11 July Saturday

അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി

ഡോ. പ്രിയ ദേവദത്ത്‌ drpriyamannar@gmail.comUpdated: Sunday May 24, 2020
അനന്യസുന്ദരമായ  രചനകളെ  പൂക്കൾ കൊണ്ടലങ്കരിച്ച  കവിയാണ് ഒ എൻ വി. കവിതകൾക്കും സിനിമാഗാനങ്ങൾക്കും  നാടകഗാനങ്ങൾക്കും ഓണപ്പാട്ടുകൾക്കുമെല്ലാം പൂക്കൾ കൊണ്ട്‌  പ്രാണൻ നൽകിയ കവി.  അദ്ദേഹത്തിന്റെ ആദ്യ സിനിമാഗാനം പൂമണവുമായാണ്‌ എത്തിയത്.  കാലം മാറുന്നു (1956) എന്ന  സിനിമയിലെ   ‘ആ മലർപ്പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമരപ്പൂവേ’ എന്ന ഗാനം.
   
"പൂവുകൾ പൂവുകൾ  സൂര്യനെ സ്‌നേഹിക്കും ഭൂമി തൻ ആത്മഹർഷങ്ങൾ’ എന്നാണ്  പൂക്കളെ  വിശേഷിപ്പിച്ചത്. "നാണമാർന്നു പുഞ്ചിരിക്കുന്ന  നാടോടി നൃത്തമാടുന്ന പൂക്കളാണ് കവിയുടെ കൂട്ടുകാർ. "ഒരു മരുഭൂമിക്ക് പൂക്കാലമില്ലൊരു ചെറുപൂവിൻ തേൻ വിരുന്നില്ലാ’ എന്നിങ്ങനെ  മരുഭൂമിയുടെ നഷ്ടത്തെയും വേദനയോടെ പറയുന്നു.
 
പൂമ്പാറ്റകൾ പോലും മറക്കാറുണ്ട്  തേനും മണവുമില്ലാത്ത   കാട്ടുപൂക്കളെ. തുടികൊട്ടിപ്പാടാതെയും തുയിലുണർത്താതെയും ഉണരുന്ന കാട്ടുപൂക്കൾക്കു പോലും  കവിയുടെ  സ്‌നേഹസ്‌പർശം.
    
നാടകഗാനങ്ങൾക്കും  പൂക്കളുടെ ലാവണ്യവും മണവുമാണ്‌. "പൂക്കാരാ പൂക്കാരാ കൈക്കുമ്പിളിൽനിന്നൊരു പൂ തരുമോ’, ‘കാടുകൾ പൂത്തതറിഞ്ഞില്ലേ കുഞ്ഞിക്കാറ്റു പറഞ്ഞല്ലോ,’  ‘അഞ്ചിതളുള്ള പൂവേ അഞ്ജനശ്രീയുള്ള പൂവേ,’  ‘സൂര്യനെക്കാണാതെ വിണ്ണിലൊരായിരം സൂര്യകാന്തികളെങ്ങനെ വിടർന്നു’ എന്നിങ്ങനെ പൂമണമുള്ള    എത്രയെത്ര നാടകഗാനങ്ങൾ. തുമ്പപ്പൂകൊണ്ട് വിരുന്നൊരുക്കിയും ഒരു നുള്ള് പൂവിറുത്ത് മാല കോർത്തും പാലമരത്തണലിൽ തൂമലർപ്പായ വിരിച്ചും ലില്ലിപ്പൂക്കളെയും രാജമല്ലിയെയും കൂട്ടുപിടിച്ചും അദ്ദേഹം ആത്മഹർഷത്തിന്റെ മലർമഞ്ചലേറി .  ഒരുപാടു പൂക്കളുടെ   തലോടലുണ്ടെങ്കിൽ  ഗാനങ്ങൾക്ക്  പ്രത്യേകിച്ച്  പ്രണയ ഗാനങ്ങൾക്ക്  മാധുര്യമേറും.  "മാമ്പൂ വിരിയുന്ന രാവുകളിൽ മാതളം പൂക്കുന്ന രാവുകളിൽ’(നാടകം കടന്നൽക്കൂട്‌, സംഗീതം ദേവരാജൻ) എന്ന ഗാനത്തിൽ ഒന്നല്ല, ഒരു കൂട്ടം പൂക്കളെ  ചേർത്തുവച്ചാണ്  അനുരാഗത്തെ  ആവിഷ്‌കരിച്ചത്. അനുരാഗത്തിൻ കുങ്കുമപ്പൂ തേടിയ കവി  പാരിജാതം, പനിനീർറോജാ, പവിഴമല്ലി, പതിറ്റടി, സൂര്യകാന്തി, സുന്ദരിമുല്ല, തെച്ചി, തേന്മലർ, ചെങ്ങഴുനീർ, ചെമ്പകം, ചെന്താമര എന്നീ നാട്ടു പ്പൂക്കളെ ഒരുമിച്ചു കോർത്ത്   പാട്ടിന്   ലാവണ്യമേകി.  പ്രണയ ഭാവങ്ങളിലും കവി പൂക്കളെ  നിറച്ചുവച്ചു.  അല്ലിയാമ്പൽ പൂക്കളെ തൊട്ടുണർത്തിയും  ഒരു  നറുപുഷ്‌പമായും കുങ്കുമവർണം  പടർത്തിയ മാതളപ്പൂവായും ശംഖുപുഷ്‌പം പോലെ ചിരിക്കുന്ന  പെൺകിടാവായും ഒരു ദലം മാത്രം വിരിഞ്ഞ ചെമ്പനീർ മുകുളമായും  ചെമ്പകത്തൈയിൽ ആദ്യത്തെ മൊട്ട് വിരിഞ്ഞും  കൺചിമ്മുന്ന വനജ്യോത്സ്നയായും പൂക്കൾ പാട്ടിനു ജീവനേകി.
 
നീരാട്ട് കഴിഞ്ഞു പോകുന്ന പ്രണയിനിയെ നീലാമ്പൽ മൊട്ടുകളാൽ  വിളിക്കുന്നതും പകൽക്കിനാവിൻ പടികൾ കടന്നു പാരിജാതം കൊണ്ടുവരുന്നതും നറുനിലാവിൽ പൊന്നൊലീവിൻപൂക്കൾ കാറ്റിലാടുന്നതും പനിനീരുപെയ്യും നിലാവിൽ പാരിജാതത്തിൻ ചോട്ടിൽ നിൽക്കുന്നതും വെൺനിലാവിന്റെ കസവെടുത്തു പൂക്കൈതക്കന്യകമാർ മുടിയിൽ ചൂടുന്നതുമെല്ലാം ഒരു  ചിത്രംപോലെ കാണാനാകും.
 
പൂക്കളുടെ സൗരഭ്യമാണ് ഒ എൻ വിയുടെ ലളിതഗാനങ്ങൾക്കും. "ഒരു കുമ്പിൾപ്പൂമണം നേദിക്കയല്ലാതെ ഒരു പനിനീർപ്പൂവ് മറ്റെന്ത് ചെയ്യാൻ,’  "പുത്തിലഞ്ഞികൾ പൂ ചൊരിയുമ്പോൾ ഓർക്കും ഞാൻ നിന്നെയോമലേ’,  "ഓരോ പൂവിനുമോരോ സൗരഭമാരേ കനിഞ്ഞു നൽകി’ എന്ന് ലളിതഗാനങ്ങളിലും "ഒരു പൂവിന്നിതൾ കൊണ്ടു മുറിവേറ്റൊരെൻ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ’  എന്ന്‌ ഗസലുകളിലും പൂക്കൾ വിരിയുന്നു. കാറ്റിലാടിയുലയുന്ന ആറ്റുവഞ്ഞിപ്പൂവുകളും സഖിയെപ്പോലെ പൂ ചൂടുന്ന സരോവരവും, പുത്തിലഞ്ഞിച്ചില്ലകളിലെ  മുത്തുകളും,  വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടുമെല്ലാം  പ്രകൃതിയോടും പൂക്കളോടുമുള്ള കവിയുടെ ആഭിമുഖ്യം പ്രകടമാക്കുന്നു.
                     
ഏതോ തീരങ്ങൾ തേടിയലയുന്ന വാനമ്പാടിയെ ഒ എൻ വി ക്ഷണിക്കുന്നത് തന്നെ  കാടെല്ലാം പൂത്തു എന്ന് പറഞ്ഞാണ്. പുതുമണ്ണിന്‌  പൂവിടാൻ കൊതിയായി എന്നാണദ്ദേഹം ലളിതമായി പറയുന്നത്. പൈമ്പാൽകുടങ്ങൾ പൊട്ടിച്ച കണ്ണനോട് രാധ പറയുന്നത് "പൈമ്പാൽക്കുടം വീണുടഞ്ഞു -മണ്ണിൽ തുമ്പക്കുടങ്ങളായി’ വന്നുവെന്നാണ്. പൂവും പൂപ്പടയും പൂവിളിയുമായാണ്  ഒ എൻ വി ഓണത്തെ വരവേൽക്കുന്നത്. മഞ്ഞൾ  പ്രസാദവും മഞ്ഞക്കുറിമുണ്ടുമായി ചിരിതൂകുന്ന ഓണപ്പൂവും പൊൻവെയിലിൽ പോക്കുവെയിലിൽപൂത്ത  പുന്നാഗവുമെല്ലാം ഓണപ്പാട്ടിന്റെ  വരികളിലുണ്ട്.
    
"ചെമ്പരത്തി  ചേലേഴുന്നൊരിക്കൊടിതൻ മേലേ പൊന്നരിവാൾ തുന്നിവച്ച് തന്നുപോയതാരോ" എന്ന് ചെമ്പട്ടണിയുന്ന ചെമ്പരത്തിയെ കവി ഇണക്കിച്ചേർത്തത് പി കൃഷ്‌ണപിള്ളയെപ്പറ്റിയുള്ള  കവിതയിൽ. "ഇത്തിരിപ്പൂവും കുരുന്നു കരങ്ങളിൽ തൃത്താലമേന്തി പടിക്കൽ നിൽക്കെ ജന്മാന്തരസ്‌നേഹബന്ധങ്ങളെക്കുറിച്ചെന്തിനോ ഞാനുമിന്നോർത്തുപോയ്."ജന്മാന്തര സ്‌നേഹബന്ധങ്ങളെക്കുറിച്ചുപോലും കവി ഓർക്കുന്നത് പൂവിലൂടെ.
 
വസന്തത്തെ വിവിധതരത്തിൽ വർണിക്കുന്നു. "പാതി വിരിഞ്ഞൊരു പാതിരാപ്പൂവായ്  വാതിലിൽ വന്നു വസന്തം -എൻ പടിവാതിലിൽ വന്നു വസന്തം’ എന്ന സുന്ദരഭാവമാണ്  വസന്തത്തിന്. വസന്തമെത്താൻ വൈകുന്നതിൽ ഇടയ്‌ക്ക്‌ കവി പരിഭവിക്കുന്നുമുണ്ട് ."ഒരു വല്ലം പൂവുമായി വന്ന വസന്തമേ പറയൂ നീ എന്തേ വൈകി? ഒരു പൂവ് ചോദിച്ചു വന്നൊരാപ്പെൺകൊടി വെറുതേ പിണങ്ങിപ്പോയി.
 
അരളിയും കദളിയും പൂവിടുന്ന കാടിന്റെ കരളിലിരുന്നു പൊന്മുരളിയൂതുന്ന പാട്ടുകാരനെ വർണിക്കുന്നതു നോക്കുക. "പാതി  വിടർന്നൊരു പുഞ്ചിരിയോ ഇത് പവിഴമല്ലിപ്പൂവുകളോ’ എന്ന് സരളമായി കവി ചോദിക്കുന്നു.
    
സ്‌നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ സ്‌നേഹത്തിന്റെയീ കുഞ്ഞുമുഖങ്ങളെ, കാടെരിയുന്നപോലെ പൂവിട്ടൊരീ വാകയെ, പൈൻ നിരകളെ, സൗരഭം വാരി വാരിച്ചോരിയും വയണയെ,  ചാരു നീല തൃണദലശയ്യയെ’ എന്ന് പൂക്കളെ സ്‌നേഹിക്കുന്ന ഒ  എൻ വി. അവസാനനാളുകളിലും സർഗാത്മകതയുടെ താരുണ്യം ഒട്ടും ചോരാതെ  പൂവിനെ ചേർത്തിണക്കി ഒ എൻ വി വീണ്ടും ചോദിക്കുന്നു, ‘പരസ്‌പരലയമല്ലിയി ജീവിതം?’ പൂവും ശലഭവും പോലെ, കന്നിരാവും രാകേന്ദുവും പോലെ’.
 
"ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു " എന്ന്  അരുമയായി പാടി വച്ച ഒ എൻ വി.  കാൽപ്പനികഭാവം തുടിച്ചുനിൽക്കുന്ന കാവ്യലോകത്ത്  ആത്മാവിൻ പൂത്താലം നീട്ടി സ്‌നേഹത്തിൻ പൂ മാത്രം ചോദിച്ചു കൊണ്ട്   ഒ എൻ വി എന്നുമുണ്ടാകും ..!!
പ്രധാന വാർത്തകൾ
 Top