12 November Tuesday

അതിജീവനത്തിന്റെ സ്വപ‌്നങ്ങൾ

ഗിരീഷ‌് ബാലകൃഷ‌്ണൻ unnigiri@gmail.comUpdated: Sunday Jun 23, 2019

എല്ലുകള്‍ പൊടിയുന്ന ഓസ്റ്റിയോ ജെനസിസ് ഇംപെര്‍ഫെക്ട എന്ന അപൂർവരോഗത്തോടെ യാണ‌് ജീവൻ എന്ന കുഞ്ഞ‌് പിറന്നുവീണത‌്.  സഹതാപങ്ങൾക്ക‌് ചെവികൊടുക്കാതെ അച്ഛനമ്മമാർ പ്രസന്നതയോടെ ജീവിതത്തെ അഭിമുഖീകരിച്ചപ്പോൾ ജീവൻ മിടുക്കനായി. ഇന്ന‌വൻ സോഫ‌്റ്റ‌്‌വെയർ എൻജിനിയറായി ജീവിതം ആഘോഷിക്കുന്നു. ഋത്വിക് ബൈജു സംവിധാനംചെയ‌്ത ജീവനുള്ള സ്വപ്‌നങ്ങള്‍ എന്ന ഡോക്യുമെന്ററി ജീവനെക്കുറിച്ചും ജീവന്റെ അതിജീവനത്തെക്കുറിച്ചുമാണ‌് 

 

ആരോ ഒരിക്കൽ എന്നോട് ചോദിച്ചു, ‘‘ജീവൻ, നിനക്ക് നടക്കാൻ പറ്റില്ല, ഇതുവരെ നടന്നിട്ടില്ല, ഇനി നടക്കാൻ പോകുന്നുമില്ല, പിന്നെ എന്തിനാണ് എപ്പോഴും ഷൂ ധരിക്കുന്നത്?’’ 
എല്ലാവരും ഭംഗിയായി വേഷം ധരിക്കും. ബലഹീനതയോടെ ജനിച്ച ഞാനെന്തിനാണതിൽ വിട്ടുവീഴ‌്ച ചെയ്യുന്നത്? മറ്റുള്ളവരെ മനസ്സ‌് തുറന്ന് സ്‌നേഹിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളെത്തന്നെ ഇഷ്ടപ്പെട്ടേപറ്റൂ. 
 
അങ്ങനെ പറഞ്ഞ് വശ്യമായി ചിരിച്ചുകൊണ്ട് ജീവൻ ബംഗളൂരുവിലെ മൈക്രോ സോഫ്ട് ആസ്ഥാനത്ത് കൂട്ടുകാരോട് യാത്രപറഞ്ഞ് ഇലക്ട്രിക് വീൽചെയറിൽ വീട്ടിലേക്ക് പുറപ്പെടുന്നു. ജീവൻ ഇപ്പോൾ സോഫ്റ്റ്‌വെയർ എൻജിനീയർ. 28 വർഷം മുമ്പ് അച്ഛന്റെയും അമ്മയുടെയും കൈയിലിരുന്ന‌് വേദനകൊണ്ട് കരയുന്ന, ശരീരം മുഴുവൻ പ്ലാസ്റ്ററിൽ പൊതിഞ്ഞ കൈക്കുഞ്ഞ്. ജന്മനാ എല്ലുകൾ പൊടിയുന്ന ഓസ്റ്റിയോ ജെനസിസ് ഇംപെർഫെക്ട എന്ന അപൂർവ രോഗബാധിതൻ. ആ  കുഞ്ഞ് ഉത്സാഹവും പ്രസരിപ്പും വാരിയെറിയുന്ന ചെറുപ്പക്കാരനായി മാറിയ അവിശ്വസനീയമായ ജീവിതകഥ പറയുന്നു, ഋത്വിക് ബൈജു. ജീവനുള്ള സ്വപ്‌നങ്ങൾ എന്ന ഡോക്യുമെന്ററിയിൽ. 
 
കുട്ടിക്കാലം മുതൽ എനിക്കറിയാം ജീവനെ.  കുഞ്ഞിന്റെ ഇത്തരമൊരു അവസ്ഥമതി  കുടുംബം ഛിന്നഭിന്നമാകാൻ, എന്നാൽ ജീവന്റെ മാതാപിതാക്കൾ പ്രതീക്ഷാപൂർവം ജീവിതത്തെ അഭിമുഖീകരിച്ചു. ആ കുടുംബത്തിന്റെ പോരാട്ടവും പ്രസന്നതയും പകർത്താനാണ് ശ്രമിച്ചത്–- -സംവിധായകൻ പറയുന്നു.
 
ജീവന്റെ അച്ഛനമ്മമാർക്കും സഹോദനും അമ്മൂമ്മയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. ജീവൻ പഠിച്ച കൊല്ലം മയ്യനാട്ടെ സ്‌കൂൾ, ടികെഎം എൻജിനിയറിങ് കോളേജ്, ബംഗളൂരുവിലെ ഐടി ഓഫീസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജീവൻ സ്വന്തം കഥ വിവരിക്കുന്നു. 
സാധാരണ ഇത്തരമൊരു ജീവിതത്തിൽ കണ്ണീർക്കഥയാണ് ഏവരും പ്രതീക്ഷിക്കുന്നത്. പക്ഷേ ജീവിതത്തെ പൂർണാർഥത്തിൽ ആഘോഷിക്കുന്ന ചെറുപ്പക്കാരനെയാണ് ഞാൻ കണ്ടത്. -ഋത്വിക് പറഞ്ഞു.സ്ഥിരമായി എക്‌സർസൈസ് ചെയ്യുന്ന, പടം വരയ‌്ക്കുന്ന, ഗിത്താറും ഹാർമോണിയവും വായിക്കുന്ന, കൂട്ടുകാരുമായി കറങ്ങി നടക്കുന്ന, ശനിയാഴ്‌ച വൈകുന്നേരങ്ങളെ ആഘോഷമാക്കുന്ന ചെറുപ്പക്കാരൻ. വൈകല്യങ്ങൾ അയാളുടെ ജീവിതാസക്തിക്ക് മുന്നിൽ തോറ്റുപോകുന്നു. എനിക്കിതെല്ലാം ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എന്ത് ഒഴിവുകഴിവാണ് പറയാനുള്ളതെന്നാണ് ജീവന്റെ ചോദ്യം.നിൽക്കാൻ പറ്റില്ലെന്ന്  പ്രവചിച്ചവർക്ക് മുന്നിൽ ഇരുകൈയും ഡംപ്‌ബെല്ലിൽ  കാലുയർത്തിനിന്ന് ജീവൻ ഫെയ്‌സ്ബുക്കിൽ ചോദിക്കുന്നു, ഇങ്ങനെ നിന്നാൽ കുഴപ്പമുണ്ടോ?
 
 മയ്യനാട് സ്വദേശികളാണ് ജീവന്റെ കുടുംബം. മകന്റെ വളർച്ചയുടെ ഒപ്പം ഓരോ ഘട്ടത്തിലും വീൽചെയറിൽ പുത്തൻ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തുകയായിരുന്നു എൻജിനിയർ കൂടിയായ അച്ഛൻ മനോജ്.   മകൻ സാധാരണ കുട്ടിയായി വളരണമെന്ന നിർബന്ധബുദ്ധിയോടെ അവനെ എല്ലാമൊരു ചെറുചിരിയോടെ നേരിടാൻ സജ്ജനാക്കി സൈക്കോളജിസ്റ്റ് കൂടിയായ അമ്മ താര. 
 
കുഞ്ഞായിരുന്നപ്പോഴും അവന്റെ മുഖത്ത് എല്ലായ്‌പ്പോഴും ഒരു ചിരിയുണ്ടാകും, മനസിൽ തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള നിശ്ചയദാർഢ്യം കുട്ടിക്കാലത്തേ പ്രകടമായിരുന്നു. കഴിവുകൾ സ്വയം കണ്ടെത്തി അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു, താര പറയുന്നു.
സാധാരണ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽത്തന്നെ പഠിച്ചു. എൻജിനിയർ ആകാൻ ആഗ്രഹിച്ചു. കായികമായ അത്യധ്വാനം സാധിക്കാത്തതിനാൽ കംപ്യൂട്ടർസയൻസ് സ്വയം തെരഞ്ഞെടുത്തു. 
 
ജീവനുള്ള സ്വപ്‌നങ്ങൾ എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനത്തിന് തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ ജീവൻ കുടുംബസമേതമെത്തി. ജീവിതത്തെക്കുറിച്ചുള്ള കാഴ‌്ച്ചപ്പാടുകൾ വ്യക്തമാക്കുന്ന ജീവന്റെ ഡയലോഗുകൾക്ക് കാണികളുടെ കൈയടി. കണ്ണിന് പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ജീവൻ കണ്ണുകൾ കാലശേഷം ദാനം ചെയ്യാൻ തീരുമാനിച്ചത്. 
 
അതേ കുറിച്ച് ജീവൻ: അവയവം ദാനം ചെയ‌്താൽ, അടുത്ത ജന്മത്തിൽ നിങ്ങൾക്ക് ഈ അവയവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഒരിക്കൽ ആരോ ഉപദേശിച്ചു, അങ്ങനെയെങ്കിൽ എന്റെ എല്ലാ അവയവവും ഞാൻ ദാനം ചെയ്യും. തിയറ്ററുകളിൽ നിറഞ്ഞ കൈയടി . തിരക്കഥയിൽ ഇല്ലാത്ത ജീവന്റെ മാസ് ഡയലോഗുകൾ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ.  വീൽചെയറിൽ ജീവിക്കുന്നവർക്ക് കേരളത്തെക്കാൾ മെച്ചം ബംഗളൂരുവാണെന്ന് ജീവന്റെ വാക്കുകൾ കുറ്റബോധത്തോടെയാവും കാണികൾ ഏറ്റുവാങ്ങിയത്. വീൽചെയറുകൾക്ക് സഞ്ചരിക്കാൻ പാകത്തിനുള്ളതാണ് അവിടെ റോഡും കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും. കേരളം അങ്ങനെയാകണം. 
 
അച്ഛനും അമ്മയുംമാറി മാറി എനിക്കൊപ്പം നിൽക്കുന്നു. ഇനി അവർക്ക‌് വിശ്രമം നൽകി ഒറ്റയ‌്ക്ക‌് ജീവിച്ചുതുടങ്ങണം. കടൽത്തീരത്ത് തിരമാലകളെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും അനുജനെയും ഫോണിൽ പകർത്തിക്കൊണ്ട് ജീവൻ അതു പറയുമ്പോൾ ഡോക്യുമെന്ററിയിൽ പിന്നണി പ്രവർത്തകരുടെ പേരുകൾ തെളിയുന്നു.
ജീവന്റെ രോഗാവസ്ഥയെ കുറിച്ച് പരിതപിക്കുന്ന ഒറ്റ ഷോട്ടുപോലുമില്ല ഋത്വിക് പകർത്തിയ ഡോക്ക്യുമെന്ററിയിൽ. ശ്യാമപ്രസാദ്, അഴകപ്പൻ, എബ്രിഡ് ഷൈൻ തുടങ്ങിയവർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഋത്വിക് ജീവനൊപ്പം ഒന്നരവർഷത്തോളം സഞ്ചരിച്ചാണ് ഡോക്യുമെന്ററി ഒരുക്കിയത്. അശ്വിൻ നന്ദകുമാറാണ് ഛായാഗ്രഹണം, എഡിറ്റിങ് ആനന്ദ് മന്മഥൻ, സംഗീതം സിദ്ധാർത്ഥ പ്രദീപ്. ശബ്ദസന്നിവേശം ആനന്ദ് ബാബു.

 

പ്രധാന വാർത്തകൾ
 Top