19 June Wednesday

ആധുനിക ഇന്ത്യയുടെ തീവണ്ടിയാത്രകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 26, 2017
ആധുനികത ഇന്ത്യയിലെത്തിയത് തീവണ്ടിവഴിയാണ്. അത് അകലങ്ങളെ തമ്മിലിണക്കി. തീവണ്ടി വന്നതോടെ യാത്രയും വാര്‍ത്താവിനിമയവും കച്ചവടവും എല്ലാം അക്കാലംവരെയുള്ളതിനേക്കാള്‍ എത്രയോ എളുപ്പമായി. അതുവരെ അതിവിദൂരമായിരുന്ന ദേശങ്ങള്‍, ഇന്ത്യയിലെ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക്, എത്തിപ്പെടാവുന്ന അകലങ്ങളായി. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചിതറിത്തെറിച്ച ജനങ്ങളും പ്രദേശങ്ങളും തീവണ്ടിപ്പാതകളാല്‍ തമ്മിലിണക്കപ്പെട്ടു. തങ്ങള്‍ ഒരുമിച്ചു കഴിയുന്നവരാണെന്ന പുതിയ ജീവിതബോധത്തിന്റെ പിറവികൂടിയായിരുന്നു അത്. ചരക്കുകള്‍ക്കും ആളുകള്‍ക്കും ആധുനികതയ്ക്കുമൊപ്പം ദേശീയതയും  തീവണ്ടികയറി വന്നു എന്നര്‍ഥം.
ഇന്ത്യന്‍ ജീവിതത്തില്‍ തീവണ്ടികള്‍ കൊണ്ടുവരാനിരിക്കുന്ന വിപ്ളവകരമായ പരിവര്‍ത്തനം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ ആളുകളിലൊരാള്‍ കാള്‍ മാര്‍ക്സായിരുന്നു. 1853ല്‍ നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നതിനായി ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണില്‍ എഴുതിയ ലേഖനങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ജീവിതത്തിന്റെ നാനാവിതാനങ്ങളെക്കുറിച്ച് തുടര്‍ച്ചയായി പ്രതിപാദിക്കുന്നുണ്ടായിരുന്നു. 1853 ആഗസ്ത് എട്ടിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍ എന്ന പ്രസിദ്ധമായ ലേഖനത്തില്‍ മാര്‍ക്സ് എഴുതി:
തീവണ്ടിയന്ത്രം ആവശ്യപ്പെടുന്ന ആസന്നവും അതിവിപുലവുമായ വ്യാവസായിക പ്രക്രിയകള്‍കൂടി അവതരിപ്പിച്ചുകൊണ്ടല്ലാതെ, വിശാലമായ ഒരു ഭൂപ്രദേശത്ത് റെയില്‍ശൃംഖല നിലനിര്‍ത്തുക സാധ്യമല്ല. ഇതിന്റെ ഫലമായി റെയില്‍വേയുമായി നേരിട്ട് ബന്ധമില്ലാത്ത യന്ത്രമേഖലകളുടെ ഉപയോഗവും അവിടെ വളര്‍ന്നുവരും. അതുകൊണ്ട്, റെയില്‍വേ സംവിധാനം ഇന്ത്യയില്‍ ആധുനിക വ്യവസായത്തിന്റെ പൂര്‍വഗാമിയായിത്തീരും.
1853 ആഗസ്ത് എട്ടിനാണ് ഇത് അച്ചടിച്ചുവന്നതെങ്കിലും മാര്‍ക്സ് ഇങ്ങനെ എഴുതിയത് 1853 ജൂലൈ 22നാണ്. അപ്പോഴേക്കും ഔദ്യോഗികചരിത്രമനുസരിച്ച് ഇന്ത്യയില്‍ റെയില്‍വേയുടെ തുടക്കം കുറിക്കപ്പെട്ടുകഴിഞ്ഞിരുന്നു (1853 ഏപ്രില്‍ 16). 1853 ഏപ്രില്‍ 16ന് ഉച്ചയ്ക്കുശേഷം 3.30ന് പഴയ ബോംബെയിലെ ബോറിബന്ദറില്‍നിന്ന് താനെയിലേക്ക് 400 അതിഥികളുമായി, 21 ആചാരവെടികളുടെ അകമ്പടിയോടെ, യാത്രയാരംഭിച്ച തീവണ്ടിയാത്രയാണ് ഇന്ത്യയില്‍ റെയില്‍വേയുടെ ഔദ്യോഗികമായ പ്രാരംഭമുഹൂര്‍ത്തം (ഇക്കാര്യത്തിന്റെ വിശദാംശങ്ങളില്‍ ചില അഭിപ്രായഭേദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഔദ്യോഗികമെന്ന് എടുത്തുപറയേണ്ടിവരുന്നത്). അവിടെനിന്ന് ഒരുനൂറ്റാണ്ടുപിന്നിട്ടപ്പോള്‍ റെയില്‍വേ ആധുനിക ഇന്ത്യയുടെ സിരാപടലംപോലെയായി. പ്രണയംമുതല്‍ പ്രതിരോധംവരെ ഇന്ത്യന്‍ജനതയുടെ സമസ്ത ആവിഷ്കാരങ്ങളിലൂടെയും തീവണ്ടികള്‍ ഓടിക്കൊണ്ടിരുന്നു.
ഇന്ത്യന്‍ റെയില്‍വേയുടെ ഈ വിസ്തൃതസഞ്ചാരത്തിന്റെ കഥ പറയുകയാണ് ബിബേക് ദിബ്രോയ്, സഞ്ജയ് ഛദ്ദ, വിദ്യാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നെഴുതിയ ഇന്ത്യന്‍ റെയില്‍വേ: ഒരു ദേശീയചിത്രകമ്പളത്തിന്റെ തുന്നിയെടുക്കല്‍ എന്ന ഗ്രന്ഥം. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് പുറത്തുകൊണ്ടുവരുന്ന ഇന്ത്യന്‍ വ്യാപാരത്തിന്റെ കഥ  എന്ന ഗ്രന്ഥപരമ്പരയുടെ ഭാഗമായി 2017ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ പുസ്തകം. അര്‍ഥശാസ്ത്രത്തെക്കുറിച്ചുള്ള തോമസ് ട്രോട്മാന്റെയും പ്രാചീന ഇന്ത്യയിലെ പണത്തെക്കുറിച്ചുള്ള ആര്‍ഷിയ സത്താറിന്റെയും പട്ടുനൂല്‍പ്പാതയെക്കുറിച്ചുള്ള സ്കോട്ട് ലെവിയുടെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചുള്ള തീര്‍ഥാങ്കര്‍ റോയിയുടെയും എല്ലാം മികച്ച ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയാണത്. പ്രമുഖ ധനകാര്യവിദഗ്ധനായ ഗുര്‍ചരണ്‍ദാസ് ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന വിപുലമായ ആ പരമ്പരയുടെ ഭാഗമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
ആസൂത്രണ കമീഷനുപകരമായി രൂപീകരിച്ച നിതി ആയോഗിലെ അംഗങ്ങളിലൊരാളാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യരചയിതാവായ ബിബേക് ദിബ്രോയ്. (മഹാഭാരതത്തിന് ഏറ്റവുമൊടുവില്‍-2014ല്‍- ഒരു സമ്പൂര്‍ണ ഇംഗ്ളീഷ് വിവര്‍ത്തനം തയ്യാറാക്കി അദ്ദേഹം പെന്‍ഗ്വിന്‍ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഇന്ത്യന്‍ റെയില്‍വേയുടെ പുനഃസംഘാടനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ബിബേക് ദിബ്രോയ്യും ആ കമ്മിറ്റിയിലെ മറ്റൊരു അംഗമായ സഞ്ജയ് ഛദ്ദയും ഗവേഷണസഹായിയായ വിദ്യാകൃഷ്ണമൂര്‍ത്തിയും ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്ക് എത്തുന്നത്. അവരുടെ പഠനറിപ്പോര്‍ട്ടിന്റെ ഫലം എന്തുതന്നെയായാലും, അത് അവരില്‍ ജനിപ്പിച്ച, ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള ചരിത്രകൌതുകം വലിയ സദ്ഫലമാണ് ഉളവാക്കിയത്. അതിന്റെ അത്യന്തം ഹൃദ്യമായ സാക്ഷ്യമാണ് ഈ ഗ്രന്ഥം.
പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍തന്നെ ചോദിക്കുന്നതുപോലെ, ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഇനിയുമൊരു ഗ്രന്ഥത്തിന്റെ സാംഗത്യമെന്താണ്? 20-ാംനൂറ്റാണ്ടിന്റെ തുടക്കംമുതല്‍തന്നെ ഇന്ത്യന്‍ റെയില്‍വേയും അതിന്റെ വിഭിന്നതലങ്ങളും വലിയതോതിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സാങ്കേതികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍മുതല്‍ വിപുലമായ ഗ്രന്ഥങ്ങള്‍വരെ ഇതിന്റെ ഭാഗമായി പുറത്തുവരികയും ചെയ്തു. 1930ല്‍ പുറത്തുവന്ന നളിനാക്ഷസന്യാലിന്റെ ഗ്രന്ഥംമുതല്‍ സമീപകാലത്ത് പുറത്തുവന്ന ഇയാന്‍ കെര്‍, ലോറബീര്‍, മരിയന്‍ ആഗ്വയ്ര്‍ വരെയുള്ള നിരവധി പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇതിനകം ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രപഠനത്തിന്റെ മേഖലയിലുണ്ട്. ഇവയ്ക്കെല്ലാംശേഷം ഇനിയും എന്തിനാണ് അതേമേഖലയില്‍ മറ്റൊരു ഗ്രന്ഥം?
ഈ ചോദ്യത്തിന് ഗ്രന്ഥകര്‍ത്താക്കള്‍ നല്‍കുന്ന ഉത്തരംതന്നെയാണ് ഈ പുസ്തകത്തെക്കുറിച്ചുള്ള ഏറ്റവും നല്ല വിശദീകരണം എന്നു പറയാം. ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഉണ്ടായിട്ടുള്ള രചനകളെ അവര്‍ രണ്ട് വിഭാഗമായി തിരിക്കുന്നു. വിവരസമൃദ്ധവും ഗഹനവുമായ അക്കാദമിക ഗ്രന്ഥങ്ങള്‍ ഒരു ഭാഗത്ത്. വര്‍ണചിത്രങ്ങളുടെയും ദൃശ്യവിന്യാസത്തിന്റെയും പിന്തുണയോടെ റെയില്‍വേതന്നെ പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങള്‍ മറുഭാഗത്ത്. ഒന്ന്, അത്യന്തഗഹനവും പണ്ഡിതോചിതവുമാണെങ്കില്‍ മറ്റേത് അതീവസരളവും ഉപരിതലസ്പര്‍ശിയുമാണ്. ഇതിനിടയില്‍ ഒരു മധ്യമാര്‍ഗത്തിലൂടെ സഞ്ചരിക്കാനാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നത്. സാങ്കേതികവും ചരിത്രപരവും മറ്റുമായി എന്നതിനേക്കാള്‍ അതില്‍ ഉള്‍ച്ചേര്‍ന്ന മാനുഷികജീവിതത്തിന്റെ ഗതിഭേദങ്ങളുമായി ചേര്‍ത്തുവച്ച് ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിയാണ് ഗ്രന്ഥകര്‍ത്താക്കള്‍ പിന്തുടര്‍ന്നിട്ടുള്ളത്. പ്രത്യാശയും ഇച്ഛയും ദുരന്തങ്ങളും കൈകോര്‍ത്തുനില്‍ക്കുന്ന മനുഷ്യജീവിതനാടകങ്ങള്‍ അരങ്ങേറുന്ന രംഗവേദികൂടിയായി ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം അവതരിപ്പിക്കാനുള്ള ശ്രമവും അതില്‍ ഗ്രന്ഥകര്‍ത്താക്കള്‍ കൈവരിച്ച വിജയവും ഈ പുസ്തകത്തെ അനന്യമായ ഒരു വായനാനുഭവമാക്കുന്നു.
യാത്രകളും ചരക്കുകൈമാറ്റവുംമുതല്‍ ദേശീയമായ സ്ഥലാവബോധത്തിന്റെ നിര്‍മാണസാമഗ്രിവരെയായി നിലകൊണ്ട ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രജീവിതത്തിലൂടെയുള്ള സുഗമമായ ഒരു സഞ്ചാരത്തിനാണ് ഈ ഗ്രന്ഥം നമ്മെ ക്ഷണിക്കുന്നത്. ഇങ്ങനെയൊരു പുസ്തകത്തില്‍ നാം സ്വാഭാവികമായി പ്രതീക്ഷിക്കുന്ന റെയില്‍വേയുടെ സ്ഥാപനത്തിന്റെയും വ്യാപനത്തിന്റെയും കഥകള്‍പോലെ, ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നാള്‍വഴികളില്‍ റെയില്‍വേ എങ്ങനെ അതിനായി ഉപയോഗിക്കപ്പെട്ടു എന്നതിന്റെ വിവരണങ്ങളും നമുക്കിതില്‍ വായിക്കാം. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചങ്ങല വലിച്ച് തീവണ്ടികള്‍ നിര്‍ത്തിയതുമുതല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ ആര്‍മിയുടെ നേതാവായ രാമപ്രസാദ് ബിസ്മലിന്റെ നേതൃത്വത്തില്‍ നടന്ന കക്കോരി തീവണ്ടിക്കൊള്ളവരെയുള്ള നിരവധി പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രന്ഥകര്‍ത്താക്കള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ നിലയില്‍ 19-ാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിമുതല്‍ അലയടിക്കുന്ന ഇന്ത്യന്‍ ജീവിതത്തിന്റെ രേഖാചിത്രംകൂടിയായി പലപ്പോഴും ഈ പുസ്തകം പരിണമിക്കുന്നുണ്ട്.
1830കളിലെ പ്രാരംഭംമുതല്‍ 1947ലെ സ്വാതന്ത്യ്രപ്രാപ്തിവരെയുള്ള ഒരുനൂറ്റാണ്ടിലധികം വരുന്ന കാലയളവിലെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രജീവിതമാണ് ഈ കൃതി അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. പരമ്പരയുടെ എഡിറ്ററായ ഗുര്‍ചരണ്‍ദാസിന്റെ അവതാരികയും ഗ്രന്ഥകര്‍ത്താക്കളുടെ ആമുഖവും കൂടാതെ അഞ്ച് അധ്യായങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. 1830കളില്‍ നടക്കുന്ന ചിതറിയ രൂപത്തിലുള്ള പ്രാരംഭം, 1840കളില്‍ അരങ്ങേറിയ സംവാദങ്ങളും വിലയിരുത്തലുകളും പിന്നാലെ 19-ാംശതകത്തിന്റെ രണ്ടാംപകുതിയില്‍ അരങ്ങേറിയ വിപുലീകരണ- വ്യാപനശ്രമങ്ങള്‍, 1880-90കളിലെ ദൃഢീകരണം, 20-ാംശതകത്തില്‍ അങ്ങേറിയ റെയില്‍വേ ബോര്‍ഡ് രൂപീകരണവും അതിന്റെ പില്‍ക്കാലവും എന്നിങ്ങനെയാണ് പുസ്തകത്തിലെ അധ്യായങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ വസ്തുതാവിവരണങ്ങള്‍ക്കപ്പുറം ജീവിതനാടകങ്ങള്‍ എന്ന നിലയില്‍, ഉപകഥകളും അനുബന്ധങ്ങളും ധാരാളമായി കൂട്ടിയിണക്കപ്പെട്ട ഒരു ആഖ്യാനരീതിയാണ് ഈ അധ്യായങ്ങളില്‍ ഉടനീളം ഗ്രന്ഥകര്‍ത്താക്കള്‍ പിന്‍പറ്റിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആധുനിക ഇന്ത്യാചരിത്രത്തില്‍ പരമപ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ചരിത്രമായിരിക്കെത്തന്നെ അത്യന്തഹൃദ്യമായ ഒരു വായനാനുഭവമായും ഈ കൃതി മാറിത്തീര്‍ന്നിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top