21 August Wednesday

"വെള്ളം നിങ്ങളെ ഭൂമിയുടെ അറ്റത്തോളം കറക്കിയെറിയും'

ഡോ. ആര്‍ ശ്രീലത വര്‍മ sreelathavarma.r@gmail.comUpdated: Sunday Mar 24, 2019

നാടകത്തിന്റെ പരമാവധി സാധ്യത പ്രയോജനപ്പെടുത്തുന്ന കുറത്തി എന്ന ബിഗ്‌ ബജറ്റ്‌ നാടകം,  ഹിഡുംബിയെ മുന്‍നിര്‍ത്തി  സ്ത്രീയും പ്രകൃതിയുംകീഴാളരുമെല്ലാം എങ്ങനെയെല്ലാം അടിച്ചർമത്തപ്പെടുന്നുവെന്ന് കാട്ടിത്തരുന്നു

 
"സ്ത്രീയെയും കീഴാളരെയും പ്രകൃതിയെയും അധീശവർഗം എപ്രകാരമെല്ലാം അടിച്ചമർത്തുന്നു എന്നതിന്റെ വേറിട്ട ദൃശ്യാവിഷ്കാരമാണ് "കുറത്തി'. നാടകത്തിന്റെ ആദ്യാവതരണം ജനുവരി ആദ്യവാരം തൃശൂരിൽ നടന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ "കുറത്തി' വീണ്ടും അരങ്ങേറുകയാണ്. പ്രശസ്ത നാടകകൃത്തും കഥാകൃത്തുമായ ഡോ. എം എൻ വിനയകുമാര്‍ രചിച്ച നാടകം സാക്ഷാൽക്കരിക്കുന്നത്  മകനും നാടകസംവിധായകനും ഗവേഷകനുമായ അഭിമന്യു വിനയകുമാര്‍.
 
പെർഫോർമിങ് ആർട്ട് എന്ന നിലയിലുള്ള നാടകത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് അവതരണം. മൂന്നുഭാഗം കാണികളും ഒരു ഭാഗവും മധ്യഭാഗവും അരങ്ങും എന്ന നിലയിൽ സാൻഡ് വിച്ച് തിയറ്റര്‍ രംഗവേദിയിലാണ് നാടകം സംഭവിക്കുന്നത്. ഒരു സാഹിത്യരൂപം എന്ന നിലയിൽ നാടകത്തിന്റെ പ്രചാരം മുമ്പെന്നതിനെക്കാൾ കുറവാണ് ഇന്ന്. നാടകാവതരണങ്ങളുടെ കാര്യവും മറിച്ചല്ല. സിനിമയുടെ ജനപ്രിയതയും പ്രചാരവും നാടകത്തെ പ്രതികൂലമായി ബാധിച്ചെന്ന സത്യം അവഗണിക്കാനാകില്ല. അമ്പതുവർഷത്തോളമായി നാടകരംഗത്തുള്ള സാവിത്രി ശ്രീധരനെയും സരസ ബാലുശ്ശേരിയെയും "സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനേതാക്കൾ എന്ന നിലയിലാണ് സഹൃദയർ കൂടുതൽ തിരിച്ചറിഞ്ഞതും അംഗീകരിച്ചതും. രചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ നാടകരംഗത്തെ സമ്പന്നമാക്കിയ എൻ എൻ പിള്ളയെ അറിയാത്തവർക്കും "ഗോഡ്ഫാദറി'ലെ അഞ്ഞൂറാൻ സുപരിചിതന്‍. നാടകത്തെക്കാൾ കേരളീയർ നെഞ്ചേറ്റുന്നത് സിനിമയാണെന്നിരിക്കെ, ബിഗ് ബജറ്റിൽ നാടകം ചെയ്യാനൊരുങ്ങുക എന്ന വലിയ ധൈര്യമാണ് "കുറത്തി'യെ സംബന്ധിച്ചിടത്തോളം ആദ്യമായി എടുത്തുപറയേണ്ടത്. 
 

ഹിഡുംബിക്ക് പറയാനുള്ളത്

 
മഹാഭാരതകഥയുടെ പുനരാഖ്യാനത്തിന്റെ സൂക്ഷ്മമായ സമകാലപ്രസക്തി കണ്ടറിഞ്ഞ് ഹിഡുംബിയെ മുന്‍നിര്‍ത്തി, സ്ത്രീയും പ്രകൃതിയും കീഴാളനും എങ്ങനെയെല്ലാം അടിച്ചമർത്തപ്പെടുന്നു, എങ്ങനെയെല്ലാം ചൂഷണങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന് അന്വേഷിക്കുകയാണ് "കുറത്തി'.  പെണ്ണും മണ്ണും കീഴടക്കപ്പെടേണ്ടവയാണെന്ന ബോധം ഇന്ത്യൻ ജനത അനാദികാലംതൊട്ടേ പിന്തുടരുന്നുണ്ട്. മഹാഭാരത സന്ദർഭത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ ആ സന്ദർഭത്തെ പുതിയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാൻ "കുറത്തി'ക്ക് കഴിഞ്ഞിരിക്കുന്നത് ഭീമന്റെയും ഹിഡുംബിയുടെയും ബന്ധത്തിലെ ഉടമ– അടിമ ബന്ധത്തെ പ്രശ്നവൽക്കരിക്കുകയും രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തുകൊണ്ടാണ്. കൊട്ടാരവും (അധികാരം) പരിജനങ്ങളുമില്ലാത്ത സ്ഥിതിയിലും കുന്തിയും മക്കളും കൊണ്ടുനടക്കുന്ന അധീശത്വബോധങ്ങളും ജാതീയമായ മേൽക്കോയ്മാ വിചാരങ്ങളും ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. ഭീമസേനന്റെ അധികാരബന്ധവും ജാതിസ്വത്വവും കീഴ്‌ത്തട്ടിലുള്ളവർക്കുമേൽ കടന്നുകയറ്റം നടത്താനുള്ള ഉപാധികളായി മാറുന്നു. ഹിഡുംബിയോടു തോന്നുന്ന ആകർഷണം, അവളെ ശാരീരികമായി കീഴ്പ്പെടുത്തുന്നതിലേക്ക് എത്തുമ്പോഴും, അവളെ കൂടെ കൂട്ടാനോ, ഘടോൽക്കചനെ മകനായി അംഗീകരിക്കാനോ ഭീമന് കഴിയുന്നില്ല. വ്യവസ്ഥിതി അതിന് അനുവദിക്കുന്നില്ല എന്നാണ് സമാധാനമെങ്കിൽ, ആ സമാധാനത്തെ ഒരു ചോദ്യമുന്നയിച്ച് നിശ്ശബ്ദമാക്കാൻ സാധിക്കും. ഹിഡുംബിയുമായുള്ള ശരീരബന്ധത്തെ ഏത് വ്യവസ്ഥിതിയാണ് അനുവദിച്ചത്, അഥവാ അനുശാസിച്ചത് എന്നതാണ് ആ ചോദ്യം. വർഗസംഘർഷം എന്ന സാമൂഹ്യയാഥാർഥ്യവും അതിനെ ചൂഴ്‌ന്ന്‌ നിൽക്കുന്ന രാഷ്ട്രീയപരിതോവസ്ഥകളും ഇവിടെ വിദഗ്ധമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു.
 

കുറത്തിയുടെ ശാപം

 
പെണ്ണിനെ എന്നതുപോലെ മണ്ണിനെയും, മണ്ണിനെ ‐ ഭൂമിയെ അധിവസിക്കുന്ന ജീവജാലങ്ങളെയും മേലാളർ കൈയേറ്റം ചെയ്തു. വനങ്ങൾ കൈയേറി. ഉറവകളെയും നദികളെയും ഇല്ലാതാക്കി. പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചു. ഓരോ ജീവിയും അതിന്റെ സ്വഭാവികവാസസ്ഥലത്തുനിന്ന‌് പുറന്തള്ളപ്പെട്ടു. ജീവികളെപ്പോലെ തന്നെ ആദിവാസികളായ മനുഷ്യരും സ്വന്തം മണ്ണിൽനിന്നും പ്രകൃതിസമ്പത്തിൽനിന്നും ആട്ടിയകറ്റപ്പെട്ടു. ഹിഡുംബിയുടെ ജീവിത മുഹൂർത്തങ്ങളെ ഇപ്പറഞ്ഞ ബഹിഷ്കൃത ജീവിതങ്ങളുമായി കൂട്ടിയിണക്കിയാണ് "കുറത്തി'യിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറത്തിയുടെ അതിതീക്ഷ്ണങ്ങളായ ശാപവചസ്സുകളുടെ രാഷ്ട്രീയ ജാഗ്രതകൾ ആവശ്യപ്പെടുംവിധം സൂക്ഷ്മമായാണ്  രചയിതാവും സംവിധായകനും ഇത് കൈകാര്യം ചെയ്തിരിക്കുന്നത്.
 
പ്രളയം എന്ന മഹാദുരന്തത്തിനു പിന്നിൽ നാം വിറങ്ങലിച്ചുനിന്നത് അധികംനാൾ മുമ്പൊന്നുമല്ല. അധികാരപ്രയോഗവും കച്ചവടമനോഭാവവും അത്യാർത്തിയും സർവനാശത്തിലേക്ക് വഴിതെളിക്കും എന്ന് വിഭാവനം ചെയ്യുന്നുണ്ട് "കുറത്തി'യിൽ. കുറത്തിയുടെ അതിതീക്ഷ്ണങ്ങളായ ശാപവചസ്സുകളുടെ മുഴക്കം നമ്മെ ആത്മവിചാരണങ്ങളിലേക്കും മാനസാന്തരങ്ങളിലേക്കും നയിക്കേണ്ടതുണ്ട്. കുറത്തി ഒടുവില്‍ ശാപംചൊരിയുകയാണ് –
""ചതിച്ചോരേ... എന്റെ ചെക്കനെ ചതിച്ചോരേ നിങ്ങളെവിടെ... ഞങ്ങള് തോറ്റു. ഫലം പറയണ കുറവന്മാരും കുറത്തികളും തോറ്റു. മരങ്ങളിനി തലകീഴാവും. എലേല്ലാത്ത വൃക്ഷങ്ങളുണ്ടാവും. സ്വന്തം സുഖത്തിനായി പെണ്ണിന്റെ മണംപിടിച്ച് നടന്നവരേ... ലക്ഷങ്ങളായ കാട്ടുമൃഗങ്ങളെ നരകത്തീയിലിട്ട് ചുട്ടുതിന്നുന്നവരെ നിങ്ങളത്രയും നശിക്കും. വെള്ളം നിങ്ങളെ ഭൂമിയുടെ അറ്റത്തോളം കറക്കിയെറിയും. മനുഷ്യനേത് മൃഗമേതെന്നില്ലാതെ കെട്ടിപ്പിടിച്ച് നീന്തും. പിന്നെ ചത്തുമലച്ച് പൊങ്ങുതടി പോലെ ഒഴുകി നടക്കും...... ഇത് കുറത്തിയുടെ ശാപം.''

 

പ്രധാന വാർത്തകൾ
 Top