04 April Saturday

ഹാർമോണിയം ഇഷ്ടമല്ലേ

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Feb 23, 2020

വയലിനും ഹാർമോണിയത്തെപ്പോലെ ഒരു വിദേശവാദ്യമാണ്. പക്ഷേ, ഹിന്ദുസ്ഥാനി സംഗീതവും കർണാടക സംഗീതവും വയലിനെ സ്വീകരിച്ചു. ഹാർമോണിയത്തിനുള്ള കുറവുകൾ വയലിന് ഇല്ലാത്തതുകൊണ്ടുതന്നെ. മനുഷ്യശബ്ദവുമായുള്ള അതിന്റെ ചേർച്ചകൊണ്ടും. വയലിന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് വിദേശിയായ കാരണത്താലല്ല സംഗീതപരമായ കാരണത്താലാണ് ഹാർമോണിയം തിരസ്‌കരിക്കപ്പെട്ടത് എന്നാണ് 

പകൽ മുഴുവൻ അധ്വാനിച്ചശേഷം കുളികഴിഞ്ഞ് കവലയിലേക്കിറങ്ങി. വായനശാലവരെ ഒന്നു പോണം. തട്ടിൻപുറത്തെ ചെറിയ മുറി. അവിടെ പെട്ടിയും തബലയും പഴയ സിനിമാഗാനങ്ങളുമായി ഒരു വൈനേരം. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരുടെ ജീവിതത്തിന്റെ നിത്യചിത്രമായിരുന്നു ഇത്. എവിടെയെങ്കിലും നാട്ടിൻപുറവും സാധാരണ ജീവിതവുമുണ്ടെങ്കിൽ ഇപ്പോഴും.  വലിയ വിലകൊടുക്കാതെ വാങ്ങാനും എളുപ്പത്തിൽ അഭ്യസിക്കാനും കഴിയുന്ന ഹാർമോണിയം നൂറ്റാണ്ടിലേറെയായി നാട്ടിലാകമാനം സംഗീതമെത്തിക്കുന്നു.  കാണാൻ ഒരു പെട്ടിയെപ്പോലെയുള്ളതുകൊണ്ടായിരിക്കണം ഹാർമോണിയത്തിന് പെട്ടി എന്ന് പേര് വീണത്. പെട്ടി വായിക്കുക എന്ന പ്രയോഗം ഇന്ന് ഒരുകൂട്ടം ആളുകൾ കടന്നുപോയ അവാച്യമായ അടുപ്പത്തിന്റെ സ്‌മാരകമാണ്.   

ഇന്ന് വീട്ടിലുംതീവണ്ടിയിലും ബസ്‌സ്റ്റാൻഡിലും ഹാർമോണിയമുണ്ട്. പ്രചാരത്തിലും പ്രാപ്യതയിലും ഹാർമോണിയത്തെപ്പോലെ മറ്റൊരു സംഗീതോപകരണമുണ്ടോ എന്ന് സംശയം. എങ്കിലും ഇന്ത്യയിൽ ഹാർമോണിയത്തിന് വിലക്കിന്റെ ഒരു ചരിത്രമുണ്ട്. 1940 മുതൽ 1971 വരെ ആകാശവാണി പ്രക്ഷേപണത്തിൽനിന്ന് ഹാർമോണിയത്തെ നിരോധിച്ചിരുന്നു.    
 
ഹാർമോണിയത്തോടൊപ്പം പാടിപ്പഠിക്കുന്നത് പാട്ടിന് ദോഷമാണെന്ന് കരുതുന്നവരുണ്ട്.  അല്ലാദിയാ ഖാനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും ഹാർമോണിയത്തെ ഹിന്ദുസ്ഥാനി സംഗീതം ഉപേക്ഷിക്കണം എന്ന പക്ഷത്താണ്.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാർസി നൃത്തസംഗീതനാടകത്തോടൊപ്പം മൈസൂരുവിലെത്തിയ ഹാർമോണിയം ഒരു ദശാബ്ദംകൊണ്ട് കർണാടകസംഗീതത്തിൽ വിദഗ്ധ  വാദകരെ സൃഷ്ടിച്ചിരുന്നു.  തിരുവനന്തപുരം കൊട്ടാരത്തിലെ കർണാടകസംഗീതക്കച്ചേരികളിൽ ഹാർമോണിയം സോളോ അരങ്ങേറിയിരുന്നു. പക്ഷേ, ക്രമേണ കർണാടകസംഗീതം ഹാർമോണിയത്തെ കൈയൊഴിഞ്ഞു.   
 
വിമർശകർ മൂന്ന് കുറവുകളാണ് ഹാർമോണിയത്തിൽ കണ്ടത്.  ഒന്ന്, ഹാർമോണിയത്തിലെ സ്വരസ്ഥാനങ്ങൾ വേറിട്ട് നിൽക്കുന്നു. സ്വരവിടവുകൾക്കു മുകളിലൂടെ ചേർന്ന് നീങ്ങി തുടർച്ചയുടെ പ്രതീതി ഉണ്ടാക്കാനുള്ള സാധ്യത അതിലില്ല. രണ്ട്, ഓരോ പരിപാടിക്കുംമുമ്പ്‌ ഹാർമോണിയത്തിലെ കട്ടകൾ സ്വരസ്ഥാനങ്ങൾക്ക്‌ അനുസരിച്ച് ശ്രുതിചേർക്കാനുള്ള സംവിധാനം ഇല്ല. നിർമിക്കുമ്പോൾ ചേർത്ത ശ്രുതി മാറുന്നതിനെ തടയാൻ മാർഗമില്ല. മൂന്ന്, ഹാർമോണിയം  ഇന്ത്യൻ വാദ്യമല്ല.  
 
ആദ്യം പറഞ്ഞ രണ്ട് ന്യൂനതകളെയും ഹാർമോണിയം വായിക്കുന്നവർ ഗൗരവമായി കണ്ടിട്ടുണ്ട്. ഈ പരിമിതികളെ മറികടക്കാൻ അവർ പലതരം ഉപായങ്ങൾ വികസിപ്പിച്ചു. ചില പ്രത്യേക രാഗങ്ങൾക്ക് വഴങ്ങാൻവേണ്ടി റീഡുകളിൽ ചെറിയ മാറ്റം വരുത്തൽ, വായനയിൽ സ്വരഘനം വ്യത്യാസപ്പെടുത്തൽ, ബെല്ലോസ് പ്രത്യേക രീതിയിൽ അമർത്തുന്നതിലൂടെ വായുസമ്മർദം കൂട്ടിയും കുറച്ചും സ്വരസ്ഥാനങ്ങളിൽ നേരിയ വ്യത്യാസങ്ങളുണ്ടാക്കൽ എന്നിവയാണ്  ഉപായങ്ങളിൽ ചിലത്. കൂടാതെ, അകമ്പടി വായിക്കുകയാണെങ്കിൽ, ദർബാരി കാനഡയിലെ ഗാന്ധാരത്തെയും ധൈവതത്തെയും വായിക്കാതിരിക്കൽ എന്നിങ്ങനെ പാട്ടിൽ ഇടപെടാതിരുന്നുള്ള ഉപായങ്ങളും.
 
ഇന്ത്യൻ സംഗീതം 22 ശ്രുതികളെ ആധാരമാക്കിയുള്ളതാണ്. ഹാർമോണിയം 12 ശ്രുതികളെ അടിസ്ഥാനമാക്കിയുള്ളതും. ഈ വ്യത്യാസം ചില രാഗങ്ങളുടെ കാര്യത്തിൽ വളരെ പ്രകടമാണ്. അത്തരം രാഗങ്ങൾ ഹാർമോണിയത്തിൽ പൂർണമായി പ്രകടിപ്പിക്കാനാകില്ല എന്ന് ഹാർമോണിയം വാദകർ സമ്മതിക്കുന്നുണ്ട്. സോളോ അവതരിപ്പിക്കുമ്പോൾ ദർബാരി കാനഡപോലെ ഗമകങ്ങളിലൂടെ സ്വരൂപം സ്ഥാപിക്കുന്ന രാഗങ്ങൾ ഒഴിവാക്കുകയാണ് പതിവ്. പക്ഷേ, ഇത്തരം പോരായ്‌മകൾ ഹാർമോണിയത്തിന്റെ കാര്യത്തിൽമാത്രമല്ല. വളരെ ലളിതമായ രാഗങ്ങൾ കുറെനേരം വായിക്കുക രുദ്രവീണയ്‌ക്ക്‌ യോജിച്ചതല്ല. അതുപോലെ നേർത്ത ശബ്ദമുള്ള വായ്‌പാട്ടുകാർ ഘനരാഗങ്ങൾ പാടിയാൽ ഫലിക്കില്ല. ജലതരംഗവും മൃദുവായി അടിച്ച് വായിക്കുന്ന സന്തൂറും ഹാർമോണിയത്തെപ്പോലെ സ്വരങ്ങളെ ഗമകമായി വളയ്‌ക്കാൻ കഴിവില്ലാത്തവയാണ്. ഹാർമോണിയവാദകർ ചെയ്യുംപോലെ അവരും ഗമകപ്രാധാന്യമുള്ള രാഗങ്ങൾ ഒഴിവാക്കാറുണ്ട്. പക്ഷേ, ഹാർമോണിയത്തിനുമാത്രമേ ഇക്കൂട്ടത്തിൽ വിലക്കുള്ളൂ.  ഇത് സൂചിപ്പിക്കുന്നത് ഹാർമോണിയത്തിനെ നിരോധിക്കുന്നതിൽ മറ്റെന്തോ ചില ഘടകങ്ങൾകൂടി കടന്നുവന്നിട്ടുണ്ടെന്നാണ്.   
 
ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം ഉറപ്പിച്ചശേഷം പലതരത്തിലുള്ള സംഗീതോപകരണങ്ങൾ ഇറക്കുമതിചെയ്‌തിരുന്നു. ഹാപ്‌സികോഡുകളും ഓർഗനുകളും മറ്റും. അവയൊന്നും ഇന്ത്യൻ സംഗീതത്തിൽ ഉപയോഗിക്കപ്പെട്ടില്ല. പലതിനും ഇവിടത്തെ കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ല.  
 
ഫ്രാൻസുകാരൻ അലിക്‌സാണ്ടർ ദിബെൻ (Alexandre Debain) ആണ് ആദ്യമായി, 1842ൽ, ഹാർമോണിയം നിർമിച്ച് പേറ്റന്റ് എടുത്തത്. ചവിട്ടാർമോണിയമായിരുന്നു അത്. വില കുറഞ്ഞതും കൊണ്ടുപോകാൻ എളുപ്പവുമായതുകൊണ്ട് ഹാർമോണിയം പെട്ടെന്ന് എല്ലായിടത്തുമെത്തി. ഇന്ത്യയിൽ മിഷണറിമാർ ധാരാളം ഉപയോഗിച്ചുതുടങ്ങി. ദശാബ്ദങ്ങൾക്കുശേഷം ഹാർമോണിയം ഇന്ത്യയിൽ നിർമിക്കപ്പെട്ടു. കൊൽക്കത്തയിലെ ഉപകരണനിർമാതാവായ ദ്വാരക്‌നാഥ് ഘോഷാണ്, 1875ൽ, കൈകൊണ്ട് ബെല്ലോസ് അമർത്താനാകുന്ന ഫ്രഞ്ച് ഹാർമോണിയത്തിന്റെ മാതൃകയിൽ ഹിന്ദുസ്ഥാനി സംഗീതത്തിനുവേണ്ടി പരിഷ്‌കരിച്ച ഹാർമോണിയം നിർമിച്ചത്. ദ്വാരക്‌നാഥിന്റെ ഹാർമോണിയം ഫ്രഞ്ച് ഹാർമോണിയത്തെ അപേക്ഷിച്ച് ലളിതവും വില കുറഞ്ഞതുമായിരുന്നു.  ഇരുന്നു വായിക്കാൻ സൗകര്യമുള്ളത്. ഈ മാതൃകയിലുള്ള ഹാർമോണിയമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഹാർമോണിയത്തിന്റെ ഉപയോഗം വളരെ അധികം കൂടി. മിഷണറിമാർക്കു പുറമെ ഹിന്ദുസ്ഥാനിസംഗീതക്കാരും നൃത്തസംഗീതനാടകക്കാരും ഹാർമോണിയത്തിലേക്ക്‌ തിരിഞ്ഞു.  
രബീന്ദ്രനാഥ ടാഗോറിന്റെ ഒരു വാചകമാണ് എപ്പോഴും ഹാർമോണിയത്തിനെതിരെ ഉദ്ധരിക്കപ്പെടാറ്. ആ വരിയുടെ അടുത്ത വരികൂടി ഉദ്ധരിച്ചിരുന്നെങ്കിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.  സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിൽ പലരും പലതും പറഞ്ഞുപോയിട്ടുണ്ട്. സന്ദർഭത്തിനപ്പുറത്തേക്ക്‌ ഉദ്ദേശിക്കാതെ. ‘ഹാർമോണിയം, ഇന്ത്യൻ സംഗീതത്തിന്റെ ശാപം, അന്ന് പ്രചാരത്തിലില്ലായിരുന്നു.' ഈ വരിമാത്രമാണ് ഉദ്ധരിക്കപ്പെടാറ്. അടുത്ത വരി ഇങ്ങനെയാണ്: ‘ഞാൻ എന്റെ പാട്ടുകൾ പരിശീലിക്കാറ് തംബുരു തോളിൽ ചേർത്തുവച്ചുകൊണ്ടാണ്.  കീബോർഡിന്റെ അടിമത്തത്തിന് ഞാൻ കീഴ്‌പ്പെട്ടിട്ടില്ല.' യഥാർഥത്തിൽ അദ്ദേഹം ഹാർമോണിയം വായിക്കാറുണ്ടായിരുന്നു. പാശ്ചാത്യ സംഗീതവും അദ്ദേഹത്തിന് ഇഷ്‌ടമായിരുന്നു.  വീട്ടിൽ  സഹോദരൻ ദിവസവും പിയാനോ വായിക്കാറുണ്ടായിരുന്നു. മഹാത്മാഗാന്ധി മുൻഗണന നൽകിയ വാദ്യങ്ങൾ വീണയും സിതാറുമാണ്. ഹാർമോണിയം വായിക്കുന്നവരെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും. ചർക്കയിൽ നൂൽനൂൽക്കുന്നതിന്റെ പശ്ചാത്തലമായി മധുരനാദമാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.   
വയലിനും ഹാർമോണിയത്തെപ്പോലെ ഒരു വിദേശവാദ്യമാണ്. പക്ഷേ, ഹിന്ദുസ്ഥാനി സംഗീതവും കർണാടക സംഗീതവും വയലിനെ സ്വീകരിച്ചു. ഹാർമോണിയത്തിനുള്ള കുറവുകൾ വയലിന് ഇല്ലാത്തതുകൊണ്ടുതന്നെ. മനുഷ്യശബ്ദവുമായുള്ള അതിന്റെ ചേർച്ചകൊണ്ടും. വയലിന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് വിദേശിയായ കാരണത്താലല്ല സംഗീതപരമായ കാരണത്താലാണ് ഹാർമോണിയം തിരസ്‌കരിക്കപ്പെട്ടത് എന്നാണ്. എന്നാൽ, നിരവധി ഹിന്ദുസ്ഥാനി സംഗീതജ്ഞർ ഹാർമോണിയം ഉപയോഗിക്കുന്നുണ്ട്.  ഭീംസെൻ ജോഷി, കേസർബായ് കേർക്കർ, അമീർ ഖാൻ, മല്ലികാർജുൻ മൻസൂർ, ഫൈയ്യാസ് ഖാൻ തുടങ്ങിയവർ കച്ചേരിക്ക്‌ ഹാർമോണിയം ഉപയോഗിച്ചിരുന്നവരാണ്. ഒരുപക്ഷേ, ഹിന്ദുസ്ഥാനി സംഗീതം തീവ്രമായ അർഥത്തിൽ സോളോ ആയതുകൊണ്ടായിരിക്കാം ഒരു സഹായവാദ്യം എന്ന നിലയിൽ ഹാർമോണിയം അതിന് ചേരുന്നത്. അതായത്, മുഖ്യ കലാകാരന്റെ സോളോ പ്രകടനത്തിന്റെ ചക്രവാളമാകുകയാണ് തബലയുടെയും ഹാർമോണിയത്തിന്റെയും ധർമം എന്ന നിർവചനമനുസരിച്ച്. 
 
ചില സംഗീതജ്ഞർ ഹാർമോണിയത്തിൽ തൊടുമ്പോൾ അതിന്റെ കുറവ് പ്രബലതയായി മാറും. പ്രത്യേകിച്ച് ഗണപതിറാവുവിനെപ്പോലെയുള്ളവർ വായിക്കുമ്പോൾ. ഗ്വാളിയോറിൽനിന്ന് വായ്‌പാട്ടും സിതാറും പഠിച്ച ഗണപതിറാവു പിന്നീട് ഹാർമോണിയം തെരഞ്ഞെടുത്തു. അനനുകരണീയമായ അദ്ദേഹത്തിന്റെ വായന സ്വരവിടവുകളെ, മാന്ത്രികമായി, ഈണധ്വനികൾകൊണ്ട് നിറയ്‌ക്കുംവിധമായിരുന്നു. അല്ലാദിയാ ഖാൻ പാടുമ്പോഴുള്ള അതേ പ്രതീതി ഹാർമോണിയത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു ഗോവിന്ദറാവു ടെംബെ. പ്രതിഭയുണ്ടെങ്കിൽ ന്യൂനതയില്ലെന്ന് തെളിയിച്ചവരുടെ നിര ഇനിയും നീളുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top