11 July Saturday

മൈത്രി കണ്ണന്‌ ആരുണ്ട്‌ തുണ?

സുരേഷ് അച്ചൂസ്Updated: Sunday May 24, 2020

35 കുടുംബത്തിന്റെ ഭവനവായ്‌പ എഴുതിത്തള്ളാനും അസംഖ്യം പേർക്ക്‌ ഭവനവായ്‌പ സംഘടിപ്പിക്കാനും മുന്നിൽനിന്ന്‌ പ്രവർത്തിച്ച മൈത്രി കണ്ണൻ ഇന്ന്‌ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്‌. ശാരീരികാവശതകൾ കൂസാതെ  ഊന്നുവടിയുമായി ജനങ്ങളെ സേവിച്ച കണ്ണന്റെ ദുരിതജീവിതം അറിയുക

 
കണ്ണൻ എന്നും ചിന്തിച്ചത് മറ്റുള്ളവരെക്കുറിച്ചാണ്. അവരുടെ വിഷമങ്ങൾ അയാളെ ആധി പിടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് കൈവേലി ചെറുവത്ത് കണ്ണൻ. നാട്ടുകാരുടെ മൈത്രി കണ്ണേട്ടൻ. തെങ്ങിൽനിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് കാലിന് സ്വാധീനമില്ലാതായതോടെ  വടിയൂന്നിയാണ് നാട്ടുകാർക്കായി ഓടിനടന്നത്. വായ്‌പ തിരിച്ചടയ്‌ക്കാത്തതുമൂലം ജപ്തി ഭീഷണിയിലായ അയൽവാസികളുടെയും ബന്ധുക്കളുടെയും വീടുകളുടെ രേഖകൾ ഓഫിസുകൾ കയറിയിറങ്ങി ശരിയാക്കി തിരികെ പിടിച്ചു. എന്നാൽ, തന്റെ 15 സെന്റ്‌‌ ഭൂമി  കടക്കെണിയിലായതോ  ആമവാതം മൂർച്ഛിച്ച്‌ ഭാര്യക്കു  നടക്കാൻ വയ്യാതായതോ 31ഉം 38ഉം വയസ്സുള്ള ആൺമക്കൾക്ക്‌ മാനസികപ്രശ്‌നങ്ങളുണ്ടായതോ  കണ്ണനെ അലട്ടിയില്ല. അവർക്ക് ഒരു നേരത്തെ മരുന്നുവാങ്ങാൻ പോലും പണമില്ലാഞ്ഞിട്ടും കണ്ണന്റെ കൈ ആരുടെയും നേർക്കു നീണ്ടില്ല.
   
കാലം 2006. കൈവേലി ആണിക്കോട് വയൽ മൃഗാശുപത്രിയുടെ ഉദ്‌ഘാടനത്തിന് മന്ത്രി ബിനോയ് വിശ്വം വരുന്നു. കൈയിൽ 35 പേരുടെ അപേക്ഷയുമായി ഒരാൾ തന്റെ ഒറ്റക്കാലുമായി ചെങ്കുത്തായ വഴികൾ താണ്ടി. മന്ത്രിയെ കണ്ട്  അപേക്ഷകൾ ഏൽപ്പിക്കണം. പറ്റുമെങ്കിൽ  സംസാരിക്കണം.
 
 ദുർബലരായ വിഭാഗങ്ങൾക്കുവേണ്ടി 1996ലെ നായനാർ സർക്കാരാണ്‌  മൈത്രി ഭവനപദ്ധതി ആരംഭിക്കുന്നത്. അതുവഴി കുറെപ്പേർ വീടുവച്ചു. ചിലർക്കൊക്കെ വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിഞ്ഞില്ല. ബാങ്കിൽനിന്ന് അറിയിപ്പുകളും താക്കീതുകളും.  കണ്ണന്റെ നാട്ടിലെ പലർക്കും ജപ്‌തി നോട്ടീസ്‌ വന്നു.  ജപ്തി ചെയ്‌തോളു എന്നുപറയുകയല്ലാതെ മറ്റൊരു മാർഗവും ആ സാധു മനുഷ്യർക്കു മുന്നിലില്ല. ജപ്തി  ഭയന്നുകഴിയുന്ന കുടുംബങ്ങൾക്കു മുന്നിൽ വടിയുമൂന്നി അയാൾ ചെന്നു. എല്ലാവരെയും സമാധാനിപ്പിച്ചു. കടക്കെണിയിലായ 35 കുടുംബത്തെക്കൊണ്ട്‌ സങ്കട ഹർജി എഴുതിച്ചു. അപേക്ഷയിൽ ഒപ്പുവച്ചവർക്ക് തങ്ങളുടെ ആധി മാറുമെന്ന പ്രതീക്ഷയൊന്നുമില്ല.  കണ്ണേട്ടൻ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. ആ വിശ്വാസം യാഥാർഥ്യമാകാൻ അധികനാൾ വേണ്ടിവന്നില്ല. 35 വീട്ടുകാരുടെയും ഭവനവായ്‌പ എഴുതിത്തള്ളി സർക്കാർ. 
 
 തുടർന്ന്‌ മുന്നൂറ്റമ്പതിൽപ്പരം കുടുംബത്തിന്‌ ഭവനവായ്‌‌പ ശരിയാക്കാൻ മുൻകൈയെടുത്തു. അപേക്ഷ എഴുതുന്നതും  കുടുബനാഥനെയും വിവിധ ഓഫീസുകളിൽ കൊണ്ടുപോകുന്നും സമയാസമയം ഫയലുകളുടെ നീക്കം അന്വേഷിച്ചുതും കണ്ണൻ തന്നെ.   വടിയൂന്നി  കാതങ്ങൾ താണ്ടി നാട്ടുകാർക്ക് മൈത്രി ലോൺ ശരിയാക്കിക്കൊടുക്കുന്ന കണ്ണനെ അങ്ങനെ നാട്ടുകാർ സ്‌നേഹത്തോടെ വിളിച്ചു, മൈത്രി കണ്ണേട്ടൻ.
 

കൈവിട്ട ജീവിതം

 
നരിപ്പറ്റ പഞ്ചായത്തിൽ പരേതനായ മയങ്ങിയിൽ ചോയിയുടെ ഏഴു മക്കളിൽ മൂന്നാമനാണ് കണ്ണൻ. ആറാം ക്ലാസ്‌ വരെ പഠനം. നാടൻപണികൾ ഉപേക്ഷിച്ച് തെങ്ങുകയറ്റം മുഖ്യജോലിയായി തെരഞ്ഞെടുത്തത് കല്യാണശേഷം. പറമ്പുകളിൽനിന്നും പറമ്പുകളിലേക്ക്‌ വാക്കത്തിയുമേന്തി അങ്കച്ചേകവരെപ്പോലെ നടന്ന കണ്ണൻ കയറാത്ത തെങ്ങുകളില്ല ആ പ്രദേശത്ത്‌. ഭാര്യയും പറക്കമുറ്റാത്ത മക്കളുമൊത്ത് അല്ലലില്ലാത്ത  ജീവിതം. പൊടുന്നനെ സന്തോഷം മാഞ്ഞു. ഒരിക്കൽ ഉയരമുള്ള തെങ്ങിൽനിന്ന്‌ പാറയിലേക്കു വീണ് നടുവും വലതുകാലും ഒടിഞ്ഞു. 13 മാസം ആശുപത്രിയിലും ഒന്നരക്കൊല്ലം വീടിന്റെ ഇരുണ്ട മുറിക്കുള്ളിലും.
   
 തെങ്ങിൽ കയറാൻ വയ്യാതായപ്പോൾ  തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന നിശ്ചയദാർഢ്യത്തോടെ ലോട്ടറി വിറ്റ്‌ അന്നം തേടി. ആശയുടെയും പ്രത്യാശയുടെയും കിരണങ്ങൾ പതിയെ മാഞ്ഞുതുടങ്ങി. തനിക്ക് താങ്ങാകുമെന്നു കരുതിയ ആൺമക്കളെക്കുറിച്ചുള്ള പ്രതീക്ഷയും അസ്തമിച്ചു.  ലിനീഷിനും ബിജിനേഷിനും ഇപ്പോഴും അച്ഛന്റെ സഹായം വേണം.  ഇവർക്കുള്ള മരുന്നിനു തന്നെ വേണം പ്രതിമാസം 3000 രൂപ. ആമവാതത്തിന്റെ പിടിയിലുള്ള  ഭാര്യ മാതുവിന്റെ മരുന്നിന്‌ 1500 രൂപയും. നാലുപേരും വികലാംഗപ്പട്ടികയിൽ ആയതിനാൽ 1100 രൂപ വീതം പെൻഷനുണ്ട്. ഭാര്യക്കും മക്കൾക്കും മരുന്നിനു മാത്രമേ അത് തികയൂ. മറ്റ് ചെലവുകൾക്ക് വക കണ്ടെത്താൻ വയ്യാത്ത കണ്ണേട്ടൻ  റോഡിലിറങ്ങണം. പണിതീരാത്ത വീടിനെക്കുറിച്ചുള്ള ആധി വേറെ.
 
കോഴിക്കോട് വികലാംഗ കോർപറേഷൻ കണ്ണന്‌ വീടുവയ്‌ക്കാൻ ഒരു ലക്ഷം രൂപ നൽകിയിരുന്നു. പഞ്ചായത്തിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ധനസഹായം ലഭിച്ചിരുന്നു.  ഭവനവായ്‌പയിൽ 20,000 രൂപ മാത്രമാണ്  തിരിച്ചടച്ചത്. വീട് ഇപ്പോൾ ജപ്തിയുടെ വക്കിലും. തന്റെ കാലശേഷം ഇനിയെന്തെന്ന് ചിന്തിക്കാതിരിക്കാൻ അയാൾക്കാകുന്നുമില്ല.
 
 അറുപത്തഞ്ചുകാരനായ കണ്ണന്റെ ജീവിതത്തിൽ ദുരിതങ്ങളുടെ പെരുമഴ പെയ്യാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട്‌ പിന്നിട്ടു. സിമന്റ് തേക്കാത്ത ആ ചെറിയ വീട്ടിൽ   തീരാവ്യാഥികളോട് മല്ലിട്ട് ജീവിക്കുന്ന മൂന്നു മനുഷ്യർക്കൊപ്പം എങ്ങും പോകാനാകാതെ കൊറോണക്കാലത്ത്‌ വീട്ടിൽ ഇരിക്കുകയാണ്   കണ്ണേട്ടൻ. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പല കാര്യത്തിനും വിശ്രമമില്ലാതെ ഓടിയിരുന്ന മുച്ചക്രവണ്ടിയും കട്ടപ്പുറത്തായി. 
 
  ജപ്തി ചെയ്യുമെന്നുള്ള മുന്നറിയിപ്പുകൾക്കു മുന്നിൽ അന്തംവിട്ടുനിൽക്കുകയാണ്‌ കണ്ണേട്ടൻ.  കുടിശ്ശിക വരുത്തിയ തന്റെ വായ്‌പ എഴുതിത്തള്ളണമെന്നൊന്നും കണ്ണേട്ടൻ ആവശ്യപ്പെടില്ല. കാരണം കണ്ണേട്ടൻ അത്രയ്‌ക്കും അഭിമാനിയാണ്. അടച്ചുതീർക്കാൻ സാവകാശം വേണമെന്ന് വികലാംഗ ബോർഡിന് അപേക്ഷ എഴുതുകയാണ് ആ മനുഷ്യൻ ഇപ്പോൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top