18 February Tuesday

പാട്ടുമഴയിൽ ആളുന്ന വിരഹാഗ്നി

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Jun 23, 2019

അമ്രപാലിയിൽ സുനിൽദത്തും വൈജയന്തിമാലയും

ലത മങ്കേഷ‌്കറുമായി ഇടക്കാലത്തുണ്ടായിരുന്ന വഴക്കും അഭിപ്രായഭിന്നതകളും മറന്ന് ശങ്കര്‍ ജയ്കിഷന്‍ അവർക്കൊപ്പം ചേര്‍ന്ന സിനിമയായിരുന്നു അമ്രപാലി. ഏറ്റവും മനോഹരമായി സിതാര്‍ ഉപയോഗിച്ച ഗാനങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ചന്ദ്രികാചര്‍ച്ചിതമായ ഒരു രാത്രിയിലേക്ക‌് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ലതയുടെ വശ്യമായ ആലാപനം

 

“രണ്ടായിരത്തഞ്ഞൂറിലേറെ വർഷംമുമ്പ്, ലോകമെങ്ങും സമാധാനസന്ദേശം പരത്താനായി  ശ്രീബുദ്ധൻ ഭാരതത്തിൽ പിറന്ന കാലത്ത് ഗംഗാനദിയുടെ തെക്കുഭാഗത്തുള്ള മഗധ ഭരിച്ചിരുന്നത് അജാതശത്രുവാണ്. ഗംഗയുടെ വടക്കൻതീരത്തുള്ള വൈശാലി എന്ന രാജ്യത്തിൽ അക്കാലത്തുതന്നെ ജനാധിപത്യഭരണം നിലനിന്നിരുന്നു..” 

ലേഖ് ഠണ്ഡന്റെ സംവിധാനത്തിൽ 1966ൽ പുറത്തുവന്ന അമ്രപാലി എന്ന സിനിമ ഇങ്ങനെ ബുദ്ധനെയും പുരാതന ഭാരതചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെയും പരാമർശിച്ചുകൊണ്ട് ആരംഭിക്കുന്നു. അജാതശത്രുവും ബിംബിസാരനുമുൾപ്പെടെ തലപ്പൊക്കവും തന്റേടവുമുള്ള ഒരുപാടു രാജാക്കന്മാർ ജീവിച്ചിരുന്ന ആ നൂറ്റാണ്ടിന്റെ യഥാർഥ നായകൻ ബുദ്ധനായിരുന്നു. മഗധയും വൈശാലിയും കോസലവുമടക്കമുള്ള രാജ്യങ്ങളിലെല്ലാം വൻ ശിഷ്യസമ്പത്തുണ്ടായിരുന്ന ബുദ്ധൻ മഹാവിക്രമൻമാരും യുദ്ധക്കൊതിയന്മാരുമായ ചക്രവർത്തിമാരെപ്പോലും മാനസാന്തരപ്പെടുത്തി തന്റെ സംഘത്തിൽ ചേർത്തു. 
 
വൈശാലിയിലെ പുകൾപെറ്റ നഗരശോഭിനിയും നർത്തകിയും സർവോപരി അടിയുറച്ച ദേശസ‌്നേഹിയുമായിരുന്ന അമ്രപാലിയായി തിരശ്ശീല നിറഞ്ഞാടിയ വൈജയന്തിമാലയ‌്ക്കൊപ്പം പരാമർശിക്കപ്പെടേണ്ട മറ്റു രണ്ടു കലാകാരികൾകൂടിയുണ്ട്, ഈ സിനിമയിൽ. അജന്ത ഗുഹകളിലും മറ്റും യാത്രചെയ‌്ത‌് വിശദമായ ഗവേഷണങ്ങൾ നടത്തി ആ നൂറ്റാണ്ടിലെ ചമയങ്ങളെക്കുറിച്ച് മനസ്സിലാക്കി അമ്രപാലിയിലെ കഥാപാത്രങ്ങൾക്ക് മിഴിവേകിയ ഭാനു അതയ്യയാണ് ഒരാൾ. മറ്റൊരാൾ ശങ്കർ ജയ്കിഷൻ സംഗീതം പകർന്ന അഞ്ച‌് ഗാനവും പാടിയ ലത മങ്കേഷ‌്കർ. പുരുഷശബ്ദത്തിലുള്ള ഒരു ഗാനംപോലുമില്ലാത്ത സിനിമ. നർത്തകി കേന്ദ്രകഥാപാത്രമായ സിനിമയായിട്ടുപോലും വെറും അഞ്ചു പാട്ടുകൾമാത്രം. തുമേ യാദ് കർതേ കർതേ, തഡപ് യേ ദിന് രാത് കി, നാചോ ഗാവോ, ജാവോ രേ (രചന: ശൈലേന്ദ്ര), നീല് ഗഗന് കീ (രചന: ഹസ്രത് ജയ‌്പുരി). എല്ലാ ഗാനങ്ങളിലും അമ്രപാലിയുടെ ആത്മാവുണ്ടെന്നുതോന്നും ലതയുടെ വശ്യമായ ആലാപനം കേട്ടാൽ.
 
എങ്ങനെയും വൈശാലി ആക്രമിച്ച‌് കീഴടക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്, മഗധയുടെ ചക്രവർത്തിയായ അജാതശത്രു (സുനിൽ ദത്ത്). അദ്ദേഹത്തിന്റെ പിതാവ് ബിംബിസാരൻ രണ്ടുവട്ടം വൈശാലിയെ ആക്രമിച്ചപ്പോഴും പരാജയപ്പെടുകയാണുണ്ടായത്. വൈശാലിയുടെ സൈന്യം സാമ്രാജ്യവികസനത്തിനായി ഒരു രാജ്യത്തെയും ആക്രമിക്കില്ല. ഇങ്ങോട്ടുള്ള ആക്രമണത്തിന് ചുട്ട മറുപടി കൊടുക്കാൻ മടിച്ചിട്ടുമില്ല. ഇതൊക്കെ ചൂണ്ടിക്കാണിച്ച് മകനെ പിന്തിരിപ്പിക്കാൻ രാജമാതാവ് ശ്രമിച്ചെങ്കിലും അജാതശത്രുവിന്റെ പിടിവാശിക്ക‌് മാറ്റമുണ്ടായില്ല. അദ്ദേഹം വൈശാലി ആക്രമിച്ചു. മഗധ പരാജയപ്പെടുകയും ചെയ‌്തു. സാരമായി മുറിവേറ്റ അജാതശത്രു മരിച്ചുകിടന്ന ഒരു ശത്രുസൈനികന്റെ പടച്ചട്ട മോഷ്ടിച്ച് തന്റെ സുന്ദരമായ താടി വടിച്ചുകളഞ്ഞ് വേഷംമാറി അഭയംപ്രാപിച്ചത് അമ്രപാലിയുടെ വീട്ടിലാണ്. അപ്പോൾ അവൾ കൊട്ടാരം നർത്തകിയായിട്ടില്ല. യുദ്ധത്തിൽ വൈശാലിക്കാണ് വിജയമെന്ന വാർത്ത അമ്രപാലി ആദ്യം കേൾക്കുന്നത് വേഷപ്രച്ഛന്നനായ അജാതശത്രുവിൽനിന്നാണ്. അദ്ദേഹത്തെ ശുശ്രൂഷിച്ച് സുഖപ്പെടുത്തി തിരിച്ചയച്ച് അധികം വൈകാതെയാണ് അമ്രപാലി കൊട്ടാരം നർത്തകിയായി അവരോധിക്കപ്പെടുന്നത്. പേര‌് വെളിപ്പെടുത്താതെ ‘സൈനികൻ’ എന്നുമാത്രം അമ്രപാലിക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തിയ അജാതശത്രുവിന്റെ മനസ്സിൽ അപ്പോഴേക്കും അവൾ അനുരാഗദേവതയായി കുടികൊണ്ടുകഴിഞ്ഞിരുന്നു. വൈശാലിയുടെ സേനാപതിയെ ഒറ്റുകാരനായിക്കിട്ടിയ അജാതശത്രു അവിടെത്തന്നെ താമസിച്ച് വീണ്ടുമൊരാക്രമണത്തിന‌് പദ്ധതിയിടുന്നു. ഇതിനിടെ കൊട്ടാരം നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ട അമ്രപാലിയുടെ ആദ്യപ്രകടനം നടക്കുന്നു. അത‌് കാണാൻ പ്രിയതമനായ സൈനികൻ എത്തുമെന്ന പ്രതീക്ഷയിലാണ് അമ്രപാലി. രാജസദസ്സ് അവളുടെ ലാസ്യനൃത്തം ആസ്വദിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. അജാതശത്രു എത്തിയിട്ടില്ല. ചടുലതാളത്തിൽ താളവാദ്യങ്ങളും വീണയും വായിക്കാൻ തുടങ്ങിയ പക്കമേളക്കാരെ അമ്പരപ്പിച്ചുകൊണ്ട് അമ്രപാലി പതിഞ്ഞ മട്ടിൽ പാടിത്തുടങ്ങുന്നു…
 
നീല് ഗഗന് കീ ഛാവോം മേ
ദിന് രേന് ഗലേ സേ മിൽതേ ഹേ
ദില് പംഛി ബന് ഉഡ് ജാതാ ഹേ
ഹമ് ഖോയേ ഖോയേ രഹ്തേ ഹേ  
 
പിന്നീട് താൻ കേവലം ഒരു നർത്തകിയാണെന്ന തിരിച്ചറിവിൽ ആ ഗാനത്തിന്റെ ബാക്കി ഭാഗങ്ങൾക്ക് അമ്രപാലി  വേഗമേകുന്നതും അതോടൊപ്പം തെരുവിലൂടെ കൈയിൽ വാളുമേന്തി നടന്നുവരുന്ന അജാതശത്രു രാജകൊട്ടാരത്തിലേക്ക‌് പ്രവേശിക്കുന്നതും പിന്നീട് അവളുടെ നൃത്തം അത്യാഹ്ലാദത്തിന്റെ കൊടുമുടിയിലെത്തുന്നതും മടുക്കാതെ ഇപ്പോഴും ആസ്വദിക്കാമെങ്കിൽ അക്കാലത്ത് ആ ഗാനചിത്രീകരണം പ്രേക്ഷകർക്ക് വിസ്‌മയമായിരുന്നിരിക്കണം.
 
വിരഹത്തിന്റെ തീയിലെരിഞ്ഞുകൊണ്ട് കൊട്ടാരസദൃശമായ തന്റെ വീട്ടിലിരുന്ന് അമ്രപാലി ആലപിക്കുന്ന മറ്റൊരു പാട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ അനശ്വരഗാനങ്ങളിലൊന്നാണത്.
തുമേ യാദ് കര്തേ കര്തേ ജായേഗി രേന് സാരീ
തുമ് ലേ ഗയേ ഹോ അപ‌്നേ സംഗ് നീന്ദ് ഭി ഹമാരി
നിന്നെക്കുറിച്ചോർത്തോർത്ത് രാത്രി മുഴുവൻ കടന്നുപോകും. എന്റെ ഉറക്കവുംകൂടി നീ നിനക്കൊപ്പം കൊണ്ടുപോയല്ലോ...
ലത മങ്കേഷ‌്കറുമായി ഇടക്കാലത്തുണ്ടായിരുന്ന വഴക്കും അഭിപ്രായഭിന്നതകളും മറന്ന് ശങ്കർ ജയ്കിഷൻ അവർക്കൊപ്പം ചേർന്ന സിനിമയായിരുന്നു അമ്രപാലി. ഏറ്റവും മനോഹരമായി സിതാർ ഉപയോഗിച്ച ഗാനങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകൾക്കപ്പുറമുള്ള ചന്ദ്രികാചർച്ചിതമായ രാത്രിയിലേക്ക‌് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു ലതയുടെ വശ്യമായ ആലാപനം. രാജ് കപൂർ സിനിമകളിലല്ലാതെ ശങ്കർ ജയ്കിഷൻമാർ പൂർണമായും മനസ്സർപ്പിച്ച് ഈണമിട്ട പാട്ടുകൾ അമ്രപാലിയിലേതാണെന്ന് ലതതന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
മന് ഹേ കി ജാ ബസാ ഹേ അന്ജാന് ഇക് നഗർ മേ
കുഛ് ഖോജ്താ ഹേ പാഗൽ ഖോയി ഹുയി ഡഗര് മേ
ഇത‌്നേ ബഡേ മഹല് മേ ഖബ‌്‌രാവും മേ ബേചാരി
തുമ് ലേ ഗയേ ഹോ അപ‌്നേ സംഗ് നീന്ദ് ഭി ഹമാരി
 
ഏതോ അജ്ഞാതനഗരത്തിൽപ്പോയി താമസമുറപ്പിച്ചിരിക്കുകയാണ് എന്റെ മനസ്സ്. വഴിയിൽ നഷ്ടമായ എന്തിനെയോ തിരയുകയാണത്. ഈ വലിയ കൊട്ടാരത്തിൽ ഒറ്റയ‌്ക്കിരിക്കുമ്പോൾ എനിക്ക‌് പേടിയാകുന്നു. 
അമ്രപാലിയുടെ വിരഹഗാഥ ഇങ്ങനെ തുടരുന്നു…
 
ആ വർഷം ഓസ‌്കർ പുരസ‌്കാരങ്ങളിലെ മികച്ച വിദേശഭാഷാചിത്രങ്ങൾക്കുള്ള മത്സരത്തിൽ ഇന്ത്യയിൽനിന്ന് അമ്രപാലി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാമനിർദേശപ്പട്ടികയിൽനിന്ന‌് പുറത്താകുകയായിരുന്നു. ബോക്‌സ്‌ഓഫീസിലും അമ്രപാലി തകർന്നുവീണു. അക്കാലത്തെ ഇന്ത്യൻ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത എന്തോ ഒന്ന് ആ സിനിമയിലുണ്ട്. സിനിമയുടെ പരാജയം വൈജയന്തിമാലയ‌്ക്ക‌് വലിയ ആഘാതമായി. സിനിമാഭിനയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അവർ ആലോചിച്ചു. നേരത്തെ കരാറൊപ്പിട്ടിരുന്ന സിനിമകളിൽമാത്രമാണ് വിവാഹശേഷം വൈജയന്തിമാല അഭിനയിച്ചത്. 
 
കാലം ഊതിത്തെളിയിച്ച ഒരു വിളക്കാണ് അമ്രപാലി. പാട്ടും നൃത്തവും മാത്രമല്ല, ആ സിനിമയിലെ നിലപാടുകളും പ്രധാനമാണ്. കാരണം, ബുദ്ധനിൽനിന്ന‌് തുടങ്ങി ബുദ്ധനിൽ  അവസാനിക്കുന്ന അമ്രപാലി അടിസ്ഥാനപരമായി ഒരു യുദ്ധവിരുദ്ധ സിനിമയാണല്ലോ.
പ്രധാന വാർത്തകൾ
 Top