04 August Tuesday

കൊക്കരയുടെ താളം; ചാറ്റിന്റെ ഈണം

അഞ്‌ജന ഹരീഷ്‌ anjuharisreeparnam@gmail.comUpdated: Sunday Aug 25, 2019

മാധവൻ കാണി

മലയരയ മക്കളാണ് ഞങ്ങളെന്ന് അഭിമാനം കൊള്ളുന്ന ഒരു കൂട്ടരുണ്ട്‌ തിരുവനന്തപുരത്തെ അഗസ്‌ത്യമലയിൽ.  ജില്ലയിലെ പ്രധാന ആദിവാസി വിഭാഗമായ കാണിക്കാർ. കാണി എന്നാൽ ഭൂമി എന്നും കാരൻ എന്നാൽ ഉടമയെന്നും അർഥം. കാട്ടുകനികൾ ഭക്ഷിച്ചിരുന്ന, കെണികൾ ഉപയോഗിച്ച് മീനിനെയും എലികളെയും പിടിച്ചിരുന്ന, കാട്ടിൽനിന്ന്‌ കിട്ടുന്ന മിക്ക ജീവികളെയും പെരുച്ചാഴിയെപ്പോലും ഭക്ഷിച്ചിരുന്ന, മരത്തിനു മുകളിൽ കുടിലുകൾ നിർമിച്ച് മുള കൊണ്ടുള്ള പ്രത്യേക ഉപകരണം ഉരച്ച് തീയുണ്ടാക്കിയിരുന്ന, കാണിക്കാർ. 
കാണിക്കാരിലെ ഒരു കുടുംബ മൂപ്പനായ മാധവൻ കാണിയെത്തേടി ഒരിക്കൽ ചെന്നു, കല്ലാറിൽ. ആനയുടെ ചൂരുള്ള വഴിയിൽ വലിയ കല്ലുകളും പാറകളും മഞ്ഞിന്റെ തണുപ്പുള്ള കാറ്റും.  
 
 കാട്ടുവഴി അവസാനിച്ചത് ഇടമുമ്പറത്തെ മാധവൻ കാണിയുടെ വീട്ടുമുറ്റത്ത്‌. അമ്പലങ്ങളിൽ ചാറ്റ് നടത്തുന്ന, ബാധകളെ  ആട്ടിയകറ്റുന്ന, മാറാരോഗങ്ങളെ പടിക്കുപുറത്തു നിർത്തുന്ന മാധവൻ കാണി. സർക്കാർ സഹായത്താൽ കിട്ടിയ പണിതീരാത്ത വീടിനകത്തുനിന്ന്‌ ഏതോ ചാറ്റിന്റെ ഈണങ്ങൾ കാതിലെത്തുന്നപോലെ. ഏഴുവിളക്കുകൾ. ഒരു ചെമ്പുപാത്രത്തിൽ ഭസ്മവും ജപിച്ചു കെട്ടിട്ട കറുത്ത നൂലുകളും. പൂജാസാധനങ്ങൾ മറ്റൊരു വശത്ത്. കനലൊളിഞ്ഞുകിടക്കുന്ന ചാരം. രണ്ട് ശേഷക്കാർ വന്നിരുന്നു.  ചമ്രം പടിഞ്ഞിരുന്നു മാധവൻകാണി. 
"ഞങ്ങൾ ചെയ്യുന്ന മന്ത്രവാദമാണ് ചാറ്റ്. ശുദ്ധിവരുത്തൽ, ശുദ്ധികർമം ചെയ്യൽ എന്നൊക്കെ അർഥം. മലയരയ മക്കളാണ് ഞങ്ങൾ. ഞങ്ങൾക്ക് അഗസ്‌ത്യമുനിതന്ന വരമാണ് ചാറ്റ്. മുനിയാണ് ഞങ്ങൾക്ക് കൊക്കര തന്നത്.'  കൊക്കര എന്ന വാദ്യോപകരണം  ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. 
 
ചാറ്റ് ഒരുപാടുണ്ട് . തുടിച്ചാറ്റ് , കൊടുതിച്ചാറ്റ് , പിണിച്ചാറ്റ് , ചാവുപാട്ട് അമ്പലം ചാറ്റ്. ഞങ്ങൾക്ക് ഏറ്റവും പ്രധാനം പിണിച്ചാറ്റാണ്. എരുംപാട്ട് പാടിയാലേ എരും പിണി തീരൂ. അതായത് ദ്രോഹം ചെയ്യുന്ന മൂർത്തികളെ ആവാഹിച്ച് കൊണ്ടുവരും.  ശരീരത്തിൽ കയറിയ ബാധയെ ഒഴിപ്പിക്കാനാണിത്.  ബാധ തീർക്കേണ്ടവരെ മുന്നിലിരുത്തിയാണ്‌ കർമങ്ങൾ. ഒഴിഞ്ഞ ബാധയെ കലശത്തിൽ ആവാഹിച്ച് മൂടിക്കെട്ടി കുഴിച്ചിടും. വസ്‌തുതർക്കവും മറ്റും ഒഴിപ്പിക്കാനാണ് കരിങ്കാളിച്ചാറ്റ്. രണ്ടിനും വ്യത്യസ്‌ത താളം.  ചാറ്റ് പാടുന്ന പ്രധാനിയാണ്‌  പ്ലാത്തി. അവർ രണ്ടുവരി പാടും. ശിങ്കിടിക്കാർ ഏറ്റുപാടും. പിണിച്ചാറ്റിന് പതിനാല് തുമ്പിലയിൽ പതിനാല് പടുക്കയിടുമത്രെ. കൂടാതെ വിളക്ക്, നിറനാഴി, കമുകുൻപൂ, വെറ്റില, പാക്ക്, അവൽ, പൊരി, മഞ്ഞവെള്ളം, കോഴി, കുമ്പളങ്ങ ഇവയെല്ലാം വേണം. പടുക്കയിട്ട് ഗണോതി പ്രീതി നേടും. വാഴയില, കൂവയില, അവൽ എന്നിവ ജപിച്ചുവയ്‌ക്കുന്നതിനെയാണ് താളൂരി എന്നു പറയുക. ചാറ്റു പാട്ടുപാടി ശുദ്ധിവരുത്താനുള്ള അനുഗ്രഹവും അഗസ്‌ത്യമുനി കൊടുത്തതാണത്രെ. മാടൻ, മറുത, ചാമുണ്ഡി, യോഗീശ്വരൻ, പഗോതി, അരയ മുത്തൻ എന്നിവർ അവരുടെ ഉപാസനാ മൂർത്തികൾ. 
 
"നെത്തിനി പോണനേരം എന്തിമിനക്കിന് എന്തിനുമോ...' മാധവൻ കാണി പാടിത്തുടങ്ങി. 
മരിച്ചു പോയവരുടെ ആത്മാവിനെ ശുദ്ധി ചെയ്യാനും ജീവിച്ചിരിക്കുന്നവർക്ക് ഉപദ്രവമുണ്ടാക്കാതിരിക്കാനുമാണ് ചാവുപാട്ട്.
ശത്രുമാരണച്ചാറ്റിനെകുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം നിഷേധാർഥത്തിൽ തലയാട്ടി. "ഞങ്ങളത്‌ ചെയ്യില്ല. ആർക്കും ദ്രോഹം ചെയ്യാൻ ചാറ്റ് ഉപയോഗിക്കില്ല.  അപ്പനപ്പൂപ്പൻമാർ പറഞ്ഞുതന്ന നല്ല കാര്യങ്ങൾ മാത്രമേ ഞങ്ങൾ ചെയ്യൂ.  
 
 ശേഷക്കാരോട് വിളക്ക് കത്തിക്കാൻ പറഞ്ഞു അദ്ദേഹം. മൂന്നു വിളക്കിൽ തിരിയിട്ട് നിറയെ എണ്ണയൊഴിച്ച് കത്തിച്ചു. കുട്ടികളെ ഇരുവശത്തുമിരുത്തി. തുടർന്ന് കനംകുറഞ്ഞ കൊക്കര അവരുടെ കൈയിൽ എന്തോ മന്ത്രമുരുവിട്ടതിനുശേഷം നൽകി. കൂട്ടത്തിൽ വലിയ കൊക്കര അദ്ദേഹം കൈയിലെടുത്തു. പതുക്കെ എന്തോ അവ്യക്തമായ ഈണത്തിൽ ചൊല്ലിയശേഷം ഉറക്കെ പാടാൻ തുടങ്ങി. തമിഴു കലർന്ന വരികൾ. ഇടയ്‌ക്കിടെ കൊക്കര തറയിൽ ഇടിച്ചു. ചുറ്റുപാടും ശ്രദ്ധിക്കാതെ സ്വയം മറന്ന്‌ ചൊല്ലി. ചിലപ്പോൾ വളരെ പതിഞ്ഞ ശബ്ദത്തിൽ. ചിലപ്പോൾ വളരെയുറക്കെ. 
 
ചാറ്റ് നിർത്തി വീണ്ടും കഥ. ഏഴുകുളം കന്നിമാരുടെ കഥ, ഹനുമാൻ സേവകൊണ്ട് വൻ മരങ്ങളുടെ തുഞ്ചത്ത് കെട്ടിവച്ചിട്ടുള്ള പഴക്കുല ഹനുമാനെപ്പോലെ ചാടിക്കേറി സ്വന്തമാക്കുന്ന കഥ.
 
രാജാവിനെപ്പോലും മുട്ടുകുത്തിക്കാൻ പോന്ന മാന്ത്രികബലം കാണിക്കാരനുണ്ടായിരുന്നുവെന്ന് പഴങ്കഥ. കല്ല്യാണപ്പോരിന്റെ കഥ. തന്റെ വീട്ടിലെ ഒരു കല്യാണത്തിന് കാണി പ്രമുഖൻ വീരപ്പനരയൻ പാണ്ടിയിലെ പ്രമാണികളെ ക്ഷണിച്ചു. അവർ  ക്ഷണം തള്ളിയപ്പോൾ വീരപ്പനരയൻ കൂട്ടുകാരോട് കൽപ്പിച്ചു:
 
‘‘നമ്മുടെ നാട്ടിലെ വെള്ളം ചെന്നു പാണ്ടിയല്ലോ വിളയുന്നായേ 
കേക്കയെങ്കി കേക്കിനെടാം ചിറ്റരയാരാവുന്നവരേ 
നമ്മക്കിനിത്തന്നെയിപ്പോക്കല്ലന്ന യൊന്നുകെട്ടവേണം 
കോതയാറു പറളിയാറു മണിമുത്തു ചെമ്പരുന്തു
നാലാറു മുഖമടക്കി ക്കല്ലണമുഖം കെട്ടവേണം ''
 
പാണ്ടിക്കാർക്ക് കൃഷിക്ക് വെള്ളമില്ലാതാക്കാൻ അവർ ഒരു വലിയ കല്ലണ കെട്ടി. പിന്നെയും കുറെ വെള്ളം പാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അവിടത്തെ കാലമാടൻ എന്ന ദേവത തുള്ളി കരിമ്പാട്ടിയെന്നു പേരുള്ള വീരപ്പന്റെ സഹോദരിയെ ബലികൊടുക്കാമെങ്കിൽ അണ ശരിപ്പെടുമെന്ന് പറയുകയും അതിനു വഴിപ്പെട്ട് അന്ന് വള്ളിയൂരിൽ താമസിച്ചിരുന്ന ധീരയായ ആ യുവതി പ്രാണത്യാഗത്തിന് സന്നദ്ധയായി.  
 
കല്ലണയിൽ ചെന്ന്‌ വെള്ളത്തിലിറങ്ങി കരിമ്പാട്ടി നിന്നു. മല്ലമ്പി തല വീശി. അവൾ മരിച്ചു. കല്ലണയുടെ മുഖവുമടഞ്ഞു. ക്ഷണം നിരസിച്ച പാണ്ടിക്കാർ കുടിവെള്ളം കിട്ടാതെ വലഞ്ഞു. അവർ ആറ്റിങ്ങൽ തമ്പുരാനെച്ചെന്ന് മുഖംകാണിച്ച് സങ്കടമറിയിച്ചു. അവിടുന്ന് മാത്തക്കുട്ടിയെ അണ തുറപ്പിക്കാൻ അയച്ചു. വീരപ്പൻ കല്ലണയെ തട്ടിയെങ്കിൽ കല്ലുളി പോലെ എയ്‌തൊടുക്കാം ' എന്ന് ഗുണദോഷിച്ചിട്ടും അനുസരിക്കാത്ത ആ വലിയ പിള്ളയെ ആഭിചാര കർമംകൊണ്ട് കൊന്നു.
‘‘പത്തീരത്തീപ്പാഞ്ഞു പെട്ടേ മാത്തക്കുട്ടി വലിയ പിള്ള '' എന്ന് പാട്ട്  അവിടെ അവസാനിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റുപോലെ കൊക്കരയുടെ ഈണത്തിലലിഞ്ഞ് ഹൃദയത്തിലെവിടെയൊക്കെയോ താളം മുറുകുന്നത് കാടിറങ്ങിയപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top