18 February Tuesday

ജ്ജ്‌ നല്ല നാടകം കളിക്കാൻ നോക്ക്‌

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Aug 25, 2019

അടയാളം നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പിൽനിന്ന്‌ ഫോട്ടോ: ബിനുരാജ്‌

കുറച്ച് പേരുടെ കൈയിൽ അരിയുണ്ട്, ചിലർ ചായപ്പൊടി പൊതിഞ്ഞെടുത്തിരിക്കുന്നു. കപ്പയും ചമ്മന്തിയും തേങ്ങയുമായി മറ്റൊരു കൂട്ടർ... ഇവർ ചന്തയിൽനിന്ന് വരുന്നതല്ല. നാടകം കളിക്കാൻ വരികയാണ്‌. വീട്ടിൽനിന്ന് അരിയും പയറും പഞ്ചസാരയും ചക്കയുംകൊണ്ടുവന്ന് പാകം ചെയ്‌തുകഴിക്കുക, നാടകം കളിക്കുക. കേൾക്കുമ്പം വട്ടാണെന്ന് തോന്നുന്നുണ്ടോ. വട്ടല്ല, ശരിക്കും മുഴുപ്രാന്ത്, തനിനാടക പ്രാന്ത്. വീട്ടിൽനിന്നെടുത്തും കടം മേടിച്ചും കഞ്ഞിവച്ചു കുടിച്ചുകൊണ്ടൊരു നാടകംകളി. നാടകം നാടിനോളം പ്രധാനമെന്ന്‌ മനസ്സിലാക്കിയവർ. കുട്ടികളും കൃഷിക്കാരും തൊഴിലാളികളും വീട്ടമ്മയുമെല്ലാമുണ്ട്‌. രണ്ട് മാസമായി പരിശീലനം.
 
കോഴിക്കോട് ബൈപാസിന്റെ ഓരത്ത് മൊകവൂർ കാമ്പുറത്ത്‌കാവിന്‌ സമീപമാണ്‌ ഒരു ദേശമൊന്നാകെ നാടകം ജീവിതമാക്കി മാറ്റിയത്. കോഴിക്കോട് നാടക ഗ്രാമത്തിന്റെ ആഭിമുഖ്യത്തിലാണ് നാടക ഗ്രാമസൃഷ്ടി. നാട്ടുകാരും നാടകക്കാരും ചേർന്നവതരിപ്പിക്കുന്ന ‘അടയാളങ്ങൾ' സെപ്തംബർ ആറുമുതൽ മൂന്ന് ദിവസം നാടകശാലയിൽ അരങ്ങേറും.
 നാടകമില്ലാതെങ്ങനെ ജീവിക്കും എന്ന അന്വേഷണത്തിലാണ് നാടക ഗ്രാമം പിറന്നത്‌. ഒരന്തവും കുന്തവുമില്ലെന്ന് പറഞ്ഞ് നാടകത്തെ തള്ളുന്നവരോട് നാടിന്റെ അകമാണ് നാടകമെന്ന് ഇവർ കാണിച്ചു കൊടുക്കുന്നു. നാടകമില്ലെങ്കിൽ നരകമെന്ന് അഭിനയിച്ചും സംവദിച്ചും പഠിപ്പിക്കുന്നു. പത്തൊമ്പതാണ്ടായി കോഴിക്കോട് നാടക ഗ്രാമം ഈ ദേശത്തുണ്ട്. ജീവിത–-ലോക വിശേഷങ്ങൾ, വിശ്വാസങ്ങൾ, കുശുമ്പ് , കുന്നായ്‌മ ഇതെല്ലാം നാടകത്തിലൂടെ നാടക ഗ്രാമം വേദിയിലെത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ടി സുരേഷ് ബാബുവിന്റെ സംവിധാനത്തിലാണ് മൊകവൂരും എടക്കാടുമായി നാടക ഗ്രാമം ചുവടുവയ്‌ക്കുന്നത്. നാടകക്കാരെല്ലാമൊരുപോലെ, നാട്ടുകാരെല്ലാമൊരുപോലെ എന്ന ഭാവസുന്ദരമായ സമദർശനമാണ് നാടകഗ്രാമത്തിന്റെ ആധാരശ്രുതി.
ടി സുരേഷ് ബാബു

ടി സുരേഷ് ബാബു

 

‘ജ്ജ് നല്ല മന്‌സനാകാൻ നോക്ക് '

 
2000 ആഗസ്‌തിൽ നാലുദിന നാടകോത്സവത്തോടെയാണ് നാടകഗ്രാമത്തിന്റെ ആരംഭം. സുരേഷ്‌ബാബു സംവിധാനംചെയ്‌ത നാടകങ്ങളായിരുന്നു ഉത്സവം തീർത്തത്‌. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ  ഏഴ് നാടകങ്ങളുമായി രംഗപ്രവേശം. എന്നാൽ, സ്വന്തമായി നാടകം അരങ്ങിലെത്തിക്കുന്നത്   മൂന്നാണ്ടിനുശേഷം. ഒരുകാലത്ത്‌ യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിപ്പിച്ചു സൃഷ്ടിച്ച ഇ കെ അയമുവിന്റെ  ‘ജ്ജ് നല്ല മന്‌സനാകാൻ നോക്ക്‌’ ആണ്‌ ആദ്യം അവതരിപ്പിച്ചത്. തുടർന്ന് നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ ‘വെള്ളപ്പൊക്കം', പി എം താജിന്റെ  ‘ഇത്രമാത്രം’, തിക്കോടിയന്റെ ‘പുഷ്പവൃഷ്ടി’ എന്നിവ. ടിക്കറ്റ് വച്ച് കാണികളുടെ പങ്കാളിത്തത്തിൽ ടൗൺഹാളിൽ ‘മണിയറ’യും അവതരിപ്പിച്ചു. എ ശാന്തകുമാറിന്റെ ‘ഒരു ദേശം നുണ പറയുന്നു’ ആണ് ഹിറ്റ് നാടകം. കാസർകോട്ട്‌ തുടങ്ങിയ നാടകയാത്രയിൽ ഈ നാടകം കളിച്ചു. കലാകാരന്മാരുടെ ചികിത്സയ്‌ക്കും പഠനാവശ്യത്തിനുമെല്ലാം നാടകം കളിച്ചു. ശശി പൂക്കാട് എഴുതിയ ‘ഗന്ധവിചാര’മായിരുന്നു അടുത്തത്‌. ഇതിനിടയിൽ സംഗീത നാടക അക്കാദമി രജിസ്ട്രേഷനായി. നാടകഗ്രാമത്തിന് വേരുറച്ചു. ടി സുരേഷ് ബാബുവും പി വി രാജു മാസ്റ്ററും ആദ്യ ഭാരവാഹികൾ.
 
ആന്റൺ ചെക്കോവിന്റെ കഥ ‘ഉൽക്കൃഷ്ട കലാസൃഷ്ടി’ എന്നപേരിൽ അവതരിപ്പിച്ചത്‌ തൃശൂരിലും കാസർകോട്ടും നാടകോത്സവങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് ‘കടലു കത്തുന്നു കാടിരമ്പുന്നു’ എന്ന നാടകാവതരണം. എറണാകുളത്ത് പി ജെ ആന്റണി ഫൗണ്ടേഷന്റെ തെരുവു നാടകോത്സവത്തിൽ ഇത് കത്തിപ്പടർന്നു. നരേന്ദ്രപ്രസാദ് നാടകോത്സവത്തിൽ ‘മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു’  പ്രശംസപിടിച്ചുപറ്റി. തിയറ്റർ എൻറിച്ച്മെന്റ് പ്രോഗ്രാമും കളികളുമായി സ്‌കൂളുകളിലും ഗ്രാമങ്ങളിലുമെത്തി. കഴിഞ്ഞ പ്രളയകാലത്ത് അതിജീവനവും ഹരിതചിന്തയുമുണർത്തി ‘കടലിരമ്പുന്നു കാട് കത്തുന്നു’ കോഴിക്കോടാകെ കളിച്ചു. എൽഐസി ഏജന്റിന്റെ കോടിപതിപ്പട്ടം കളഞ്ഞ് നാടകത്തിനായി പാഞ്ഞു നടക്കുന്ന ടി സുരേഷ് ബാബുവാണ് നാടക ഗ്രാമത്തിന്റെ പ്രാണൻ. നിർമാണ തൊഴിലാളിയായ മോഹൻ കാരാടും (പ്രസിഡന്റ്) അധ്യാപകനായ ഷൈജു കന്നൂരു (സെക്രട്ടറി)മാണ് ഇപ്പോൾ അമരത്ത്‌. നാടകപ്രേമികളിൽനിന്ന് രണ്ടര ലക്ഷം രൂപ കടം വാങ്ങിയാണ്  ‘അടയാളങ്ങൾ ’അരങ്ങിലെത്തിക്കുന്നത്‌. പണം നൽകിയവർക്ക് ഉറപ്പായി കടപ്പത്രവും നൽകി. പ്രളയത്തിലും നാടകത്തെ നാട്‌ കൈവിടില്ലെന്ന ആത്മവിശ്വാസവുമായി പെരുമഴയത്തും വിശ്രമിച്ചില്ല.
 
മുതലാളിയില്ലാത്ത കലാസാംസ്‌കാരിക സംരംഭത്തിൽ എല്ലാവർക്കും ഒരേ പ്രതിഫലം. ഒരു വിഹിതം നാടക ഗ്രാമത്തിനും.
 

സ്ത്രീ നീതിയുടെ കഥ അടയാളങ്ങൾ

 
രാജസ്ഥാനിലെ ബൻവാരിയിൽ ക്രൂരപീഡനത്തിനിരയായ ബാവ്‌രി ദേവിയുടെ കഥയാണീ നാടകം. അധികാരം മനുഷ്യനെ എന്തുമാത്രം അപകടകാരിയാക്കുന്നു എന്നതാണ് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട നാടകത്തിന്റെ കാതൽ. സ്‌ത്രീകൾക്ക്‌ തൊഴിലിടങ്ങളിൽ സുരക്ഷയ്‌ക്കായുള്ള നിയമത്തിനാധാരം ഈ സംഭവമായിരുന്നു. ഡോ. സാംകുട്ടി പട്ടംകരിയാണ് രചയിതാവ്‌. ഏകമുഖമായ വേദിയിലല്ലാതെ പുതുമകൾ കോർത്താണ് സുരേഷ് ബാബു അടയാളങ്ങൾ അരങ്ങിലെത്തിക്കുന്നത്. പ്രശസ്‌ത നടി അജിതയുൾപ്പെടെ 26 അഭിനേതാക്കൾ. പ്രളയബാധിതരായ നാലുപേർ ഇതിലുണ്ട്‌. പിന്നണിയിൽ ശശി പൂക്കാട്‌ ഉൾപ്പെടെ പരിചയ സമ്പന്നരും.
പ്രധാന വാർത്തകൾ
 Top