07 June Sunday

കവിതകളുടെ കലാപസാന്നിധ്യം

വി എസ്‌ ബിന്ദുUpdated: Sunday Feb 23, 2020

ആസിഫ എന്ന ഇടയബാലിക നിതാന്ത ദുഃഖമായി നമ്മിൽ പരിണമിക്കുന്നത്  നിരാർദ്രരായ മനുഷ്യരെ സൃഷ്ടിച്ചു തെഴുക്കുന്ന കുടില സംസ്‌കൃതിയുടെ വിനകൾ  ശക്തമായ വാക്കുകളിൽ കോർത്തിട്ടിരിക്കുന്നതിനാലാണ്

 

കരൾ പുകഞ്ഞ നെടുവീർപ്പിനുമേൽ
നിറമെഴും മാരിവില്ലുദിക്കുമ്പോൾ
തിരുവരങ്ങത്തെപ്പാണനാരെപ്പോൽ
വരിക ഗന്ധർവ ഗായകാ വീണ്ടും’

 
മലയാളത്തിന്റെ കാവ്യ സ്‌പഷ്‌ടതയിൽ വിവരണാതീതനായി നിൽക്കുന്ന ഏഴാച്ചേരി രാമചന്ദ്രന്റെ ‘കറുത്ത പെണ്ണേ കരിങ്കുഴലീ" എന്ന കാവ്യസമാഹാരം കവിതയെ തൊടുന്നത് മേൽ സൂചിപ്പിച്ച  ഒ എൻ വി സ്‌മൃതിയോടെയാണ്. ചുവന്ന ദശകങ്ങളിലെ ചരിത്രസന്ധികളിൽപ്പെട്ടുഴലാതെ ആർക്കും കവിതയെഴുതാനാകാത്ത കാലത്ത് ഈ കവികൾ ഒരുമിച്ച് എത്രയോ ദൂരം കവിതയിലൂടെ സഞ്ചരിച്ചിരിക്കുന്നു. സ്‌മരണകളുടെ ആർത്തിരമ്പലായി ആ കാലഘട്ടത്തെയാകെ ഏഴാച്ചേരിക്കവിതകൾ  ജ്വലിപ്പിക്കുകയാണ്. നവോത്ഥാനാനന്തര ജീവിതം സാംസ്‌കാരികമായി ഉന്നയിച്ച നിരവധി ചോദ്യങ്ങൾ ജാതിയുടെ കുടക്കീഴിൽ വെയിലുകൊള്ളാതെനിന്നു. അന്നും മണ്ണിനോടും മനുഷ്യനോടുമുള്ള മമതാബന്ധത്തിൽ പിറന്ന ലവണലാവണ്യത്തെ രചനകളിലൂടെ പുരോഗമന എഴുത്തുകാർ പങ്കിട്ടു. അധികാര വ്യവസ്ഥ ക്ഷീണിപ്പിച്ച ഇടങ്ങളിൽ കവിതയുടെ വഴിയറിഞ്ഞവർ പ്രപഞ്ചോത്സുകരായി പുതിയ ഭാവിയിലേക്ക് പ്രജ്ഞ പകർന്നു. നാടൻപാട്ടും പഴഞ്ചൊല്ലും ശൈലിയും മതേതരസംസ്‌കാരത്തെ പൂരിപ്പിച്ചു. രാത്രിപ്പെണ്ണിനായി കിഴക്കുദിച്ച ആ ഒരുത്തൻ എല്ലാ കവിതയിലും പ്രകാശം പരത്തുന്നു. 
 
സാമൂഹ്യബോധം  ഇല്ലാതാകുമ്പോൾ നാം വെറുപ്പിന്റെ വ്യാപാരികളാകുന്നു. ആമുഖ കവിതയിൽ "വീടി’ന്റെ സ്‌നേഹശാസ്‌ത്രം മതാത്മകതയെ നിരാകരിക്കുന്നു.  അത് "മർത്ത്യതയിന്മേൽ പരസ്‌പരസ്‌നേഹമാം
 പക്ഷികൾ മുത്തും പവിഴവും കോർക്കുന്ന ദൃശ്യങ്ങളാ’യി പ്രളയകാലത്ത് കേരളം കീഴടക്കി എന്ന് കവി കാണുന്നു. ഉന്നതമായ അവബോധമായാണ് ഏഴാച്ചേരിക്കവിതകളിൽ മണ്ണ് വർത്തിക്കുന്നത്. കാലം ഇതിനോട് കൂട്ടിവായിക്കപ്പെടുന്നു. ആസിഫ എന്ന ഇടയബാലിക നിതാന്ത ദുഃഖമായി നമ്മിൽ പരിണമിക്കുന്നത്  നിരാർദ്രരായ മനുഷ്യരെ സൃഷ്ടിച്ചു തെഴുക്കുന്ന കുടില സംസ്‌കൃതിയുടെ വിനകൾ  ശക്തമായ വാക്കുകളിൽ കോർത്തിട്ടിരിക്കുന്നതിനാലാണ്. 
 
ധർമം അടിയൊഴുക്കായി ചില കവിതകളിൽ കള്ളത്തരങ്ങളെ കടപുഴക്കുന്നു. ചാനലുകളിലെ ജ്യോതിഷപുരാണവും തട്ടിപ്പുകളും അന്ധവിശ്വാസ പരമ്പരകളും സാംസ്‌കാരിക കേരളത്തിന്റെ മുഖം പലപ്പോഴും വികൃതമാക്കുന്നുണ്ട്. "നിധി’  മാറിവരുന്ന സാഹചര്യങ്ങളെ  ഉൾക്കൊള്ളുന്നു. ആസാം പണിക്കാർ വന്നുകൊണ്ടേയിരിക്കുന്നു
 
"മടിയൻമാരാമെന്റെ
 മക്കൾക്കു  മലയാള‐
ത്തൊടിയിൽ കളനുള്ളൽ
പോലുമിന്നപമാനം.’
 
എന്ന് തിരിച്ചറിയിക്കുന്ന കവി അധ്വാനത്തിന്റെ സംഘനൃത്തത്തിനായി അന്യദേശക്കാരെ സ്വാഗതം ചെയ്യുന്നു.  കറുപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാൻ കാവ്യഭംഗി മാധ്യമമാക്കി പുസ്‌തകത്തലക്കെട്ടാകുന്ന കവിത  ജമീലയിലൂടെ കുഞ്ഞു ബുദ്ധന്മാരിലൂടെ  ആർദ്രതയിലുരുവം കൊണ്ട ഇന്ത്യയെന്ന ഭൂപടം വരയ്‌ക്കുകയാണ്. 
 
വ്യക്തികളിലും കാഴ്‌ചകളിലും (മായാമരം) അതിസൂക്ഷ്‌മമായി വർത്തിക്കുന്ന ഈ കവിതകൾ അവയുടെ ദീർഘചരിത്രത്തെക്കൂടി പാടിയുണർത്തുന്നു.  
 അവയിൽ വ്യത്യസ്‌ത പരമ്പരകളുണ്ട്. അന്നയുടെ വികാസ പരിണാമങ്ങൾ നോക്കൂ. ചരിത്രാനുഭവങ്ങളിൽനിന്ന്‌ വർത്തമാന വികാസത്തിലേക്ക് അതു സഞ്ചരിക്കുന്നു. പൊങ്കാലയിൽ ‘ചൂട്ടും വിറകും കലവും കൊതുമ്പുമായ്
സ്‌കൂട്ടറിൻ പിന്നിലിരുന്നു ഭഗവാനെ‐
യൂട്ടുവാൻ പായുമെൻ പെങ്ങൾക്കറിയുമോ
വേർപ്പിലുയിർക്കുന്ന ദൈവത്തിനെ? എന്നതിൽ ടാഗോർമുതലുള്ളവരുടെ നവോത്ഥാന ദൈവചിന്തകൾ മുഴങ്ങുന്നു.
 
 തുല്യത വ്യവസ്ഥാപിത രാഷ്ട്രീയത്തിന് എന്നും തകർക്കാനുള്ള അജൻഡയാണ്. സാമൂഹ്യപദവി വളരെ പ്രധാനമെന്നിരിക്കെ പല തട്ടുകളിൽ മനുഷ്യരെ ഭിന്നിപ്പിച്ചിരുത്താൻ ശ്രമിക്കുന്ന വലതുപക്ഷ ചിന്തകളെ കവിതകൾ തുറന്നുകാട്ടുന്നു. കഥാപാത്രങ്ങളാകുന്ന സ്‌ത്രീകൾ കരുത്തുള്ളവരായിരിക്കെ അഴകുള്ളവരുമാകുന്നു. പര്യായപദങ്ങളിൽ തടവിലാക്കപ്പെടാതെ അവർ വിമോചന സ്വരം ഉയർത്തുന്നു. "യശോദ’യെ സാക്ഷ്യപ്പെടുത്താം. ഉള്ളത്  വീട്ടിലെ എല്ലാവർക്കും കൊടുത്തിട്ട് മുണ്ടു മുറുക്കിയുടുത്തു ജീവിച്ച ഈ കുടുംബിനിയുടെ വംശം  അവസാനിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിന്റെ കെണിയിൽനിന്ന്‌ ആധുനിക സ്‌ത്രീ ആർജവത്തിന്റെ പണിശാലകളിലേക്ക് നടപ്പുതുടരുന്നു. 
 
‘നല്ലവർ കുലം തീർത്തും
വേരറ്റു പോയീലല്ലോ’ എന്ന്‌ കവി  പ്രത്യാശിക്കുന്ന മനുഷ്യർ കാലസംവാഹകരായി ഒത്തു ചേരും. അവിടെ  ജീവന്റെ മായാമരങ്ങൾ കവിതയിലെ  വിസ്‌മയ നിർമല ദൃശ്യങ്ങളാകും. 
കവിയുടെ നാൽപ്പത്തിനാലാമതു പുസ്‌തകമാണ്‌ ‘കറുത്ത പെണ്ണേ കരിങ്കുഴലീ.’ പ്രസാധനം ചിന്താ പബ്ലിഷേഴ്സ്.
പ്രധാന വാർത്തകൾ
 Top