17 February Sunday

സുനാമി, പ്രളയം ഓർമത്തിരയിൽ ഉലയാതെ

സനൽ ചക്രപാണി ncsanal01@gmail.comUpdated: Sunday Dec 23, 2018

തങ്കച്ചൻ

സുനാമിത്തിര കൊണ്ടുപോയ ഭാര്യ അജിതയ്‌ക്കുവേണ്ടി പണിത സ്‌മാരകത്തിൽ പൂക്കൾ അർപ്പിക്കാൻ മൂവാറ്റുപുഴക്കാരൻ തങ്കച്ചൻ ഇത്തവണയും ഡിസംബർ 26ന്‌ വേളാങ്കണ്ണിയിലെത്തും. പറയാതെ പോയ അമ്മയുടെ ശബ്‌ദം മകൻ ഡാനി അവിടെ കാതോർക്കും. ഭാര്യയുടെ മൃതദേഹംപോലും കാണാൻ  കഴിയാതിരുന്ന  തങ്കച്ചന്‌ ഇത്തവണ  സ്‌മൃതിമണ്ഡപത്തിൽവച്ച്‌ അജിതയോട്‌ ഒരു ദുഃഖം പങ്കുവയ്‌ക്കാനുണ്ട്‌. നേഴ്‌സറിയിൽ മക്കളെപ്പോലെ വളർത്തിയ ചെടികളെയും പൂക്കളെയും പ്രളയം കവർന്ന കാര്യം

 
2004 ഡിസംബർ 26. ജീവിതത്തിനും മരണത്തിനുമിടയിൽ അകപ്പെട്ട വേളാങ്കണ്ണിയിലെ ഒരിക്കലും മറക്കാനാകാത്ത ആ പകൽ, തങ്കച്ചന്‌ നഷ്ടപ്പെടുത്തിയത് തന്റെ പ്രിയതമയെ.  1989ൽ വിവാഹിതരായ ഇവരുടെ  കാൽ നൂറ്റാണ്ടു പിന്നിട്ട ഒരുമിച്ചുള്ള ജീവിതയാത്രയാണ്‌ അന്ന് അവസാനിച്ചത്‌.
 
മൂവാറ്റുപുഴ വാഴപ്പള്ളി ഇ എം എസ് നഗർ ഇടപ്പാട്ടുകരയിൽ തങ്കച്ചനും ഭാര്യ അജിതയും മകൻ ഡാനിയുമുൾപ്പെടെ പത്ത് പേരടങ്ങുന്ന സംഘം വേളാങ്കണ്ണിയിലെ തമിഴ് കുർബാനയ്‌ക്കുശേഷം കടൽത്തീരത്തെത്തി. തൊപ്പി വേണമെന്നു വാശിപിടിച്ച ഒമ്പതുവയസ്സുകാരനായ മകൻ ഡാനിയുമൊത്ത് 200 മീറ്റർ അകലെയുള്ള കടയിലേക്കു പോയി. ആർത്തലച്ചെത്തിയ ആദ്യതിരയിൽനിന്ന്‌ തങ്കച്ചൻ കുട്ടിയെയും കൊണ്ട് ഓടി. തിരയ്‌ക്കുശേഷം ഭാര്യയടക്കം കടൽത്തീരത്തുനിന്ന‌് കൂടെയുണ്ടായിരുന്ന അഞ്ചുപേരെ കാണാനില്ലായിരുന്നു.
 

മറക്കാനാകാത്ത രാത്രി

 
സുനാമി ദിവസം രാത്രി 10 മണി. മൃതദേഹങ്ങൾ നിരന്നുകിടക്കുന്ന, വൈദ്യുതി വെളിച്ചമാകെ നിലച്ചുപോയ വേളാങ്കണ്ണിയിലെ പന്തലിനുള്ളിൽ ഒരു മൂലയിൽ അരണ്ട വെളിച്ചം. ഒരു തമിഴ്‌ സ്‌ത്രീ എവിടെനിന്നോ കിട്ടിയ  മെഴുകുതിരി, ഉരുകി വീഴുന്തോറും അതിന്റെ ചുവട്ടിലെത്തുന്ന കണങ്ങൾ പെറുക്കി മുകളിലിട്ടുകൊണ്ട് അലമുറയിട്ടു കരയുന്നു. തന്റെ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം കൂറ്റാക്കൂറ്റിരുട്ടിൽ ആ രാത്രി കണ്ടുകൊണ്ടിരിക്കാൻ ആകെയുള്ള മെഴുകുതിരിയുടെ ആയുസ്സ‌് ദീർഘിപ്പിക്കുകയാണ് ആ പാവം. ഹൃദയഭേദകമായ കാഴ്‌ചകൾ അവിടെ തുടങ്ങുകയായിരുന്നു. ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. വേളാങ്കണ്ണിയിലാകെ ഇരുട്ടുമാത്രം. വീണ്ടും സുനാമിക്ക്‌ സാധ്യതയുണ്ടെന്നും ആരും വേളാങ്കണ്ണിയിൽ തങ്ങരുതെന്നുമുള്ള അറിയിപ്പ് പള്ളിയിൽ നിന്നുയർന്നു. ലോഡ്‌‌ജുമുറികളിൽ അവശേഷിച്ചവരോട്  ഒഴിഞ്ഞുപോകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഉറ്റവരെ കാണാതായവർ എങ്ങനെ മടങ്ങും. തങ്കച്ചൻ അവിടെ നാലു ദിവസംകൂടി തുടർന്നു.
 

കണ്ണീരോടെ മടക്കം

 
ഭാര്യയെ കാണാതെ തങ്കച്ചൻ നാലുനാൾ അലഞ്ഞു.  കടൽത്തീരത്ത് കിലോമീറ്ററുകളോളം ഭാര്യയുടെ മുഖം പരതി. വേളാങ്കണ്ണിയിലും നാഗപട്ടണത്തും കൂട്ടിയിട്ട മൃതദേഹങ്ങളിലൊന്നും അജിതയെ കണ്ടെത്താനായില്ല. ഒടുവിൽ തിരികെപ്പോകാൻ തീരുമാനിച്ചു. സുനാമി ദിവസം പകലോ രാത്രിയിലോ സർക്കാർ സംവിധാനമോ സന്നദ്ധ പ്രവർത്തകരോ സഹായത്തിനെത്തിയില്ലെന്ന് തങ്കച്ചൻ ഓർക്കുന്നു. ദേശാഭിമാനിയുടെ ഇടുക്കി ബ്യൂറോ ചീഫ് ആയിരുന്ന അന്തരിച്ച കെ ജെ  മാത്യു ഉൾപ്പെടെ ചില മാധ്യമപ്രവർത്തകർ അവിടെ എത്തിയിരുന്നു എന്ന് തങ്കച്ചൻ  ഓർക്കുന്നു. 
 
പിന്നെയും പലതവണ വേളാങ്കണ്ണിയിലെത്തി. ഭാര്യയുടെ ഫോട്ടോയുമായി പൊലീസ് സ്റ്റേഷനിലും സർക്കാർ ഓഫീസുകളിലുമെല്ലാം കയറിയിറങ്ങി. പ്രിയപ്പെട്ടവളുടെ മൃതദേഹം എവിടെയെങ്കിലും  ലഭിച്ചിട്ടുണ്ടാവുമോ എന്ന അവസാന പ്രതീക്ഷയും അസ്‌തമിച്ചു.
 
തങ്കച്ചനും ഭാര്യ അജിതയും

തങ്കച്ചനും ഭാര്യ അജിതയും

 

ദുരന്തസ്‌മാരകത്തിനായി ഒരു കത്ത്

 
ഇസ്ലാം മതക്കാരിയായ ഹാജിറയെന്ന അജിതയെ തങ്കച്ചൻ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. കടൽ കവർന്നെടുത്ത പ്രിയതമയുടെ ഓർമകൾ തങ്കച്ചനു മറക്കാൻ കഴിഞ്ഞില്ല. എട്ടുമാസം കഴിഞ്ഞപ്പോൾ തഞ്ചാവൂർ ബിഷപ് ഡോ. ദേവദാസ് അംബ്രോസിന്  തങ്കച്ചൻ  കത്തയച്ചു. സുനാമി കവർന്ന മലയാളികളുൾപ്പെടെയുള്ള വേളാങ്കണ്ണി തീർഥാടകർക്കുവേണ്ടി  സ്‌മാരകം വേളാങ്കണ്ണിയിൽ നിർമിക്കണം. വൈകാതെ തന്നെ ബിഷപ് മറുപടി അയച്ചു. സ്മാരകം നിർമിക്കുമെന്നും സുനാമിയുടെ ആദ്യവാർഷികമായ 2005 ഡിസംബർ 26 നുതന്നെ അത്‌ തുറന്നു കൊടുക്കുമെന്നുമായിരുന്നു കത്തിൽ. എല്ലാ വാർഷികദിനത്തിനും തങ്കച്ചനും മകൻ ഡാനിയും വേളാങ്കണ്ണിയിലെത്തും. അജിതയ‌്ക്കു വേണ്ടി സ്‌മാരകത്തിൽ സുഗന്ധപുഷ്‌പങ്ങളർപ്പിക്കും. മൂവാറ്റുപുഴ അർബൻ ബാങ്ക്‌ ജീവനക്കാരിയായിരുന്ന അജിതയുടെ ജോലി മൂന്നുവർഷം മുമ്പ് ഡാനിക്കു ലഭിച്ചു.
 

പ്രളയം തകർത്ത സ്വപ്‌നങ്ങൾ

 
2015ൽ മൂവാറ്റുപുഴ കോടതിയിൽനിന്ന‌് വിരമിച്ച തങ്കച്ചൻ തന്റെ സമ്പാദ്യമുപയോഗിച്ച് മൂവാറ്റുപുഴയിലെ കാർഷിക മൊത്തവ്യാപാര വിപണിയിൽ നേഴ്സറി തുടങ്ങി. പൂച്ചെടികൾ, പച്ചക്കറിത്തൈകൾ, കാർഷികവിളകൾ, കാർഷികോപകരണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വിപണി. എന്നാൽ, കഴിഞ്ഞ ആഗസ്‌തിലെ മഹാപ്രളയം നേഴ്സറിയെയാകെ ഒഴുക്കിക്കൊണ്ടുപോയി. തങ്കച്ചന്റെ ജീവിതത്തിലൊരു രണ്ടാം സുനാമി. അവിടെയും തോൽക്കാൻ തയ്യാറാകാതെ വിപണി വീണ്ടും സജീവമാക്കിക്കൊണ്ടിരിക്കുകയാണ് തങ്കച്ചൻ.
സുനാമിയുടെ പതിനാലാം  വാർഷികത്തിലും തങ്കച്ചനും ഡാനിയുമുണ്ടാകും, വേളാങ്കണ്ണിയുടെ തീരത്ത്. അന്നത്തെ ഒമ്പതുവയസ്സുകാരൻ ഇപ്പോഴും തെരയുന്നുണ്ട്, കാതോർക്കുന്നുണ്ട്, ഒരു നിമിഷാർധത്തിൽ പറയാതെ പോയ അമ്മയുടെ ആ മധുരശബ്‌ദത്തെ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top