01 April Wednesday

അങ്ങനെ ശാന്തനെ സിനിമയിലെടുത്തു

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Feb 23, 2020

 അരങ്ങിൽനിന്ന്‌ എ ശാന്തകുമാർ വെള്ളിത്തിരയിലേക്ക്‌ വരികയാണ്‌, ‘ ഭൂമിയിലെ മനോഹര സ്വകാര്യ’വുമായി. നാടക സംവിധായകനും രചയിതാവുമായ എ ശാന്തകുമാർ കഥയും തിരക്കഥയുമെഴുതിയ ആദ്യ സിനിമ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ തിയറ്ററിലെത്തുന്നു, ഈ മാസം  28ന്‌.

പ്രണയത്തിന്റെ ആരും പറയാത്ത കഥയാണ്‌ ശാന്തന്റെ ആദ്യ സിനിമയുടെ പ്രമേയം.  മനോഹരമായൊരു കഥയാണതെന്ന്‌ ശാന്തൻ. രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറുന്നോ അതോ ചുരുങ്ങുന്നോ? പ്രണയത്തിന്റെ നിറമേത്‌? മഴവില്ലഴകുകളുടെ കാൽപ്പനികസുഗന്ധം, ജീവിതത്തിലേൽക്കുന്ന പൊള്ളലുകൾ. എല്ലാമുണ്ട്‌ ഈ  സ്വകാര്യത്തിൽ.

  തികച്ചും യാദൃച്ഛികമാണ്‌ ശാന്തന്റെ സിനിമാപ്രവേശം. നാടകസുഹൃത്തായ സിനിമാ സംവിധായകൻ ഷൈജു അന്തിക്കാടിന്റെ സ്‌നേഹനിർബന്ധങ്ങളാണ്‌ നാടകമേയുലകമായി കഴിയുന്നവനെ സിനിമയിലെത്തിച്ചത്‌.   ‘ഒരു ദേശം നുണ പറയുന്നു’ എന്ന ശാന്തന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ്‌ ഭൂമിയിലെ മനോഹര സ്വകാര്യം വികസിപ്പിച്ചിട്ടുള്ളത്‌. പ്രണയം ഒരു ക്രമസമാധാനപ്രശ്‌നമാണോ എന്ന ചോദ്യം അതുന്നയിക്കുന്നു. പ്രണയം സമുദായത്തിലും സമൂഹത്തിലും  സൃഷ്ടിക്കുന്ന കലിബാധകളെ ഉള്ളുണർത്തുംവിധമാണ്‌ ഷൈജുവും ശാന്തനുമടങ്ങുന്ന സംഘം സിനിമയിൽ പകർത്തിയത്‌. ശാന്തന്റെ നാടകം സംവിധാനംചെയ്‌ത ഷൈജു, സ്‌നേഹശാസനകളാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതിച്ച്‌  തന്നെയും സിനിമയിലെടുത്തിരിക്കയാണെന്ന്‌ ശാന്തൻ.  
ഷേക്‌സ്‌പിയർ എം എ മലയാളം, ഹണീബി2.5, ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ കുടുംബം, സീൻ ഒന്ന്‌ നമ്മുടെ വീട്‌ തുടങ്ങിയ സിനിമകളുടെ സംവിധായകനായി ചലച്ചിത്രലോകത്ത്‌ മേൽവിലാസമുറപ്പിച്ച  സംവിധായകനാണ്‌ ഷൈജു അന്തിക്കാട്‌.
പതിമൂന്നാം വയസ്സിൽ നാടകമെഴുതി കലാലോകത്ത്‌ അരങ്ങേറ്റം കുറിച്ചതാണ്‌ ശാന്തകുമാർ. നാടക രചനയ്‌ക്ക്‌ കേരള സംഗീതനാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡ്‌ നേടിയ പ്രതിഭാവിലാസത്തിനുടമ. പെരുങ്കൊല്ലൻ, മരംപെയ്യുന്നു, കുരുടൻ പൂച്ച, സ്വപ്‌നവേട്ട തുടങ്ങി അമ്പതിലേറെ നാടകങ്ങളുടെ രചയിതാവ്‌. സ്‌കൂൾ യുവജനോത്സവങ്ങളിലും ക്യാമ്പസ്‌ മേളകളിലും സമ്മാനാർഹമായ നാടകങ്ങളുടെ സംവിധായകനും രചയിതാവും. 
 
‘‘അരങ്ങിന്റെ നാലതിരിനുള്ളിൽ ആവിഷ്‌കരിക്കേണ്ടതാണ്‌ നാടകം. സിനിമയിൽ ഭാവന പറത്തിവിടാം. അതിനാൽ, നാടകരചന ശാന്തമല്ല, തിരക്കഥയെഴുത്താകട്ടെ എളുപ്പമാണ്‌... നാടകത്തിൽനിന്ന്‌ സിനിമയെന്ന മാധ്യമത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച്‌ ശാന്തന്റെ പ്രതികരണമിതാണ്‌. ഓസ്‌ട്രേലിയയിലെ പെർത്തിൽ മലയാള നാടക കൂട്ടായ്‌മ യവനിക ഒരു ദേശം നുണപറയുന്നു നാടകം അവതരിപ്പിച്ചിരുന്നു. നാടകം കണ്ട്‌ ആകൃഷ്‌ടനായ ചേർത്തല സ്വദേശി രാജീവ്‌കുമാറാണ്‌ സിനിമയുടെ നിർമാതാവ്‌.
ബയോസ്‌കോപ്‌ ടാക്കീസിന്റെ ബാനറിലെത്തുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിൽ പ്രയാഗ മാർട്ടിൻ, ദീപക്‌ പറമ്പോൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്‌, ലാൽ, സുധീഷ്‌, അഞ്ജു അരവിന്ദ്‌, സന്തോഷ്‌ കീഴാറ്റൂർ, ഹരീഷ്‌ പേരടി, നിഷ സാരംഗ്‌, അഭിഷേക്‌, മഞ്ജു, വൈശാഖ്‌ എന്നിവരാണ്‌ അഭിനേതാക്കൾ. വയലാർ ശരത്‌ചന്ദ്ര വർമ, അൻവർ അലി, മനു മൻജിത്‌ എന്നിവരുടെ പ്രണയമധുരമായ വരികൾക്കൊപ്പം ശാന്തകുമാറിന്റെ ഒരുപാട്ടുമുണ്ട്‌. സംഗീതം: സച്ചിൻ ബാലു. 
പ്രധാന വാർത്തകൾ
 Top