27 November Friday

ഗജ കേസരി(വിഷാദ)യോഗം

സി അജിത്‌ ajithdesh@gmail.comUpdated: Sunday Jul 26, 2020

ലോക്‌‌ഡൗൺ കാലത്ത്‌ തങ്ങളുടെ സ്വത്തായ ആനകൾ മെലിയാതിരിക്കാനുള്ള കഠിനശ്രമത്തിലാണ്‌ മംഗലാംകുന്നിലെ അങ്ങാടിവീട്ടുകാർ. ഉത്സവങ്ങളും വേലകളും പൂരങ്ങളും മാറ്റിവച്ചതോടെ ആനകൾ തൊഴിൽരഹിതരായി.  ഉടമകളുടെ വരുമാനവും കുറഞ്ഞു.  കേരളത്തിൽ ഏറ്റവും കുടുതൽ  നാട്ടാനകളെ പോറ്റുന്ന കുടുംബത്തിന്റെ ലോക്‌‌ഡൗൺ കാലത്തെ ആനക്കാര്യങ്ങൾ

ആലവട്ടവും വെഞ്ചാമരവും വർണക്കുടകളും നിറം പകരേണ്ട ഉത്സവരാവുകൾ മഹാമാരി കവർന്നെടുത്തപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരിൽ ഗജകേസരികളുമുണ്ട്‌. ഉത്സവപ്പറമ്പിൽ തലയെടുപ്പോടെ വിലസിയ വീരന്മാരിന്ന്‌ ആനക്കൊട്ടിലിൽ അടങ്ങിക്കഴിയുകയാണ്‌. ആനകൾ ട്രിപ്പിൾ ലോക്കായതോടെ ദുരിതത്തിലായത്‌ ഉടമകളാണ്‌; ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാനാകില്ലല്ലോ.

ഒരാനയ്‌ക്ക്‌ ഒരു ദിവസത്തെ ചെലവ്‌ 5000 രൂപ. പനമ്പട്ട, പുല്ല്, മരുന്ന് ഉൾപ്പെടെയാണിത്‌. പാപ്പാൻന്മാർക്ക്‌ ശമ്പളത്തിനു പുറമെ ദിവസച്ചെലവിന്‌ 350 രൂപ വേറെയും വേണം. ആറുമാസമായി വരുമാനമില്ല. അടുത്ത ഉത്സവ സീസണിന്‌ ബുക്കിങ്‌ നടക്കേണ്ട സമയമാണിത്‌. എന്നാൽ, ഉത്സവം റദ്ദാക്കി‌ അഡ്വാൻസ്‌ തുക മടക്കി വാങ്ങാൻ വരുന്നവരാണ് ഇപ്പോഴേറെയും.

നാലു പതിറ്റാണ്ടായി കേരളത്തിലെ നാട്ടാനകളുടെ ബ്രാൻഡായി മാറിയിരിക്കുന്നു പാലക്കാട്‌ മംഗലാംകുന്ന്‌. അവിടത്തെ അങ്ങാടിവീട്ടിൽ പരമേശ്വരനും ഹരിദാസനും കോവിഡ്‌ കാലത്തെ ആനക്കാര്യങ്ങൾ പങ്കുവയ്‌ക്കുന്നു.

ആനപ്പെരുമ

1977ലാണ്‌ അയ്യപ്പൻകുട്ടി മംഗലാംകുന്നിന്റെ പടികയറി വന്നത്. തറവാട്ടിലെ ആദ്യ ആന. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽനിന്നെത്തിയ ഹിന്ദിവാലാ. 22000 രൂപയ്‌ക്ക്‌ ഇവനെ സ്വന്തമാക്കിയതിന് പിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ...

പോത്തുപൂട്ടിൽ തുടങ്ങിയ കമ്പം

കൃഷിക്കൊപ്പം ജീവിച്ചവരാണ്‌ ഞങ്ങൾ. അച്ഛൻ വേലുപ്പിള്ളയ്‌ക്ക്‌ പലചരക്ക്‌ വ്യാപാരം. പശുവും പോത്തുമെല്ലാം അന്നേയുണ്ട്‌. കന്നുപൂട്ട്‌ മത്സരങ്ങളോട്‌ അടങ്ങാത്ത ആവേശം. മിക്ക മത്സരത്തിലും പങ്കെടുക്കും. അങ്ങനെ തുടങ്ങി മൃഗങ്ങളോടുള്ള കമ്പം. അതുപിന്നെ വിട്ടുമാറിയില്ല‌. അതിനിടെ എപ്പഴോ ഒപ്പം കൂടി ആനക്കമ്പം. 1976ൽ മണ്ണാർക്കാടിനടുത്ത്‌ പാലോട് ഒരു വീട്ടിൽ ആനയെ വാങ്ങി. എന്നാൽ, നമുക്കുമൊരു ആനയാകാം എന്നൊരു തോന്നൽ. അയ്യപ്പൻകുട്ടിയിൽ തുടങ്ങിയ യാത്രയാണ്. നാലു പതിറ്റാണ്ട്‌ പിന്നിട്ടും ഒട്ടും മടുപ്പില്ലാതെ...

അയ്യപ്പൻകുട്ടിക്ക് പിന്നാലെ, വർഷംതോറും കരിവീരന്മാർ ഓരോരുത്തരായി ഇവിടെയെത്തി‌. അങ്ങനെ 18 കരിവീരന്മാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനകളുള്ള കുടുംബമാണ്‌ മംഗലാംകുന്നിലേത്‌‌. മുണ്ടൂർ–-പെരിന്തൽമണ്ണ സംസ്ഥാനപാതയിലെ മംഗലാംകുന്ന് ജങ്‌ഷനിലെ തറവാട് വീടിന് സമീപത്താണ് ആനത്താവളം. ഇപ്പോഴും ഇവിടെ ഒമ്പത്‌ ആനയുണ്ട്‌. ‌മംഗലാംകുന്ന് അയ്യപ്പൻ, കർണൻ, ശരൺ അയ്യപ്പൻ, ഗണേശൻ, ഗജേന്ദ്രൻ, മുകുന്ദൻ, കേശവൻ, രാമചന്ദ്രൻ, രാജൻ. കേരളമെമ്പാടും ആരാധകവൃന്ദമുണ്ട് അയ്യപ്പനും കർണനും  ശരൺ അയ്യപ്പനും. തൃശൂർ പൂരം, നെന്മാറ വേല ഉൾപ്പെടെ പേരുകേട്ട എല്ലാ ഉത്സവത്തിനും തലയെടുപ്പോടെ മംഗലാംകുന്നിലെ ആനയുണ്ടാകും. മുപ്പതോളം ആനകൾക്കുള്ള ചമയവും ഈ ആന കുടുംബത്തിലുണ്ട്.

ആനച്ചന്തകൾ

ഏഷ്യയിലെ ഏറ്റവും വലിയ ആനമേളകളിൽ ഒന്നാണ്‌‌ ബിഹാറിലെ സൊനേപുരിലേത്‌. ആനകൾക്ക് പുറമെ, പശു, പോത്ത്‌, കുതിര, പക്ഷികൾ തുടങ്ങിയവയുടെ വൻ പ്രദർശനവും വിൽപ്പനയുമുണ്ടവിടെ. ഏക്കർ കണക്കിന്‌ പരന്നുകിടക്കുന്ന ചന്തയിൽ 500ഓളം ആനകൾ നിരന്നുനിൽക്കും. കന്നുകാലിച്ചന്തയിലെന്നപോലെ വിലപേശി ഇഷ്ടമുള്ളത്‌ വാങ്ങാം. ഇവിടെനിന്ന്‌ നിരവധി ആനകൾ കേരളത്തിലെത്തിയിട്ടുണ്ട്‌. ‌

1977ൽ ഈ മേളയിലേക്കാണ്‌ ആനമോഹവുമായി എത്തിയത്‌‌. ട്രെയിൻ കയറി എത്തുമ്പോഴേക്കും മേള തീരാറായി. ഇഷ്ടപ്പെട്ട ആനയെ കിട്ടിയില്ല. ഇതിനിടെ യുപിയിലെ ബാരാബങ്കിയിൽ ആനയുണ്ടെന്ന വിവരം ലഭിച്ചു‌. ഒന്നും ആലോചില്ല. വച്ചുപിടിച്ചു. ‌രാമചന്ദ്ര സിങ്‌ എന്നയാളിൽനിന്ന്‌‌ ആനയെ വാങ്ങി‌. അയ്യപ്പൻകുട്ടി എന്ന്‌ പേരിട്ടു. ഉത്തരേന്ത്യയിൽനിന്നു വാങ്ങുന്ന ആനയെ ലോറിയിൽ കയറ്റിയാണ്‌ നാട്ടിൽ എത്തിച്ചിരുന്നത്‌. നാഷണൽ പെർമിറ്റ്‌ വാഹനങ്ങൾ കുറവായിരുന്നതിനാൽ ആന്ധ്രപ്രദേശ്‌–-ഒഡിഷ അതിർത്തിയിൽ എത്തിച്ച്‌ വാഹനം മാറ്റണം‌. 7000–-10000 രൂപയായിരുന്നു ആനയെ എത്തിക്കാനുള്ള അന്നത്തെ ചെലവ്‌.

ബായേ മൂഡ്‌, ആഗേ ചൽ

ഉത്തരേന്ത്യൻ ആനകൾ നാട്ടിലെത്തിയാൽ പിന്നെ ഗജകേസരിയോഗം സിനിമ പോലെയാണ്. ഇന്നസെന്റ്- വാങ്ങിയ ആനയ്‌ക്ക്‌ മുകേഷ്‌ ഹിന്ദി പഠിപ്പിക്കുന്നതുപോലെ ബായേ മൂഡ്... ആഗേ ചൽ.... വാങ്ങുന്ന ആനയോടൊപ്പം ഒരു സംഘം പരിശീലകരുമെത്തും. അവർ ഹിന്ദിയിൽ ചട്ടങ്ങൾ പറയുമ്പോൾ നമ്മുടെ പാപ്പാന്മാർ അത്‌ കേട്ടുപഠിച്ച്‌ മൊഴിമാറ്റും. അങ്ങനെ പത്തുദിവസത്തോളം നീളുന്ന ക്രാഷ് കോഴ്‌സിലൂടെ ആനയെ അസ്സൽ മലയാളിയാക്കും.

ഇവിടത്തെപ്പോലെ മുകളിൽ കയറിയിരുന്ന്‌ ആനയെ നിയന്ത്രിക്കുന്ന രീതിയാണ് ബിഹാറിലും. അതിനാൽ ആനയെ മെരുക്കാൻ വലിയ ബുദ്ധിമുട്ട്‌ വരില്ല. ആനയും പാപ്പാനും തമ്മിൽ നല്ലപോലെ ഇണങ്ങിയാൽ ഒരുവാക്ക്‌ മിണ്ടാതെ മുകളിലിരുന്ന്‌ കാൽചലനത്തിലൂടെ എല്ലാം നിയന്ത്രിക്കാനാകും. ബിഹാർ, യുപി എന്നിവയ്‌ക്ക്‌ പുറമെ അസമിൽനിന്നും ആനയെ വാങ്ങിയിട്ടുണ്ട്.

എഴുന്നള്ളിക്കാൻ മത്സരം

നടന്നെത്താവുന്ന വള്ളുവനാടൻ മേഖലയിലെ ഉത്സവങ്ങളിലായിരുന്നു ആദ്യകാല എഴുന്നള്ളത്തുകൾ. ആനയ്‌ക്ക്‌ പേരും പെരുമയും ആയതോടെ ആവശ്യക്കാർ ഏറി. ദേശത്തെ എല്ലാ പ്രമുഖ ഉത്സവങ്ങളിലും പങ്കെടുത്തു. 1982ൽ ആനയെക്കയറ്റാൻ ലോറി വാങ്ങിയതോടെ മറ്റ്‌ ജില്ലയിലേക്കും സംസ്ഥാനങ്ങളിലേക്കും പോയിത്തുടങ്ങി. കോഴിക്കോടു‌മുതൽ തിരുവനന്തപുരംവരെ പ്രധാനപ്പെട്ട എല്ലാ ഉത്സവത്തിലും പങ്കെടുത്തു. മംഗലാംകുന്നിലെ കൊമ്പന്മാരെ കിട്ടണമെങ്കിൽ മാസങ്ങൾക്ക്‌ മുന്നേ ബുക്ക്‌ ചെയ്യണമെന്ന സ്ഥിതിയായി. മംഗലാംകുന്ന്‌ ഗണപതിക്കും കർണനും അയ്യപ്പനും വേണ്ടി ഉത്സവകമ്മിറ്റിക്കാർ മത്സരിക്കാൻ തുടങ്ങി

 

 

ആനയിലെ താരങ്ങൾ

കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ പ്രധാനികളാണ് ഗണപതിയും  കർണനും അയ്യപ്പനുമൊക്കെ. നാട്ടാനയുടെ എല്ലാ സൗന്ദര്യവും ഗജലക്ഷണങ്ങളുമൊത്ത ഗണപതി 1990ലാണ്‌ മംഗലാംകുന്നിലെത്തുന്നത്‌. കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാം വയസ്സിൽ കൊല്ലം അന്നപൂർണ ഗ്രൂപ്പ് ഇവനെ സ്വന്തമാക്കി. പിന്നീട്‌, പോപ്‌സൺ ഗ്രൂപ്പും തുടർന്ന്‌ നടൻ ബാബു നമ്പൂതിരിയും വാങ്ങി. ഇവിടെനിന്നാണ്‌ മംഗലാംകുന്നിലെത്തിയത്‌. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പാനയായിരുന്നു. 1990, 1992, 1993, 1995, 1997, 1999 വർഷങ്ങളിൽ തൃശൂർ പൂരത്തിന്‌ പാറമേക്കാവിൽ രാത്രി എഴുന്നള്ളിപ്പിന്‌ കോലമേന്തി. സിനിമകളിലും പരസ്യചിത്രങ്ങളിലും താരമായി. ഗജസൗന്ദര്യ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. ഗജകേസരി, ഗജരത്നം, ഗജരാജൻ പട്ടങ്ങൾ ലഭിച്ചു. കേരളമെമ്പാടും ഗണപതിക്ക്‌ ഫാൻസ്‌ അസോസിയേഷനും ഉണ്ടായി. കഴിഞ്ഞവർഷം ചെരിഞ്ഞു.

തലപ്പൊക്കത്തിൽ കേമനാണ്‌ കർണൻ. 1991ൽ വാരാണസിയിൽനിന്ന്‌ കേരളത്തിലെത്തിയതാണ്‌. 2004ലാണ്‌ മംഗലാംകുന്നിലെത്തുന്നത്‌. തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയി. ഇത്തിത്താനം ഗജമേളയിലും വിജയി‌. മദപ്പാടുകാലത്തുപോലും ശാന്തപ്രകൃതൻ. സിനിമയിലും പരസ്യചിത്രങ്ങളിലും പതിവുകാരൻ.

1992 ലാണ് മോട്ടിശിങ്കാർ എന്ന അയ്യപ്പൻ ബിഹാറിൽനിന്ന്‌ എത്തുന്നത്. 2006ൽ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തിയതോടെ താരമായി. കേരളമെമ്പാടും ആരാധകരുണ്ട്‌. ഏറ്റവും ഒടുവിൽ ശരൺ അയ്യപ്പനും ആനക്കമ്പക്കാരുടെ പ്രിയങ്കരനായി.

മിസ് വേൾഡിനുവരെ പോയി

വെള്ളിത്തിരയ്‌ക്കുമപ്പുറം ഉടലഴകിന്റെയും മെയ്‌ക്കരുത്തിന്റെയും വേദികൾക്കുവരെ മാറ്റുകൂട്ടി മംഗലാംകുന്ന്‌ ആനകൾ. 1996ൽ ബംഗളൂരുവിൽ നടന്ന മിസ്‌ വേൾഡ്‌ മത്സരത്തിന്‌ അകമ്പടിയായി ഈ കരിവീരന്മാർ. 1982ൽ ഡൽഹി ഏഷ്യാഡിലേക്കും ഇവിടെനിന്നായിരുന്നു‌ ആന‌.

തമിഴ്‌നാട്ടിൽ ജയലളിത, കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കളെ വരവേൽക്കാൻ ഇവർ നിർബന്ധമായിരുന്നു ഒരു കാലത്ത്‌.  സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മുത്തുവിലും ശരത്കുമാറിനൊപ്പം നാട്ടാമൈയിലും വേഷമിട്ടു. വാത്സല്യം, ദേവാസുരം സിനിമകളിലും താരമായി. ആനച്ചന്തം എന്ന സിനിമയിൽ ജയറാമിന്റെ ആന ഗണപതിയും സായ്‌കുമാറിന്റെ ആന അയ്യപ്പനുമായിരുന്നു. കേരള ടൂറിസത്തിന്റെ പരസ്യത്തിൽ ഗണപതിയായിരുന്നു താരം. വീഡിയോകോണിന്റെതിൽ ചന്ദ്രശേഖരൻ‌.

ഓണാഘോഷങ്ങൾക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം പോയി. കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽ വിവാഹചടങ്ങുകൾക്ക് മോടി കൂട്ടാനും ഇവരെത്തി.

കുറുമ്പിത്തിരി കൂടുതലാ

സ്‌നേഹവത്സല്യത്തോടെയാണ്‌ വളർത്തുന്നതെങ്കിലും ആനകൾ പലപ്പോഴും അനുസരണക്കേടും കാണിക്കാറുണ്ട്‌. 1999ൽ ആനയുടമ പരമേശ്വരനെ ആന തട്ടിയിട്ടു. സാരമായി പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയേണ്ടിവന്നു. അതേസമയം, 1996ൽ ബംഗളൂരുവിൽ പരിപാടിയിൽ പങ്കെടുത്ത്‌ മടങ്ങുമ്പോൾ ‘വിനായകൻ’ സഞ്ചരിച്ച ലോറി തമിഴ്‌നാട്ടിലെ സിടിസി ബസുമായി കൂട്ടിയിടിച്ചു. വിനായകന്റെ വൃക്കയുടെ പിന്നിലായാണ്‌ പരിക്കേറ്റത്‌.  

സുഖചികിത്സ

കർക്കിടകത്തിൽ ഔഷധക്കൂട്ടുൾപ്പെടെയുള്ള സുഖചികിത്സ ആനകൾക്ക്‌ പതിവാണ്‌. ഇപ്പോൾ അതിന്റെ കാലമാണ്‌. ലോക്‌‌ഡൗണിനെ തുടർന്ന്‌ നേരത്തെ ചികിത്സ ആരംഭിച്ചു. ആയുവേദ മരുന്നുകളാണ്‌ നൽകുന്നത്‌. ലേഹ്യം, അഷ്ടചൂർണം എന്നിവ വീട്ടിൽതന്നെയുണ്ടാക്കും. ആനയുടെ പ്രായം, ആരോഗ്യം എന്നിവ പരിഗണിച്ചാണ്‌ ചികിത്സ. രാവിലെ ഔഷധക്കഞ്ഞി. എള്ള്‌, ഈത്തപ്പഴം, അവൽ, ഓറഞ്ച്‌, എന്നിവയും നൽകും. പുല്ലും പനമ്പട്ടയും ചോളവും പുറമെ. എഴുന്നള്ളത്‌ ഇല്ലാതായതോടെ ആനകൾക്ക്‌ അസുഖങ്ങളും കൂടി. വ്യായാമം കുറയുന്നതാണ്‌ കാരണം.

ഇവരില്ലാതെ എങ്ങനെയാ...

വന്യജീവി സംരക്ഷണ നിയമം ശക്തമാക്കിയതോടെ സ്വകാര്യ വ്യക്തിക്ക്‌ ആനയുടെ കൈവശാവകാശംമാത്രം. വാങ്ങാനോ വിൽക്കാനോ സാധ്യമല്ല. ജില്ലവിട്ട്‌ പുറത്തു പോകാൻപോലും പ്രത്യേക അനുമതി വേണം. സംസ്ഥാനത്തിന്‌ പുറത്തുപോകാനാകില്ല. എഴുന്നള്ളത്തുകൾ കുറഞ്ഞു. സിനിമ, പരസ്യ ഷൂട്ടിങ്ങുകൾക്ക്‌ ഉപയോഗിക്കാനാകില്ല. ഇതോടെ വരുമാനം നിലച്ചു. ലോക്‌‌ഡൗൺ കൂടി വന്നതോടെ, ആനകൾ കൊട്ടിലിലായി‌. ഇനി ആന ചെരിഞ്ഞാലോ. സംസ്‌കരിക്കാനും മറ്റുമായി മൂന്നു ലക്ഷം രൂപ ചെലവാകും. ആനക്കൊമ്പ്‌ ഉൾപ്പെടെയുള്ളവ വനം വകുപ്പിനാണ്. ആനയെ വേണ്ടെന്ന്‌ പറഞ്ഞ്‌ വനം വകുപ്പിനെ ഏൽപ്പിക്കാമെന്ന്‌ വച്ചാലാ? കൈമാറുന്നയാൾ തന്നെ ആനയ്‌ക്ക്‌ ചെലവിനുള്ള തുകയും നൽകണം.

നിലവിൽ കേരളത്തിൽ അഞ്ഞൂറോളം നാട്ടാനകളുണ്ട്‌. ഭൂരിപക്ഷവും പ്രായം കൂടിയവ. 70–-80 വയസ്സാണ്‌‌ ആനയുടെ ശരാശരി ആയുർദൈർഘ്യം. പ്രതിവർഷം സംസ്ഥാനത്ത്‌ 25–-28 ആനകൾ ചെരിയുന്നു. ഈ‌ കണക്കിൽ നാട്ടാനകൾ നാമാവശേഷമാകാൻ ഏറെനാൾ വേണ്ട.

എന്നാൽ, എന്തൊക്കെ ദുരിതം വന്നാലും ആനയെ വിട്ടുകൊടുക്കാൻ തയ്യാറല്ല. ആന ഒരു ലഹരിയാണ്.‌ എളുപ്പം ഉപേക്ഷിക്കാനാകില്ല. ‘ഇവരൊന്നും ഇല്ലാതെ എങ്ങനെയാ...' പരമേശ്വരന്റെയും ഹരിദാസന്റെയും വാക്കുകളിലുണ്ട് എല്ലാം.­


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top