23 January Wednesday

സങ്കടമോചനത്തിന്‌ ഒരു പാഠപുസ്‌തകം

സജയ്‌ കെ വിUpdated: Sunday Jun 24, 2018

 ലോകമെമ്പാടും വായനക്കാരുള്ള വിയറ്റ്‌നാമീസ്‌ സെൻ ബുദ്ധിസ്റ്റും എഴുത്തുകാരനുമാണ്‌ തിച്ച്‌ നാത്ത്‌ ഹാൻ. കപടമായ ആത്മീയ ഗൗരവമോ പാണ്ഡിത്യത്തിന്റെ ഭാരമോ അല്ല അദ്ദേഹത്തിന്റെ വാക്കുകളെ അപാരമായ സാന്ത്വനം പകരുന്ന ഗുരുവിന്റെ മൊഴികളാക്കി മാറ്റുന്നത്‌. ലളിതമായ വാക്യങ്ങളിലൂടെ സെൻ ബുദ്ധിസത്തിന്റെ പാഠങ്ങളെ, മനുഷ്യജീവിതത്തെ ധ്യാനാത്മകവും സാന്ദ്രവുമാക്കുന്ന ഊർജമായി പരിവർത്തിപ്പിക്കുകയാണ്‌ ഈ ധ്യാനബുദ്ധമതാചാര്യൻ. തന്റെ പുതിയ പുസ്‌തകമായ ‘ചെളിയില്ലാതെ താമരയില്ല’(ചീ ങൌറ, ചീ ഘീൌ) എന്ന ചെറുഗ്രന്ഥത്തിലും അദ്ദേഹം അതാണ്‌ ചെയ്യുന്നത്‌. മനുഷ്യാനുഭവത്തിന്റെ കേന്ദ്രസത്തയായ ദുഃഖത്തെ നേരിട്ടു സംബോധനചെയ്യുന്ന ഒരേയൊരു ദർശനസംഹിതയേ നിലവിലുള്ളൂ; അത്‌ ബുദ്ധചിന്തയാണ്‌. 

തന്റെ പുസ്‌തകത്തിൽ തിച്ച്‌ നാത്ത്‌ ഹാൻ ദുഃഖത്തെയാണ്‌, വൃഷ്ടിയുടെയും സമഷ്ടിയുടെയും അനുഭവമെന്ന നിലയിൽ, വിശകലനംചെയ്യുന്നത‌്. ദുഃഖത്തിൽനിന്നും ദുരിതത്തിൽനിന്നും ജീവിത തിക്തതകളിൽനിന്നും ഒളിച്ചോടുകയല്ല, ഒരിക്കലും അതിനെ മറികടക്കാനുള്ള മാർഗം എന്ന പ്രാഥമിക പാഠത്തിൽനിന്നാണ്‌ ഹാൻ തന്റെ സങ്കടവിചാരങ്ങൾക്ക്‌ തുടക്കമിടുന്നത്‌. അതിനദ്ദേഹം താമരയുടെയും ചെളിയുടെയും ലളിതമായ ദൃഷ്ടാന്തത്തെ കൂട്ടുപിടിക്കുന്നു. ചെളിയിൽനിന്നാണ്‌ താമര എന്ന പോലെ, വിരൂപമായ സങ്കടങ്ങളുടെ അടിച്ചേറ്റിൽനിന്നല്ലാതെ സന്തോഷത്തിന്റെ മനോജ്ഞ പുഷ്‌പം വിരിയാറില്ല എന്ന്‌ തിച്ച്‌ നാത്ത്‌ ഹാൻ കണ്ടെത്തുന്നു; വിരിഞ്ഞു നിൽക്കുന്ന താമരപ്പൂവിൽ അതുൾക്കൊണ്ട മഴയുടെയും മേഘത്തിന്റെയും വെളിച്ചത്തിന്റെയും സത്ത ഉൾച്ചേർന്നിരിക്കുന്നു എന്നും. സങ്കടത്തോടൊപ്പം എപ്പോഴും സന്തോഷമുണ്ട്‌; മറിച്ചും. ദുഃഖം എന്ന അനിവാര്യാനുഭവത്തെ സന്തോഷം എന്ന അഭിമതസത്തയായി പരിവർത്തിപ്പിക്കാനുള്ള സൗമ്യശിക്ഷണമാണ്‌ ഗ്രന്ഥകാരൻ നൽകുന്നത്‌. 
 
ദുഃഖത്തെ അചഞ്ചലമായി, ധ്യാനാത്മകമായി നിരീക്ഷിക്കുക; അതിന്റെ ഉൺമയെ അംഗീകരിക്കുക എന്നദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യുന്ന വ്യക്തി ദുഃഖം തന്നിലെന്നപോലെ അന്യരിലും തുല്യ അളവിലോ കൂടിയ അളവിലോ കുടിയിരിക്കുന്നു എന്നു മനസ്സിലാക്കും. ഈ തിരിച്ചറിവ്‌ വ്യക്തിയെ കരുണാമയനും വർധിച്ച ധാരണാശക്തിയുള്ളവനുമാക്കി മാറ്റും. കരുണയുടെയും ധാരണയുടെയും അഭാവത്തിലാണ്‌ ദുഃഖം, ഭാരിച്ച ഒരു യാതനാനുഭവമായി മാറുന്നത്‌. കരുണയോടെ, അനുഭാവപൂർവം കേൾക്കുക‐ ആദ്യം തന്റെതന്നെ ആന്തരിക രോദനങ്ങളെ, പിന്നീട്‌ മറ്റുള്ളവരുടെ. ഇങ്ങനെ പോകുന്നു, തിച്ച്‌ നാത്ത്‌ ഹാൻ നൽകുന്ന സങ്കടമോചനത്തിനുള്ള പാഠങ്ങൾ. 
നടപ്പും ഇരിപ്പും ശ്വസനവുമെല്ലാം ധ്യാനമാർഗങ്ങളാണെന്ന്‌ തിച്ച്‌ നാത്ത്‌ ഹാൻ പറയുന്നു. ആഹ്ലാദപൂർവം ശ്വസിക്കുക, ആഹ്ലാദപൂർവം നിശ്വസിക്കുക. ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദമാണ്‌ ശ്വസിക്കുന്നതിന്റെ ആഹ്ലാദം. ഇപ്പോൾ ഇവിടെ ആയിരിക്കുന്നതിലെ നിറഞ്ഞ സന്തുഷ്ടിയാണത്‌. നടക്കുമ്പോൾ ധ്യാനപൂർവം അതിൽമാത്രം ലയിച്ചുകൊണ്ടു നടക്കുക. ഇരിക്കുമ്പോഴും അങ്ങനെതന്നെ ചെയ്യുക. അപ്പോൾ  ജീവിതം ആനന്ദപൂർണമാകും. 
നാലു പശുക്കളുണ്ടായിരുന്ന, നാലിനെയും നഷ്ടപ്പെട്ടതിനാൽ വേവലാതി പൂണ്ടോടുന്ന, ഒരു കർഷകന്റെ കഥ ഈ പുസ്‌തകത്തിലൊരിടത്തു വായിക്കാം. ശിഷ്യരോടൊത്തിരുന്ന ബുദ്ധന്റെ മുന്നിലാണ്‌ അയാൾ ചെന്നുപെട്ടത്‌. അയാൾ പോയിക്കഴിഞ്ഞപ്പോൾ ബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട്‌, തന്റെ ശിഷ്യരോടായി പറഞ്ഞു, ‘നമുക്ക്‌ നഷ്ടപ്പെടാൻ പശുക്കളില്ല. അതുകൊണ്ട്‌ ദുഃഖവുമില്ല.’ നഷ്ടപ്പെടലും നഷ്ടപ്പെടാനിടയുള്ളവയോടുള്ള ആസക്തിയുമാാണ്‌ ദുഃഖകാരണം എന്ന്‌ നിച്ച്‌ നാത്ത്‌ ഹാൻ പറയുന്നു. ഓരോ ആഹ്ലാദകാരണവും ഓരോ ദുഃഖകാരണംകൂടിയാണ്‌. എന്തുകൊണ്ടെന്നാൽ അവയുടെ നഷ്ടം ദുഃഖം സമ്മാനിക്കുന്നു. അതിനാൽ നഷ്ടപ്പെടലിന്റെ കല അഭ്യസിക്കുക, സന്തോഷം കൊണ്ടുവരുന്നവയോടുള്ള ഇഴുകിപ്പിടിച്ച ഇഷ്ടം ഉപേക്ഷിക്കുക എന്ന്‌ ഈ സെൻ ഗുരു ഉപദേശിക്കുന്നു. ബുദ്ധ ദർശനത്തോടുള്ള ഗാഢമായ അടുപ്പം കാരണമാകാം, ‘എന്റെ പ്രമാണം’ എന്നു പേരിട്ട ഒരപൂർണകവിതയിൽ കുമാരനാശാനും ഇതേ വിചാരഗതിയവലംബിക്കുന്നുണ്ട്‌. 
‘മോഹം കുറയ്‌ക്ക സുഖദങ്ങളി, ലേവരേയും 
സ്‌നേഹിക്ക, യാമ്പൽനിരയെക്കുളിർ തിങ്കൾ പോലെ!’ എന്ന്‌ ആശാൻ എഴുതുന്നു. 
ഏവരെയും സ്‌നേഹിക്കുക, എല്ലാവരോടും കരുണയുള്ളവരായിരിക്കുക എന്നത്‌ തിച്ച്‌ നാത്ത്‌ ഹാനിന്റെ ബുദ്ധമാർഗത്തിന്റെയും അടിസ്ഥാന പ്രമാണം.  സന്തോഷം‌ വ്യക്തിയിൽ ഒതുങ്ങിയാൽമാത്രം പോരാ. അത്‌ ഉറ്റവരിലേക്കും തുടർന്ന്‌ സകല മനുഷ്യരിലേക്കും വ്യാപിക്കണം. ദുഃഖനിവാരണം എന്നത്‌ ഒരു മനുഷ്യദൗത്യമാണ്‌; നമ്മിലുള്ള ബുദ്ധത്വത്തെ വെളിപ്പെടുത്താനുള്ള മാർഗവുമാണത്‌. സന്തുഷ്ടനായ മനുഷ്യനാണ്‌ മറ്റുള്ളവർക്കും സന്തോഷം പകരുന്നത്‌. ധ്യാനത്തിലൂടെയും മനനത്തിലൂടെയും കരുണയിലൂടെയും ദുഃഖം കുറച്ച്‌ ആനന്ദം വളർത്തുക, തന്റെയും മറ്റുള്ളവരുടെയും, എന്നതാകുന്നു അതിനാൽ തന്റെ ചെറുപുസ്‌തകത്തിലൂടെ തിച്ച്‌ നാത്ത്‌ ഹാനിന്‌ വായനക്കാരോട്‌  പറയാനുള്ളത്‌. അതുതന്നെയാണ്‌ മനുഷ്യനോട്‌ സ്വയം ഒരു താമരപ്പൂവായി വിരിയാനാവശ്യപ്പെടുന്ന, സൗമ്യസൂക്തങ്ങളുടെ സമാഹാരമായ ഈ പുസ്‌തകത്തിന്റെ പ്രസക്തിയും. സമകാലീനലോകം ആവശ്യപ്പെടുന്ന സരളവും പ്രായോഗികവുമായ ബുദ്ധത്വമാണ്‌ തിച്ച്‌ നാത്ത്‌ ഹാനിന്റേത്‌. പുസ്‌തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആ ചൈതന്യം ലോകത്തിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ട്‌ അദ്ദേഹമിപ്പോൾ തെക്കു പടിഞ്ഞാറേ ഫ്രാൻസിലെ ‘പ്ലം വില്ലേജ്‌’  എന്ന ഹൈക്കു കവിത പോലെ മനോഹരമായ പേരുള്ള പ്രദേശത്തു താമസിക്കുന്നു. 2014ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ചെളിയില്ലാതെ താമരയില്ല’ എന്ന പുസ്‌തകം ഇക്കഴിഞ്ഞ വർഷമാണ്‌ ഇന്ത്യയിലെത്തിയത്‌. ഇന്ത്യൻ പ്രസാധകർ രൂപ പബ്ലിക്കേഷൻസ്‌.
പ്രധാന വാർത്തകൾ
 Top