20 October Tuesday

മെറ്റഫറുകളുടെ കൂടാരക്കാഴ്ചകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 23, 2020

മനുഷ്യൻ നടക്കുമ്പോൾ കുറെ ഓർമകളും ഒപ്പം നടക്കുന്നു. കൈമാറാവുന്നതും പങ്കുവയ്‌ക്കാവുന്നതുമായ ഓർമകൾ ചരിത്രമായി വികസിക്കാം. സമ്പർക്കക്രാന്തി തിരുവനന്തപുരത്തുനിന്ന് തിരിക്കുമ്പോൾ തന്നെ നോക്കൂ, എന്തെല്ലാം സങ്കീർണതകളാണ്. പിന്നിൽ  ‘വാണ്ടറർ' എന്നുപേരുള്ള പഴയ ആവി എൻജിൻ ഘടിപ്പിച്ചിരുന്നു. കോളനിക്കാലം തൊട്ടുള്ള ചരിത്രത്തിന്റെ ഭാരം പേറുന്ന വാണ്ടറർ നിശ്ശബ്ദം  ഡൽഹി യാത്ര നടത്തും. എന്നാൽ, ചരിത്രമില്ലാതെ  39  വർഷം ജീവിച്ച കരംചന്ദ് അതിനോടൊപ്പം നിന്നൊരു സെൽഫിയെടുത്തിട്ട് കോച്ചിലേക്ക് നടന്നു.

ഒരു ചരിത്രവുമില്ലാത്ത കുട്ടിയെ സങ്കൽപ്പിക്കാം. എവിടെയോ ജനിച്ചു, ആരോ എടുത്തുവളർത്തി സ്‌കൂളിൽ എത്തിച്ച കുട്ടിയെ. അയാൾക്കൊരു പേരിടുമ്പോൾ ഒരു ചരിത്രവും തുടങ്ങുന്നു. കരംചന്ദ് എന്നു വിളിക്കപ്പെടുന്ന നിമിഷത്തിൽ  അയാൾ വിശാലമായ ചരിത്രത്തിന്റെ ഭാഗമാകുന്നു. നമുക്കു ചുറ്റും എത്ര കരംചന്ദുമാർ ഉണ്ടെന്നു നോക്കൂ, കാരണം പിന്നെ തെരയേണ്ടി വരില്ല. ചരിത്രവും ഓർമയും നമ്മളും ഇഴപിരിഞ്ഞിരിക്കുന്ന മെറ്റഫർ കൂടിയാണ്. അതിനാൽ വി  ഷിനിലാൽ ഒരുക്കിയ സമ്പർക്കക്രാന്തി നിരവധി രൂപകം ചേർത്തിണക്കിയ ശിൽപ്പമാകുന്നു.  

സമീറ ഫാത്തിമ യാത്രയിൽ അസ്വസ്ഥയായിരുന്നു. ഒരു കുഞ്ഞുണ്ടാകണമെന്ന് വളരെനാളായി ആഗ്രഹിച്ചതാണ്. യാത്ര തുടങ്ങുമ്പോൾ റിസൾട്ട് വന്നു, സമീറ ഗർഭിണിയാണ്. ഭർത്താവിനെ അറിയിക്കാനാകാത്തത് അവളെ അസ്വസ്ഥയാക്കുന്നു. അടുത്തനാൾ തീവണ്ടിയിറങ്ങുമ്പോൾ ദുഃഖത്തിന്റെ കേവുഭാരം താങ്ങാനാകാതെ അവൾ കരംചന്ദിനോട് പറഞ്ഞു.  ഗർഭത്തിലെ ശിശുവിന്റെ പിതാവ് ഭർത്താവല്ല, പാകിസ്ഥാനിയായ സഹപ്രവർത്തകനാണ്.  ഒരിക്കൽക്കൂടി കരംചന്ദ് ചരിത്രത്തിന്റെയും ചരിത്രമില്ലായ്‌മയുടെയും അതിരിൽ ആയി. അറിഞ്ഞതാണോ, അറിയാത്തതാണോ മെച്ചപ്പെട്ട ചരിത്രം?

പക്ഷേ, സമ്പർക്കക്രാന്തി തീവണ്ടി മാത്രമായിരുന്നില്ല. രാജ്യംതന്നെ, അനേകം ഭാഷകൾ, സംസ്‌കാരങ്ങൾ, വ്യത്യസ്‌തതകൾ എല്ലാം മൂന്നുനാളുകളിൽ നാം കൊണ്ടുപോകുന്നു.  രോഗനിർണയത്തിനായി എടുക്കുന്ന ബയോപ്‌സിയായി ഓരോ കോച്ചിനെയും പരിഗണിക്കാം. സ്വതന്ത്രമായി വിഹരിക്കുന്ന കോച്ചുകൾ ഒന്നിക്കുമ്പോൾ മാത്രമാണ് സ്വത്വമുള്ള തീവണ്ടിയും യാത്രയും ഉണ്ടാകുന്നത്. ശരീരമോ താവളമോ രാജ്യമോ ആയി പരിഗണിക്കാം. യാത്രാപേടകം മാത്രമായല്ല, സ്വതന്ത്ര പ്രവിശ്യകൾ പോലെ പ്രവർത്തിക്കാനാകും ചിലപ്പോൾ.

മരണവും പ്രസവവും വധിക്കാനൊരു തോക്കും വിധ്വംസനത്തിനു വേണ്ട ഗൂഢതന്ത്രങ്ങളും തീവണ്ടിയിൽ ഒപ്പമുണ്ടാകാം. ‘ഓരോ മനുഷ്യനും ഓരോ കഥയായിരിക്കുമ്പോൾ അനേകം മനുഷ്യരെ വഹിച്ചുകൊണ്ടോടുന്ന തീവണ്ടി വലിയൊരു ഇതിഹാസമാകുന്നു.' ഷിനിലാൽ ഇതു പറയുമ്പോൾ നാടകവേഷം പോലെ ജീവിതം നമുക്കനുഭവപ്പെടും. ചണ്ഡീഗഢ്‌ ലക്ഷ്യമിട്ടു സമ്പർക്കക്രാന്തി പോകുന്നു. ന്യൂഡൽഹി സ്റ്റേഷനിൽ 11–-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നു. അവിടെ വച്ച്‌ ചരിത്രത്തിന്റെ ഭാരംകൂടി തങ്ങുന്ന വാണ്ടറർ എന്ന ആവി വിഘടിക്കപ്പെട്ടു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ പ്രൗഢി അറിയിക്കുന്ന മറ്റൊരു മെറ്റഫറായി വാണ്ടറർ മനസ്സിളക്കും. എന്തിനെയും സംശയിച്ചിരുന്ന വൃദ്ധ എല്ലാ സംശയവും ഉപേക്ഷിച്ച്‌ മറ്റൊരു ലോകത്തേക്ക് നടന്നുനീങ്ങി.  ഏതാനും മണിക്കൂർ കഴിഞ്ഞാൽ ഈ സമ്പർക്കക്രാന്തിയും ബയോപ്‌സി കഷണങ്ങളാകും. ചിന്തയിലും ഓർമയിലും മാത്രം നിലകൊള്ളുന്ന സമ്പർക്കക്രാന്തിയോടു ചേർന്ന് കരംചന്ദ് തന്റെ അസ്‌തിത്വം കണ്ടെത്തുന്നതിന് മറ്റൊരു ചിത്രം രേഖപ്പെടുത്തി. അതോടെ മെറ്റഫറുകളുടെ കൂടാരം ഷിനിലാൽ പണിതുതീർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top