17 February Sunday

പ്രണയജീവിതത്തിലെ നിമ്നോന്നതങ്ങൾ

ഡോ. യു നന്ദകുമാർ unnair@gmail.comUpdated: Sunday Dec 23, 2018

ബാൺസിന് 72 വയസ്സ് കഴിഞ്ഞിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ ജീവിതം, പ്രണയം, നഷ്ടപ്പെടൽ, വേദന എന്നിവ ശിഷ്ടജീവിതത്തിൽ എന്തെല്ലാം കാഴ്‌ചകൾ ഓർമകളിലൊരുക്കിവയ്‌ക്കുന്നു എന്ന്‌ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന് തോന്നും. ‘ഒരു പര്യവസാനത്തിന്റെ പൊരുൾ', ആദ്യനോവലായ ‘മെട്രോലാൻഡ്' എന്നിവയിൽ സൃഷ്ടിച്ച ഭൂമികയിൽത്തന്നെയാണ് ഒരേയൊരു വൃത്താന്തവും നിൽക്കുന്നത് നാം ഒരു കടംകഥയിലൂടെ കടന്നുപോകുന്നു. 

നാം ധാരാളമായി പ്രണയിക്കയും അത്രത്തോളംതന്നെ ക്ലേശിക്കയും ചെയ്യുമോ? അതോ ലഘുവായി പ്രണയിക്കയും അത്രമാത്രം ക്ലേശിക്കയും ചെയ്യുമോ? അന്തിമമായ ചോദ്യം അതുമാത്രമെന്നു നാം ചിന്തിക്കുന്നു. എന്നാലതാണ് ശരിയെന്ന് എന്താണുറപ്പ്? മറ്റു പോംവഴികൾ ഉള്ളിടത്തല്ലേ ചോദ്യങ്ങൾക്ക് പ്രസക്തിയുള്ളൂ? ജീവിതത്തിൽ സാധ്യതകൾ മുൻകൂട്ടിക്കണ്ട് തെരഞ്ഞെടുക്കാൻ ആർക്കാണാവുക? ആർക്കാണ് അധികമായോ കുറവായോ പ്രണയിക്കാനാവുക? അങ്ങനെ സാധ്യമാകുന്നതിനെ പ്രണയമെന്നെങ്ങനെ വിളിക്കും? അതെന്തുമായിക്കൊള്ളട്ടെ; പ്രണയമാവില്ല, തീർച്ച. 

നമുക്കെല്ലാം അസംഖ്യം അനുഭവങ്ങളും കഥകളുമുണ്ടാകും. അതിലൊന്ന്, ഒന്നുമാത്രം കാലം കഴിഞ്ഞാലും നമുക്കുള്ളിൽ മിഴിവോടെ നിൽക്കും. അക്കഥ നാം പലയാവർത്തി അയവിറക്കുകയും പലവട്ടം സ്വയം പറഞ്ഞിട്ടുള്ളതും ആയിരിക്കും. ദുഃഖസാ ന്ദ്രമാകാം, സാരമില്ല. ആ ഒരു കഥ, ഒന്നുമാത്രം: നമ്മോടൊപ്പമുള്ള അതാണ് നാമോരോരുത്തരുടെയും കഥ.
അത്തരത്തിലൊരു കഥയാണ് ജൂലിയൻ ബാൺസ്, ‘ഒരേയൊരു വൃത്താന്തം'  (Julian Barnes – The Only Story: 2018. Jonathan Cape, UK)  എന്ന ഈ വർഷത്തെ  പുസ്‌തകത്തിലൂടെ പറയുന്നത്. അസാധാരണ വൈഭവമുള്ള എഴുത്തുകാരനാണ് ബാൺസ്, അദ്ദേഹത്തിന്റെ ‘ഒരു പര്യവസാനത്തിന്റെ പൊരുൾ'(The Sense of an Ending) 2011ലെ മാൻ ബുക്കർ സമ്മാനം കരസ്ഥമാക്കി. ഓരോ പ്രാവശ്യവും കൂടുതൽ ആഴങ്ങൾ കണ്ടെത്താനുതകുന്ന വായന നൽകുന്നതും, ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയോട് സംവദിക്കുന്നതുമായ പുസ്‌തകമെന്ന് ജൂറി അധ്യക്ഷ സ്റ്റെല്ല റിമിങ്ടൺ വിലയിരുത്തി. ബാൺസിന് 72 വയസ്സ് കഴിഞ്ഞിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ ജീവിതം, പ്രണയം, നഷ്ടപ്പെടൽ, വേദന എന്നിവ ശിഷ്ടജീവിതത്തിൽ എന്തെല്ലാം കാഴ്‌ചകൾ ഓർമകളിലൊരുക്കിവയ്‌ക്കുന്നു എന്ന‌് കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന് തോന്നും.  ‘ഒരു പര്യവസാനത്തിന്റെ പൊരുൾ', ആദ്യനോവലായ ‘മെട്രോലാൻഡ്', എന്നിവയിൽ സൃഷ്ടിച്ച ഭൂമികയിൽതന്നെയാണ് ഒരേയൊരു വൃത്താന്തവും നിൽക്കുന്നത്. തന്റെ ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം മറികടക്കാനെഴുതിയ ‘ജീവിതത്തിന്റെ തലങ്ങൾ' എന്ന കൃതിയിലും സമാനമായ ക്രാഫ്റ്റ് ഉപയോഗിച്ചിരിക്കുന്നു. 
 
ആധുനികോത്തര ജീവിതവും അതുയർത്തുന്ന അശാന്തികളുമാണ് പ്രതിപാദ്യം. സ്വന്തം ജീവിതത്തെപ്പോലും തിരിഞ്ഞുനോക്കുമ്പോൾ ഇടമുറിയാത്ത ചരിത്രമായല്ല, ശിഥിലമായ ഇമേജുകളായാണ് ഓർമയിലെത്തുക. ഇതിനെ ചരിത്രമായി, കഥയായി മാറ്റാൻ ധിഷണയുടെ പുനരെഴുത്തുവേണം. കഥാപാത്രമല്ലല്ലോ അത് ചെയ്യേണ്ടത്; വായനക്കാരല്ലേ? നോവലിൽ ഒന്നാം ഭാഗത്ത‌് സ്വന്തം കഥ പറയുന്ന പോൾ വിദൂരത്തിലായിക്കഴിഞ്ഞ ജീവിതത്തെ ഓർമകളുടെ ചില്ലടയിലൂടെ ഊർന്നുവരുന്ന ഇമേജുകളെ നോക്കിക്കാണുന്നു. എളുപ്പമല്ല, അത്. എഴുപതുകഴിഞ്ഞ വ്യക്തിയാണയാൾ. തന്റെ പത്തൊമ്പതാം വയസ്സിൽ സംഭവിച്ചകാര്യങ്ങളാണ് പ്ലോട്ടിനെ നയിക്കുന്നത്. പ്രണയം അയാളുടെ ജീവിതത്തിലേക്ക് കടന്നുകയറി ആ ഒരൊറ്റക്കഥയുടെ കഥാകാരനാക്കി മാറ്റിയത് അന്നാണ്. കാലഘട്ടം കണക്കുകളായല്ല ബാൺസ് നിരത്തുന്നത്, സൂചനകളായാണ്. ഗ്രാമങ്ങളിൽ അന്നൊക്കെ രണ്ട‌് ചാനൽമാത്രമാണ് ടിവി നൽകുന്നത്; അതിൽ ബിബിസിയാണ് മുഖ്യം. പെൺമാസികകൾ വന്നുതുടങ്ങിയിട്ടില്ല; വാരാന്ത്യത്തിൽമാത്രമാണ് മദ്യസൽക്കാരങ്ങൾ. ബാൺസ് പറയുന്നതും പറയാതെ വയ്‌ക്കുന്നതും അതിനാൽതന്നെ പ്രാധാന്യമുള്ളതാണ്.
 
പോൾ തന്റെ ജീവിതം എന്ന ഒറ്റക്കഥ ഓർത്തെടുക്കുന്നത് അമ്പതിലധികം വർഷങ്ങൾ കഴിഞ്ഞാണ്. എന്നാണത്? അതിനും സൂചനയുണ്ട്. മാക്‌സ്‌  ഫെസ്റ്റാപ്പൻ എന്ന പത്തൊമ്പതുകാരൻ  ബ്രസീലിയൻ ഗ്രാൻഡ്പ്രി കാർ റേസിൽ പിന്നിൽനിന്ന‌് അതിസാഹസികമായി മുന്നിലെത്തിയകാലം. കാർ റേസ് ചരിത്രം പരിശോധിക്കുന്നവർക്ക് ഇത് 2016ലെ സംഭവമാണെന്ന് മനസ്സിലാകും.
 
അവധിക്കാലത്ത് ഗ്രാമത്തിലെത്തിയ പോൾ അമ്മ പറഞ്ഞതനുസരിച്ച‌് നാട്ടിലെ ടെന്നീസ് ക്ലബ്ബിൽ ചേരുന്നു. ടെന്നീസ് കളിക്കാം; ഒരുവേള ഏതെങ്കിലുമൊരു കരോളിനെ കണ്ടുമുട്ടുകയുമാകാം, പ്രണയിക്കാൻ. ക്ലബ്ബിലെ ടെന്നീസ് മത്സരത്തിനായി നറുക്കിട്ടപ്പോൾ പോളിന് കൂട്ടാളിയായി കിട്ടിയത് സൂസൻ മക്ലിയോഡ് എന്ന നാൽപ്പത്തെട്ടുകാരി. അമ്മയുടെ പ്രായമുള്ള സ്‌ത്രീ. പോളിനേക്കാൾ പ്രായമുള്ള രണ്ടു പെൺകുട്ടികളുടെ അമ്മ.  അവരുടെ പൊട്ടിച്ചിരിയും സംസാരവും ഒക്കെ പ്രണയത്തിനു കാരണമായി. 20 കൊല്ലമായി ഭർത്താവുമായി ശാരീരികബന്ധമില്ലാതിരുന്ന സൂസൻ പുതിയൊരു ജീവിതാനുഭവത്തിലേക്ക‌് പിടിച്ചുകയറുകയായിരുന്നു. തുടർച്ചയായി പുകവലിയും മദ്യപാനവും കൂർക്കംവലിയും ശീലമാക്കിയ അയാളുമായി എന്തുകൊണ്ട് ഇത്രയും ദീർഘകാലം കഴിയുന്നു. ഒരിക്കൽ ചേച്ചി ജോആൻ  ജീവിതത്തിൽ ഒറ്റപ്പെട്ട് ഏകാന്തമായി കഴിയുന്നു എന്ന ചർച്ചവന്നപ്പോൾ സൂസൻ പറഞ്ഞു. 
 
‘Yes and no. Yes and no. But don’t ever forget, young Master Paul. Everyone has their love story. Everyone. It may have been a fiasco, it may have fizzled out, it may never even have got going, it may have been all in the mind, that doesn’t make it any less real. Sometimes, it makes it more real. Sometimes, you see a couple, and they seem bored witless with one another, and you can’t imagine them having anything in common, or why they’re still living together. But it’s not just habit or complacency or convention or anything like that. It’s because once, they had their love story. Everyone does. It’s the only story.’
 
അതിനാലാണ് ഗാർഹിക പീഡനങ്ങൾ സഹിച്ചും സൂസൻ അയാളോടൊപ്പം താമസിച്ചിരുന്നത്. 20 വർഷം മനസ്സുകൊണ്ടുപോലും ബന്ധമില്ലാതിരുന്നിട്ടുകൂടി വിവാഹമോചനത്തിന് ശ്രമിക്കാൻ സൂസന് ആകുമായിരുന്നില്ല, പഴയ പ്രണയകഥയിലെ പങ്കാളിയെക്കുറിച്ച് കോടതിയിൽ മോശമായി പറയണമെന്നത് അറുപതുകളിലെ കുടുംബസങ്കല്പത്തിന് ചേർന്നത് ആയിരുന്നില്ല. പ്രണയം അവരെ ഒരുമിപ്പിച്ചു. പട്ടണത്തിൽ ഒപ്പം താമസം തുടങ്ങുകയും ചെയ്‌തു. ഇതൊന്നും സൂസന്റെ പെൺകുട്ടികൾക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. വർഷങ്ങൾ മനുഷ്യനെ മാറ്റുന്നതിന് പ്രത്യേകിച്ച് നിയമമൊന്നുമില്ല, പോൾ ബിരുദം കഴിഞ്ഞ‌് നിയമപഠനത്തിലേക്ക‌് കടന്നു. സൂസന്റെ പകലേകാന്തത മദ്യപാനത്തിലേക്കാണ് അവരെ നയിച്ചത്. സാധാരണ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ മദ്യം തടസ്സമായിക്കഴിഞ്ഞപ്പോൾ പോൾ പരാജയപ്പെട്ടു; സൂസനെ സഹായിക്കാനാകാതെ, പ്രണയകാലത്തേക്ക‌് തിരിച്ചുവരാനാകാതെ അവർ ജീവിതത്തിന്റെ മറ്റൊരു കടംകഥയിലേക്ക‌് കടന്നുപോയി.
 
മദ്യത്തോടുള്ള ആസക്തി നിയന്ത്രിക്കാനായില്ല സൂസന്; തന്റെ ഓർമയെയും ഒപ്പം നിർത്താനായില്ല. മറവിരോഗം അവരെ പൂർണ ആശ്രിതത്വത്തിലേക്ക് നയിക്കുകയാണ് ചെയ്‌തത്. അവരെ ശുശ്രൂഷിച്ചിരുന്ന ആരോഗ്യകേന്ദ്രത്തിൽ പോൾ സന്ദർശിച്ചത് അയാളോർക്കുന്നു. അടുത്തിരുന്ന് കൈ തഴുകി, മെല്ലെ പേരുവിളിച്ചു, ആ കണ്ണുകളിൽ തിരിച്ചറിയലിന്റെ  മിന്നായംപോലുമില്ലായിരുന്നു.
 
ഇപ്പോൾ, സൂസൻ മരിച്ചുകഴിഞ്ഞു; ഓർമകളില്ലാതെ, ഓർക്കാൻ ഒരു കഥപോലുമില്ലാതെ. ഇപ്പോൾ പോളിന്റെ ജീവിതത്തിലെ മറ്റു കഥാപാത്രങ്ങളും തിരോധാനം ചെയ്‌തുകഴിഞ്ഞു. അയാളുടെ മാതാപിതാക്കൾ, സൂസന്റെ  ഭർത്താവ്, സൂസൻ, മറ്റു ബന്ധുക്കൾ. പോളിന് സ്ഥായിയായ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനായില്ല. ശ്രമിച്ചില്ല, എന്നല്ല, ഒരു  ശ്രമവും പൂർണതയിലെത്തിക്കാനാകുമായിരുന്നില്ല. സൂസനുമൊത്തു കഴിഞ്ഞപ്പോൾ അവർ പരസ്‌പരം തങ്ങളുടെ പ്രണയം ആവർത്തിച്ചു പറഞ്ഞുറപ്പിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, പോൾ ശ്രമിച്ച പിൽക്കാല ബന്ധങ്ങളിൽ പഴയ തീവ്രത കണ്ടെത്തിയിരുന്നുമില്ല. ഇപ്പോഴും  സൂസൻ തന്റെ  പ്രസരിപ്പും ഇന്റിമസിയുമായി അയാളുടെ ഓർമകളിൽ താളമിട്ടിരുന്നു.
Yes, love had been a complete disaster for him. And for Susan. And for Joan. And – back before his time – it might well have been so for Macleod as well.
 
ശരിയാണ്, ഒരൊറ്റ വൃത്താന്തത്തിലേക്ക് ജീവിതം ചുരുങ്ങുന്നു.

 

പ്രധാന വാർത്തകൾ
 Top