20 January Thursday

ചുണ്ടൊപ്പിട്ട ജീവിതം

എ സുനീഷ്Updated: Sunday Jun 26, 2016

ചുണ്ടുകളാണ് അയാളുടെ ചിറകുകള്‍. വര്‍ണങ്ങളുടെ ആകാശത്തേക്ക് പറന്നുയരാനുള്ള ചിറകുകള്‍.
ഒരു വയസ്സാകുംമുമ്പേ പോളിയോ ബാധിച്ച് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു. ഏഴോ എട്ടോ വയസ്സായപ്പോള്‍ കൈകളുംതളര്‍ന്നു. പക്ഷേ, തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത മനസ്സ് ഗണേഷ്കുമാറിനെ എത്തിച്ചത് ലോകമറിയുന്ന ചിത്രകാരന്മാരുടെ നിരയില്‍. തളര്‍ന്നുപോയ കൈകള്‍ക്കുപകരം ചുണ്ടുകള്‍ക്കും പല്ലുകള്‍ക്കുമിടയില്‍ ബ്രഷ് വച്ച് വരയ്ക്കുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ ഗണേഷ്കുമാര്‍ അതിജീവനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മറുപേരാണ്.

കുഞ്ഞായിരിക്കുമ്പോഴേ പൂഴിമണ്ണില്‍ ചിത്രംവരയ്ക്കാന്‍ തുടങ്ങി. പക്ഷേ, കൈകൂടി തളര്‍ന്നപ്പോള്‍ പാതിയില്‍ മുടങ്ങിയ ചിത്രങ്ങള്‍ ഉള്ളില്‍ വീര്‍പ്പുമുട്ടലായി. രാത്രിയില്‍ മുഖത്തുവീണ ബ്ളാങ്കറ്റ് കടിച്ചെടുത്ത ഓര്‍മയില്‍ ബ്രഷ് കടിച്ചുപിടിച്ച് വരച്ചുനോക്കിയാലോ എന്നായി ചിന്ത. ആദ്യമൊന്നും അത് വിജയിച്ചില്ല. എന്നിട്ടും ശ്രമിച്ചുകൊണ്ടേയിരുന്നു. മാസങ്ങളോളം. ഒടുവില്‍ വരകള്‍ ഗണേഷിന്റെ വഴിക്കുവന്നു. നിറങ്ങള്‍ അയാളെ അനുസരിച്ചുതുടങ്ങി.  ജലച്ചായവും എണ്ണച്ചായവും മഷിയും പേനയും അക്രിലിക്കുമെല്ലാം ഗണേഷിന് വഴങ്ങും. പല ശൈലികളും പരീക്ഷിച്ച് ഒടുവില്‍ സ്വന്തമായ ശൈലിയിലേക്കെത്തിച്ചേര്‍ന്നു. രണ്ടു ചിത്രപരമ്പരകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം ഇപ്പോള്‍.
വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുവന്ന കഥ ഗണേഷ്കുമാര്‍തന്നെ പറയട്ടെ. 

വര

മൂന്നു വയസ്സുമുതല്‍ ചിത്രം വരയ്ക്കുന്നുണ്ടെന്നാണ് പറഞ്ഞുകേട്ടത്. കുട്ടിക്കാലത്ത് തറവാട് വീട്ടിലായിരുന്നു താമസം. ആ വീടിന്റെ മുറ്റത്ത് വലിയൊരു മാവുണ്ടായിരുന്നു. അതിന്റെ  ചുവട്ടിലായിരുന്നു ഞാന്‍ കളിക്കാറ്. കൂട്ടുകാര്‍ സ്കൂളിലേക്ക് പോകുകയും ഞാന്‍ തനിച്ചാകുകയും ചെയ്തു. ആ മരത്തണലിലൂടെ ഒരു പൊതുവഴിയുണ്ടായിരുന്നു. അനേകമാളുകള്‍ നടന്നുപോയ ആ വഴിയില്‍ നനുത്ത പൂഴിമണലിലാണ് എന്റെ ആദ്യകാല ചിത്രങ്ങള്‍ പിറന്നുവീണത്. അച്ഛന്‍ കണ്ണന്‍ ധര്‍മനും അമ്മ ജാനകിയും ദൈവഭക്തരാണ്. അവര്‍  മാര്‍ക്കണ്ഡേയന്റെ കഥ പറയുമായിരുന്നു. 16 വയസ്സുമാത്രം ആയുസ്സുണ്ടായിരുന്ന ബാലന്‍ ചിരഞ്ജീവിയായ കഥ. കൂട്ടുകാരാരുമില്ലാത്ത കടുത്ത ഏകാന്തത തരണംചെയ്യാനുള്ള മാര്‍ഗമായിരുന്നു ചിത്രം വരയ്ക്കല്‍ എനിക്ക്. കര്‍ക്കടകത്തില്‍ അച്ഛന്‍ കോലായിലിരുന്ന് വായിച്ച് കഥ പറഞ്ഞുതന്ന രാമായണത്തിലെ ശ്രീരാമനും അതുപോലെ മഹാവിഷ്ണുവുമൊക്കെയായിരുന്നു അക്കാലത്തെ ചിത്രങ്ങള്‍. പൂഴിമണലില്‍ വരച്ച ചിത്രങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെട്ടിട്ടൊന്നുമില്ല. ചിത്രങ്ങളില്‍ ചവിട്ടി നടന്നുപോകുന്നവരായിരുന്നു കൂടുതല്‍. എന്നാല്‍, ഒരുനാള്‍ ഒരു വൃദ്ധന്‍ ഞാന്‍ വരച്ച ഗണപതിക്കുമുന്നില്‍ ഭക്തിയോടെ നിന്നു. എനിക്ക് ഓര്‍മിക്കാന്‍ കഴിയുന്ന—ആദ്യ അംഗീകാരവും അവാര്‍ഡും അതായിരുന്നു.

ചായം

കാക്കനാടന്‍, തകഴി, മാക്സിം ഗോര്‍ക്കി തുടങ്ങിയവരുടെ നോവലുകളാണ് ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാക്കിയത്. മനുഷ്യര്‍ അത്ര സന്തോഷിക്കുന്നൊന്നുമില്ലെന്നും നടക്കാന്‍ കഴിയാത്തതുകൊണ്ടൊന്നുമല്ല അവര്‍ വേദനിക്കുന്നതെന്നും മനസ്സിലായി.

കണ്ണൂരിലെ നേത്രരോഗ വിദഗ്ധനായ ഡോ. ജയന്തനാണ് ജീവിതം മാറ്റിമറിച്ചത്. വായ കൊണ്ടും കാലുകൊണ്ടും ചിത്രമെഴുതുന്നവരുടെ ഒരു അന്താരാഷ്ട്ര സംഘടനയുണ്ടെന്നു പറഞ്ഞ് അദ്ദേഹം കുറച്ച് ഗ്രീറ്റിങ്സ്് കാര്‍ഡുകള്‍ കാണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഞാന്‍ ചിത്രങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്തു. അങ്ങനെ 1988ല്‍ എന്റെ 19–ാമത്തെ വയസ്സിലാണ് ലോകത്താകമാനം ശാഖകളുള്ള സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ എഎംഎഫ്പിഎ (അസോസിയേഷന്‍ ഓഫ് മൌത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിങ് ആര്‍ട്ടിസ്റ്റ്സ്) യില്‍ അംഗത്വം നേടുന്നത്.  എണ്ണൂറിലധികം അംഗങ്ങളുള്ള ഈ സംഘടനയില്‍ കേരളത്തില്‍നിന്നുള്ള ഏഴുപേരില്‍ ആദ്യത്തെ അംഗമാണ് ഞാന്‍. ബാക്കി ആറുപേരില്‍ അഞ്ചുപേരെയും ഞാന്‍തന്നെയാണ് പരിചയപ്പെടുത്തിയത്. 'സെല്‍ഫ് ഹെല്‍പ്പ്, നോ ചാരിറ്റി' എന്ന ആപ്തവാക്യവുമായി പ്രതിസന്ധികള്‍ അതിജീവിച്ച്  മുഖ്യധാരാ ചിത്രകാരന്മാര്‍ക്ക് ഒപ്പമെത്താന്‍ പലവിധ പ്രോത്സാഹനവും ചെയ്യുന്ന ഈ സംഘടന എന്റെ ജീവിതത്തിലും വലിയ പരിവര്‍ത്തനമാണ് ഉണ്ടാക്കിയത്.

എഎംഎഫ്പിഎ എന്റെ ചിത്രങ്ങളുടെ പ്രിന്റുകള്‍ ആഗോളതലത്തില്‍ വിറ്റുതുടങ്ങി. ചിത്രങ്ങളുടെ റോയല്‍റ്റി എന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. ക്യാന്‍വാസും നല്ല ബ്രഷുകളും വാട്ടര്‍ കളറുകളും ഓയില്‍ പെയിന്റും വാങ്ങിക്കാന്‍ സാധിച്ചു. അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ എന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി. കുഞ്ഞിമംഗലത്തെ കെ ടി നാരായണന്‍ മാഷ് വീട്ടില്‍വന്ന് ചിത്രകലയിലെ പ്രാഥമികകാര്യങ്ങള്‍ പഠിപ്പിച്ചു. എന്റെ ചെറിയ കാഴ്ചപ്പാടുകള്‍ക്കു മുന്നില്‍ മാഷ് വിശാലതയിലേക്കുള്ള വാതിലുകള്‍ തുറന്നു. വരയ്ക്കാന്‍ കൂടുതല്‍ ആവേശമായി. അതുപോലെ ലോകചിത്രകാരന്മാരുടെ പുസ്തകങ്ങള്‍ വാങ്ങിച്ച് വായനയിലും മാറ്റങ്ങള്‍ വരുത്തി.

എന്റെ ആദ്യത്തെ നല്ല യാത്ര 22–ാം വയസ്സിലായിരുന്നു. മടുപ്പിക്കുന്ന ആശുപത്രിയാത്രകളായിരുന്നു അതുവരെ. തായ്വാനില്‍ നടക്കുന്ന എഎംഎഫ്പിഎയുടെ ഏഷ്യന്‍ ചിത്രകാരന്മാരുടെ കൂട്ടായ്മയിലും എക്സിബിഷനിലും വര്‍ക്ഷോപ്പിലും പങ്കെടുക്കാനായിരുന്നു ആ യാത്ര. ഒരുപാട് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച യാത്ര– ആദ്യമായി ടിവി കണ്ടത്, വീല്‍ചെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്, ലഹരിയെന്തെന്നറിഞ്ഞത്, ലോകനിലവാരമുള്ള ഹോട്ടലില്‍ താമസിച്ചത്, പുതിയ‘ഭാഷയും വേഷങ്ങളും മനുഷ്യഭാവങ്ങളും അറിഞ്ഞത് എല്ലാം അന്നാണ്.

നിറം

1995ലാണ് റോഡരികില്‍ നിര്‍മിച്ച ആര്‍ട്ട”് സ്റ്റുഡിയോ സൌകര്യങ്ങളോടുകൂടിയ പുതിയ വീട്ടില്‍ താമസമാരംഭിച്ചത്. വിവിധ മേഖലയിലുള്ള സൌഹൃദങ്ങള്‍ വിപുലമായ കാലം. ടെറസിലെ രാത്രികളില്‍ ആശയസംവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. മുന്‍ധാരണകളില്‍ ചിലത് അരക്കിട്ട് ഉറപ്പിക്കുന്നതും ചിലത് കൊഴിഞ്ഞുപോകുന്നതും അറിയുന്നുണ്ടായിരുന്നു. പുതിയ ആശയങ്ങള്‍ രൂപപ്പെടുകയായിരുന്നു. 1996ല്‍ നിറം ക്രിയേറ്റീവ് ലിവിങ് സെന്റര്‍ എന്ന പേരില്‍ ഈ വീട്ടില്‍ത്തന്നെ കുട്ടികള്‍ക്ക് ചിത്രകലാ പഠനക്ളാസ് ആരംഭിച്ചു. നിര്‍ബന്ധിത പരിശീലനങ്ങള്‍ക്കു പകരം സ്വതന്ത്രരചനകള്‍ക്ക് ഉതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍മാത്രം നല്‍കുന്നതായിരുന്നു ക്ളാസുകള്‍. നിരവധി വിദ്യാര്‍ഥികള്‍ ഇതിലെ കടന്നുപോയി. ഓസ്ട്രേലിയ, യുകെ, ബംഗളൂരു എന്നിവിടങ്ങളിലെ ചിത്രകാരനും ഡിസൈന്‍എന്‍ജിനിയറും ആര്‍ക്കിടെക്ടുമൊക്കെ ഫെയ്സ്ബുക്കില്‍ 'ഹായ് മാഷേ...'’ എന്ന് വിളിക്കുമ്പോള്‍ ഈ ചുമരുകളില്‍ അവര്‍ ക്രയോണ്‍സുകൊണ്ട് കുത്തിവരച്ചിരുന്ന കുസൃതിത്തരങ്ങള്‍ ഓര്‍മവരും. 2012ലെ കൊച്ചി മുസിരീസ് ബിനാലെയും ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, വത്സന്‍ കൊലേരി, ജ്യോതിബാസു എന്നിവരുടെ സൌഹൃദവും എന്നില്‍ പുതിയ ചില ആശയങ്ങള്‍ രൂപപ്പെടുത്തി. കൂട്ടായ ചിത്രരചനയും സിനിമാപ്രദര്‍ശനവുമൊക്കെയായി നിറം ഇപ്പോഴും സജീവമാണ.്

ചിറകില്ലാതെ പറക്കാന്‍


1993ല്‍ കോഴിക്കോട്ട് നടന്ന എക്സിബിഷനിടയിയില്‍ കവി പി കെ ഗോപിയുടെ നിര്‍ദേശമനുസരിച്ച് ഒരു ലപ്രസി റിഹാബിലിറ്റേഷന്‍ സെന്ററില്‍ പോയി ചിത്രം വരച്ച് സംസാരിച്ചു. അത് അവിടത്തെ അന്തേവാസികളുടെ ജീവിതവീക്ഷണം മാറ്റിമറിച്ചു. അതിനുശേഷം ചാരിറ്റബിള്‍ സംഘടനകള്‍ ഇന്‍സ്പിരേഷന്‍ ക്ളാസുകള്‍ എടുക്കാന്‍ വിളിച്ചാല്‍ പോകാറുണ്ട്. എന്റെ സൌഹൃദങ്ങളില്‍ മാനവികബോധമുണ്ടെന്നുതോന്നിയ എണ്‍പതോളം പേരെ പങ്കെടുപ്പിച്ച് വീട്ടില്‍ ഒരു യോഗം ചേര്‍ന്നു. അതില്‍നിന്നാണ് ഫ്ളൈ വിത്തൌട്ട് വിങ്സിന്റെ തുടക്കം. ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരും മറ്റുള്ളവരും ഒന്നിച്ചുജീവിക്കുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കണം എന്ന നിലയ്ക്കായിരുന്നു ആലോചന. വ്യവസ്ഥാപിത സ്വഭാവമില്ലാത്ത ആശയം എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചു. 2006ല്‍ ഫ്ളൈ വിത്തൌട്ട് വിങ്സ്’രൂപീകരിച്ചു. കണ്ണില്ലാതെ കാണാനും കാതില്ലാതെ കേള്‍ക്കാനും നാവില്ലാതെ പാടാനും പറഞ്ഞ കബീര്‍ദാസ് ദോഹയാണ് ഫ്ളൈ വിത്തൌട്ട് വിങ്സ് എന്ന പേരിനുപിന്നിലെ പ്രചോദനം.

പയ്യന്നൂരില്‍ മൂന്നുദിവസം നീണ്ട ആദ്യത്തെ ഫ്ളൈ സൌഹൃദകൂട്ടായ്മ സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനംചെയ്തു. ഫ്ളൈയുടെ ലക്ഷ്യം പുനരധിവാസമോ സാമ്പത്തികസഹായമോ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കലോ ഒന്നുമല്ല; സന്തോഷിക്കലാണ്, സൌഹൃദം ആഘോഷിക്കലാണ്. 60 പേരാണ് ആദ്യക്യാമ്പില്‍ പങ്കെടുത്തത്. അവര്‍ക്ക് കൂട്ടായി നാല്‍പ്പതില്‍പരം ഫ്ളൈ പ്രവര്‍ത്തകരും.


ആദ്യത്തെ മൂന്നുവര്‍ഷംകൊണ്ടുതന്നെ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കും അത് കേട്ടറിഞ്ഞ, പരിമിതികളുള്ള മറ്റുള്ളവര്‍ക്കും സമൂല മാനസികപരിവര്‍ത്തനമാണ് ഉണ്ടായത്. അന്ന്, ഫോണില്ലെന്നും ഫോണ്‍ വിളിക്കാന്‍ ആരുമില്ലെന്നും പറഞ്ഞവര്‍ ഇപ്പോള്‍ ഓഫറുകളനുസരിച്ച് നാലും അഞ്ചും സിമ്മുകള്‍ ഉപയോഗിക്കുന്നു. കിടക്കയില്‍ കുഞ്ഞുറുമ്പുകള്‍ കയറിയാല്‍പ്പോലും അവര്‍ കൂട്ടുകാരെ വിളിച്ചുപറഞ്ഞു. വ്യത്യസ്തമായ വ്യാഖ്യാനാഭിപ്രായങ്ങളില്‍ അവര്‍ ആര്‍ത്തുചിരിച്ചു. അങ്ങനെ അവര്‍ കുഞ്ഞുകാര്യങ്ങള്‍പോലും സമൃദ്ധമായി ആഘോഷിക്കാന്‍ പഠിച്ചു.
ഫ്ളൈ പ്രവര്‍ത്തകരുടെ ഇടപെടല്‍രീതികള്‍കണ്ട് രക്ഷിതാക്കളുടെ അവരോടുള്ള പെരുമാറ്റത്തില്‍ വലിയമാറ്റമുണ്ടായി. വീട്ടിലേക്ക് കയറുന്ന പടികള്‍ എടുത്തുകളഞ്ഞ് റാമ്പ് നിര്‍മിച്ചു. അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ നിര്‍മിച്ചു. കുടുംബപരമായ വിഷയങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും കേട്ടുതുടങ്ങി. ഫ്ളൈയുമായി ബന്ധപ്പെടുന്ന പൊതുജനങ്ങളുടെ മനോഭാവത്തിലും നേരിയമാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്.

പുല്ലരിഞ്ഞ് കൊടുക്കേണ്ട പശുക്കുട്ടികളാണ് ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ എന്ന ചിന്ത മാറണം. അവര്‍ വ്യക്തികളാണെന്നും അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുമെന്നുമുള്ള നിലയ്ക്ക് പരിഗണിക്കപ്പെടണം. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കും നല്‍കണം. ഓസ്ട്രേലിയയിലൊക്കെ അതുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് കയറാന്‍ കഴിയുന്നതാണോയെന്ന് നോക്കിയേ അവിടെ കെട്ടിടങ്ങള്‍ക്കുപോലും അനുമതി നല്‍കൂ.

* * *
ഈ മഹാപ്രപഞ്ചത്തിലെന്റെ ജീവിതം വളരെ വളരെ  ചെറുതാണെന്നും അതിലൊരു നിമിഷാര്‍ധംപോലും പാഴാക്കാതെ തിമിര്‍ത്താഘോഷിക്കണമെന്നും പറയുന്ന ബഷീറും ഓഷോയും എനിക്ക് പ്രിയപ്പെട്ടവരാണ്. ഉള്ളുനിറയുമ്പോഴാണ് വിരലുകളില്‍ ചിത്രങ്ങളുണ്ടാകുന്നത്. വിരലുകള്‍ തളരുമ്പോള്‍ അത് ചുണ്ടിലൂടെ പ്രസരിക്കും. അതുമല്ലെങ്കില്‍ കണ്ണിലെ പ്രകാശമായ് രൂപാന്തരപ്പെടും. സച്ചിദാനന്ദന്‍ കവിതപോലെ അതു വളരെ ലളിതമാണ്:
വാക്കുകള്‍ ഉള്ളില്‍ വീര്‍പ്പുമുട്ടുമ്പോഴാണ്
മരങ്ങള്‍ക്ക് ചില്ലകള്‍ മുളച്ചുപോകുന്നത്..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top