10 August Monday

വസീം, ഇനി നീ വിളിച്ചാൽ എന്താണ്‌ പറയുക?

അഞ്‌ജലി ഗംഗ anjaliganga.p@gmail.comUpdated: Sunday Aug 25, 2019

പരിഷ്‌കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത അവസ്ഥയാണ്‌ കശ്‌മീരിൽ. ആശയവിനിമയ നിരോധനവും നിശാനിയമവും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നു. ഒരു രാത്രിക്കപ്പുറം ലോകത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയാൻ അവകാശമില്ലാത്തവർ... കുട്ടികളെ സ്‌കൂളിലേക്കയക്കാനും അവശ്യവസ്‌തുക്കൾ വാങ്ങാനും  സൈന്യം അനുവദിക്കുന്ന ഇടവേളകൾ വരെ കാത്തിരിക്കേണ്ടുന്ന ജനത. ലോകരാജ്യത്തിലെ ഭരണകൂടത്തിൽനിന്ന് താൻ ആദ്യമായാണ് ഇത്തരമൊരു നടപടി കാണുന്നതെന്നാണ്‌ യുഎൻ നിരീക്ഷകൻ ഡേവിഡ്‌ കേയ്‌ പറഞ്ഞത്. ഒരു പകലിൽ കശ്‌മീർ ജനതയിൽ നിന്നും തട്ടിപ്പറിച്ചെടുത്ത അവരുടെ ജീവിതം ഒരിക്കൽ തിരിച്ചുനല്‍കേണ്ടി വരും. എന്നാൽ അപ്പോഴേക്കും, നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതാണ്

 

കശ്‌മീരിൽ ബുർഹാൻ വാണി കൊല്ലപ്പെട്ടതിനെത്തുടർന്ന് അടിയന്തരാവസ്ഥ നിലനിൽക്കുന്ന സമയത്താണ് വസീമിനെ പരിചയപ്പെടുന്നത് (അയാളുടെ സുരക്ഷയെ കരുതി സ്ഥലവും വിവരങ്ങളും ഒഴിവാക്കുന്നു). അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന കശ്‌മീരിൽ തന്റെ വീട്ടുകാർ എങ്ങനെ ഇരിക്കുന്നു ഓർത്ത് ഭയപ്പാടോടെ ജീവിക്കുന്ന വസീമാണ് കശ്‌മീരിലെ അടിച്ചമർത്തലുകളെപ്പറ്റി പറഞ്ഞത്. പ്രശ്നങ്ങളില്ലാത്ത സമയത്തുപോലും തോക്കിൻ നിഴലിൽ ജീവിക്കുക, അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ വാറന്റില്ലാതെ വീട് പരിശോധിക്കുക,  ഫേക്ക് എൻകൗണ്ടറുകൾ,  ബലാത്സംഗങ്ങൾ...
 
തെരഞ്ഞെടുപ്പുകൾ കേവലം അധികാര മോഹങ്ങൾക്കായി ചുരുങ്ങുമ്പോൾ, താൽപ്പര്യമില്ലെങ്കിൽക്കൂടി ഗതികേടുകൊണ്ട് വോട്ട് ചെയ്യണ്ട അവസ്ഥ. പോളിങ്‌ ശതമാനം ഉയർന്നില്ലെങ്കിലുള്ള നാണക്കേടോർത്ത്‌ വൈദ്യുതിബന്ധം വിച്ഛേദിച്ചും റേഷൻ നിഷേധിച്ചും പ്രതികാരം ചെയ്യുന്നസർക്കാർ. അവസാനമില്ലാത്ത അടിച്ചമർത്തലുകളുടെ കഥയാണ് കശ്‌മീരിലെ ഓരോ മനുഷ്യനും പറയാനുള്ളത്. നിശാനിയമം നടപ്പാക്കാൻ പോകുന്നുവെന്നറിഞ്ഞാൽ കുറഞ്ഞത്‌ ആറു മാസത്തേക്കുള്ള അവശ്യസാധനങ്ങളാണ്‌ വാങ്ങിക്കൂട്ടുന്നത്‌. അത്ര ഭീകരമാണത്. നിലവിൽ കശ്‌മീരിൽ ആശയവിനിമയ സംവിധാനം നിലച്ചിട്ട് 18 ദിവസം.  ഇതുവരെ വസീമിന്‌ വീട്ടിലേക്ക്‌ വിളിക്കാനായിട്ടില്ല.   
 
പഠനത്തിനായി ദൂരസ്ഥലത്തു താമസിക്കുന്ന വസീമിന്‌ തിരിച്ചു നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിയില്ല. ഇനി വിളിക്കാൻ അവസരമുണ്ടായാൽ  കശ്‌മീർ ഒരു പലസ്‌തീൻ ആകുകയാണോ എന്ന ആശങ്കയാണോ വസീം ഒരിക്കൽക്കൂടി പങ്കുവയ്‌ക്കുക? ആർക്കറിയാം. 
 
വസീമിനെപ്പോലുള്ളവർ  നേരേന്ദ്ര മോഡിയിൽ നെതന്യാഹുവിന്റെ മുഖം കാണുന്നുണ്ടാകുമോ. ഉണ്ടാകും. കാരണം ഇന്ത്യയുടെയും ഇസ്രയേലിന്റെയും ഭരണാധികാരികൾക്ക്‌ സമാനതകളേറെയുണ്ട്‌. ഇരുവരും തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വക്താക്കൾ. കോർപറേറ്റുകളുടെ പ്രിയ തോഴരും. തീവ്രദേശീയതയും തീവ്രവംശീയതയും ഇരുവർക്കും പ്രിയപ്പെട്ടത്‌. നെതന്യാഹു തന്റെ ജൂത പാരമ്പര്യത്തിലാണ്‌ ഊറ്റം കൊള്ളുന്നതെങ്കിൽ മോഡിയുടെ ലക്ഷ്യം ഹിന്ദു ഏകീകരണം.
 
കശ്‌മീരിലെ സംഭവങ്ങൾ എത്രത്തോളം നാടകീയമായിരുന്നു. ആദ്യം ജമ്മുവിലെ സഖ്യസർക്കാർ  വഴിപിരിയുന്നു. തുടർന്ന്‌ ഗവർണർ ഭരണം. പിന്നീട്‌ അമർനാഥ്‌ തീർഥാടന പാതയിൽ വൻ ബോംബ്‌ ശേഖരം കണ്ടെത്തിയ വാർത്ത പുറത്തു വരുന്നു. ബോംബുകൾ പാകിസ്ഥാൻ നിർമിതമാണെന്നു പറയുന്നു. ഉടനടി എണ്ണായിരത്തിലേറെ സൈനികർ കശ്‌മീരിലേക്ക്‌. പിന്നാലെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭയും പാസാക്കുന്നു, രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നു. അത്ര എളുപ്പമാണ്‌ കാര്യങ്ങൾ. സയണിസ്റ്റുകൾ പലസ്‌തീനിൽ നടപ്പാക്കുന്നതിന്‌ തുല്യമായ ഒന്ന്‌.
 
കശ്‌മീരിൽ ഹിന്ദു കുടിയേറ്റം പ്രോത്സാഹിപ്പിക്കുക, അതുവഴി ലഹളകൾ അഴിച്ചുവിടുക.  മുസ്ലിംന്യൂനപക്ഷങ്ങളെ തുരത്തുക. ഈ ചെയ്‌തികൾ ചോദ്യം ചെയ്യുകയാണെങ്കിൽ ശാഖയിൽ പഠിപ്പിച്ച് കശ്‌മീരി പണ്ഡിറ്റുകളുടെ കദനകഥ മറുപടിയായി പറയുക. സയണിസ്റ്റുകൾ നടപ്പാക്കിയത് സമാനമായ കുതന്ത്രങ്ങളാണെന്നു പറയാൻ കാരണമുണ്ട്. ഇസ്രയേൽ അധിനിവേശ ഗോലാൻകുന്നിലും പലസ്‌തീൻ പ്രവിശ്യകളായ വെസ്റ്റ്‌ ബാങ്കിലും നബി സാലേഹിയിലും നടക്കുന്നത് സമാനമായ അടിച്ചമർത്തലാണ്.
 
വ്യാജ ഏറ്റുമുട്ടലുകൾ രണ്ടിടത്തുമുണ്ട്. അതുപോലെ അനുവാദമില്ലാതെ വീട്‌ പരിശോധിക്കുകയും തീവ്രവാദ ബന്ധമുണ്ടെന്ന്‌ കാണിച്ച്‌ വീട്‌ സീൽ ചെയ്‌ത്‌ നടുറോഡിൽ ഇറക്കിവിടുന്നതും രണ്ടിടത്തും പതിവ്‌. ഇവിടങ്ങളിൽ സിവിലിയൻ‐മിലിറ്ററി ഏറ്റുമുട്ടലുകളുമുണ്ട്‌. ഓരോ ദിവസവും ഇസ്രയേൽ പലസ്‌തീൻ അതിർത്തിയിൽ കുറഞ്ഞത്‌ രണ്ടു പലസ്‌തീൻ പൗരൻമാർ മരിച്ചു വീഴുന്നുണ്ടാകും. എന്നാൽ, അവരെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നില്ല. സൈന്യത്തിന്റെ ക്രൂരമായ  അടിച്ചമർത്തലിൽ  പ്രതിഷേധിക്കാനും ലോകരാഷ്‌ട്രങ്ങൾ തയ്യാറാകുന്നില്ല. കാരണം ലോകത്ത്‌ ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റിയയക്കുന്നത്‌ ഇസ്രയേലിൽ നിന്നാണ്‌. പലസ്‌തീനനുകൂലമായി ഐക്യരാഷ്‌ട്രസഭയിൽ വോട്ട്‌ ചെയ്യുന്ന രാജ്യത്തെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടാകും. മോഡി അധികാരത്തിലെത്തിയശേഷം ഇന്ത്യ ഐക്യരാഷ്‌ട്രസഭയിൽ ഇസ്രയേലിനനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതിനു  പിറകെയാണ് ഇന്ത്യ കശ്മീരിൽ ഇസ്രയേൽ മോഡൽ പരീക്ഷണം. 
 
ഇതിൽ കൂടുതൽ കശ്‌മീർ ജനത എന്താണ്‌ അനുഭവിക്കാനുള്ളത്‌. അത്രയേറെ അടിച്ചമർത്തിയിട്ടും വീണ്ടും ഉയിർത്തെഴുന്നേറ്റ്‌ വന്ന ജനതയാണ്‌ അവിടുത്തേത്. എണ്ണായിരത്തോളം പൗരന്മാരാണ് ജയിലുകളിലുള്ളത്. കശ്‌മീർ ഒരു സൂചനയാണ്, ഒറ്റ ദിവസംകൊണ്ട് ഭരണഘടന  തിരുത്താൻ കഴിയുന്ന ബിജെപിക്ക് നാളെ ഏത് സംസ്ഥാനത്തെയും അടിച്ചമർത്താൻ സാധിക്കും. അത് കേരളം ആകാം, അല്ലെങ്കിൽ തമിഴ്നാടാകാം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top