24 September Sunday

അക്ഷരങ്ങളുടെ നടവഴിയിൽ തളരാതെ

ബിമൽ പേരയം bimalg5@gmail.comUpdated: Sunday Apr 23, 2023

കഥയും കവിതയും അറിവുകളുമൊക്കെ നടന്നുവരുന്ന ചില വഴികളുണ്ട്‌, പാലക്കാട്‌ പത്തിരിപ്പാല നഗരിപ്പുറത്തുനിന്ന്‌ അത്‌ പല കൈവഴികളിലേക്ക്‌ പിരിയും.  വെയിലേറ്റ്‌ തളരാതെ, മഴയിൽ നനഞ്ഞു കുതിരാതെ അവ വൈകിട്ട്‌ തിരിച്ചെത്തും. അറിവ്‌ പൂക്കുന്ന ഈ ഇടങ്ങളിൽ ഒരു ജീവിതവും തളിരിടുന്നു. അതിരാവിലെ തോൾസഞ്ചിയുമേന്തി പുസ്‌തകം വേണോ എന്ന്‌ ചോദിച്ചുകൊണ്ടൊരാൾ നടന്നുനീങ്ങും. പുസ്‌തകങ്ങളടഞ്ഞുപോയ കാലത്തും ജീവിതത്തിൽ മറ്റൊരു വഴിതേടാതെ നടന്നുനീങ്ങുന്ന എ വി ശശിയെന്ന പുസ്‌തകം ശശി. പുസ്‌തകസഞ്ചി ശരീരത്തിന്റെ ഭാഗമായിട്ട്‌ മൂന്നരപ്പതിറ്റാണ്ടാകുന്നു.  

പത്ത്‌ തോൽപ്പിച്ച അവകാശികൾ

സ്‌കൂൾകാലംമുതൽ തുടങ്ങിയ പുസ്‌തക സൗഹൃദത്തിന്‌ നിമിത്തമായത്‌ പ്രാദേശിക സിപിഐ എം നേതാവായിരുന്ന അച്ഛൻ കൃഷ്‌ണനുണ്ണിയാണ്‌.  വായനശാലയിൽനിന്ന്‌ കൊണ്ടുവരുന്ന പുസ്‌തകങ്ങൾ വാരികകളിലെ നോവലുകൾക്കപ്പുറത്തേക്ക്‌ നയിച്ചു. മലയാറ്റൂരിന്റെ യന്ത്രവും ചെറുകാടിന്റെ ജീവിതപ്പാതയും എ കെ ജിയുടെ ആത്‌മകഥയും  കൗതുകത്തോടെ മറിച്ചുനോക്കിയതിൽനിന്ന്‌  മനസ്സിൽ കയറിക്കൂടിയതാണ്‌ പുസ്‌തകക്കമ്പം. പത്താം ക്ലാസ്‌ പരീക്ഷയുടെ തലേന്ന്‌  തട്ടിൻപുറത്തിരുന്ന്‌ വിലാസിനിയുടെ ‘അവകാശികൾ’ വായിച്ചു. പരീക്ഷാഹാളിലിരുന്നപ്പോൾ ശശിയുടെ മനസ്സുനിറയെ കഥാപാത്രങ്ങളായ രാജിയും കരുണനുമൊക്കെയായിരുന്നു. അങ്ങനെ ആദ്യതവണ തോറ്റു. പ്രീഡിഗ്രിഅനുഭവവും മറ്റൊന്നായിരുന്നില്ല.

സഞ്ചിയിലാദ്യം ഖസാക്ക്‌

ഇരുപതാംവയസ്സിലാണ്‌ പുസ്‌തകവിൽപ്പന തൊഴിലാക്കിയത്‌. തുടക്കത്തിൽ എവിടെക്കൊണ്ടുപോയി വിൽക്കണമെന്നറിയില്ലായിരുന്നു. മലമ്പുഴ ഉദ്യാനത്തിൽ പോകും. ടിപ്പുവിന്റെ കോട്ടയിൽ കയറും. ലക്കിടിയിൽനിന്ന്‌ തിരുവില്വാമലവരെ നടക്കും. വലിയ വീട്ടിലുള്ളവർ ഇന്ദുലേഖയും നാലുകെട്ടുമൊക്കെ വാങ്ങും. ചിലർ പഞ്ചാംഗം വേണമെന്നാവശ്യപ്പെടും. 1988ൽ പുസ്‌തകവിൽപ്പന തുടങ്ങുമ്പോൾ ആദ്യം കൈവച്ചത്‌ ഖസാക്കിലും പിന്നെ മാധവിക്കുട്ടിയുടെ എന്റെ കഥയിലുമാണ്‌. 35 കൊല്ലമായി പുസ്‌തകസഞ്ചിയിൽ കരുതുന്ന ഏകപുസ്‌തകം ഖസാക്കിന്റെ ഇതിഹാസമാണ്‌. നൂറു കൊല്ലം കഴിഞ്ഞാലും ഖസാക്കിന്‌ ആവശ്യക്കാരുണ്ടാകുമെന്ന്‌ ശശി. തകഴി, എം ടി,  വി കെ എൻ, എം മുകുന്ദൻ, സാറാ ജോസഫ്‌, സുഗതകുമാരി തുടങ്ങി സന്തോഷ്‌ ഏച്ചിക്കാനവും ഷാജികുമാറും നൊറോണയും അമലും റഫീഖ്‌ അഹമ്മദുമുൾപ്പെടെ പുതിയ തലമുറക്കാരും ശശിയുടെ സഞ്ചിയിലുണ്ട്‌. പാലക്കാട്‌, തൃശൂർ, മലപ്പുറം ജില്ലകളിൽ ശശിയെ കാത്തിരിക്കുന്നവരിൽ വി കെ ശ്രീരാമൻ, ടി ഡി രാമകൃഷ്‌ണൻ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുമുണ്ട്‌.  ആൾദൈവങ്ങളുടെയും അന്ധവവിശ്വാസങ്ങളുടെയും കൃതികൾക്ക്‌ ഈ പുസ്‌തകസഞ്ചിയിൽ ഇടമില്ല.

ഒരിക്കൽ മനിശേരി വരിക്കാശേരി മനയിലെ സിനിമാ ലൊക്കേഷനിൽ പോയി മടങ്ങുമ്പോൾ മമ്മൂട്ടി തിരികെ വിളിച്ചു. ‘പഴശ്ശിരാജ’യ്‌ക്ക്‌ തയ്യാറെടുക്കാൻ കേരളചരിത്രവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ എത്തിച്ചുകൊടുക്കാനുള്ള നിയോഗവും അങ്ങനെയുണ്ടായി. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ച നടൻ മുരളിക്ക്‌ ആശംസയറിയിച്ച്‌ പുസ്‌തങ്ങൾ നൽകി. ലോഹിതദാസിന്റെ അകലൂരിലുള്ള വീട്ടിലായിരുന്നു ആദ്യ പരിചയപ്പെടൽ. കാരുണ്യം ചിത്രീകരണസമയം. പുസ്‌തകവിൽപ്പനയ്‌ക്കെത്തിയതാണെന്നു പറഞ്ഞു.

‘ഇരിക്കൂ’–-ഗാംഭീര്യ ശബ്‌ദം.

‘സഖാവോ’– എന്നു പറഞ്ഞ്‌ ബീഡി കത്തിച്ചു ചിരിച്ചു. മാർകേസിനെയും സരമാഗോയേയും കുറിച്ച്‌ സംസാരിച്ചു.‘ ഇതും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്‌. കുറച്ചു പുസ്‌തകങ്ങളുമായി നാളെ വരൂ’ എന്നു പറഞ്ഞു. അതിനുശേഷം നിരവധി പുസ്‌തകങ്ങൾ മുരളിക്കു നൽകി. മുരളിയിലൂടെ മധുപാൽ, പ്രിയനന്ദനൻ, മമ്മൂട്ടി, ടി എ റസാഖ്‌, പട്ടണം റഷീദ്‌ എന്നിവരുമായി പരിചയപ്പെട്ടു.

കണ്ണീരുപ്പുകലർന്ന ജീവിതപലഹാരം

ഓർക്കാനിഷ്‌ടപ്പെടാത്ത അനുഭവങ്ങളുമേറെ. ഒരു വിദ്യാലയത്തിൽ അനുവാദം വാങ്ങിയില്ലെന്നതിന്‌ പ്രധാനാധ്യാപകൻ ക്ഷുഭിതനായി. ക്ഷമ ചോദിച്ചെങ്കിലും പുസ്‌തകവിൽപ്പനയ്‌ക്കു സമ്മതിച്ചില്ല. ഒരു ജൂൺ 18നായിരുന്നു അത്‌. അടുത്ത ദിവസം വായനാദിനം ഓർമപ്പെടുത്തി ‘വായനയിലേക്കു പിച്ചവച്ചുവളരുവാൻ ഈ മനഃപാഠവും കുഞ്ഞുകഥകളും സഹായകമാകട്ടെ’ എന്ന കുറിപ്പെഴുതി രണ്ടു പുസ്‌തകം അദ്ദേഹത്തിന്‌ സമ്മാനമായി നൽകാൻ ഓഫീസിലെത്തിച്ചശേഷം മടങ്ങി. അനിഷ്‌ടം പ്രകടിപ്പിക്കുന്നവരും ചായവാങ്ങി നൽകുന്നവരുമുണ്ട്‌. ഏതായാലും അത്‌ ഭാഷയ്‌ക്കു കിട്ടുന്നതാണ്‌. സുഹൃത്തുക്കളിൽ ചിലർ വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞപ്പോഴും നിരസിച്ചു. വായിക്കുന്നവർ കേമന്മാരും അല്ലാത്തവർ മോശക്കാരെന്നുമുള്ള അഭിപ്രായവുമില്ല.

വായിച്ച്‌ ഇഷ്‌ടപ്പെടുന്ന പുസ്‌തകങ്ങളാണ്‌ വിൽക്കുക. ശശി സ്വന്തം പേരിൽ നൽകുന്ന ബില്ലിലും ചെറിയൊരു വായനാനുഭവത്തിന്റെ  വകയുണ്ടാകും. വി കെ എന്നിന്റെ മിക്ക കഥകളുടെയും പകർത്തിയെഴുത്തുകാരൻ കൂടിയായിരുന്നു ശശി. മങ്കര പൊലീസ്‌ സ്‌റ്റേഷനും മേഴ്‌സി കോളേജിനുമിടയിൽ ഒ വി വിജയന്‌ ‘പത്മാസനം’ എഴുതാൻ ഒപ്പം വീടുതേടി നടന്നിട്ടുണ്ട്‌. പബ്ലിഷിങ്‌ രംഗത്തും ഒരുകൈ നോക്കി. പെൻകിൻ ബുക്‌സ്‌ എന്ന പേരിലുള്ള പ്രസാധക സംരംഭം ഒറ്റപ്പാലം നഗരസഭാ ചെയർമാനായിരുന്ന ഇ രാമചന്ദ്രന്റെ ‘കൃഷ്‌ണനും മാർക്‌സും’ എന്ന  പുസ്‌തകം പുറത്തിറക്കി.  പകർച്ച, ഭസ്‌മാസുരൻ എന്നിവ സ്വന്തം പേരിലും.

അറിവ്‌ വേദനയാണ്‌

ശശിക്കിതു പറഞ്ഞുകൊടുത്തത്‌ ഗുരു നിത്യചൈതന്യയതിയാണ്‌. കുറച്ചു പുസ്‌തകങ്ങൾ നൽകി ഇതുകൊണ്ടുപോയി ജീവിക്കൂ എന്നു പറഞ്ഞു. ജീവിതത്തിലേറെയും നടക്കാത്ത മോഹങ്ങളാണ്‌. എം എൻ വിജയൻ പ്രഭാഷണവേദിയിലും ഗീതാനന്ദൻ അരങ്ങിലും കുഴഞ്ഞുവീണപോലെ പുസ്‌തകം വിറ്റു നടക്കുമ്പോൾ ... ശശിയുടെ ആഗ്രഹങ്ങളിലൊന്ന്‌ അതാണ്‌. വേനലിൽ പൊടിപൊങ്ങുന്ന റോഡിലൂടെ ശശി നടക്കുകയാണ്‌; അക്ഷരങ്ങളും പേറി. തളർന്നു,  ഇനി ആൽത്തറയിലോ കലുങ്കിലോ ഇരുന്ന്‌ വായന തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top