02 February Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022

അയ്യപ്പനും കോശിയും ഉണ്ടായ കഥ

അജില പുഴയ്ക്കൽ

ഇരുട്ട്‌. കാടിന്റെ ശബ്‌ദങ്ങൾ, ശബ്‌ദത്തിലേക്ക്‌ കലരുന്ന, അടുത്തുകൊണ്ടിരിക്കുന്ന, ചുരം കയറുന്ന ഒരു എസ്‌യുവി കാറിന്റെ ശബ്‌ദം.  ഹെയർപിൻ തിരിഞ്ഞുകയറുന്ന  ആ കാറിന്റെ ശക്തമായ ഹെഡ്‌ ലൈറ്റിന്റെയും ഫോഗ്‌ ലൈറ്റിന്റെയും വെളിച്ചത്തിൽ കോടമഞ്ഞു നീങ്ങി പ്രത്യക്ഷമാകുന്ന  കേരളാ ഫോറസ്റ്റ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ബോർഡ്‌.  

കോശി കുര്യൻ ഡ്രൈവർ കുമാരനുമൊത്ത്‌ ചുരം കയറി അട്ടപ്പാടി വനമേഖലയിലേക്ക്‌ കയറുന്ന കാഴ്‌ചയാണ്‌. അയ്യപ്പനും കോശിയുമെന്ന സിനിമയിൽ ‘കലക്കാത്ത സന്ദേന മേരം’ പാട്ടിൽ ചേർന്ന്‌ വിഷ്വലുകൾ വന്നു പോകുമ്പോൾ ഇത്ര മനോഹരമായി ഒപ്പിയെടുത്തത്‌ എങ്ങനെ എന്ന്‌ തോന്നിയിട്ടില്ലേ. സച്ചി എന്ന മാന്ത്രികന്റെ തൂലികയിൽ അതിമനോഹരമായി പിറവിയെടുത്ത കഥയും തിരക്കഥയും തന്നെ കാരണം. നാല്‌ ദേശീയ അവാർഡ്‌ നേടിയ ചിത്രത്തിന്റെ തിരക്കഥ പുസ്‌തക രൂപത്തിൽ ഇപ്പോൾ വായിക്കാം. ചുരവും ഭവാനിപ്പുഴയും വിശാലമായ കൃഷിയിടങ്ങളും എല്ലാം ചേർന്ന്‌ അട്ടപ്പാടിയുടെ പ്രകൃതിഭംഗിയിൽ വീഴുന്ന പകയുടെയും ആൺ അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കഥ പറഞ്ഞ സിനിമയ്‌ക്ക്‌ നമ്മുടെ ദൃശ്യപഥത്തിൽ പുതിയ അനുഭവം സൃഷ്‌ടിക്കാനായിട്ടുണ്ട്‌.  അതേ അനുഭവം വായനയിലും ലഭിക്കും എന്നതാണ്‌ പുസ്‌തകത്തിന്റെ പ്രത്യേകത.  

ബിജുമേനോൻ എഴുതിയ ഹൃദയഭേദകമായ കുറിപ്പ്‌ പുസ്‌തകത്തിന്റെ പുറംചട്ടയിലും ഉൾപ്പേജിലുമുണ്ട്‌. എസ്‌ഐ അയ്യപ്പൻ നായർ തനിക്കുവേണ്ടി എഴുതിയതുപോലെയാണ്‌ വന്നുപെട്ടതെന്ന്‌ ബിജുമേനോൻ പറയുന്നു. സച്ചിയുടെ മുന്നിൽ എല്ലാ ജാടകളും അഴിച്ചുവച്ച്‌  അയ്യപ്പൻ നായരായി പകർന്നാടിയെന്നും ദേശീയ പുരസ്‌കാര ജേതാവുകൂടിയായ ബിജുമേനോൻ പറയുന്നു. തിരക്കഥയ്‌ക്ക്‌ പുറമേ ചിത്രീകരണ സമയത്തെ ചിത്രങ്ങളും പുസ്‌തകത്തിലുണ്ട്‌.

 

വാങ്മയ സംവിധാനങ്ങളുടെ മാസ്മരലോകം

-ശരൺ ചന്ദ്രൻ

വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യത്രിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലഭര ദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിന്‌ അർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ഗോൾഡ് സ്മിത്തുകളുടെ കർമമാണ്. വാക്കുകളുടെ ഈ കോർത്തിണക്കൽ വേർഡ്സ്മിത്തു (wordsmith)കളുടെയും കേളിപ്പെട്ട വേർഡ്സ്മിത്തുകളുടെ പരമ്പരയിലേക്ക് മലയാളത്തിൽനിന്ന് എത്തുന്ന നവാഗതനാണ് എം എസ് ബനേഷ്. കവിതാസഹജമായ പ്രതീതികൾകൊണ്ടു മാത്രമല്ല, നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗസ്ഥലമാണ് ജലഭര ദിനരാത്രങ്ങൾ.

കൊൽക്കത്തയും ഹൂഗ്ലി നദിയും ഹൗറ- വിദ്യാസാഗർ പാലങ്ങളും സിനിമയും കലയും കുടുംബവുമൊക്കെയാണ് ഇതിലെ ജലപാത്രങ്ങൾ. കവിത, നാടകം, നോവൽ എന്നിങ്ങനെയുള്ള വാങ്മയ സംവിധാനങ്ങളെ ചേർത്തരച്ചാണ് നോവൽ ഒരുക്കിയിരിക്കുന്നത്. നോവലിന്റെ അഖ്യാനം കവിതാമയമാണ്. കഥാപാത്രങ്ങളാകട്ടെ അഭിനയിക്കുന്നതായി ഇടപെടുന്നു. തിരുക്കുടുംബംപോലെ മൂന്നംഗങ്ങളുള്ള കുടുംബം. ബൈബിൾ താളുകളിൽ കണ്ടുമുട്ടിയ അപ്പനും അമ്മയും അതേ ബൈബിളിന്റെ താളുകളിൽ കലഹിക്കുന്നു. അപ്പന്റെയും അമ്മയുടെയും കലഹങ്ങൾക്ക് സാക്ഷിയാകുന്ന മകനും.

വംഗദേശത്തുനിന്ന് മഹാശ്വേതാ ദേവിയെയും കേരളത്തിൽനിന്ന് എം എൻ വിജയനെയും നോവലിൽ ചേരുവകളാക്കിയിരിക്കുന്നു. സർഗാത്മകമായ ഉദകക്രിയയോടെയാണ് വിചിത്രമായ സമാപനം. പിണക്കം മാഞ്ഞ് ഇണക്കം വിരിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന ഉദകക്രിയയിൽ ഇടത്തും വലത്തുമായി പരികർമികളായി നിൽക്കുന്നത് അപ്പനുമമ്മയും. അന്താദിപ്രാസത്തോടുകൂടിയ കവിതാ ഘടനയുടെ സ്മരണയുണർത്തുന്ന അന്താദ്യൈക്യഘടന അധ്യായങ്ങളുടെ ഒടുക്കവും തുടക്കവും സംവിധാനം ചെയ്യുന്നതിൽ പ്രയോഗിച്ചിരിക്കുന്നു. മുൻ അധ്യായത്തിന്റെ ഒടുക്കത്തെ വരിയിലുള്ള പദമായിരിക്കും പിന്നത്തെ അധ്യായത്തിന്റെ ശീർഷകം. സിനിമ, സിൻ-ഇമയല്ല എന്ന തിരിച്ചറിവ് അമ്മയിലേക്ക്‌ അപ്പനെ വീണ്ടെടുത്ത കലാസൂത്രമായി.

 

വർത്തമാനജീവിതം പറയുന്ന കഥകൾ

മട്ടന്നൂർ സുരേന്ദ്രൻ

അനുഭവങ്ങളും ചുറ്റുപാടുകളുമാണ് പലരിലും കഥകളായി രൂപാന്തരം പ്രാപിക്കുന്നത്. വായന അനുവാചകന്‌ അനുഭവത്തിന്റെ നേർസാക്ഷ്യമാകുന്നതും അതുകൊണ്ടുതന്നെ. വിജയകുമാർ പരിയാരത്തിന്റെ കഥകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് അനുഭവവേദ്യമാകുന്നത് ജീവിതം പറയുന്ന കഥകളാണ്. പച്ചയായ മനുഷ്യജീവിതമാണ് പാവം ഭീകരൻ എന്ന പുസ്തകത്തിലെ 12 കഥയിലും.

വർത്തമാന ഇന്ത്യയിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളാണ് ആദ്യ കഥയായ പാവം ഭീകരൻ. പ്രതിഫലേച്ഛ പ്രതീക്ഷിക്കാതെ ജനസേവനം ചെയ്യുന്ന നിഷ്കളങ്കനായ ഒരാളെ ഭീകരനായി മാറ്റുന്ന  ഭരണകൂട നിലപാടുകളാണ്‌  കഥ അവതരിപ്പിക്കുന്നത്.  അപ്പുണ്ണിയും മലാപ്പപറമ്പിലെ പെണ്ണുങ്ങളും എന്നത്‌ ഒരു കുട്ടിത്തൊഴിലാളിയുടെ കഥയാണ്‌. പണിക്കൊപ്പം കൂട്ടിയ മുതലാളി  തിരികെപ്പോകുമ്പോൾ ആശ്രയമില്ലാതാകുന്നതും  സൂര്യനാരായണൻ സഹായിക്കുന്നതും പിന്നെ അപ്പുണ്ണി ആ ഗ്രാമത്തിന്റെ എല്ലാമായി മാറുന്നതുമാണ് കഥാതന്തു.

പേടിപ്പെടുത്തുന്ന വർഗീയതയുടെ വർത്തമാനകാല രൂപത്തെയാണ്  പെൺകുട്ടിയും മൂന്നു പിശാചുക്കളും എന്ന കഥ അനാവരണം ചെയ്യുന്നത്. മതനിരപേക്ഷതയ്‌ക്ക് വർഗീയത ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുകയെന്ന എഴുത്തുകാരന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഈ കഥയിൽ കഥാകൃത്ത് വിജയിക്കുന്നുണ്ട്. മനുഷ്യാവസ്ഥകളുടെ നേർക്ക് ആർദ്രതയോടെ സമീപിക്കുന്ന ഇതിലെ കഥകൾ പ്രകാശമാനമായ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന അവതാരകൻ ടി പി  വേണുഗോപാലിന്റെ നിരീക്ഷണം ശരിവയ്‌ക്കുന്നതാണ് എല്ലാ കഥകളും.

 

ദൃശ്യഭാഷയിൽനിന്ന്‌ ലിഖിതരൂപത്തിലേക്കുള്ള പകർന്നാട്ടം

എം സി പോൾ

മലയാള ചലച്ചിത്ര–-ഡോക്കുമെന്ററി രംഗങ്ങളിലെ സംവിധായകനാണ്‌ ഫാറൂഖ്‌ അബ്‌ദുൾ റഹ്‌മാൻ. കളിയച്ഛൻ, പൊരിവെയിൽ എന്നീ സിനിമകൾ സംവിധാനം ചെയ്‌തു. കളിയച്ഛന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ്‌ ‘പുയപോൽ ചിരിച്ച്‌, മയ പോൽ കരഞ്ഞ്‌.’ മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജീവിതമാണ്‌ പശ്ചാത്തലം.

ദൃശ്യഭാഷയിൽനിന്ന്‌ ലിഖിതരൂപത്തിലേക്കുള്ള പകർന്നാട്ടം ഈ നോവലിന്റെ സവിശേഷതയാണ്‌. ഗ്രന്ഥ ശീർഷകംതന്നെ സംസാരഭാഷയിലാണ്‌. കുഞ്ഞിരാമനും അസി റാവുത്തരുമെല്ലാം നോവലിലെ കഥാപാത്രങ്ങളാണ്‌. ഗ്രാമീണ ചാരുതയും പ്രണയവും പ്രകൃതിയും രതിയുമെല്ലാം കഥാതന്തുവാകുന്നു.  നിളയും നിലാവും കിനാവും ഗൃഹാതുരത്വവും നോവലിൽ നിറയുന്നു. 

ചരിത്രത്തിലേക്കും മിത്തുകളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ്‌ നോവലിനെ വ്യതിരിക്തമാക്കുന്നത്‌. ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും കടന്നുകയറ്റത്തിന്‌ ഇന്ത്യയിൽ സിനിമ വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരുപക്ഷേ സാഹിത്യത്തിന്‌ സിനിമയെ അപേക്ഷിച്ച്‌ വിവരണതലത്തിലെങ്കിലും കൂടുതൽ സ്വാതന്ത്രൃം നൽകുന്നതായി പുസ്‌തകം വിലയിരുത്തി സി എസ്‌ വെങ്കിടേശ്വരൻ അഭിപ്രായപ്പെടുന്നു. ഫാറൂഖ്‌ അബുദുൾ റഹ്‌മാന്റെ ഈ നോവൽ ആ സ്വാതന്ത്ര്യം കൂടുതൽ അനുഭവിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top