02 June Tuesday

ഭാഗ്യജാതകത്തിന്റെ നാനാര്‍ഥങ്ങള്‍

ഡോ. അനിൽ കെ എം ayansarang@gmail.comUpdated: Sunday Jun 23, 2019

ഇന്ത്യയിലെ ജന്മം ഒരു ഭാഗ്യക്കുറി ഇടപാടാണ്. അപൂർവം പേർക്കുമാത്രമേ അതിന്റെ സൗഭാഗ്യം അനുഭവിക്കാനാകൂ. പലതരം ആഭ്യന്തര അടിമത്തങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്ന സാമൂഹ്യവിവേചനങ്ങളാണ് പലർക്കും പൂർവിക സ്വത്തായി ലഭിക്കുന്നത്. ഇന്ത്യൻ നാഗരികതയിൽ ഒരു കാലത്തും സാമൂഹ്യസമത്വം  മുഖ്യ സവിശേഷതയായി കടന്നുവന്നിട്ടില്ല. മനുഷ്യർ തരംതിരിവുകളോടെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അതാണ് പ്രകൃതിനിയമമെന്നും ഇന്ത്യക്കാർ സഹസ്രാബ്ദങ്ങളായി വിശ്വസിച്ചുപോരുന്നു. നമുക്ക് ലഭിച്ച ജന്മത്തെ ആകസ‌്മികതയായി കണക്കാക്കി അതിനകത്തുതന്നെ ഒടുങ്ങിത്തീരാനും നാം പരിശീലിപ്പിക്കപ്പെടുന്നു. കോളനികാലത്തും ആധുനിക ജനാധിപത്യയുഗത്തിലും കമ്പോള മുതലാളിത്തത്തിന്റെ കാലത്തും അസമത്വം വ്യത്യസ‌്തരൂപങ്ങളിൽ നിലനിൽക്കുകതന്നെയാണ്. 

ജാതി, വർഗം, ലിംഗപദവി, ഭാഷ, പ്രദേശം, മതം എന്നിവയെല്ലാം അടിമത്തത്തിൽ നിർണായകം. അസമത്വങ്ങൾ മുറിച്ചുകടന്ന് നാം നിർവഹിച്ചുതീർക്കുന്ന ഒന്നാണ് ഇന്ത്യൻ ദൈനംദിനം. ഈ പതിവുജീവിതത്തിന് ആധാരമായി നിൽക്കുന്ന പാഠങ്ങളെയും വ്യവഹാരങ്ങളെയും വിമർശനാത്മകമായി പരിശോധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് നമിത് അറോറയുടെ ‘ദി ലോട്ടറി ഓഫ് ബെർത്: ഓൺ ഇൻഹെറിറ്റഡ് സോഷ്യൽ ഇൻഇക്വാലിറ്റീസ്’. ത്രീ എസ്സേസ് കലക്ടീവാണ് പ്രസാധകർ. ഇന്ത്യൻ ആധുനികത, ഗാന്ധി, അംബേദ‌്കർ, ഭഗവദ്ഗീത, ജനാധിപത്യവും ദേശീയതയും, ഭാഷാപരമായ ശ്രേണീകരണം, സംവരണം, സ‌്ത്രീകൾക്കെതിരെയുള്ള ഹിംസ, സ്വത്വരാഷ്ട്രീയം എന്നിവയെല്ലാം ഇതിൽ പ്രമേയമാകുന്നു. 
കംപ്യൂട്ടർ എൻജിനിയറായി അമേരിക്കയിൽ ജീവിച്ച അറോറ  തിരിച്ചെത്തിയശേഷമാണ് ഇതെഴുതിയത്. സിദ്ധാന്തഗരിമയേക്കാൾ നിരീക്ഷണപാടവവും അനുഭവത്തിന്റെ ചൂടുമാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്. 14 ലേഖനങ്ങൾ മൂന്ന് ഭാഗമായാണുള്ളത‌്‌. ഓം പ്രകാശ് വാൽമീകിയുടെ ജൂഠൻ എന്ന ആത്മകഥയെക്കുറിച്ചുള്ള പ്രബന്ധമാണ് ആദ്യത്തേത്. അജയ് നവരിയയുടെ ചെറുകഥകളുടെ പഠനമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് ‘ആണിനും പെണ്ണിനുമപ്പുറം–- ഒരു ഹിജഡയുടെ ജീവിതം’ എന്ന പ്രബന്ധം. എ രേവതിയുടെ ആത്മകഥ ആസ‌്പദിച്ച് തയ്യാറാക്കിയതാണിത്. ഈ മൂന്ന് ലേഖനങ്ങളെയും ഒരു വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ‘അസമത്വത്തിന്റെ അനുഭവം’ എന്നാണ് ഈ ഭാഗത്തിന് പേര്. ‘അസമത്വത്തിന്റെ വാസ‌്തുശിൽപ്പം’ എന്ന രണ്ടാം ഭാഗത്ത് നാല് ലേഖനമുണ്ട്. ജാതിവ്യവസ്ഥയുടെ ഉൽപ്പത്തി, വ്യാപനം, നിലനിൽപ്പ് എന്നിവ വിശദീകരിക്കുന്ന ‘ഹിന്ദുസ്ഥാന്റെ നാശഹേതു’ എന്ന ലേഖനം, അസമത്വങ്ങളെ ഇല്ലാതാക്കാൻ ലിബറൽ ഇന്ത്യ നടപ്പാക്കിയ നടപടികളെ വിലയിരുത്തുന്ന ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ നൃത്തം’ എന്ന കുറിപ്പ‌്, ജാതിയുടെ സാം സ‌്കാരികമൂലധനത്തെ വിലയിരുത്തുന്ന ‘ജാതിയുടെ വിശേഷാധികാരം’ എന്ന പേരിലുള്ള ലേഖനം, ‘ഭഗവദ്ഗീതയിലെ ധാർമിക പ്രപഞ്ചം’ എന്ന ലേഖനം എന്നിങ്ങനെ നാല് പ്രബന്ധങ്ങളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം. ‘അസമത്വത്തിന്റെ കവല’ എന്ന് നാമകരണംചെയ‌്ത മൂന്നാംഭാഗത്ത്, ‘ഡൽഹി: ബലാൽക്കാരത്തിന്റെ നഗരം’, ‘മനസ്സിന്റെ അപകോളനീകരണം’, ‘നമുക്കെന്താണ് വേണ്ടത്?’ എന്നിങ്ങനെ മൂന്ന് ലേഖനങ്ങൾ. ‘അസമത്വത്തിന്റെ ആഖ്യാനങ്ങൾ’ എന്നതാണ് നാലാം ഭാഗം. ‘ഇന്ത്യൻ ഭാവനയിൽ അംബേദ‌്കറുടെ സ്ഥാനം’, ‘യുക്തിവാദിയും കാൽപ്പനികവാദിയും’ (അംബേദ‌്കറുടെ ജാതിയുടെ ഉന്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയ് എഴുതിയ ആമുഖം മുൻനിർത്തിയുള്ള കുറിപ്പ്), ‘സ്വത്വത്തിന്റെ രാഷ്ട്രീയം’, ‘സന്യാസിമാരും അത്ഭുതങ്ങളുമില്ല: ഇന്ത്യ എന്ന ആശയത്തിലേക്കുള്ള പുനഃസന്ദർശനം’ എന്നീ നാല് പ്രബന്ധമാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. 
 സമത്വ സങ്കൽപ്പത്തിന് മാനവസംസ്‌കൃതിയോളം പഴക്കമുണ്ടായിരിക്കണം. വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യലാണ് സമത്വപൂർണമായ സമൂഹത്തെ നിർമിക്കുന്നതിൽ പ്രധാനമെന്ന് ഒരു കാലത്ത് കരുതി. വ്യക്തിസ്വാതന്ത്ര്യമടക്കം മറ്റ് പല അവകാശങ്ങളെയും അടിച്ചമർത്തിക്കൊണ്ടുമാത്രമേ അത് സാക്ഷാൽക്കരിക്കാനാകൂ എന്നതിനാൽ വിഭവങ്ങളുടെ വിതരണത്തിന് സമത്വത്തിന്റെ കാര്യത്തിൽ ഊന്നൽ നൽകേണ്ടതില്ല എന്ന് സോവിയറ്റ് യൂണിയൻ അനുഭവം മുൻനിർത്തി പലരും ചൂണ്ടിക്കാട്ടി. അവസരസമത്വമാണ് പ്രധാനം എന്ന് ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ, ഭൗതികവും സാംസ‌്കാരികവുമായ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാതെ എങ്ങനെ അവസരസമത്വം ഉണ്ടാകുമെന്ന ചോദ്യമാണ് ഇന്ത്യൻ സാഹചര്യത്തെ പശ്ചാത്തലമാക്കി നമിത്‌ ചോദിക്കുന്നത്. സാംസ‌്കാരികമൂലധനം അസമമായി വിതരണം ചെയ്യുന്നതിലൂടെ അവസരസമത്വം നഷ്ടപ്പെട്ട ജനതയാണ് ഇന്ത്യയിലുള്ളതെന്ന് തെളിയിക്കുകയാണ് ഗ്രന്ഥകാരൻ. ഇന്ത്യൻ സമൂഹത്തിൽ സമത്വം എന്ന ആശയത്തെ തടയുന്ന മൂന്ന് ഘടകങ്ങളെക്കുറിച്ച് ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. 1) നീതിയുക്തമായ സമൂഹത്തെ വിഭാവനം ചെയ്യുന്നതിന് തടസ്സമായി നിൽക്കുന്ന മാനസിക ഘടകങ്ങൾ, 2) അതിനെ തടയുന്ന സമൂഹരൂപങ്ങളും സമുദായങ്ങളും, 3) അധീശവർഗ പ്രത്യയശാസ്ത്രം എന്നിവയാണവ. 
 
തങ്ങൾ ജീവിക്കുന്നത് ഒരു നീതിയുക്തസമൂഹത്തിലാണെന്ന് സ്വയം ധരിക്കുന്ന ഉപരിവർഗമാണ് ഇന്ത്യയിലുള്ളത്. അനീതി നേരിടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് അവരുടെ പ്രവൃത്തിദോഷംകൊണ്ടാണെന്നും ഇക്കൂട്ടർ കരുതുന്നു. ആയതിനാൽ, ഇരകളെ വീണ്ടും അപരാധികളായി ചിത്രീകരിക്കുന്ന ഉപരിവർഗമനോഭാവം ഇന്ത്യൻ സമൂഹത്തിൽ പ്രബലം. ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടിയോട് ‘നീ എന്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചില്ല’ എന്ന് ചോദിച്ച നീതിപീഠമാണല്ലോ ഇന്ത്യയിലുള്ളത്? ന്യൂനപക്ഷങ്ങൾ തീവ്രവാദത്തിലേക്ക് തിരിയുന്നതുകൊണ്ടാണ് ഇന്ത്യയിൽ ഹിന്ദുത്വം ശക്തിപ്പെടുന്നത് എന്ന വാദം ഇന്ന് നമ്മുടെ പൊതുബോധത്തിൽ ശക്തം. ഇരയോട് ചേർന്നുനിൽക്കുന്നതിനുപകരം ഇരയെ വീണ്ടും മഴയത്ത് നിർത്താനുള്ള യുക്തി ഇന്ത്യൻ മനസ്സിന്റെ സവിശേഷതയാണെന്ന് നമിത് സൂചിപ്പിക്കുന്നു. സ്വന്തം ജീവിതം മുൻനിർത്തി അദ്ദേഹം നടത്തുന്ന നിരീക്ഷണം ശ്രദ്ധേയം. ഐഐടി ഖരക്പുരിൽ എൻജിനിയറിങ് വിദ്യാർഥിയായി ചേർന്നതും  സ‌്കോളർഷിപ‌് നേടി അമേരിക്കയിൽ പഠിച്ചതും കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും തെളിവായി നമിത് കാണുന്നില്ല. അതെല്ലാം അവസരങ്ങൾമാത്രം. ഉന്നത ജാതിയിൽപ്പെട്ട വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മകനായി ജനിക്കാൻ കഴിഞ്ഞതുമുതൽ ആരംഭിക്കുന്നതാണിത്. ജന്മം മറ്റൊരുതരത്തിലായിരുന്നെങ്കിൽ ഇതെല്ലാം മാറിമറിയുമായിരുന്നു. ജാതീയമായ ഒരു വിവേചനവും അനുഭവിക്കാത്ത ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം വാസ‌്തവത്തിൽ ഒരു കനപ്പെട്ട സാംസ‌്കാരികമൂലധനമാണ്. അയാളുടെ ജീവിതവിജയത്തിലെ പ്രധാന ഹേതുക്കളിലൊന്ന്‌. ജീവിതവിജയത്തെക്കുറിച്ച് ചർച്ചചെയ്യുന്ന മാധ്യമങ്ങളോ പൊതുസമൂഹമോ ഇത്‌ പരിഗണിക്കാറില്ല. കഠിനാധ്വാനവും കഴിവുമാണ് എല്ലാറ്റിനും നിദാനമെന്ന് നിരന്തരം പ്രചരിപ്പിക്കുന്നു. 
 
ധാർമിക സമൂഹം എന്നൊരു സങ്കൽപ്പത്തെക്കുറിച്ച് പ്രസിദ്ധ സാമൂഹ്യ ശാസ്‌ത്രജ്ഞൻ എമിൽ ദുർഖീം സൂചിപ്പിക്കുന്നുണ്ട്. ഓരോ മതസമൂഹവും തങ്ങളാണ് ധാർമികമായി മറ്റുള്ളവരേക്കാൾ ഉയർന്നവരെന്ന് കരുതുന്നതിന്റെ ആധാരം ഈ സങ്കൽപ്പമാണ്. നിലപാടുകൾ സ്വീകരിക്കുന്നതിലും അഭിപ്രായം രൂപീകരിക്കുന്നതിലും ധാർമിക സമൂഹം എന്ന നിർമിതിക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ടാണ് ഡൽഹിയിലെ മധ്യവർഗത്തിൽപ്പെട്ട  പെൺകുട്ടി ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ അത് വലിയ വാർത്തയാകുന്നതും ഹരിയാനയിലെ ഏതെങ്കിലും ഗ്രാമത്തിൽ ദളിത് പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ നാം അറിയാതിരിക്കുന്നതും. സവർണസമൂഹം തങ്ങളാണ് മറ്റുള്ളവരേക്കാൾ ഉയർന്ന ധാർമിക സമൂഹം എന്ന് കരുതുന്നതുകൊണ്ട് മറ്റ് സമുദായക്കാരുടെ നീതി അവരുടെ കാഴ്ചവട്ടത്ത് വരുന്നില്ല. ധാർമിക സമൂഹങ്ങൾ ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആകാം. അവർ അധികാരപദവിക്കകത്തോ പുറത്തോ ആകാം. പക്ഷേ, തങ്ങളിലെ അംഗങ്ങളുടെ ലോകവീക്ഷണത്തെ സ്വാധീനിക്കുന്നതിൽ ഈ സമൂഹങ്ങൾക്ക് വലിയ പങ്കുണ്ട്. ഓരോ സമുദായവും ഉൾച്ചേർക്കുന്നതും പുറന്തള്ളുന്നതും അതിന്റേതായ ധാർമികമൂല്യങ്ങളുടെ പിൻബലത്തിലാണ്. വർഗീയകലാപങ്ങൾക്കും ഹിംസയ‌്ക്കും പലപ്പോഴും കാരണമായിത്തീരുന്നത് ധാർമിക സമൂഹം പങ്കിടുന്ന മൂല്യങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ധാർമിക സമൂഹം ജാതിയാണെന്ന് നമിത് പറയുന്നു. ശ്രേണീവൽക്കൃത അസമത്വം നിലനിൽക്കുന്ന ജാതിവ്യവസ്ഥയിൽ തങ്ങൾക്കു കീഴെ നിൽക്കുന്ന ജാതികളെ പുറന്തള്ളാനുള്ള സാധൂകരണമായി പ്രവർത്തിക്കുന്നത് ഓരോ ജാതി സമൂഹത്തിന്റെയും ധർമബോധമാണ്. 
അധീശവർഗ പ്രത്യയശാസ്‌ത്രമാണ് സാമൂഹ്യമായ അസമത്വത്തെ കോട്ടകെട്ടി സംരക്ഷിക്കുന്ന മറ്റൊരു ഘടകം. ബ്രാഹ്മണ്യത്തിന്റെയും കൊളോണിയലിസത്തിന്റെയും അധീശത്വങ്ങളിൽനിന്ന് ഇന്ത്യൻ സമൂഹം പുറത്തുകടന്നിട്ടില്ല.   ജാതി–-വർഗ–-ലിംഗഭേദങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവേചനം തുടരുകയാണ്. ലിബറൽ സമൂഹ്യവ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അധീശപ്രത്യയശാസ്‌ത്രത്തിനെതിരെ നിരവധി ആശയങ്ങളും ആവിഷ‌്കാരങ്ങളും രൂപപ്പെടും. എന്നാൽ, ഇന്ത്യയിലെ ലിബറൽ അന്തരീക്ഷം അതിദ്രുതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അധീശപ്രത്യയശാസ്‌ത്രത്തെ സന്ദിഗ‌്ധമാക്കുന്ന പ്രതിശബ്ദങ്ങൾ പതിയെ കെട്ടടങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇത് വലിയ അളവിൽ അസമത്വം നിലനിൽക്കുന്ന സമൂഹത്തെ അതേവിധം തുടരാൻ സഹായിക്കുന്നു. ബ്രാഹ്മണാധിപത്യത്തെയും ആൺകോയ്മയെയും പുനരുൽപ്പാദിപ്പിക്കുന്ന നിരവധി ആഖ്യാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ആയതിനാൽ, അവബോധപരമായ വിപ്ലവത്തെ പ്രഥമമായിക്കണ്ട് നിർവഹിക്കേണ്ട സാംസ‌്കാരിക സമരത്തെ ഓർമിപ്പിക്കുന്ന പുസ്‌തകമാണിത്‌.
അസമത്വവും അവബോധവും തമ്മിലുള്ള സങ്കീർണ ബന്ധത്തിന്റെ കുരുക്കഴിക്കാൻ ആഖ്യാനങ്ങളെ അപനിർമിക്കണം. ദളിത് ആത്മകഥകളും ട്രാൻസ് ജെൻഡറിന്റെ അനുഭവാഖ്യാനങ്ങളും സ്‌ത്രീകളുടെ സ‌്മൃതികളും അപനിർമിക്കുന്നതോടൊപ്പം ഭഗവദ്ഗീതപോലുള്ളവയും അപഗ്രഥിക്കപ്പെടണം, ചരിത്രവൽക്കരിക്കണം. ആഖ്യാനങ്ങളെ ചരിത്രനിരപേക്ഷമായ ആവരണംകൊണ്ട് പൊതിയുമ്പോഴാണ് അവ മിത്തുകളായിത്തീരുന്നത്. മിത്തുകളെ അപനിർമിക്കുന്നതിലൂടെമാത്രമേ ഭാഗ്യജാതകത്തിന് വിട്ടുകൊടുത്ത ജീവിതങ്ങളെ നമുക്ക് ഭൂമിയിൽ സ്ഥാപിച്ചെടുക്കാനാകൂ. ലളിതമെങ്കിലും അകത്തേക്ക് പൊട്ടിത്തെറിക്കാൻ ശേഷിയുള്ളതാണ് ‘ജന്മമെന്ന ഭാഗ്യക്കുറി’ എന്ന് പേരുള്ള ഈ പുസ്‌തകം.
പ്രധാന വാർത്തകൾ
 Top