10 August Monday

ഒരിക്കല്‍ മാത്രം കാണുന്നവര്‍

ബൃന്ദUpdated: Sunday Aug 25, 2019

ചിലരെ നമ്മൾ ജീവിതത്തിൽ ഒരിക്കൽ മാത്രമേ നേരിട്ടുകാണുകയുള്ളൂ. പിന്നെയും അവരെ കാണണമെന്നും ഒരുപാടു കഥകൾ ചോദിച്ചറിയണമെന്നും കരുതും. വഴികളിലൂടെയൊക്കെ ഒരിക്കൽക്കൂടി തിരികെ നടക്കണമെന്നും. നാളെയാകട്ടെ എന്നൊരു നീണ്ട വിചാരംകൊണ്ട് ദിവസങ്ങളെയും മാസങ്ങളെയും വർഷങ്ങളെയും വലിച്ചുനീട്ടും. പൊടുന്നനെ അവരുടെ മരണവാർത്ത കേൾക്കും. കഴിഞ്ഞദിവസംകൂടി മിണ്ടിയതല്ലേയുള്ളൂവെന്ന് അവിശ്വസനീയതയോടെ ഓർക്കും. ദൂരെ ഒരു നഗരം തനിച്ചാകും. ഇനി നമുക്കവിടെ ആരുമില്ല.  

‘പാലേരിയിൽ ഉണ്ണ്യേട്ടൻ കാത്തുനിന്നിരുന്നു’ എന്ന് ‘ജാനകിക്കാട്’എന്ന കഥയിൽ കുറിച്ചത് അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും ആതിഥ്യത്തിന്റെയും പൂമ്പൊടികൾ ഉള്ളിൽ നിറഞ്ഞതുകൊണ്ടാകാം. നാട്ടുകാരുടെയും  ഉണ്ണ്യേട്ടൻ. ഒരുനാൾ പനിയുടെ കൈപിടിച്ച് ആരോടും പറയാതെ പോയി. അവസാനത്തെ ഉറക്കത്തിന്റെ ചിത്രം സുഹൃത്തെനിക്ക് അയച്ചുതന്നു. അന്ന് ഞങ്ങളെല്ലാവരുമിരുന്ന് ഉച്ചഭക്ഷണം കഴിച്ച അതേ മുറി. 85 വർഷം മുമ്പത്തെ ഗ്രാമഫോണും 65 വർഷം മുമ്പത്തെ റേഡിയോയും നിധിപോലെ സൂക്ഷിച്ചിരുന്നു. ഇനി അതൊക്കെ?  
 
ഒരു മരണവീട്ടിൽവച്ചാണ് അച്ചോബിയെ കാണുന്നത്. മരണാനന്തരചടങ്ങ്‌ കഴിഞ്ഞ് തിരക്കൊഴിഞ്ഞ സന്ധ്യക്ക്‌. വെളിച്ചത്തിനു പുറംതിരിഞ്ഞുനിന്നതിനാൽ ഇരുട്ടിന്റെ നിഴൽ പടർന്ന രൂപം. വേഷം കൈലിയും പാകമാകാത്ത വലിയ ഷർട്ടും. രൂക്ഷമല്ലാത്ത മദ്യഗന്ധം. അച്ചോബി അസാധാരണ മനുഷ്യനായിരുന്നു. ചീഞ്ഞഴുകിയ ശവശരീരങ്ങളെ ഒരറപ്പുമില്ലാതെ വാരിയെടുത്തു. നിയമപാലകർക്കും സഹായി. ഏതുതരം മരണം നടന്നാലും ആദ്യം തിരക്കുന്നത് അയാളെ. അച്ചോബി ഒരുപിടി മണ്ണുവാരി എന്റെ നേർക്ക് ചൊരിഞ്ഞ് അനുഗ്രഹിച്ചു. അത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പ്രാക്തനമായ അനുഗ്രഹാശിസ്സുകളുടെ അർഥമറിയാതെ ഞാൻ ശിരസ്സു നമിച്ചു. ഏതോ ആദിമപ്രാർഥനയുടെ ഇളംകാറ്റ് എന്നിലൂടെ കടന്നുപോയി. ‘ജോസഫ് ജോസഫ് അഥവാ’ എന്ന കഥയിൽ അച്ചോബി അങ്ങനെ സ്ഥാനംപിടിച്ചു.
 
ഒരാളെ പാമ്പുകൊത്തുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. എലി പത്രോസ് എന്ന പാമ്പുപിടിത്തക്കാരന്റെ വീപ്പയിൽ ചുരുണ്ടുകൂടിയിരിക്കയായിരുന്നു അത്. കറുത്തുമെലിഞ്ഞ ആ സാധു മനുഷ്യൻ പ്രത്യേക രീതിയിൽ പെരുച്ചാഴികളെയും പിടിച്ചിരുന്നു. അത്ഭുതവും ഭയവും കലർന്ന വികാരത്തോടെയാണ് ആ മനുഷ്യനെ ഞങ്ങൾ നോക്കിക്കണ്ടത്.  ഒരു സന്ധ്യക്ക്‌ നാട്ടുകാർ എന്റെ അച്ഛച്ചന്റെ കടയ്‌ക്ക്‌ മുന്നിലുള്ള പാമ്പുപ്രദർശനം ആഹ്ലാദാരവങ്ങളോടെ കാണുകയായിരുന്നു. അച്ഛച്ചന്റെ സ്‌നേഹിതൻ വീപ്പയ്‌ക്കുള്ളിലേക്കു കൈചൂണ്ടി. ആ വിരലിൽ തന്നെ പാമ്പ് കൊത്തി. രക്തം ചീറ്റി. വല്ലാത്തൊരു ഭീതി. വീപ്പ മൂടിവച്ച് ഉരുട്ടിക്കൊണ്ട് പത്രോസ് ഇരുട്ടിലേക്ക്‌ മറഞ്ഞു. അങ്ങനെ വെറുക്കപ്പെട്ട പത്രോസ് ‘പുതിയ പത്രോസ്’ എന്ന കഥയിൽ ഞാനറിയാതെ കടന്നുവന്നു.
 
സർപ്പത്തെ ദേഹത്തോട് ചേർത്തുറക്കിയ പെൺകുട്ടിയെ എനിക്കറിയാം. രാവിലെ ഉണർന്നപ്പോൾ അവളുടെ മേനിയിൽ ഒരു തണുപ്പ്‌. കരിമൂർഖൻ മേനിച്ചൂടുപറ്റി കിടന്നുറങ്ങുകയാണ്. ഓടിക്കൂടിയവരൊക്കെ അതിനെ കൊല്ലാനൊരുങ്ങിയപ്പോൾ അവൾ തടഞ്ഞു. അത് ഇഴഞ്ഞുപോകുന്നത് അവൾ നോക്കിനിന്നു. തന്റെ ജീവൻ രക്ഷിച്ച ആ പെൺകുട്ടിയെ ആൺമൂർഖൻ പ്രണയിക്കുന്നുണ്ടാകുമോ? കനലാട്ടമാടുന്ന ആ പെൺകുട്ടി എനിക്ക് മാരിയമ്മയുടെയും മറ്റൊരുപാട് അത്ഭുത കഥകളും പറഞ്ഞുതന്നു. അവളെ ഞാനെന്റെ ‘പ്രകമ്പനങ്ങളിൽ’ ചേർത്തുവച്ചു.
 
അറിഞ്ഞും അറിയാതെയും എത്രയോപേർ പേരുമാറ്റിയും മാറ്റാതെയും പേരില്ലാതെയുമൊക്കെ കഥകളിൽ കൂടുവയ്‌ക്കുന്നു. കാഴ്‌ചയും കേൾവിയുമായി ഉള്ളിൽ നിറഞ്ഞ് വിട്ടുപോകാത്ത ഒരാത്മബന്ധം സൃഷ്ടിച്ച് കഥകളാകുന്നു. നനുത്ത സ്വപ്‌നമായി, നിഴലുകൾക്കിടയിലൂടെ വീഴുന്ന വെളിച്ചത്തുള്ളികളായി, കണ്ടുമറഞ്ഞ മുഖങ്ങളായി, മറവിയിലേക്കു മായ്ച്ചുകളയാൻ പറ്റാത്ത ചിലതൊക്കെയായി അവർ നിലകൊള്ളുന്നു. കവിതയിൽ തീരാത്തത് കഥയിൽ തീർത്തും അവിടെയും തീരാത്തത് ഓർമാക്ഷരങ്ങളിൽ പൊടിപ്പും തൊങ്ങലും വച്ചുചേർത്തും പിന്നെയും ബാക്കിയാകുന്നത് എവിടെ കോരിയൊഴിക്കും എന്നറിയാനാകാതെ അലഞ്ഞും കഥയില്ലാത്തവളായി ഞാൻ. 
 
ചില മനുഷ്യർ അവരറിയാതെ എന്നെ വന്നുതൊടും. ചിലർ ജീവിതം പറയും, മറ്റാർക്കുമറിയാത്ത പ്രണയരഹസ്യങ്ങൾ പങ്കുവയ്‌ക്കും, ഒന്നും ആരോടും പറയാതെ സൂക്ഷിക്കുമെന്ന വിശ്വാസം അവർക്കൊക്കെ ഉണ്ടാകുമായിരിക്കും. എന്നാൽ, ഞാനവരോടൊന്നും വിശ്വസ്‌തത പുലർത്തിയില്ല. ഒക്കെ ലോകത്തോട് വിളിച്ചുപറഞ്ഞു. പേരും നാടുമൊന്നും വെളിപ്പെടുത്താതിരിക്കാനുള്ള സന്മനസ്സ് എനിക്കുണ്ടായിരുന്നു! അതൊക്കെ ഞാനവരെ വായിച്ചുകേൾപ്പിച്ചു അനുവാദം വാങ്ങിയിരുന്നു. ‘രാത്രിയിലെ കടൽ’ എനിക്കു പരിചിതരും പ്രിയപ്പെട്ടവരും ഞാൻ തന്നെയും നിറഞ്ഞ ഓർമാനുഭവങ്ങളാണ്. അതിലെ ‘ഗീത’ ഈയിടെ എന്നെ വിളിച്ചു. ഒരു വിസ്‌മയം തരാം എന്നുപറഞ്ഞ്. വിവാഹത്തിന്റെ ഇരുപത്തൊന്നാം വർഷം  കുഞ്ഞു ജനിച്ചതിന്റെ സന്തോഷം അവർ പങ്കുവച്ചു 
 
‘പ്രണയമരത്തിന്റെ ഇലകളിലെ’ നായിക അയച്ച ഒരു കത്തും ഞാൻ സൂക്ഷിച്ചുവച്ചിരിക്കുന്നു. അരനൂറ്റാണ്ടോളമെത്തുന്ന പ്രണയത്തിന്റെ സൂക്ഷിപ്പുകാരി വിറയാർന്ന കൈപ്പടയിൽ സ്‌നേഹത്തിന്റെയും അനുരാഗ പരിഭവത്തിന്റെയും  അക്ഷരങ്ങൾ തന്നു. 
 
അതീവ സമ്പന്നതയിലും പിന്നിട് ഒരു ചെറിയ വാടകവീടിന്റ സങ്കടത്തിലും വളരെ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞ  മനുഷ്യനെ ഒരിക്കൽ  കാണാനിടയായി. ജനലിനോടു ചേർന്നുള്ള കിടക്കയിൽ ശയ്യാവലംബിയായിരുന്നു. ജനൽപ്പടിയിൽ  ഞണുങ്ങിയ സ്റ്റീൽ ഗ്ലാസിൽ കട്ടൻകാപ്പിയുടെ മട്ടി ഉണങ്ങിപ്പിടിച്ചിരുന്നു. കൊടുമുടിയുടെ മുകളിൽനിന്ന് പൊടുന്നനെ ഞാൻ നിപതിച്ചു. മനുഷ്യാവസ്ഥകളുടെ ദുർഗ്രഹപാതകൾ എനിക്കു പിടിതരാതലഞ്ഞു. അദ്ദേഹത്തെ പിന്നീട് ഒരു അനാഥാലയം ഏറ്റെടുത്തു. അവിടെനിന്നും അദ്ദേഹം ആകാശത്തിനപ്പുറത്തേക്ക് യാത്രയായി.  ഒരു കവിതയിൽ ഞണുങ്ങിയ ഗ്ലാസും കാപ്പിപ്പൊടിയുണക്കങ്ങളും കടന്നുവന്നു. 
 
എന്റെ രണ്ടു കൂട്ടുകാർ ഒരു വീട്ടിൽ വാടകയ്‌ക്കു താമസിച്ചിരുന്നു. ദുർമരണം നടന്ന വീട്ടിൽ പാർക്കാർ ധൈര്യം കാണിച്ചവർ. അവരെനിക്ക് വീടിന്റെ കഥ പറഞ്ഞുതന്നു.  അവിടെ വരാറുള്ള കറുമ്പൻ നായയുടെയും താപസ കൊക്കിന്റെയും  ദുർമരണം സംഭവിച്ചയാൾ ജീവനുള്ള കാലത്ത് വിശ്രമിക്കാറുള്ള ഇരുത്തിയുടെയും ചിത്രങ്ങൾ അയച്ചുതന്നു. കിണറ്റിൽ കാണപ്പെട്ട ഭീകരനായ കിണറാമയെക്കുറിച്ചും അതിർത്തി ചേരയെക്കുറിച്ചും പറഞ്ഞ് എന്നെ വിസ്മയപ്പെടുത്തി. അവരുടെ അതീന്ദ്രിയാനുഭവങ്ങളും മറ്റും കേട്ടുകേട്ട് വീടും ചുറ്റുപാടുമൊക്കെ ഉള്ളിൽ നിറഞ്ഞു. അവരുടെയത്ര ധൈര്യമില്ലാത്തതുകൊണ്ട് അവിടമൊക്കെ നേരിൽ കാണാനും കൂട്ടാക്കിയില്ല. പക്ഷേ, ആ വീടിന് ‘സ്വർണമല്ലിക’ എന്നുപേരിട്ട് അതിന്റെ കഥയെഴുതി. ഇനിയെനിക്ക് ധൈര്യമായി അവിടേക്ക് ചെല്ലാം. തന്റെ കഥയെഴുതിയ ആളെ ‘സ്വർണമല്ലിക’ തടയുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ലല്ലോ! 
ഇങ്ങനെയിങ്ങനെ മറ്റുള്ളവരിലും മറ്റുള്ളതിലും മുഖംചേർക്കുന്നതുകൊണ്ടാകും ഞാൻ എന്നെ കാണാത്തത്. കണ്ടിട്ടും കണ്ടില്ലെന്നു കരുതാൻ കരുത്താകുന്നത്. അക്ഷരങ്ങൾ കൊണ്ടൊരു ഗേഹം പണിത് അന്യഗ്രഹവാസിയെന്നപ്പോലെ  കഴിയുന്നത്, എന്നിൽനിന്നും ഒളിച്ചോടുന്നത്, എന്റെ ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, സ്വപ്‌നങ്ങളെയൊക്കെ മറക്കുന്നത്. ചിലപ്പോൾ തോന്നാറുണ്ട് ഒരു ഗർത്തത്തിന്റെ മുനമ്പിൽനിന്ന് ജീവിതത്തെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ് ഞാനെന്ന്. അല്ലെങ്കിൽ ഒരു മലവെള്ളപ്പാച്ചിലിൽപ്പെട്ട് പിടിവള്ളികളില്ലാത്ത ഒഴുക്കിൽ കുത്തിയൊലിച്ചുപോകുകയാണ് ഞാനെന്ന്. സത്യം. എന്റെ കഥ ഞാൻ എഴുതിയിട്ടില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top