23 April Tuesday

പൂത്തുലഞ്ഞ സർഗാത്മകതയുടെ 80 വർഷം

ഡോ.എം എൻ വിനയകുമാർUpdated: Sunday Jun 24, 2018

 പല കാലങ്ങളിൽ, പല ദേശങ്ങളിൽ സാമ്രാജ്യത്വത്തിനും  വർഗീയതയ‌്ക്കും എതിരെയുള്ള ഇടതുപക്ഷമുന്നേറ്റങ്ങൾക്ക് ശക്തി പകന്ന വ്യക്തികളും അവരുടെ പോരാട്ടങ്ങളും ഇടതുപക്ഷ സാംസ‌്കാരിക പ്രവർത്തകരെ സദാ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ‌്. രാജ്യത്തെ ഇടതുപക്ഷ സാംസ‌്കാരിക പ്രവർത്തനത്തിന‌് ദിശാബോധം നൽകിയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ രൂപീകരണവും അതിന‌് വിത്തുപാകിയവരും പതിറ്റാണ്ടുകൾക്കുശേഷവും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.   എട്ട‌് പതിറ്റാണ്ടു പിന്നിട്ട ഇന്ത്യൻ പുരോഗമന പ്രസ്ഥാനത്തിന്റെ  പ്രോജ്വലമായ ചരിത്രം ഭംഗിയോടെ ചിത്രസഹിതം ആവിഷ‌്കരിച്ച കല, പ്രതിരോധം, പ്രത്യാശ എന്ന പുസ‌്തകം ഈയവസരത്തിൽ  സവിശേഷമായ ശ്രദ്ധയർഹിക്കുന്നു. പൂത്തുലഞ്ഞ സർഗാത്മകതകൊണ്ട‌് വർഗീയതയെയും സാമ്രാജ്യത്വത്തെയും എതിർത്ത പൂർവസൂരികളുടെ ഓർമകൾ സാംസ‌്കാരികപ്രവർത്തകരുടെ ജാഗ്രതയ‌്ക്ക‌് മൂർച്ച കൂട്ടാൻ ഉതകുമെന്ന‌ുറപ്പ‌്. 

വായനയ‌്‌ക്കൊപ്പമോ  അതിലധികമോ കാഴ‌്ചയ‌്ക്ക‌്  പ്രാധാന്യം നൽകുന്ന ഈ പുസ‌്തകം   കവിയായ പി സലിംരാജാണ് തയ്യാറാക്കിയത‌്.  പ്രസാധനം നിർവഹിച്ചത‌്  സമത. 
ചിത്തപ്രസാദ് രൂപപ്പെടുത്തിയ ഇപ്റ്റയുടെ ലോഗോയോടുകൂടിയാണ് പുസ്തകം ആരംഭിക്കുന്നത്.  പിൻ കവറിൽ ഇതേ ലോഗോയോടൊപ്പം മുൽക്‌രാജ‌് ആനന്ദ്, സജ്ജാദ് സഹീർ എന്നിവരുടെ ചിത്രങ്ങളും.  2016 നവംബർ 11, 12, 13 തീയതികളിലായി തൃശൂരിൽ നടന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സമ്മേളനങ്ങളുടെയും സെമിനാറുകളുടെയും ഭാഗമായി മാറുകയും ചെയ‌്‌ത വിശദമായ കുറിപ്പുകളോടെയുള്ള ചിത്രങ്ങളാണ്‌ ഇതിലുള്ളത്.
 
അവതാരികയിൽ വൈശാഖൻ ഇങ്ങനെ കുറിക്കുന്നു:  ‘പാകിസ്ഥാനിലേക്കു പോകൂ' എന്ന ആക്രോശം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന നാളുകളാണിത്. ചരിത്രത്തിൽ ഇതാദ്യമായല്ല ഇത്തരം കൊലവിളികൾ ആർത്തിരമ്പുന്നത്. ഹിന്ദു‐മുസ്ലീം തീവ്രവാദികൾ ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്തും അവഹേളിച്ചും ബീഭത്സരൂപം പൂണ്ടപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡം ചോര വീണും കണ്ണീരു വീണും നനഞ്ഞുകുതിർന്നു. അക്കാലത്ത്, വിഭജനത്തിന്റെ മാറാമുറിവോടെ അഭയാർഥികളായി പലായനം ചെയ്ത പതിനായിരങ്ങൾ കേട്ട അതേ ആക്രോശമാണ് 'പാകിസ്ഥാനിലേക്കു പോകൂ' എന്നത്.  
എഡ്വേർഡ് മഞ്ചിന്റെ ചിത്രം (ദി സ‌്‌ക്രീം), വിൽ ലാമർട്ടിന്റെ ശില്പം (ഫാസിസത്തിന്റെ ജൂത ഇരകൾ) ഫാസിസ്റ്റ് ക്രൂരതയുടെ ഇരയായി നാല്പത്തിയാറാം വയസ്സിൽ പൊലിഞ്ഞ അന്റോണിയോ ഗ്രാംഷി, തൂക്കിലേറ്റപ്പെട്ട ജൂലിയസ് ഫ്യൂച്ചിക്, ജോർജ് ദിമിത്രോവ്, എന്നിവരുടെയും പിന്നീട് കവിതയായി പരിണമിച്ച മാർട്ടിൻ നിമോളറുടെയും വാക്കുകൾ എന്നിങ്ങനെ നമ്മൾ മനസ്സിൽ സൂക്ഷിക്കേണ്ട, ദീപ്തമായ വരകളും വരികളും വചനങ്ങളുമാണിതിലുള്ളത്. മാർക‌്സ‌് മുതൽ ഷഡനോവ് വരെയും സുബ്രമണ്യഭാരതി മുതൽ മുഹമ്മദ് ഇഖ്ബാൽ വരെയും പുസ‌്തകത്തിലുണ്ട‌്.   
ആറു ഭാഗങ്ങളായി തിരിച്ച് വായനയ‌്ക്കും കാഴ്ചയ‌്ക്കും ജാഗ്രതയ‌്ക്കും തിരിച്ചറിവിനുമായി പുറത്തിറക്കിയ ഈ പുസ‌്തകത്തിന‌് ആകർഷണീയമായ ഒരു  സമഗ്രതയുണ്ട‌്.  വഴികാട്ടിയായി ഇങ്ങനെയൊന്ന് ആവശ്യമാണെന്ന്, കാണുന്ന മാത്രയിൽ നമ്മളറിയും. ഇനിയും സൂക്ഷ്മതയിലേക്കും വിശാലതയിലേക്കും സഞ്ചരിക്കേണ്ട വലിയ പുസ്തകത്തിന്റെ ആദ്യ പേജുകളാണിവ.
പ്രധാന വാർത്തകൾ
 Top