17 October Thursday

മാടം വിട്ടിറങ്ങുന്ന നിഴൽജീവിതങ്ങൾ

എം എൻ ലതാദേവി mnlathadevi@gmail.comUpdated: Sunday May 26, 2019

പഴയ പേപ്പറുകൾ തൂക്കിവിറ്റ കൂട്ടത്തിൽ എന്റെ നോട്ടു പുസ്‌തകത്തിലെ കീറിയ പേജുകൾ കണ്ടായിരിക്കണം ഉണ്യാപ്പു എന്നെ കഥാകൃത്തെന്ന് വിളിച്ചത്. പിന്നെയും ഒരുപാട് കൊല്ലങ്ങൾക്കു ശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഞാൻ കഥകളെഴുതി തുടങ്ങിയത്. ഓരോ കഥ പ്രസിദ്ധീകരിക്കുമ്പോഴും ഇന്നും ഞാൻ ഉണ്യാപ്പുവിനെയും കഥകൾ നിറഞ്ഞ ആ കാവുപറമ്പും ഓർക്കും

 

പലചരക്ക് കടക്കാരൻ ഉണ്യാപ്പുവാണ് ആദ്യമായി എന്നെ കഥാകൃത്തെന്ന് വിളിച്ചത്. അത് പത്ത് മുപ്പത് കൊല്ലംമുമ്പ‌്.  കഥയെഴുത്തിന്റെ ഒരു പാരമ്പര്യവുമില്ലാത്ത, കഥയെഴുത്ത് എന്താണെന്നുപോലും അറിയാത്ത നാട്ടിൻപുറത്തെ  പതിനാറുകാരിയുടെ സ്വപ്‌നങ്ങളിൽപ്പോലും എത്തിനോക്കിയിട്ടില്ലാത്ത ഒന്നായിരുന്നു അത്.

അച്ഛന്റെ സ്ഥലംമാറ്റത്തെതുടർന്നുണ്ടായ പറിച്ചുനടലിൽ രണ്ടാംവട്ടം മണ്ണൂര് വന്നപ്പോഴായിരുന്നു അത്.
 
ഒന്നാംവട്ടം വന്നപ്പോൾ തീരെ ചെറിയ കുട്ടിയായിരുന്ന ഞാൻ കാവിലെ പ്രദക്ഷിണവഴിയിൽ വീണുകിടക്കുന്ന അരളിപ്പൂക്കൾ പെറുക്കി കാവിലമ്മയ‌്ക്ക് തോടയുണ്ടാക്കിയും കാവുപറമ്പിൽ ഫുട‌്ബോളുപോലെ ഉരുണ്ട് നടന്നും മാരാര് പുറത്തേക്കെടുത്തുവച്ച ചെണ്ടയിൽ കൊട്ടി അയാളെ ദേഷ്യംപിടിപ്പിച്ച് ഓടിയൊളിച്ചും. 
ഉണ്യാപ്പുവിന്റെ പീടികയ‌്ക്കു പിന്നിലെ പൊളിഞ്ഞുകിടക്കുന്ന മുള്ളുവേലി ചാടിക്കടന്ന് ക്വാർട്ടേഴ‌്സിന്റെ പിൻവാതിലിൽ, അച്ഛൻ ഊണുകഴിഞ്ഞ് ഓഫീസിലേക്ക് പോകുന്നതും കാത്ത് പതുങ്ങിനിന്ന ഉച്ചനേരങ്ങൾ...
 
വാഴയിലയിൽ പൊതിഞ്ഞ ഗോതമ്പ് ഉപ്പുമാവ് അച്ഛനറിയാതെ അമ്മയ‌്ക്ക് കൊടുക്കാനുള്ള പരിഭ്രമത്തിൽ പലപ്പോഴും കാലിൽ മുള്ള് കുത്തുക പതിവായിരുന്നു.
ആ കാലത്ത് സ‌്കൂളുകളിൽ ഉച്ചയ‌്ക്ക‌് ഗോതമ്പ് ഉപ്പുമാവാണ് കുട്ടികൾക്ക് കൊടുത്തിരുന്നത്. 
 
"ഉച്ചഭക്ഷണം ല്ല്യാത്ത കുട്ട്യോൾക്ക്ള്ളതാണ് അത്. അതോണ്ട് അത് വാങ്ങണ്ട'. അച്ഛൻ കർശനമായി പറഞ്ഞിരുന്നു. എന്നാലും അമ്മയ‌്ക്ക് ഇഷ്ടമായതുകൊണ്ട്  അച്ഛനറിയാതെ ഇടയ‌്‌ക്കൊക്കെ ചെയ‌്‌തിരുന്നു ആ കള്ളത്തരം. സൂചിപ്പിന്നുകൊണ്ട് മുള്ള് കുത്തിയെടുക്കുമ്പോഴുള്ള വേദന, പിന്നെ വല്ല പൊട്ടോ പൊടിയോ ഉണ്ടെങ്കിൽ പഴുക്കാതിരിക്കാൻ ചോറിന്റെ വറ്റ് തേച്ച് ചൂടുള്ള വീതനപ്പുറത്ത് അമർത്തിച്ചവിട്ടൽ. - - - -
 
ഇത്രയൊക്കെ വേദന സഹിച്ചാലും എന്റെ സ്നേഹത്തിൽ, കരുതലിൽ വിടരുന്ന അമ്മയുടെ കണ്ണുകൾ കാണാൻവേണ്ടി പിന്നേം ഇടയ‌്‌ക്കൊക്കെ ഇതാവർത്തിച്ചുകൊണ്ടിരുന്നു.
അങ്ങനെ ഒരു കൊല്ലക്കാലം ഞങ്ങളവിടെ.
 
അക്ഷരങ്ങൾ തപ്പിത്തപ്പി കൂട്ടിവായിക്കാൻ പഠിച്ചത് ബാലരമ, പൂമ്പാറ്റ, അമ്പിളി അമ്മാവൻ തുടങ്ങിയവയിലൂടെ. പിന്നെ മുട്ടത്തു വർക്കി കഥകളിലൂടെ വായന വളർന്നു. ഗൗരവമാർന്ന വായനയ‌്ക്കുള്ള ചുറ്റുപാട് ആയിരുന്നില്ല എന്റേത്. 
 
അന്നൊക്കെ പീടിക സാധനങ്ങൾ പൊതിഞ്ഞുതരാറുള്ളത് പത്രക്കടലാസുകളിലായിരുന്നു. ആ കടലാസുകൾ അരിച്ചുപെറുക്കുന്നത‌് ശീലമായി. 
രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ചെറിയമ്മയുടെ വീട്ടിൽ പോകുമ്പോഴാണ് അവരുടെ മകന് വായിക്കാൻ വാങ്ങിയ ബാലരമയും പൂമ്പാറ്റയും ആർത്തിയോടെ തിന്നുതീർക്കാറ്. എല്ലാവരും വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഞാനൊറ്റയ‌്ക്ക‌് ഒഴിഞ്ഞ ഏതെങ്കിലും മൂലയിൽ പോയിരുന്ന് എല്ലാംമറന്ന് വായനയിൽ മുഴുകും. 
അഞ്ചുമുതൽ പത്തുവരെ കേരളശേരി ഹൈസ‌്കൂളിലാണ് പഠിച്ചത്. ഉച്ചയൂണ് കഴിഞ്ഞ് പാത്രം കഴുകുന്നത് യങ‌്മെൻസ‌് ലൈബ്രറിക്കു മുന്നിലെ പൈപ്പിൽനിന്നായിരുന്നു. ഒരിക്കലും കടന്നുചെല്ലാൻ കഴിയാതിരുന്ന ആ ലൈബ്രറിയിലേക്ക‌് പൈപ്പിനു മുന്നിലെ ക്യൂവിൽനിന്ന് ആർത്തിയോടെ നോക്കാറുണ്ടായിരുന്നു. 
 
വായനയിലുള്ള താൽപ്പര്യം കണ്ട് ടീച്ചറുടെ മകൾ ഒരു പുസ‌്തകം വായിക്കാൻ തന്നു. സ്വർണക്കമ്പിളി എന്ന ആ പുസ‌്തകം  ആസ്വദിച്ചാണ് ഞാൻ വായിച്ചുതീർത്തത്. 
നിർഭാഗ്യത്തിന് എങ്ങനെയോ ആ പുസ‌്തകം ചിതലുപിടിച്ചുപോയി. പിന്നെ ആ കുട്ടിയെ കാണുമ്പോഴൊക്കെ ഞാൻ ഒഴിഞ്ഞുമാറി. പലതവണ ചോദിച്ചപ്പഴൊക്കെയും നാളെ തരാം എന്നുപറഞ്ഞ് രക്ഷപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ എന്റെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. അവസാനം ഒരു ദിവസം ആ കുട്ടി എന്റെടുത്ത് വന്ന് "എന്തായാലും സാരല്ല്യ. ആ പുസ‌്തകത്തിന് എന്തുപറ്റി എന്ന് പറയൂ’, എന്നു പറഞ്ഞ് നിർബന്ധിച്ചപ്പോൾ ഞാനെല്ലാം പറഞ്ഞു. അപ്പൊ "സാരല്ല്യ പോട്ടെ...... ഇത് നേർത്തെ പറയായിര്ന്ന്‌ല്ലേ’ എന്ന അലിവാർന്ന ആ സൗമനസ്യം ഇപ്പോഴും സ്നേഹത്തോടെ ഞാനോർക്കുന്നു. 
 
 ഞാറുനട്ട പാടങ്ങൾക്കു നടുവിൽ വെള്ളം മൂടിക്കിടക്കുന്ന വരമ്പിലൂടെ വഴികാണാതെ തോരാമഴയുടെ ഇരമ്പത്തിൽ തൊട്ടു മുന്നിലുള്ളതുപോലും കാണാൻ പറ്റാതെ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടത്തുകൂടെ ചോർന്നൊലിക്കുന്ന കുടയ‌്ക്കു താഴെ ഒറ്റയ‌്ക്കു നടക്കുമ്പോൾ, കയറു പൊട്ടിച്ചോടുന്ന കാറ്റിൽ അടയുകയും തുറക്കുകയും ചെയ്യുന്ന ജനലുകളുടെ, വാതിലുകളുടെ പേടിപ്പെടുത്തുന്ന ഒച്ചയിൽ, ഇടിയുടെ മുഴക്കത്തിൽ മഴപ്പെരുക്കങ്ങളുടെ തുലാമാസ സന്ധ്യകളിൽ, തെങ്ങും കവുങ്ങും മാവും പ്ലാവും പിന്നെ പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ നിറഞ്ഞ വലിയ തൊടിയിൽ പുതുമഴയ‌്ക്കുമുമ്പേ പറക്കുന്ന തുമ്പിച്ചിറകിനൊപ്പം. പിന്നെ മത്സരിച്ച് ആലിപ്പഴം പെറുക്കി പുതുമഴയിൽ നിറയുന്ന മനസ്സുമായി നനഞ്ഞു കുതിരുമ്പോൾ--- ആ നേരങ്ങളിലൊക്കെയും കഥയുടെ വിത്തുകൾ എന്നിൽ മുളയ‌്ക്കാതെ കിടന്നിരിക്കാം.-- 
 
കുട്ടിക്കുറുമ്പുകളൊക്കെ മനസ്സിന്നുള്ളിലിട്ട് ആരും കാണാതെ പൂട്ടിവച്ച് തികഞ്ഞ അടക്കൊതുക്കത്തോടെ മണ്ണൂരിലേക്കുള്ള രണ്ടാം വരവ്.
അന്ന് ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഇലക്ട്രിസിറ്റി കടന്നുവരാത്ത നാട്ടിൻപുറത്തെ ഇരുട്ട് കനത്ത രാത്രികൾ. തവളക്കരച്ചിലുകളുടെ തുലാമാസ രാവുകൾ. കുറുക്കന്മാരുടെ ഓരിയിടലുകൾ. ഒടിയന്മാരെക്കുറിച്ച് കേട്ട പേടിപ്പെടുത്തുന്ന കഥകളിൽ ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽനിന്നും തികച്ചും വ്യത്യസ്‌തമായ അന്തരീക്ഷം.എല്ലായിടത്തും പകൽപോലെ വെളിച്ചം.   
 
 കൂത്തുമാടം കേറിക്കഴിഞ്ഞാൽ പിന്നെ താലപ്പൊലിവരെ രണ്ട് രണ്ടര മാസക്കാലം പകലാവുന്ന രാവുകൾ. അത്താഴപൂജ കഴിഞ്ഞ് കൂത്തുമാടത്തിൽ വിലങ്ങനെ കെട്ടിവച്ച മുളന്തണ്ടിൽ നിരത്തിവച്ച ചെരാതുകളുടെ വെളിച്ചത്തിൽ പുലരുംവരെ ചെന്തമിഴിൽ രാമായണ കഥ പറയുന്ന പുലവർ. തുണിയിൽ തെളിയുന്ന പാവകളുടെ നിഴൽരൂപങ്ങൾ. കാവുപറമ്പിലാകെ ഓടി നടക്കുന്ന രാമായണത്തിലെ കഥാപാത്രങ്ങൾ.
 
അരി ഏറു കഴിഞ്ഞ് വെളിച്ചപ്പാട് കാവിന്റെ കൽപ്പടവുകളിൽ അഴിച്ചുവയ‌്ക്കുന്ന കാൽച്ചിലമ്പ്. - കൽപ്പടവുകളിലിരുന്ന് പുലരുംവരെ കഥകൾ കേൾക്കുന്ന മുത്തി.
അപ്പൂപ്പൻ താടികൾപോലെ പറന്നുനടക്കുന്ന കഥകൾ നിറഞ്ഞ ആകാശം. ഒരുപക്ഷേ, കഥകൾ എനിക്ക് വീണുകിട്ടിയത് അവിടെനിന്നായിരിക്കാം. 
പഴയ പേപ്പറുകൾ തൂക്കിവിറ്റ കൂട്ടത്തിൽ എന്റെ നോട്ടുപുസ്‌തകത്തിലെ കീറിയ പേജുകൾ കണ്ടായിരിക്കണം ഉണ്യാപ്പു എന്നെ കഥാകൃത്തെന്ന് വിളിച്ചത്. പിന്നെയും ഒരുപാട് കൊല്ലങ്ങൾക്കുശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഞാൻ കഥകളെഴുതി തുടങ്ങിയത്. ഓരോ കഥ പ്രസിദ്ധീകരിക്കുമ്പോഴും ഇന്നും ഞാൻ ഉണ്യാപ്പുവിനെയും കഥകൾ നിറഞ്ഞ ആ കാവുപറമ്പും ഓർക്കും.
 
ഒരു വെളിപാടുപോലെ എന്നെ കഥാകൃത്തെന്ന് വിളിച്ച ഉണ്യാപ്പു ഇന്നില്ല. ഞാൻ കഥകളെഴുതി തുടങ്ങിയത് ഉണ്യാപ്പു അറിഞ്ഞിരുന്നോ എന്നും എനിക്കറിയില്ല. 
ഒരുപാട് സ‌്നേഹത്തോടെ അച്ഛനെന്നെ കുഞ്ചു എന്നാണ് വിളിച്ചിരുന്നത്. വർഷങ്ങൾക്കപ്പുറത്തുനിന്നും ആഴത്തിലുള്ള നനവാർന്ന ആ വിളി ഇപ്പോഴും ഇടയ‌്‌ക്കൊക്കെ എന്നെ വന്ന‌് തൊടാറുണ്ട്. വളരെ ചുരുക്കം ചില വിളികൾ, ഹൃദയത്തിൽ വന്ന‌് തൊടുന്ന ചില വിളികൾ ഇപ്പോഴും എന്നെ തേടിയെത്താറുണ്ട്.
പ്രധാന വാർത്തകൾ
 Top