03 June Wednesday

കവിതയുടെ പൊതുമണ്ഡലം

എ സി ശ്രീഹരിUpdated: Sunday Mar 24, 2019

രാജലക്ഷ‌്മിമുതൽ നന്ദിതവരെയുള്ളവരുടെ ആത്മഹത്യകളെ കാൽപ്പനിക ഭാവത്തോടെ താലോലിക്കുന്നവർക്കൊരു തിരുത്ത‌ായിരുന്നു  കുരീപ്പുഴ ശ്രീകുമാറിന്റെ ‘തിരിച്ചുവന്നവൾ’ എന്ന കവിത

 

ഓർമ ഒരാളുടെയും സ്വകാര്യസ്വത്തല്ല. പൊതുമുതലായ ഭാഷയുടെയും ഭാവനയുടെയും വ്യവഹാരമണ്ഡലത്തിലാണ‌് ഓർമയും കവിതയുമൊക്കെ മെനഞ്ഞെടുക്കപ്പെടുന്നത‌്. അതിനാൽ തന്നെ എന്റെ കവിത മുമ്പുണ്ടായ കവിതകളുടെ തുടർച്ചയും ഇടർച്ചയുമാണ‌്.

വർഷങ്ങൾക്കു മുമ്പാണ‌് കലാകൗമുദിയിൽ കുരീപ്പുഴ ശ്രീകുമാറിന്റെ ‘തിരിച്ചുവന്നവൾ’ എന്ന കവിത വന്നത‌്. അന്നുമുതൽ ഇന്നുവരെ എന്റെ ഓർമയിൽ അക്കവിതയുടെ മുഴക്കം നിറഞ്ഞുനിൽക്കുന്നു. സ‌്ത്രീ അബലയാണെന്നും ആത്മഹത്യയാണ‌് അവളുടെ അത്താണിയെന്നും കരുതുന്ന സാഹിത്യമീമാംസകരുടെ നേരെയുള്ള ചാട്ടുളിയാണ‌്  ആ കവിത. രാജലക്ഷ‌്മിമുതൽ നന്ദിതവരെയുള്ളവരുടെ ആത്മഹത്യകളെ കാൽപ്പനിക ഭാവത്തോടെ താലോലിക്കുന്നവർക്കൊരു തിരുത്ത‌്. സമൂഹത്തിന‌് ഭാരമായ സ‌്ത്രീയെ, ഒരു ബാധ്യതയായ പാപികളെ കല്ലെറിഞ്ഞോ, കൊന്ന‌് കെട്ടിത്തൂക്കിയോ കവിതയും സിനിമയുമൊക്കെ അവസാനിപ്പിക്കുന്ന  മധ്യവർഗ മലയാളി പുരുഷഭാവുകത്വത്തിനു വെല്ലുവിളി ഉയർത്തുന്ന ആ കവിത ഓർമയെ എന്നും ജ്വലിപ്പിച്ചുനിർത്തുന്നു.
പ്രളയാനന്തരം കേരളത്തിലെ വീണ്ടെടുപ്പുകളിലൊന്നാണ‌് ആധുനിക പൂർവ സ‌്ത്രീത്വത്തിന്റേത‌്. ആധുനികതയുടെ ചിട്ടവട്ടങ്ങൾക്കൊത്ത‌് കുലീനയായി കഴിയേണ്ടിവരുന്ന ഇന്ദുലേഖമാർക്ക‌് കുതിച്ചുചാടാൻ കഴിഞ്ഞതാണ‌് കഴിഞ്ഞവർഷത്തെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ സൗകര്യമൊരുക്കിയതും. കുടുംബം വിട്ടുപോകുകയും തിരിച്ചുവരാനിടമില്ലാതെ പോകുകയും ചെയ‌്തവരുടെ ചിത്രം പത്രമാധ്യമങ്ങൾ വഴി നമ്മുടെ മുമ്പിലുണ്ട‌്. ആ സമയത്താണ‌് കുരീപ്പുഴയുടെ ആത്മഹത്യ ചെയ്യാതെ ‘തിരിച്ചുവന്നവൾ’ ഓർമയിൽ വീണ്ടും വരുന്നത‌്.
 
‘എന്റെ കുടുംബം’ എന്നപേരിൽ കെ വി രാമകൃഷ‌്ണന്റെ ഒരു കവിത കഴിഞ്ഞ ഡിസംബറിൽ മാതൃഭൂമിയില്‍ അച്ചടിച്ചുവരുന്നു. വേളി കഴിച്ച‌് കുടിവച്ച‌ുചേർത്തു നിർത്തുമ്പോൾ കുതറുന്ന ‘കുലസ‌്ത്രീ’യായി വസുധയെ, ഭൂമിയെ, അതിൽ ചിത്രീകരിക്കുന്നുണ്ട‌്. അത‌് എന്തുകൊണ്ടാണെന്ന‌് പുരുഷന‌് മനസ്സിലാകുന്നില്ല. ഞാൻ വിളിക്കവെ, ജീവകോടികൾ ഒന്നായി ‘അച്ഛാ’ എന്ന‌ു വിളികേൾക്കുന്നുണ്ട‌്.
 
ഇക്കവിത അത്ര മോശമല്ല എന്ന‌് പി രാമന‌് തോന്നുന്നു. വൃത്തബദ്ധമായ കവിത കണ്ടാൽ വെകിളിയെടുക്കുന്നവരോട‌് രാമൻ ഇടയുന്നു. സാധാരണ സംസാരഭാഷയിൽ  ഉപയോഗിക്കാത്ത വാക്കുകളുള്ള ആ കവിതയെ സ്വയം വരിക്കുന്ന രാമൻ തന്നെയാണ‌് ധന്യ വേങ്ങച്ചേരിയുടെ ഗോത്രഭാഷയിലുള്ള ‘രാമായണം’ മാനകഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത‌്.
 
ഇതൊരു വിഷമവൃത്തമാണ‌്. ഭാഷകൊണ്ടൊരു ലക്ഷ‌്മണരേഖ വരച്ച‌് അതിനുള്ളിലേക്ക‌് സ‌്ത്രീകളുടെ കാവ്യാനുഷ‌്ഠാനങ്ങളെ പരുവപ്പെടുത്തുന്ന പ്രവൃത്തി. അതിനെ ഭഞ്ജിച്ച‌് മല കയറി മറ്റൊരു താളക്രമം തീർക്കാനും തിമിർക്കാനുമാണ‌് ‘എന്റെ കവിത’ ജനുവരിയിൽ ശ്രമിച്ചത‌്. ഭൂമിതന്നെ തന്റെ ഇടം, തന്റേടം തിരിച്ചുപിടിച്ച‌് പുരുഷന്റെ വരുതിയിൽനിന്നു പുറത്തേക്ക‌് ഉരുൾപൊട്ടിപ്പാഞ്ഞതിന്റെ കവ്യരേഖയായി അത‌് പുറത്തുവന്ന നിമിഷത്തിലായിരുന്നു രണ്ട‌് സ‌്ത്രീകൾ ശബരിമല കയറിയിറങ്ങിയത‌്. സ‌്ത്രീകളുടെയും സ്വാതന്ത്ര്യം അർധരാത്രിയിൽത്തന്നെയായിരുന്നു.
 
കവിത അവിടെ അവസാനിക്കുന്നില്ല. കുരീപ്പുഴയുടെ ‘തിരിച്ചുവന്നവൾ’  ‘‌എന്റെ കവിത’ വഴി ‘തത്ത്വമസി’യിൽ എത്തിച്ചേർന്നിരിക്കുന്നു. പുരുഷനോടൊപ്പം തുല്യതയല്ല സ‌്ത്രീക്ക‌് ആവശ്യം. പുരുഷനുപോലും അപ്രാപ്യമായ ചിലയിടങ്ങൾ സ‌്ത്രീകൾക്ക‌് തനിച്ച‌്  എത്താനാകുമെന്ന‌് മാതൃഭൂമിയില്‍ ലോപയുടെ തത്ത്വമസിക്കവിത തെളിയിക്കുന്നു. രാമന്റെയും രാമകൃഷ‌്ണന്റെയും അമ്പലവാസി പുരുഷനെ ‘അലമ്പാ’യി അവതരിപ്പിക്കുന്ന മാനോജ‌് കുറൂർക്കവിത അടുത്തകാലത്തെ ഏറ്റവും വലിയ തിരുശേഷിപ്പാണ‌്. സ‌്ത്രീയുടെ സർഗോന്മാദത്തെ ഭയക്കുന്ന പുരുഷൻ കാലങ്ങളായി അവരെ ‘അന്തർജന’ങ്ങളാക്കി അടക്കിഭരിക്കുന്നു. അന്തർജനം എന്നാൽ ‘തടവുപുള്ളി’ എന്നാണ‌്  അർഥമെന്ന‌് ഇ പി രാജഗോപാലൻ.
 
‘വഴിപിഴച്ച’വരെ കൊന്നുകളയുന്ന ഭാവനയെ കുരീപ്പുഴക്കവിത തിരിവിടുന്നു. കവിതയുടെ അതിജീവനത്തിന‌് ദൈനംദിന ജീവിതത്തിൽ എത്തിപ്പിടിക്കേണ്ടുന്ന ഓർമയായി ‘തിരിച്ചുവന്നവൾ’ എക്കാലത്തും നിലനിൽക്കും പുരുഷാധിപത്യ പ്രത്യയശാസ‌്ത്രമാണ‌് കവിതയെ ശാശ്വതീകരിക്കുന്നത‌് എന്നതിനാൽ.
കവിത ഒരു തുടർച്ചയും ഇടർച്ചയുമാണ‌്. അത‌് അനശ്വരതയെ തുരങ്കംവയ‌്ക്കുന്ന ഒരു ഏർപ്പാടാണ‌്. സനാതാന സത്യങ്ങൾ പച്ചക്കള്ളമാണെന്ന‌് അത‌് തെളിയിച്ചുകൊണ്ടേയിരിക്കും. മുതലാളിത്ത സ്വകാര്യ സ്വത്തുടമസ്ഥതയെ അസ്ഥിരപ്പെടുത്തിക്കൊണ്ട‌് കവിത ഭാഷയുടെയും ഭാവനയുടെയും പൊതുമണ്ഡലത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഓർമ ഒരാളുടെയും സ്വകാര്യസ്വത്തല്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top