്ടായി ആലപിക്കുന്നത്. നർത്തകി അതിന് മുദ്രകളിലൂടെയും നാട്യത്തിലൂടെയും ജീവൻ നൽകും. ജയദേവരുടെതന്നെ ആലാപനത്തിന് പത്നി പത്മാവതി ചുവടുവച്ചതാണ് അഷ്ടപദിയുടെ ഏറ്റവുമാദ്യത്തെ നൃത്താവിഷ്‌കാരം.
 

എവിടെ നഷ്‌ടപ്പെട്ടു?

 

1850-ൽ എടപ്പള്ളി രാഘവൻ തിരുമുൽപ്പാട് അഷ്ടപദിയാട്ടത്തിന് പുതുജീവൻ നൽകി രംഗത്ത് വീണ്ടും അവതരിപ്പിച്ചതായി രേഖകളുണ്ട്‌. പിന്നീട്‌ എത്രകാലം സജീവമായി അരങ്ങിലുണ്ടായിരുന്നുവെന്നറിയില്ല. 1950–-1970 കാലത്ത്‌ വടക്കൻ കേരളത്തിൽ സജീവമായിരുന്നു. വഴങ്ങാത്ത പ്രകൃതമാണോ പക്കമേളത്തിന്റെ ഭാരിച്ച ചെലവാണോ എന്നറിയില്ല, അഷ്ടപദിയെ ഉപാസിക്കാൻ സീതാലക്ഷ്‌മി ടീച്ചറെപ്പോലെ അധികമാരും മുന്നോട്ടുവന്നില്ല.
 

കൊറോണക്കാലവും സർഗാത്മകം

 

കേരളത്തിലെ എൺപതോളം വേദികളിലും വിദേശത്ത്‌ നാലഞ്ച് പ്രമുഖ കലോത്സവങ്ങളിലും അഷ്ടപദി അവതരിപ്പിച്ച് ഈ നൃത്തത്തിന്‌ ജനപ്രീതി കൈവരുന്ന ഘട്ടത്തിലാണ്‌ ലോക്‌ഡൗൺ.    കവി ഭാനുദത്തയുടെ ‘ശിവാഷ്ടപദി'ക്ക്‌ നൃത്താവിഷ്‌കാരം നൽകാൻ ഈ അവസരം നൽകി. ഗുരു ചേമഞ്ചേരിയുടെയും സോപാനരത്നം കലാചാര്യ പയ്യന്നൂർ കൃഷ്‌ണമണി മാരാരുടെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് രൂപകൽപ്പന.
 
മറ്റൊരാൾ അവതരിപ്പിക്കുന്നത് ഒരിക്കൽപോലും നേരിൽ കാണാൻ സാധിക്കാതിരുന്നൊരു നൃത്തരൂപം വീണ്ടെടുക്കാൻ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌. കേരള വിനോദസഞ്ചാര വകുപ്പിന്റെ പൈതൃകകല സംരക്ഷണ പുരസ്കാരം, കലാനിധി ഫൗണ്ടേഷന്റെ നടനകീർത്തി അവാർഡ്, ഹരിപ്രിയ സമ്മാനം, സ്‌ത്രീശക്തി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.
കുടുംബ പശ്ചാത്തലം
തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചു വളർന്നതെങ്കിലും ഭർത്താവ് കൃഷ്‌ണകുമാറിനൊപ്പം ഇപ്പോൾ തലശ്ശേരിയിലാണ്‌. മക്കൾ പ്രണവ് കൃഷ്‌ണ, പ്രവീൺ കൃഷ്‌ണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top