26 February Wednesday

കവിയും കവിതയും കസ്റ്റഡിയിൽ

ഈയ്യങ്കോട് ശ്രീധരൻUpdated: Sunday Dec 22, 2019

ഈയ്യങ്കോട് ശ്രീധരൻ

ആയിടയ്‌ക്ക് ഞാനൊരു പരുക്കൻ കവിത എഴുതി ദേശാഭിമാനിക്ക് അയച്ചിരുന്നു. അത്  പ്രസിദ്ധീകരിക്കുന്നത് സെൻസർ തടഞ്ഞു. അതെഴുതിയ കവിയെ സെൻസർ മുഖേന കണ്ടെത്തുക യായിരുന്നു. വിദ്യാലയം വിട്ട് വീട്ടിലേക്ക് വരുന്ന വഴി പൊലീസ് ജീപ്പ്  അടുത്തു വന്നുനിന്നു. ‘‘മാഷേ കയറൂ, എസ്ഐയെ കാണണം.’’ സ്റ്റേഷനിൽ എത്തി. എസ്ഐ ഒരു ഫയലെടുത്ത് തുറന്നു. അതിൽ എന്റെ കവിത

ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സ്ഥാപക നേതാക്കളിലൊരാളായ എം എൻ കുറുപ്പ് ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്ക് വന്നത് ദേശാഭിമാനി മാനേജിങ് കമ്മിറ്റിയുടെ ക്ഷണമനുസരിച്ചാണ്.  ജനയുഗത്തിലായിരുന്നു എം എൻ പ്രവർത്തിച്ചിരുന്നത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി പത്രത്തോടൊപ്പം ഒരു വാരികയും പുറത്തിറക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു എം എന്നിന്റെ വരവ്. കവിയും നടനും സംഘാടകനും പുറമെ മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നു എം എൻ. വാരികയുടെ ചുമതല അദ്ദേഹത്തിനായിരുന്നു.

ഇടതുപക്ഷ ചിന്താഗതിക്കാരായ എഴുത്തുകാർക്ക് സ്വതന്ത്രമായി രചന നടത്താനുള്ള മാധ്യമങ്ങൾ വളരെ കുറവായിരുന്ന കാലം. ഇത്തരം എഴുത്തുകാരെ തീർത്തും ഒഴിവാക്കുന്ന സമീപനമായിരുന്നു പ്രശസ്‌ത മാധ്യമങ്ങളും വാരികകളും അന്ന് പുലർത്തിയിരുന്നത്. വാസ്‌തവത്തിൽ ദേശാഭിമാനി വാരികയിലൂടെ ആ കുറവ് നികത്തണമെന്ന നിലപാടായിരുന്നു സിപിഐ എം കേന്ദ്ര കമ്മിറ്റി സ്വീകരിച്ചിരുന്നത്.

1968 ഡിസംബറിൽ എനിക്ക് എം എൻ കുറുപ്പിന്റെ ഒരു കത്ത് വന്നു.

‘‘വരിക വന്ന് എന്നെ കാണുക.'’ 

ചെന്നു -എം എൻ കുറുപ്പി-നെ കണ്ടു.

‘‘ഈയ്യങ്കോടെ നിങ്ങൾ എല്ലാവരും രക്ഷപ്പെടാൻ പോകുന്നു. നമ്മൾ ഒരു വാരിക ആരംഭിക്കുന്നു.’’

‘‘നന്നായി. ഞാൻ കുട്ടികൾക്കായി ഒരു നോവൽ രചിച്ചിട്ടുണ്ട്. വാരികയിൽ ഖണ്ഡശ്ശയായി കൊടുക്കണം. അപ്പുണ്ണി എന്നാണ് പേര്.’’ ഞാൻ പറഞ്ഞു.

‘‘നിശ്ചയമായും’’ എം എൻ തുടർന്നു.

‘‘ഞാൻ വിളിച്ചത് ആദ്യ ലക്കത്തിൽ ആമുഖ കവിതയായി ഒരെണ്ണം വേണം. നമ്മുടെ സാഹിതീയനിലപാടുകൾ ഭംഗ്യന്തരേണ അതിൽ പ്രതിഫലിക്കണം.’’

‘‘തരാം.’’

‘‘തരാമെന്നല്ല ഇന്നുതന്നെ തരണം. ഇവിടെ ഇരുന്നെഴുതണം.’’

ഞാൻ വല്ലാതെയായി.

‘‘ഭക്ഷണം കഴിച്ചു വന്ന് കവിത എഴുതിത്തന്ന് പോകാം.’’

ഞങ്ങൾ താഴെ  കാന്റീനിൽ പോയി ഭക്ഷണം കഴിച്ചുവന്നു. എം എൻ കുറുപ്പ് ഒഴിഞ്ഞ മുറിയിലെ കസേരയിൽ എന്നെ പിടിച്ചിരുത്തി.

‘‘എഴുതുക.’’

സാഹചര്യത്തിന്റെ സമ്മർദം പ്രബലമാണല്ലോ. ഒന്നു രണ്ടു മണിക്കൂറെടുത്ത് ഞാൻ കുത്തിക്കുറിച്ചു. തിരുത്തി. വെട്ടി വീണ്ടും പകർപ്പെടുത്തു.

ഏതാണ്ട് മൂന്നു മണിയോടെ എഴുതിയ വരികൾ എം എൻ കുറുപ്പിനെ കാണിച്ചു. അദ്ദേഹം അത് പലവട്ടം വായിച്ചു. എന്നെക്കൊണ്ട് പാരായണം ചെയ്യിച്ചു.

ഉടൻ എഴുന്നേറ്റ്‌ എന്നെ കെട്ടിപ്പിടിച്ചു.

‘‘ഞാൻ പ്രതീക്ഷിച്ചതിലും ഗംഭീരം.’’

എം എന്നിന്റെ തുറന്ന മനസ്സ് എന്റെ മുന്നിൽ വിടർന്നു.

ദേശാഭിമാനി വാരികയുടെ ആദ്യ പതിപ്പിൽ 1969 ജൂലൈ 20-ന്‌ എന്റെ പാട്ട് അച്ചടിച്ചുവന്നു.

കവിത അച്ചടിച്ചുവന്നശേഷം പത്തു പതിനഞ്ചു കത്തുകൾ വന്നു. കെ പി ജി അടക്കം അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എല്ലാം ഞാൻ എം എന്നിന് അയച്ചുകൊടുത്തു.

അടിയന്തരാവസ്ഥ കൊടുരുമ്പിക്കൊണ്ട കാലം. ഇ എം എസ് ഒഴികെ മറ്റെല്ലാ ഇടതുപക്ഷ നേതാക്കളും ജയിലിൽ. വി സാംബശിവനെപ്പോലുള്ള കലാകാരന്മാരെയും ജയിലിലിട്ടു. വന്ദേമാതരം എന്ന കവിത രചിച്ച എം കൃഷ്‌ണൻകുട്ടിയെ തടവിലാക്കി എന്ന് എം എൻ അറിയിച്ചു.

ആയിടയ്‌ക്ക് ഞാനൊരു പരുക്കൻ കവിത എഴുതി ദേശാഭിമാനിക്ക് അയച്ചിരുന്നു. അത് പ്രസിദ്ധീകരിക്കുന്നത് സെൻസർ തടഞ്ഞു.

അതെഴുതിയ കവിയെ സെൻസർ മുഖേന കണ്ടെത്തുകയായിരുന്നു.

വിദ്യാലയംവിട്ട് വീട്ടിലേക്ക് വരുന്ന വഴി പൊലീസ് ജീപ്പ്  അടുത്തു വന്നുനിന്നു.

‘‘മാഷേ കയറൂ, എസ്ഐയെ കാണണം.’’

സ്റ്റേഷനിൽ എത്തി. എസ്ഐ ഒരു ഫയലെടുത്ത് തുറന്നു. അതിൽ എന്റെ കവിത.

ഞാൻ അന്തം വിട്ടു. ദേശാഭിമാനിക്കയച്ച കവിത തന്നെ. അവരത് തപ്പിയെടുത്തിരിക്കുന്നു.

‘‘മാഷ് എഴുതിയതല്ലേ?’’

‘‘അതെ.’’

പടപ്പാട്ട് എന്ന കവിത തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.

വാക്കുകൾ ബോംബുകളാകട്ടെ

നോക്കുമ്പോളമ്ലബിന്ദുക്കൾ 

തെറിക്കട്ടെ.

നമ്മുടെ പോക്കു തടഞ്ഞു 

ബാരിക്കേഡിടിക്കാൻ

ഊക്കുകളൊന്നിച്ചിടട്ടെ

പാറപോലുള്ള പുറംകാലിനാലെ

നീരുന്തിനീങ്ങാനാശക്തമായ് മേവുന്ന

ഭരണകൂടത്തെ തട്ടിത്തെറിപ്പിച്ച്

മുന്നോട്ട് മുന്നോട്ട്

സബ് ഇൻസ്‌പെക്‌ടർ  പരമേശ്വരൻ നായർ  ഏറ്റുമാനൂർകാരനായിരുന്നു. എന്നോട് ബഞ്ചിലിരിക്കാൻ പറഞ്ഞു.

‘‘ഈ രീതിയിൽ എഴുതിയാൽ മാഷ് വളരെക്കാലം അകത്ത് കിടക്കേണ്ടി വരും. അതു പറയാനാണ് വിളിപ്പിച്ചത്. അദ്ദേഹം പരുക്കൻ ശൈലിയിൽ പറഞ്ഞു. എനിക്ക് നിങ്ങളെ ലോക്കപ്പിൽ തള്ളാം. ചെയ്യുന്നില്ല കാരണം എന്റെ അച്‌ഛൻ ഒരു മാഷായിരുന്നു.’’

ഞാൻ നിശ്ശബ്ദം കേട്ടിരുന്നു.

‘‘ഞാൻ വഴിതെറ്റി പൊലീസിൽ വന്നതാണ്. അല്ലെങ്കിൽ നിങ്ങളെപ്പോലെ മാഷ് ആകുമായിരുന്നു.’’

അപൂർവമായ ഒരു ചിരി ആ മുഖത്ത് കണ്ടു.

‘‘നിങ്ങൾക്ക് പോകാം.ഇത്തരം എഴുത്ത് നിർത്തണം.’’

ഇത് പത്രവാർത്തയായി. രണ്ടുനാൾ കഴിഞ്ഞ് ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ അതിനെതിരെയുള്ള പ്രതിഷേധം കണ്ടു.
പ്രധാന വാർത്തകൾ
 Top