27 May Monday

തമിഴിൽ ചുവടുറപ്പിക്കാൻ

ആദർശ്‌ ജോസഫ്‌ adarshjoseph14@gmail.comUpdated: Sunday Dec 23, 2018

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മണികണ്‌ഠൻ ആചാരി തമിഴിൽ ചുവടുറപ്പിക്കുന്നു. കാർത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന രജനികാന്ത്‌ ചിത്രം പേട്ടയിൽ   ആദ്യവസാനക്കാരനാണ്‌ മണികണ്‌ഠൻ. രജനികാന്തിനും വിജയ്‌ സേതുപതിക്കും ഒപ്പമുള്ള അനുഭവങ്ങൾ മണികണ്‌ഠൻ പങ്കുവയ്‌ക്കുന്നു

 
സിനിമയിൽ അവസരത്തിനായി കോടമ്പാക്കത്തെ തെരുവിൽ പൈപ്പ‌് വെള്ളം കുടിച്ച‌് അലഞ്ഞുനടന്ന ഒരു ചെറുപ്പക്കാരൻ അവസാനം സിനിമയിലെത്തി. ആദ്യ ചിത്രത്തിലെ അഭിനയത്തിന‌് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സർക്കാർ പുരസ‌്കാരം. പിന്നീട‌് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം. മണികണ്‌ഠൻ ആചാരി  ഇപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്ത‌ിനൊപ്പം തമിഴ‌്സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സിനിമയെ വെല്ലുന്ന ജീവിതമാണ‌്  അദ്ദേഹത്തിന്റേത‌്.
 
"ഒരു അവാർഡ‌് വിന്നർകൂടെ നാൻ നടിച്ചിട്ടിറിക്കെ.' താൻ സംസ്ഥാന അവാർഡ‌് ജേതാവാണെന്ന‌് അറിഞ്ഞപ്പോഴുള്ള രജനികാന്ത‌ിന്റെ ഈ വാക്കുകൾ മറക്കാനാകില്ലെന്ന‌് പറയുന്നു മണികണ‌്ഠൻ. കാർത്തിക‌് സുബ്ബരാജ‌് സംവിധാനം ചെയ്യുന്ന "പേട്ട'യിൽ പ്രധാന വേഷത്തിൽ അഭിനയിച്ച മണികണ‌്ഠൻ ആചാരി തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ‌്ക്കുന്നു. 
 

"പേട്ട'യിൽ എത്തിയ വഴി

 
കാർത്തിക‌് സുബ്ബരാജ‌് നിർമിക്കുന്ന ചിത്രത്തിലേക്കാണ‌് ആദ്യം വിളിച്ചത‌്. എന്നാൽ, ആ പ്രോജക്ട‌് നീണ്ടു. പിന്നീട‌് കാർത്തിക‌് സുബ്ബരാജ‌് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷൻ വിളിച്ചു.‌‌ ഓഡിഷന‌ുശേഷം അദ്ദേഹം പറഞ്ഞു, രജനി സാറിന്റെ കൂടെയുള്ള കഥാപാത്രമാണ്‌, ചിത്രത്തിൽ ആദ്യവസാനം ഉണ്ട്‌. രജനി സാറാണ‌് നായകൻ എന്നറിഞ്ഞപ്പോഴേ വലിയ താൽപ്പര്യമായി. അദ്ദേഹത്തെ കാണുന്നത‌് തന്നെ വലിയ കാര്യം.  അപ്പോൾത്തന്നെ സമ്മതിച്ചു. നാൽപ്പത‌് ദിവസത്തെ ചിത്രീകരണം കൂടുതലും വടക്കേ ഇന്ത്യ‌യിൽ.
 
ചിത്രീകരണം തുടങ്ങി മൂന്ന‌ുനാല‌് ദിവസത്തിന‌് ശേഷമാണ‌് രജനിസാറുമായി സംസാരിക്കാൻ അവസരം കിട്ടിയത‌്. വളരെ അടുപ്പത്തോടെയാണ‌് പെരുമാറിയത‌്. കേരളം പ്രളയത്തെ എങ്ങനെ നേരിട്ടുവെന്ന്‌ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു.  വീട്ടിലെ അവസ്ഥയും അന്വേഷിച്ചു. രജനികാന്തിന‌് ശരിക്കും എ‌‌ത്ര വയസ്സായെന്ന‌് എനിക്ക‌് അറിയില്ല. അഭിനയത്തിലും മനോഭാവത്തിലും ഉ‌ൗർജത്തിലും ഇന്നും അദ്ദേഹത്തിന്‌ അത്‌ഭുതകരമായ ചെറുപ്പം.  ചെറുപ്പക്കാരനായ സംവിധായകനോട‌് വലിയ ബഹുമാനം കാണിക്കും. വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറും. സെറ്റിൽ കൃത്യസമയത്ത‌് എത്തും. പാട്ടിലും സ്റ്റണ്ടിലും ‌അദ്ദേഹ‌‌ത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. ചിത്രത്തിൽ വിജയ‌് സേതുപതിയോടൊപ്പം അഭിനയിച്ചതും നല്ല അനുഭവമായി.  വിസ്‌മയിപ്പിക്കുന്ന അഭിനയപാടവമാണ്‌ വിജയ‌് സേതുപതിയുടേത്‌.  കൂടെ അഭിനയിക്കുന്ന നമ്മൾ കാഴ‌്ചക്കാരനായി നിന്നുപോകും.
രജനികാന്തിനൊപ്പം മണികണ്‌ഠൻ

രജനികാന്തിനൊപ്പം മണികണ്‌ഠൻ

 

നാടകം ജീവശ്വാസം

 
എന്റെ വ്യക്തിത്വം ‌എന്തെന്ന‌് ചോദിച്ചാൽ നാടകക്കാരൻ എന്നുപറയാനാണ‌് ഇഷ‌്ടം. സിനിമയോട‌് അഭിനിവേശമുണ്ട‌്. സിനിമ കിട്ടുമ്പോൾ ആസ്വദിച്ച‌് ചെയ്യുന്നു. പക്ഷേ, നാടകം പെറ്റമ്മയാണ‌്. നാടകം ഒരു തിരിച്ചുവരവാണ‌്. അനങ്ങാതിരിന്നു ഭക്ഷണം കഴിക്കാനുള്ള സാഹചര്യമുണ്ടാകുമ്പോൾ നമ്മൾ പലതും മറക്കും. വന്ന വഴിയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ‌് നാടകം. സിനിമയിലെത്തിയപ്പോൾ നാടക പ്രവർത്തകൻ സിനിമയിൽ അഭിനയിക്കുന്നു. ഡ്രാമ സ‌്കുളിൽനിന്ന‌് പഠിച്ചിറങ്ങിയ വിദ്യാർഥികൾക്കൊപ്പം "പുലിജന്മം' നാടകം ചെയ്യുന്നുണ്ട‌്. ശരീരം സത്യമുള്ളതാണ‌്. ആ സത്യത്തെയാണ‌് തിയറ്ററിൽ ഉപ‌യോഗിക്കുന്നത‌്. തിയറ്ററിന്റെ സാധ്യതകൾ സിനിമയിൽ നല്ല നിലയിൽ ഉപയോഗിക്കേണ്ടതാണ‌്. 
 

പുതിയ ‌പ്രോജക്ടുകൾ

 
മാമാങ്കം, ഓട്ടം എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം  ചെയ്യുന്നുണ്ട‌്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിപ്പർ എന്ന ചിത്രം ആരംഭിക്കാനിരിക്കുകയാണ‌്.
പ്രധാന വാർത്തകൾ
 Top