09 August Tuesday

ഒറ്റക്കൊലുസ്സിന്റെ ചന്തം

സുഷമ ബിന്ദുUpdated: Sunday Mar 25, 2018

എനിക്ക് കൊലുസ്സുകൾ ഉണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരികൾ കൊലുസ്സ് കിലുക്കി ചിത്രശലഭങ്ങളെപ്പോലെ പറന്നുനടന്നപ്പോൾ, ഞാൻ ഭൂമിയിൽ അറിയാതെ വന്നുപെട്ടയൊന്നിന്റെ ജാള്യത്തോടെ തലകുനിച്ച് നടന്നു. വിഷാദാത്മകമായൊരു നിശ്ചലതയായിരുന്നു ഞാൻ. പാടവരമ്പിലൂടെ, പുഴക്കരയിലൂടെ, വിജനമായ ഇടവഴിയിലൂെടയെല്ലാമുള്ള ഒറ്റയ്ക്കുള്ള നടത്തങ്ങളിൽ ഞാൻ എന്നോടുതന്നെ ഉച്ചത്തിൽ സംസാരിച്ചു. ആരും കാണാനില്ലെന്നുറപ്പുവരുത്തി എനിക്കുമാത്രം മനസ്സിലാകുന്ന മുദ്രകളോടെ നൃത്തംവച്ചു. ആരോഗ്യം കുറഞ്ഞ നിത്യരോഗിയായ എന്നെ നോക്കി ഏതു മുത്തിത്തള്ളയുടെ ജീവനാണ് ഇതിനിട്ടിരിക്കുന്നത് എന്ന് അച്ഛമ്മ വേവലാതിപ്പെട്ടു.

 വീട്ടിലൊരു നീലനിറമുള്ള പ്ലാസ്റ്റിക് ഡപ്പിയുണ്ടായിരുന്നു. കറുത്ത അടപ്പുള്ളത്. വെള്ളിയരഞ്ഞാണത്തിന്റെ കഷണങ്ങൾ, ചളുങ്ങിയ ഏലസ്സുകൾ (അത് തൊടാൻ എനിക്ക് പേടിയായിരുന്നു), നേർച്ചയിടാൻ ഉഴിഞ്ഞുവച്ച നാണയങ്ങൾ, നിറംമങ്ങി കറുത്തുപോയ ഒരൊറ്റക്കൊലുസ്സ് എന്നിവയെല്ലാമായിരുന്നു അതിൽ. വീട്ടിൽ തനിച്ചാകുമ്പോൾ ഞാൻ ആ പാത്രം തുറക്കും. നിറം മങ്ങിയ കൊലുസ്സെടുത്ത് ചന്തംനോക്കും. ഒറ്റക്കാലിൽ അതിട്ട് നടന്നുനോക്കും. അതിന് കിലുക്കമുണ്ടായിരുന്നില്ല. ആരോ ഉപയോഗിച്ചുപേക്ഷിച്ച അതിന്റെ മുത്തുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു. ശേഷിച്ച ചിലത് ചളുങ്ങി കിലുങ്ങാതെയായിരുന്നു. എങ്കിലും ഏകാന്തതയിൽ അതിട്ടുനടക്കുമ്പോൾ എന്റെ മനസ്സിൽ എണ്ണമറ്റ വെള്ളിക്കൊലുസ്സുകൾ ഒന്നിച്ചുകിലുങ്ങി
കരിമ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു എന്റേത്. നിറയെ കരിമ്പനകളുള്ള, ചെത്തുതൊഴിലാളിക്കുടുംബങ്ങൾ താമസിക്കുന്ന ഒരിടം. കരിമ്പനപ്പട്ടകൾ കാറ്റിലുരയുമ്പോഴുള്ള ശബ്ദമായിരുന്നു എന്റെ ജീവിതത്തിന്റെ പശ്ചാത്തലസംഗീതം. 
പറമ്പുനിറയെ മൂച്ചിയും പറങ്കിമൂച്ചിയും. വീടിനു ചുറ്റുമുള്ള തൊടിയിൽ നിറയെ ദൈവങ്ങൾ. കരിങ്കുട്ടി, തെക്കൻ പറങ്ങോടൻ, പറക്കുട്ടി, മീൻകൊളത്തി, ഭുവനേശ്വരി എന്നിങ്ങനെ. വെളുത്തംകാവിൽ നാഗങ്ങൾ. അലറിമരത്തിന് ചാരിവച്ച പറക്കുട്ടിയുടെ മുടിങ്കോൽ എനിക്കെന്നും പേടിയായിരുന്നു. രക്ഷകത്വത്തേക്കാൾ സംഹാരശേഷിയാണ് അവരെക്കുറിച്ചുള്ള ചർച്ചയിലെല്ലാം മുന്നിട്ടുനിന്നത്. വേനലവധികളിലെ ഉച്ചയലച്ചിലുകളിൽ മിത്രങ്ങളായും ശത്രുക്കളായും അവരെന്റെ കൂടെനടന്നു. പാവാടക്കുമ്പിളിൽ പെറുക്കിയെടുത്ത അലറിപ്പൂക്കൾ ഞാനവർക്കുമുമ്പിൽ വച്ചു. ഏറ്റവും പ്രിയപ്പെട്ട പേരില്ലാത്ത എന്തോ ഒന്നിനുവേണ്ടി പ്രാർഥിച്ചു. യാദൃച്ഛികമായി കിട്ടുന്ന പ്രിയമുള്ളൊരു സമ്മാനം എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. 
കുട്ടിക്കാലത്ത് കേട്ട ഏറ്റവും മനോഹരമായ സംഗീതം കരിമ്പനപ്പട്ടമേഞ്ഞ മേൽക്കൂരയിൽ മഴപെയ്യുമ്പോഴുള്ള ശബ്ദമായിരുന്നു. എം എം സചീന്ദ്രന്റെ 'കണ്ടിട്ടുണ്ടോ പെരുമഴ' എന്ന കവിത കേൾക്കുമ്പോഴൊക്കെ സങ്കടം നുരയും. ആ കവിതയിൽ എന്റെ ജീവിതമുണ്ട്, വീടുണ്ട്, അച്ഛനമ്മമാരുണ്ട്. ആത്മവിശ്വാസക്കുറവുള്ള കുട്ടിയായിരുന്നു ഞാൻ. അതിനെ മിറകടക്കാനുള്ള ശിക്ഷണം തരാനൊന്നും സാധാരണക്കാരായ അച്ഛനമ്മമാർ ശ്രദ്ധിച്ചതുമില്ല. അവർ നിരന്തരം ജീവിതത്തോട് മല്ലടിച്ചു. 
പുസ്തകങ്ങൾ പണംകൊടുത്ത് വാങ്ങുന്ന പതിവുണ്ടായിരുന്നില്ല. വീടിനടുത്ത് വായനശാലകളുമില്ലായിരുന്നു. കിട്ടിയതൊക്കെ വായിച്ചു. അച്ഛന്റെ അനിയനാണ് പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നത്. അറേബ്യൻ രാത്രികളും ഈസോപ്പു കഥകളും പഞ്ചതന്ത്രവുമൊക്കെ വായിച്ചു.  ഗന്ധരാജനും മുല്ലയും വിടർന്ന അവധിക്കാലത്തിന്റെ മണമുള്ള രാത്രികളിൽ ചാണകം മെഴുകിയ മുറ്റത്തിരുന്ന് ഞങ്ങൾ കഥകൾ ചർച്ചചെയ്തു. പുരാണേതിഹാസകഥകൾ പറഞ്ഞുതന്നിരുന്നത് അച്ഛമ്മയാണ്. സ്വർഗനരകങ്ങളെക്കുറിച്ചുള്ള കഥകൾ എന്നെ വല്ലാതെ പേടിപ്പിച്ചു. 
 സ്വന്തമായി കിട്ടിയ ആദ്യപുസ്തകം ഇടശ്ശേരിയുടേതാണ്: പുത്തൻകലവും അരിവാളും പൂതപ്പാട്ടും. പിന്നീട് തിരുനല്ലൂരിന്റെ റാണി. ഉഷ്ണിക്കുന്ന വേനലവധികളിൽ ധമനികളിൽ അക്ഷരത്തിന്റെ ലഹരിയായിരുന്നു. ഇതിനിടയിൽ നിറയെ കവിതകളെഴുതി രഹസ്യമായി സൂക്ഷിച്ചുപോന്നു. പരിമിതമായ സൗകര്യങ്ങളുള്ള വീട്ടിൽ ഈ തൊണ്ടിമുതൽ ആരും കാണാതെ സൂക്ഷിക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു മാസികയ്ക്ക് കവിത അയക്കുന്നത്. ആ മാസിക നിന്നുപോയതുകൊണ്ട് എന്റെ കവിത ചുവന്നമഷിയിൽ വെട്ടും തിരുത്തുമുള്ള കവറിൽ മടങ്ങിവന്നു. കള്ളത്തരങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു. കവിതയെഴുതുന്നതിന് വീട്ടിൽ വിലക്കുണ്ടായിരുന്നില്ല. എങ്കിലും എന്റെ ജാള്യം പിന്നീട് കവിത അയക്കാൻ അനുവദിച്ചില്ല. 
എന്റെ ഓർമയിൽ ഞാനാദ്യമായി കൊലുസ്സണിയുന്നത് വിവാഹദിവസമാണ്. സ്വർണത്തിൽ പണിയിച്ച അതിന് കിലുക്കമുണ്ടായിരുന്നില്ല. വിവാഹശേഷം എന്റെ കൂട്ടുകാരൻ നിറയെ കിലുങ്ങുന്ന മണികളുള്ള വെള്ളിക്കൊലുസ്സ് വാങ്ങിച്ചുതന്നു. ഞാനൊളിച്ചുവച്ച കിലുക്കങ്ങൾ ഓരോന്നായി പെറുക്കി പുറത്തിട്ടു. എന്റെ രഹസ്യശേഖരങ്ങളിൽ അതിക്രമിച്ചുകടന്ന് കവിതകൾ എടുത്ത് വെളിച്ചംകാണിച്ചു. തെച്ചിപ്പൂക്കളാണ് അച്ചടിച്ചുവന്ന ആദ്യകവിത. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന സങ്കടങ്ങളെക്കുറിച്ചായിരുന്നു ആദ്യകവിതകളെല്ലാം.
ബസിൽ പരിചയപ്പെട്ട ഒരു ടീച്ചർ അവരുടെ ദാമ്പത്യത്തെക്കുറിച്ച് പറഞ്ഞു. തീർത്തും അപരിചിതരായിരുന്നു ഞങ്ങൾ. അവരെന്റെ മുമ്പിൽ സങ്കടമായി കുത്തിയൊലിച്ചു. വിവാഹം കഴിഞ്ഞ് 11 വർഷമായിട്ടും കന്യകയായി തുടരുന്നവൾ. ഭർത്താവ് അയാളുടെ ശാരീരികപരിമിതിയിലുള്ള അപകർഷബോധം മറച്ചുവയ്ക്കാൻ അവരെ നിരന്തരം ഉപദ്രവിച്ചു. അവരുടെ ശരീരം മുഴുവൻ അടിച്ചതിന്റെയും ഇടിച്ചതിന്റെയും വടുക്കളാണ്. ലോകത്തുള്ള പുരുഷന്മാർ മുഴുവൻ അവളുടെ ജാരന്മാരാണയാൾക്ക്. ശരീരതൃഷ്ണകൾ ശമിപ്പിക്കാൻ അവൾ മറ്റാരെയെങ്കിലും സമീപിക്കുമോ എന്നാണയാളുടെ ഭയം. ചിലപ്പോൾ കഠിനമായി ഉപദ്രവിക്കുന്നു. മറ്റു ചിലപ്പോൾ കരഞ്ഞ് യാചിക്കുന്നു. ബന്ധം ഉപേക്ഷിച്ചുകൂടേ എന്ന ചോദ്യത്തിന്, സാധിക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. ഇതുപോലെ ഇനിയുമെത്രയോ ദാമ്പത്യങ്ങൾ. വർഷങ്ങളായി ഇരുമുറികളിൽ പാർപ്പുറപ്പിച്ചവർ. ഒരേ വീടിനകത്തുനിന്നുകൊണ്ടുതന്നെ വെവ്വേറെ ഇണകളെ സ്വീകരിച്ചവർ. ഈ അനുഭവങ്ങളിൽനിന്നാണ് മണ്ണാങ്കട്ടയും കരിയിലയും, മോഹൻദാസും സിദ്ധാർഥനും, മൺകോലങ്ങൾ, കനം, ഒരുമ്പെട്ടോൾ എന്നീ കവിതകൾ ഉണ്ടാകുന്നത്. 
മരിച്ചുപോയ കുട്ടികളേക്കാൾ എനിക്ക് സങ്കടം തോന്നാറുള്ളത് കാണാതായവരെ ഓർത്താണ്. ശിഷ്ടജീവിതത്തിൽ നരകിച്ചുജീവിക്കേണ്ടിവന്നേക്കാവുന്ന അവരുടെ ഗതികേടിനെ ഓർത്താണ്. നിരാലംബമായ അവരുടെ കുഞ്ഞിക്കണ്ണുകൾ എന്നെ സദാ പിന്തുടരാറുണ്ട്. അത്തരത്തിൽ ഒരു അനുഭവത്തിൽനിന്നുണ്ടായ കവിതയാണ് പടിയിറങ്ങിപ്പോയവർ. കവിത എനിക്ക് നന്മതിന്മകൾ വേറിട്ടുകാണാനുള്ള കണ്ണുതന്നു. ഒരിടത്തിരുന്നുകൊണ്ടുതന്നെ വ്യത്യസ്ത ഋതുക്കളനുഭവിക്കാനുള്ള സ്പർശഗ്രാഹികൾ തന്നു. മനുഷ്യസങ്കടങ്ങളുടെ സൂക്ഷ്മശബ്ദങ്ങൾ ശ്രവിക്കാനുള്ള കാതുതന്നു.  ഇപ്പോൾ ഓരോ കാൽവയ്പിലുമുള്ള എന്റെ കിലുക്കങ്ങൾ എനിക്കുതന്നെ നന്നായി കേൾക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top