24 February Monday

ഒരു കുന്നിന്‍ചെരിവ് തന്ന കവിതകള്‍

ബിജോയ് ചന്ദ്രന്‍Updated: Sunday Jun 23, 2019

കുന്നുകൾ കൈകോർത്തുനിന്ന അതിരുകൾ ഉണ്ടായിരുന്നു പാമ്പാക്കുട എന്ന എന്റെ ഗ്രാമത്തിന്. റബർ മരക്കാടുകൾ കുന്നിൻ ചെരിവുകളെ ഇരുണ്ട പച്ചയുടെ ചുളിവുകളിൽ കാണിച്ചുതന്നു. ചെറുപ്പത്തിലേ ഇട്ടുനടന്ന ഏകാന്തതയുടെ നരച്ച കുപ്പായത്തിന‌് റബർമരച്ചില്ലകളെ ഉലച്ചുവന്നെത്തുന്ന ചാറ്റൽമഴയുടെ ഗന്ധം ഉണ്ടായിരുന്നു. ഞങ്ങൾ പാമ്പാക്കുടയിൽ അകലെ മറ്റൊരു നാട്ടിൽനിന്ന‌്  വന്നുപെട്ടവർ. പാമ്പാക്കുടയിലായിരുന്നു അച്ഛന‌് ജോലി. പലയിടങ്ങളിലായി വാടക വീടുകളിലായിരുന്നു അക്കാലത്തെ ജീവിതം. ഇടയ‌്ക്കിടെ വീടുകൾ മാറുന്നത് എനിക്കു പക്ഷേ ഇഷ്ടമായിരുന്നു. പുതിയ പറമ്പുകൾ, പുതിയ മരങ്ങൾ, മറ്റൊരു കൂട്ടം കൂട്ടുകാർ. പഴയ വീട് മെല്ലെ ഓർമയുടെ ചരിവുകളിൽ എന്നെന്നേയ‌്ക്കുമായി വരച്ചുചേർക്കപ്പെടും. റേഡിയോയിലെ പാട്ടുകളായിരുന്നു ഓരോ വീടിന്റെയും അടയാളം എന്ന് പിന്നീട് തോന്നി. ഓരോ വീടിനും ഏതൊക്കെയോ പാട്ടുകളുടെ ഗന്ധം. പാട്ടുകളുടെ ചിറകുകൾക്കുള്ളിൽ വീടുകൾ ഒളിച്ചിരുന്നു.

പ്രകൃതിയുടെ അപാരമായ ദൃശ്യവിന്യാസങ്ങൾ ഉണ്ടായിരുന്നു പാമ്പാക്കുടയുടെ കുന്നിൻചെരിവുകൾക്ക്. കുന്നുകളിൽനിന്ന‌് ഓടിയിറങ്ങുന്ന വെയിലിന്റെ കൈപിടിച്ച് കാറ്റുകൾ താഴ‌്‌വരകളിലേക്ക് പോയി. കുന്നുകൾ തീരുന്നിടത്ത് വയലുകൾ തുടങ്ങി. നോക്കിയാൽ കാണാത്ത അറ്റത്തോളം വയലുകൾ. വരമ്പുകളിലൂടെ നടന്ന വൈകുന്നേരങ്ങൾക്ക് സ്വർണനിറം. കവിതയുടെ അനക്കങ്ങൾ ഉണ്ടായത് ഈ നിറപ്പകർച്ചകളിൽനിന്നായിരുന്നു. 
 
പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യം  കവിത എഴുതിയത്. പാടത്ത‌ു താണിറങ്ങുന്ന കൊക്കുകളെ വിമാനങ്ങളായി സങ്കൽപ്പിച്ചുകൊണ്ട‌്.  നാട്ടിടവഴിയിൽ തലയാട്ടിനിന്ന കോളാമ്പിപ്പൂക്കളെയും കൊങ്ങിണിയെയുംപറ്റി കവിതകളെഴുതി.  മഴക്കാലങ്ങളെയും റബർമരങ്ങൾ ഇല പൊഴിക്കുന്ന മഞ്ഞുകാലങ്ങളെയും കവിതയിൽ നിറച്ചു.
പ്രണയത്തിന്റെ തീയിലേക്ക് വഴുക്കിവീണ പ്രീഡിഗ്രിക്കാലം എന്നെ മറ്റൊരാളാക്കി. റബർമരങ്ങളുടെ പെരുക്കങ്ങൾ വിട്ട്  പട്ടണത്തിന്റെ ആൾത്തിരക്കിലേക്കും ക്യാമ്പസിന്റെ തിരക്കുതിപ്പുകളിലേക്കും എറിയപ്പെട്ടു. ആളുകളെ കാണുന്നതുപോലും പേടി. കുട്ടികളെ കുത്തിനിറച്ച ബസുകൾ. അവയിൽ കയറിപ്പറ്റാനാകാതെ  എന്നും വീട്ടിലെത്താൻ വൈകി. ആദ്യപ്രണയത്തിന്റെ ഉന്മാദത്തിലും നിരാശയിലും ഉപേക്ഷയിലും കവിതകളുടെ മിന്നൽപ്പിണരുകൾ കണ്ടെത്തി. ചില മാസികകളുടെ ബാലപംക്തിയിൽ കവിതകൾ അച്ചടിച്ചുവന്നു. വിരുന്നാണ‌്  ആദ്യം അച്ചടിക്കപ്പെട്ട കവിത. മാതൃഭൂമി  ബാലപംക്തിയിൽ. കുഞ്ഞുണ്ണി മാഷിന്റെ കത്ത‌് ഏറെക്കാലം  നിധിപോലെ  സൂക്ഷിച്ചു. വിരുന്ന് കൊള്ളാമെന്നതിനാലെടുത്തുവച്ചിരിക്കുന്നു, വന്നുകാണാൻ കാലം പിടിക്കും എന്നായിരുന്നു ഒറ്റവാചകം. മാസങ്ങൾക്കുശേഷം കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ആ കവിതയെ കാത്തിരുന്നു. അത് സ്വന്തം ഡയറിയിൽ എഴുതിവച്ചു കെ എസ് നന്ദിത എന്ന കവയിത്രി. എന്നേക്കാൾ നാലോ അഞ്ചോ വയസ്സ് മൂത്ത അവർ അന്നേ  കോളേജ് അധ്യാപിക ആയിരുന്നു. അവർ രഹസ്യമായി കവിതകളെഴുതിയിരുന്നു. കവിതയിൽ പനിപിടിച്ചു നടന്ന എനിക്ക് പരിചയമില്ലാത്ത, വടക്ക് എങ്ങോ ഉള്ള ആ പെൺകുട്ടി വൈകാതെ ആത്മഹത്യ ചെയ‌്തു. അവരുടെ ഡയറിയിൽനിന്ന‌് കണ്ടെത്തപ്പെട്ട അനേകം കവിതകളുടെ കൂട്ടത്തിൽ വിരുന്നും  ഉണ്ടായിരുന്നു. കവിതയുടെ കൂടെ നന്ദിത എന്റെ പേര് വച്ചിരുന്നില്ല. അതിനാൽ നന്ദിതയുടെ കവിതയായി അത് ചില പുസ‌്തകങ്ങളിൽ വരികയുംചെയ‌്തു. എന്റെ കവിത അങ്ങനെ എവിടെയോ ഉള്ള അജ്ഞാതയായ ഒരു പെൺകുട്ടി എഴുതിവച്ചതോ പുസ‌്തകത്തിൽ അവരുടെ രചനയായി വന്നതോ ഒന്നും അക്കാലത്ത‌് എനിക്കറിയില്ലായിരുന്നു. അതറിഞ്ഞപ്പോൾ ആദ്യം ഒന്നമ്പരന്നു. പ്രസാധകരോട് പരാതിപറഞ്ഞു. പ്രയോജനമുണ്ടായില്ല. അതോർത്തുള്ള വിഷമം പതുക്കെ മാഞ്ഞുപോയി.
 
കോളേജിലെ ലൈബ്രറിയിൽനിന്ന‌് എടുക്കുന്ന പുസ‌്തകങ്ങൾ റബർ തോട്ടത്തിലോ തോട്ടിൻ കരയിലോ ഒക്കെ പോയിരുന്നു വായിക്കും.  ചേട്ടൻ വരുത്തിയ വാരികകളും വാരിവലിച്ച് വായിച്ചു. അങ്ങനെ കവിതകളുടെ പുതുമണ്ണും പുതുശ്വാസവും ഞാനും കണ്ടെത്തി.  കവിതകളിൽ റബ്ബർകാടുകളിൽ പടർച്ച കണ്ടെത്തിയ ഋതുഭേദങ്ങൾ നിറഞ്ഞു. ഓർമകളും ഗ്രാമ്യമായ അനുഭവങ്ങളും തിരസ്‌കൃത പ്രണയത്തിലെ പെൺകുട്ടിയുടെ മുഖവും ചേർന്ന് കവിതകളുടെ പെരുംപെയ‌്ത്ത‌ുതന്നെ തുടങ്ങി. 
ലോറി എന്ന കവിതയിൽ  റബർ തടികൾ  കയറ്റി ചെങ്കുത്തായ കുന്നിറങ്ങിവരുന്ന ലോറിയെ എഴുതിവച്ചു.
 
ലോറിയിൽ തടികയറ്റുന്നത്
ആളുകളല്ല, ഒരു പാട്ടാണ്
ഇരുമ്പിന്റെയും മരപ്പൊടിയുടെയും
മണം പറ്റിപ്പിടിച്ച ഒരു കാറ്റ്...
 
വീഴുന്ന മരങ്ങൾ  ചുറ്റുമുള്ളവയുടെ കൈപിടിച്ച് എങ്ങനെയും നിൽക്കാനുള്ള ഒരു  ശ്രമം നടത്തും. പ്രായമായ റബർ മരങ്ങളെ അവസാനത്തെ തുള്ളി പാൽകൂടി ഊറ്റിയെടുത്തുകഴിഞ്ഞാൽ  വെട്ടിമറിക്കും. പെട്ടെന്ന് വെളിപ്പെട്ടതിന്റെ ഒരു ജാള്യത ഉണ്ടാകും അതേവരെ വെട്ടം കാണാത്ത പറമ്പിന‌്. പറമ്പ്  മുഖം പൊത്തി കമിഴ‌്ന്നുകിടക്കും... വെട്ടുകാരന്റെ ദിനേശ് ബീഡിക്കുമേൽ ഡ്രൈവറുടെ സിസറെരിയും. ലോറിഡ്രൈവർ ആകണമെന്നായിരുന്നു  മോഹം. ഇപ്പോൾ കിളി എങ്കിലുമാകാൻ എന്ന് അവസാനിക്കുന്ന ആ കവിത ഇഷ്ടരചനയാണ്. പോളിമറും  റബർ മരങ്ങളെപ്പറ്റിയാണ‌്.  ഞരമ്പുകൾ ചെത്തിമുറിക്കുമ്പോൾ ചോരയൊലിപ്പിച്ചാലും പാലാണെന്നേ പറയൂ.. ഇങ്ങനെ ചില റബർ കവിതകൾ... 
പ്രകൃതിയും ഏകാന്തതയും ഒരെത്തുംപിടിയും കിട്ടാത്ത ജീവിതവും കവിതയെപ്പറ്റിയുള്ള എന്റെ സ്വപ‌്നങ്ങളെ വന്യമാക്കി. പെരുത്തമഴകൾ ആരവത്തോടെ പരുത്തിക്കുന്നൻ മലയുടെ ചെരിവിലേക്ക് ഇടിച്ചിറങ്ങിയ ഇടവപ്പാതികൾ ഒരു വല്ലാത്ത ഓർമയാണ്. കുന്നുകളിൽനിന്ന‌് ആർത്തലച്ചുവന്ന പെയ‌്ത്തുവെള്ളം റോഡിനെ കലക്കത്തോടാക്കി മാറ്റും. കുട പിടിച്ചു ചെറുപ്പത്തിൽ അത്തരം തോടുകളിലൂടെ വെള്ളം തെറിപ്പിച്ചുനടന്ന ഓർമകൾ കവിതയിൽ പലപ്പോഴും വന്നുപോയിട്ടുണ്ട്. പറമ്പുകളും പാടങ്ങളും തോടും കടന്ന്, നനഞ്ഞ യൂണിഫോമുമായി സ‌്കൂളിൽ പോയ ഓർമകളും പാമ്പാക്കുടയുടെ പ്രകൃതിയുമായി അലിഞ്ഞുകിടക്കുന്നു. കലാകൗമുദിയിൽ ആദ്യമായി വന്ന തെങ്ങിൻപാലം കടന്ന് എന്ന കവിത ആ ദിവസങ്ങളുടെ ഓർമയാണ്. 
 
നിറഞ്ഞ തോടിന്റെ 
കുറുകെയാണോർമ 
മുറുക്കാൻ മേടിക്കാൻ 
കുറുമ്പച്ചേടത്തി 
വടക്കൻ പാട്ടുമായ്
കടന്നുപോയത് 
ഇതുവഴിയല്ലോ....
 
 റേഡിയോ കേട്ടുണർന്ന പ്രഭാതങ്ങളും ഒരു പാട്ടിന്റെ ഓളങ്ങളിൽ ഉറക്കത്തിലേക്കു വഴുതിയ  രാത്രികളും എങ്ങനെ മറക്കും. രഞ്ജിനി എന്ന കവിത ഇത്തരം റേഡിയോ കാലങ്ങളെ മുറുക്കെ പിടിക്കുന്നു. കവിതകളിൽ പിന്നീട് അകാലവാർധക്യവും സഫലമാകാത്ത പ്രണയവും നിറഞ്ഞു. കാവൽ എന്ന ആദ്യപുസ‌്തകം നിറയെ  പ്രണയകാലത്തിന്റെ ശേഷിപ്പുകൾ. മരണാഭിമുഖ്യമുള്ള മനസ്സ് അന്ന് അവയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് വന്ന വിലാസമില്ലാത്ത ഒരു കത്തും പോസ്റ്റ്മാൻ വരാത്ത ദിവസങ്ങളും ആ  ആഭിമുഖ്യത്തെ ചേർത്തുപിടിച്ചു. എങ്ങനെയൊക്കെയോ തല്ലിപ്പിടച്ചും  തുഴഞ്ഞുതളർന്നും  ജീവിക്കാൻ തുടങ്ങിയ മറ്റൊരു കാലത്ത് എന്റെ അനിശ്ചിതമായ കവിതയും പരിണാമങ്ങൾക്ക് വിധേയപ്പെട്ടു. സമകാല മലയാള കവിതയുടെ പുതുക്കപ്പെട്ട  ചില ആലോചനകളുമായി ചേർന്നുനടക്കാൻ കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വലിയ അവസരങ്ങൾ കിട്ടി. ദേശാഭിമാനി വാരികയിൽ വന്ന രാത്രിയിൽ സ‌്കൂൾമുറ്റത്ത്, മഴക്കോട്ടിട്ട് ബൈക്ക് ഓടിക്കുമ്പോൾ, വൈകുന്നേരത്തെ ക്ലാസ‌് മുറി ഇങ്ങനെ ചില കവിതകളിലൂടെ ചെറുതായൊക്കെ നിലനിൽക്കാൻ സാധിച്ചു. പച്ചക്കുതിര മാസികയിൽ മുടിയിറക്കം, തൊണ്ട്, മൂർച്ച ഇങ്ങനെ കുറേ കവിതകൾ. 2008ൽ തോർച്ച എന്ന ഒരു സമാന്തരമാസിക തുടങ്ങിയത് ജീവിതത്തെ മറ്റൊരു നടവഴിയിലേക്ക് തിരിച്ചുവിട്ടു. എഴുത്തും വായനയും മാസികാപ്രവർത്തനങ്ങളും എല്ലാം നിറഞ്ഞ കുറേ വർഷങ്ങൾ.  എല്ലാ പ്രസിദ്ധീകരണങ്ങളിലും അവസരങ്ങൾ. സമാന്തര മേഖലയിലെ ഒരു അധ്യാപകനായി ജീവിക്കാനും തുടങ്ങിയത് ഇത്തരം പ്രവർത്തനങ്ങൾക്ക് തുണയായി എന്നും പറയട്ടെ. കവിതകൾ തുടരുന്നു. അത്രമാത്രം ഓർമത്താളുകൾ ഇനിയും മറിക്കാനുണ്ട് എന്നതിനാൽ. അത്രയേറെ വേനലുകൾ ഇനിയും തിരികെ കണ്ടെടുക്കുവാനുണ്ട് എന്നതിനാൽ...കിനാവുകളുടെയും സങ്കടങ്ങളുടെയും ഒരുപാട് കുന്നുകൾ ഇനിയും കയറിയിറങ്ങാനുണ്ട് എന്നതിനാൽ. ഏറ്റവുമൊടുവിൽ  കൂയ് എന്ന കവിത ഈ കുറിപ്പിൽ പറഞ്ഞ എന്റെ കുന്നിൻ ചെരിവിലെ  ജീവിതത്തെ അപ്പാടെ പകർത്തുന്നു എന്നും ഓർമകളോടെ പറയട്ടെ.
പ്രധാന വാർത്തകൾ
 Top