11 July Saturday

പഥികന്റെ പാട്ടുകൾ

ഡോ. എം ഡി മനോജ്Updated: Sunday May 24, 2020

ഒ എൻ വി ജീവിച്ചിരുന്നെങ്കിൽ മെയ്‌ 27ന്‌ തൊണ്ണൂറു വയസ്സ്‌ തികയുമായിരുന്നു. ഒ എൻ വിയുടെ പാട്ടുകളുടെ സവിശേഷതകളെക്കുറിച്ച്‌ ഡോ. എം ഡി മനോജും ഡോ. പ്രിയ ദേവദത്തും എഴുതുന്നു

 
 
മലയാള ചലച്ചിത്ര​ഗാനങ്ങളിൽ കാൽപ്പനികധാരയുടെ രാജശിൽപ്പികളിലൊരാളായിരുന്നു ഒ എൻ വി. പ്രണയാനുഭവവും പ്രപഞ്ചാനുഭവവും അതിന്റെ സമ​ഗ്രതയിൽ സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു ആ ​ഗാനങ്ങളിൽ. കാൽപ്പനികതയ്‌ക്ക്‌ ​ഗാനാവിഷ്‌കാരം നൽകിയ അദ്ദേഹത്തിന് പാട്ട്‌ പാഥേയം തന്നെയായിരുന്നു. ""പാടുന്നുണ്ടൊരീയാത്രയിൽ തളരുമെൻ പാഥേയമാകുമൊരു ​ഗാനം'' എന്നദ്ദേഹം എഴുതിയിട്ടുണ്ട്. ജീവിതയാത്രയും അതിലെ പാതയും ഈ പാട്ടുകളിലെ വിലാസഭം​ഗികളായി മാറി.
 
ആത്മനിഷ്‌ഠമായ എഴുത്തിനെ സ്ഥലകാലങ്ങളിലൂടെ വിവൃതമാക്കുകയായിരുന്നു കവി. പാട്ടിൽ പ്രകൃതി  പ്രപഞ്ചമായി വള‍‍ർന്ന് പ്രണയത്തോളം തീവ്രമായ ഒരാത്മബന്ധമുണ്ടാകുന്നു. അവനവനെ തിരയുന്ന ഏകാകിതയുടെ യാത്രകൾ കൂടിയാകുന്നു അത്. ഉള്ളിലുള്ള യാത്രയേ യാത്രയായുള്ളൂ എന്ന് റിൽക്കെ പറഞ്ഞത് ഒ എൻ വിയെ, സംബന്ധിച്ച് ശരിയായിത്തീരുന്നു. അകം തിരഞ്ഞുള്ള യാത്രയാണ്  ഗാനങ്ങളിലധികവും. പാട്ടിൽ ഇത്തരമൊരു വഴിപ‍ർവം തന്നെ സൃഷ്ടിച്ചു. കൂടണയലും വീടൊഴിയലും എല്ലാം ആ പാട്ടുകളിൽ അപാരമായ ഉള്ളിണക്കം തീ‍ർത്തു. പ്രശ്നനി‍ർഭരവും ശബ്‌ദസന്നിഹിതവുമായ ബാഹ്യലോകത്തോടും ഏകാന്തവും നിശബ്‌ദവുമായ ആന്തരലോകത്തോടും ഇരുസ്ഥായികളിൽ സംവദിക്കുന്ന ​ഗാനലോകമാണിത്. ജീവിതമെന്നത് ഒരു യാത്രയാണെന്നും അതിനിടയിൽ ഇളവേൽക്കുവാനെത്രയോ ഇടങ്ങൾ ഉണ്ടെന്നും കവി സങ്കൽപ്പിക്കുന്നു. എത്രയെത്ര വിശ്രമസ്ഥലികളാണ് ആ പാട്ടുകളിൽ. വഴിയമ്പലം, മൺപുര, രാത്രിസത്രം, വള്ളിക്കുടിൽ, നികുഞ്ജം, നടക്കാവ്, തണ്ണീർപ്പന്തൽ, പവിഴദ്വീപ്, നാടകശാല, കടവ്... ഇങ്ങനെ തുടരുകയാണിവ. വിയോഗാത്മകതയും വിഷാദാത്മകതയും അവയിലെ അടിസ്ഥാനമുദ്രകൾ. ഇന്ദ്രിയാനുഭവനിഷ്‌ഠമായ ഓർമകളാൽ നിറഞ്ഞതായിരുന്നു ഗാനങ്ങൾ നിവേദിക്കുന്ന അനുഭൂതികളുടെ ലോകം. വഴിയും യാത്രയും ഓർമയും കലർന്ന അനുഭൂതിസഞ്ചയം. ഈ യാത്രകളിൽ ഒരേസമയം മൗനവും മുഖരിതയുമുണ്ട്‌. ജനസാന്നിധ്യനിബിഢതയും വിജനതയുമുണ്ട്‌. ആന്തരികവും മൂകവും വിരഹ കാതരവുമായ ഇത്തരം അയനങ്ങളുടെ പാട്ടുകാരനായി സ്വയം സ്ഥാനപ്പെടുത്തുന്ന എത്രയോ പാട്ടുകൾ‌. ജീവിതതീക്ഷ്‌ണ ഋതുക്കളിലൂടെയുള്ള പലായനത്തിൽ വഴിബിംബം അനുഭവപ്രത്യക്ഷമാകുന്ന ഒരു നിശ്ചിതലോകം രൂപപ്പെടുന്നുണ്ട്‌. അത്‌ ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ ആകാം. അതിദൂരസ്ഥവയ്‌ക്കായി ഞാൻ ദാഹിക്കുന്നു എന്ന ടാഗോർ സങ്കൽപ്പത്തെപ്പോലെ. ഏതോ കാണാത്തീരം തേടി, ഏതോ യാത്രാഗീതം പാടിപ്പിരിയുവാൻ ആണ്‌ ഇവിടെയോരോരുത്തരും ജീവിച്ചുപോരുന്നതെന്ന വിചാരം കവിയുടെ പാട്ടുകൾ ഓർമിപ്പിക്കുന്നു. 
 
സഹയാത്രികത്വം എന്ന സ്‌നേഹസങ്കൽപ്പം ഒ എൻ വിയുടെ ഗാനങ്ങളിൽ മികവാർന്ന സാഫല്യം പ്രാപിക്കുകയുണ്ടായി. എത്രയോ ഗാനങ്ങളിൽ അജ്ഞാതനായ സഹയാത്രികൻ പ്രണയിനിയുടെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നുണ്ട്‌. ‘ആരോ പോരുന്നെൻ കൂടെ’ എന്നുള്ള വിചാരവും ഒ എൻ വിയുടെ പാട്ടിലെ അനുരാഗിക്കുള്ളതാണ്‌. നീളുന്ന യാത്രയിൽ തോളുരുമ്മി നിൽക്കുന്ന തോഴിയെ അടുത്തറിയാനാണ്‌ ഒ എൻ വിപ്പാട്ട്‌. ‘പിറകേ പോരൂ’ എന്നും ‘എത്രയോ ദൂരമെന്നോടൊപ്പം നടന്നു’വെന്നുമൊക്കെ നിനയ്‌ക്കാൻ ഒ എൻ വി ഗാനങ്ങളിൽ ഒരുപാട്‌ മാത്രകളുണ്ട്‌. വയൽപ്പൂക്കൾപോലെ കൊഴിഞ്ഞാലും ഈ വഴിയിൽ ആകെ കൂടെ വരാമോ എന്ന്‌ ചോദിക്കുന്ന കാമുകൻപോലുമുണ്ട്‌ ഈ പാട്ടുലോകത്തിൽ.
 
ഇങ്ങനെയുള്ള യാത്രകൾ തുടരുമ്പോൾ അതെവിടെയാണെത്തിച്ചേരുന്നത്‌? ‘ഒടുവിൽ’ എന്ന വാക്കിലാണ്‌ കവി ഇത്തരമൊരു സങ്കൽപ്പത്തിന്‌ സമാപ്‌തി കുറിക്കുന്നത്‌. യാത്രാന്ത്യത്തെ സൂചിപ്പിക്കാൻ ഒടുവിൽ എന്ന പദമുപയോഗിച്ചു എത്രയോ പാട്ടുകളിൽ ഒ എൻ വി. ഒടുവിൽ വന്നടിയുന്ന ശാന്തിയുടെ തീരവും ഒടുവിലെ പൂച്ചെണ്ടും നീട്ടി മെല്ലെ വിടപറയുന്ന വസന്തവും ഒടുവിൽ പിണങ്ങിപ്പോകുന്ന പക്ഷിയും ഗഗനനീലിമയിൽ നീന്തുന്ന ഒടുവിലെ കിളിയും മോഹവും ഓർമയും ശിശിരവും പടിയും അങ്ങനെ നീളുകയാണ്‌ ഒ എൻ വിയിലെ വേർപിരിയലിന്റെ വിചാരങ്ങൾ. ഒടുവിലീപ്പടിയിറങ്ങിപ്പോകുമ്പോൾ ഒരു മോഹം വീണ്ടുമിവിടെയെത്തുവാൻ എന്നും കവി പാട്ടിലെഴുതിവച്ചു. നശ്വരതയും അനശ്വരതയും ക്ഷണികതയുമെല്ലാം ഈ പാട്ടുസ്വരൂപത്തിന്റെ ഭാഗം. ‘ഒടുവിലീ യാത്രതന്നൊടുവിലെൻ നിഴലിന്റെ മടിയിൽ ഞാനൊരുനാൾ തളർന്നുവീഴും’ എന്ന്‌  കവി നമ്മുടെ ചേതനയെ സാന്ദർഭികമായി ഓർമിപ്പിക്കുന്നു.  ഒടുവിൽ പാഴ്‌മണ്ണിൽ വീഴാൻ മാത്രമീ സ്‌നേഹബന്ധങ്ങൾ എന്ന വരിയിലും കവി ജീവിതസാകല്യത്തെ ഒരു ചിമിഴിലെന്നപോലെ സംക്ഷേപിച്ചു.
 
‘ഒരു മണ്ണുടുപ്പാണീമന്നിടം അതിനുള്ളിൽ തിരുകിത്തീപൂട്ടിയ വിറകാണെല്ലാമെല്ലാം’ എന്നെഴുതി അദ്ദേഹം. ഓർമയുടെ മാറാപ്പിൽനിന്നൊരു തുടുചന്ദനത്തുണ്ടുവിറകെടുത്തു എന്ന്‌ മറ്റൊരു പാട്ടിൽ നമ്മെ ബോധിപ്പിക്കുമ്പോഴും ഒരു മണ്ണടുപ്പായി മാറുമീ ഭൂമിയിൽ വിറകായി എരിയുന്നു എന്ന്‌ മറ്റൊന്നിൽ അക്ഷരപ്പെടുത്തുമ്പോഴും ജീവിതത്തിന്റെ ഈ ക്ഷണികതയുടെ മറുവിളികൾ എന്നെന്നേക്കുമായി കാത്തുകിടന്നിരുന്നു. കവി ജീവിതം ഒരടുപ്പായി എരിയുന്നുവെന്ന്‌ സങ്കൽപ്പിച്ചാൽ അതിലെ വിറകായിരുന്നു പ്രണയമെന്നാണ്‌ റഷ്യൻ കവി സെർജി എഫ്രോൺ എഴുതിയത്‌. 
 
നടന്നും നടന്നേറെത്തളർന്നും തളർന്നു തെല്ലിരുന്നും ഇരുന്നിളവേൽക്കെയൊരു സ്വപ്‌നം നുണഞ്ഞും നീണ്ടവഴികൾ പദങ്ങളാൽ അളന്നും എന്തോ തേടിതേടാതെ, എന്തോ നേടിനേടാതെ, എന്തോ കണ്ടുകാണാതെ, എന്തോ പാടിപാടാതെ നടന്നുപോകുന്ന ഈ അനന്തമായ ജീവിതയാത്രയെ മനസ്സിന്റെ തീർഥയാത്ര എന്ന സിനിമയിൽ എം ബി ശ്രീനിവാസൻ‐ഒ എൻ വി ടീം അർഥസാന്ദ്രമായ ഒരു ഗാനമാക്കി പരിണമിപ്പിച്ചതിന്‌ കാലം സാക്ഷിയാണ്‌. കണ്ടും പിരിഞ്ഞും പരസ്‌പരം പിന്നെയും കണ്ടുമുട്ടാനായി കൊതിച്ചും ആണ്‌ ഓരോരുത്തരുടെയും ജീവിതസാക്ഷാൽക്കാരമെന്ന്‌ കവി ആർദ്രമായെഴുതി. നാമൊരു രാത്രിയിലീ സത്രത്തിലെ നാടകശാലയിലെത്തി, ആരോ നൽകിയ വേഷമരങ്ങിൽ ആടുക പാടുക നാം എന്ന്‌ മൗനം വാചാലം എന്ന സിനിമയ്‌ക്കുവേണ്ടി എഴുതിയ വരികളിൽ തെളിയുന്നത്‌ നേരത്തെ പറഞ്ഞ ക്ഷണികത തന്നെയായിരുന്നുവല്ലോ. ഇരുപുറവും ജനിമൃതികൾ അവയുടെ ഇടയിലൊരുത്സവവേള, ഒരു ഗാനോത്സവവേള എന്ന്‌ ഒ എൻ വി; ജീവിതത്തെ ചുരുക്കിയെഴുതി. ഇവിടെ നിൻ വഴിയവസാനിക്കുന്നു, ഇവിടെ നിൻ യാത്രയുമവസാനിക്കുന്നു എന്നദ്ദേഹം എഴുതിയത്‌ വഴിയും യാത്രയും പങ്കിടുന്ന ഒരു ദൃശ്യബോധത്തെ പൂരിപ്പിക്കാനായിരുന്നു. പഥികാ നീ കണ്ടുവോ നിൻവഴിത്താരയിൽ പുതുതായ്‌ തളിർത്തൊരാമരങ്ങൾ എന്ന്‌ പാട്ടിൽ പറഞ്ഞപ്പോൾ ക്ഷണികതയ്‌ക്കൊപ്പം കൈകോർത്തുനിൽക്കുന്ന ഒരനശ്വരതയെയും നാമതിന്റെ പ്രത്യക്ഷാനുഭൂതിയിൽ ഒരുപോലെ പങ്കിടുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top