20 March Wednesday

ബര്‍ഗ്‌മാന്‍ എന്ന ഇതിഹാസം

എം സി രാജനാരായണന്‍Updated: Sunday Nov 25, 2018

സെവൻത് സീൽ എന്ന സിനിമയിലെ ഒരു രംഗം

ഇംഗ്‌മർ ബെർഗ്‌മാൻ

ഇംഗ്‌മർ ബെർഗ്‌മാൻ

ജന്മനാടായ സ്വീഡനിലും യൂറോപ്പ്‌ വൻകരയിലും മാത്രമല്ല ലോകമൊട്ടാകെ ഇംഗ്‌മർ ബെർഗ്‌മാൻ  എന്ന  സംവിധായകന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. ഏറെ സവിശേഷതകൾ നിറഞ്ഞ, ദാർശനികമാനമുള്ള നിരവധി ക്ലാസിക്കുകൾക്ക് ജന്മം നൽകിയ ബെർഗ്‌മാൻ അറിയപ്പെട്ടത് ‘ഡിറക്ടർ ഓഫ് ഡിറക്ടേഴ്സ്' എന്നും മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ് എന്നുമൊക്കെയായിരുന്നു. ബെർഗ്‌മാനെ ലോകമറിഞ്ഞതും ആദരിച്ചതും ആരാധിച്ചതും സിനിമാസംവിധായകൻ എന്ന നിലയ്‌ക്ക്‌. എന്നാൽ യൂറോപ്പിൽ സിനിമയ്‌ക്കൊപ്പം നാടകരംഗത്തും അദ്ദേഹത്തിന് അദ്വിതീയസ്ഥാനമാണ് ഉണ്ടായിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ നാടകവേദികളിലെ സജീവസാന്നിധ്യമായിരുന്നു ബെർഗ്‌മാൻ.
 
അദ്ദേഹത്തിന്റെ നാടകങ്ങളിൽ അഭിനയിക്കുക എന്നത് സിനിമയിലേക്കുള്ള വഴിയായി അഭിനേതാക്കൾ കണ്ടിരുന്നു. നാടകരംഗത്ത് തഴക്കവും പഴക്കവും വന്ന് പ്രതിഭ തെളിയിച്ചവരെയാണ് അദ്ദേഹം സിനിമയ്‌ക്കായി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പ്രിയങ്കരനായ നടൻ മാക്‌സ്‌ വോൺ സിഡോവും ഛായാഗ്രാഹകൻ സ്വെൻ നിക്വിസ്റ്റുമായിരുന്നു. ബർഗ്‌മാന്റെ മനസ്സറിഞ്ഞ് നിക്വിസ്റ്റ് ക്യാമറ ചലിപ്പിച്ചു. പലപ്പോഴും ബെർഗ്‌മാൻ പറയാതെതന്നെ കാര്യങ്ങൾ അറിഞ്ഞുചെയ്യാനും ആംഗിളുകൾ നിശ്ചയിക്കാനും നിക്വിസ്റ്റിന് കഴിഞ്ഞിരുന്നത് അവരുടെ ആത്മബന്ധത്തിന് നിദാനം. സത്യജിത്‌ റേയ്‌ക്ക്‌ സൗമിത്ര ചാറ്റർജിയും അകിരാ കുറോസവയ്‌ക്ക്‌ തൊഷിറോ മിഫുനെയും പോലെയായിരുന്നു ബെർഗ്‌മാന് മാക്‌സ വോൺ സിഡോ.  സെവൻത് സീൽ ഉൾപ്പെടെയുള്ള ക്ലാസിക്കുകളിൽ സിഡോ കിടയറ്റ അഭിനയമാണ് കാഴ്ചവച്ചത്. അഭിനേതാക്കൾക്ക് ധാരാളം സ്വാതന്ത്ര്യം നൽകുന്ന സംവിധായകനായിരുന്നു ബെർഗ്‌മാൻ.
 
ക്ലാസിക്കുകളുടെ ക്ലാസിക്കുകളായ ബെർഗ്‌മാൻ  ചിത്രങ്ങൾ ലോകത്തെ പ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെയെല്ലാം പാഠ്യവിഷയം. അരനൂറ്റാണ്ടിനുമുമ്പ്‌ ബെർഗ്‌മാൻ  സാക്ഷാൽക്കരിച്ച സെവൻത് സീൽ, വൈൽഡ് സ്ട്രോബറീസ്, സൈലൻസ്, ക്രൈസ് ആൻഡ‌്‌ വിസ്‌പേഴ്സ് തുടങ്ങിയ പടങ്ങൾ ഇന്നും താരതമ്യങ്ങൾക്ക് അതീതം. മരണം  കഥാപാത്രമായെത്തുന്ന സെവൻത് സീൽ, വാർധക്യത്തിന്റെ, ഏകാകിതയുടെ  കഥപറയുന്ന വൈൽഡ് സ്ട്രോബറീസ് തുടങ്ങിയവ ലോകസിനിമയിലെതന്നെ സമാനതകളില്ലാത്ത, പൂർണതയോട് അടുത്തുനിൽക്കുന്ന രചനകൾ. കഥാപാത്രങ്ങളിലുപരി പ്രതീകങ്ങളായി മാറുന്നവരാണ് ഈ പടങ്ങളിലുള്ളത്. ലോകസിനിമയിൽ മറ്റൊരു സംവിധായകനും കടന്നെത്താൻ കഴിയാത്ത ഉയരങ്ങളിലേക്കുള്ള ബെർഗ്‌മാന്റെ പ്രയാണത്തിന്റെ പ്രധാന ഊർജം മൗലികമായ അന്വേഷണവും അതിന്റെ ദാർശനികമാനവുമാണെന്ന് പറയാം. സെവൻത് സീലിൽ മരണവും നായകനും തമ്മിലുള്ള സംഭാഷണം അനുപമം.  അവസാനത്തെ മരണനൃത്തം ഇന്നും പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്നു. കറുത്ത വസ്‌ത്രങ്ങൾ ധരിച്ച് മുഖം മൂടിയിരിക്കുന്ന മരണവുമായുള്ള ചതുരംഗക്കളിയും കുമ്പാസാരക്കൂട്ടിലിരുന്ന് മരണം രഹസ്യങ്ങൾ ശ്രവിക്കുന്നതും സമാനകളില്ലാത്ത രംഗങ്ങൾ.
 
സെവൻത് സീൽ എന്ന സിനിമയിലെ ഒരു രംഗം

സെവൻത് സീൽ എന്ന സിനിമയിലെ ഒരു രംഗം

ബെർഗ്‌മാൻസിനിമയിൽ സാക്ഷാൽക്കരിച്ചത് വിചിത്രമായ പ്രമേയങ്ങളാണ്. അദ്ദേഹത്തിന്റെ പടങ്ങളിൽ ലാൻഡ‌്സ്‌കേപ്പ്‌ പോലെതന്നെ കഥാപാത്രങ്ങളുടെ മൈൻഡ‌്സ‌്കേപ്പിനും പ്രാധാന്യം കൈവരുന്നു. മനുഷ്യമനസ്സെന്ന അത്ഭുത പ്രപഞ്ചത്തിലേക്കുള്ള സഞ്ചാരങ്ങളാണ് ചില ബർഗ്‌മാൻ രചനകൾ. ക്രൈസ് ആൻഡ‌് വിസ്‌പേഴ്സ് മൂന്ന് സഹോദരിമാരുടെ കഥയാണ്. അതിലെ അവരുടെ സർവശക്തയായ പരിചാരിക ഒരു അസാധാരണ കഥാപാത്രംതന്നെ. സഹോദരിമാർക്കിടയിലെ അധികാരത്തിന്റേയും പരസ്‌പരധാരണയുടെയും കദനഭാരത്തിന്റേയും അതിരുകൾ പരിചാരിക പുനർനിർണയിക്കുന്നു. സഹായവും സാന്ത്വനവുമായി പരിചാരിക സ്വയം ഒരു അധികാരകേന്ദ്രവുമായി മാറുന്നുണ്ട്. ലോകമെമ്പാടും ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട പടമാണ് ക്രൈസ് ആൻഡ‌് വിസ്‌പേഴ്സ്.
 
ബെർഗ്‌മാന്റെ ഹംസഗാനമാണ് ഫാനി ആൻഡ‌് അലക്‌സാണ്ടർ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ഐതിഹാസികമാനമുള്ള മൗലികരചനയാണ്. കുടുംബവും സമൂഹവും മതവും രാഷ്ട്രീയവും എല്ലാം ഇതിൽ ചർച്ചചെയ്യപ്പെടുകയും വിമർശന വിധേയമാക്കുകയും ചെയ്യുന്നു. ഫാനി എന്ന സഹോദരിയുടെയും അലക്‌സാണ്ടർ എന്ന സഹോദരന്റെയും കഥയാണിത്. അവരുടെ കണ്ണുകളിലൂടെയാണ് സംഭവങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്. ബെർഗ്‌മാൻ  ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും ഈ പടത്തിൽ സമ്മേളിക്കുന്നു. ആന്ദ്രേ തർക്കോവ്സ്‌കിയുടെ ആരാധകനായിരുന്ന ബെർഗ്‌മാൻ  തർക്കോവ്സ്‌കിയെ വിശേഷിപ്പിച്ചത് താൻ ആഗ്രഹിച്ചതും ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങൾ സിനിമയിൽ സഫലീകരിച്ച സംവിധായകൻ എന്നാണ്. കെൻജി മിസോഗുച്ചി എന്ന ജാപ്പനീസ് ആചാര്യന്റെ പടം കണ്ടിട്ടാണ് ലോങ്‌ ഷോട്ടിന്റെ അനന്തസാധ്യത തിരിച്ചറിഞ്ഞതെന്ന് ബെർഗ്‌മാൻ  ഒരിക്കൽ പറഞ്ഞിരുന്നു.
 
ആത്മകഥയായ മാജിക് ലാന്റേൺ ബെർഗ്‌മാന്റെ സിനിമാഭിനിവേശവും ബാല്യകാലാനുഭവങ്ങളും വെളിപ്പെടുത്തുന്നു. ബെർഗ്‌മാൻ സിനിമപോലെതന്നെ ഉൾക്കാമ്പുള്ളതാണ് ഈ പുസ്‌തകവും. ഒന്നിനൊന്ന് വ്യത്യസ്‌തങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾ. സാഹിത്യത്തിലെയും ചിത്രകലയിലെയും അനശ്വര കലാസൃഷ്ടികൾ എന്നപോലെ മഹനീയവും അനുപമവുമാണ് ബെർഗ്‌മാൻ  സിനിമകൾ. ഐഎഫ്എഫ്കെയിലെ ബെർഗ്‌മാൻ  റെട്രോസ്‌പെക്‌ടീവ്‌ അദ്ദേഹത്തിന്റെ അനശ്വര രചനകൾ കാണുവാനുള്ള അപൂർവ അവസരം ഒരുക്കുന്നു.
 
rajanarayananmc@gmail.com
പ്രധാന വാർത്തകൾ
 Top