17 January Sunday

ഉയിർപ്പിന്റെ കലോത്സവം

ഇ പി രാജഗോപാലൻUpdated: Sunday Nov 22, 2020

ഏഴാച്ചേരി രാമചന്ദ്രൻ എന്ന കവിക്ക്‌ കാവ്യജീവിതത്തിൽ സ്വാഭാവികമായി വന്നുചേരുന്ന പുരസ്‌കാരമാണ്‌ വയലാർ അവാർഡ്‌. കേരളീയത പുലരുന്ന, സാഹിത്യ–-കലാ സംസ്‌കൃതികളെ സദാ ഓർമിക്കുന്ന, സംഗീതസൗന്ദര്യം നിറഞ്ഞതുമായ ആ കവിതകളിലൂടെയുള്ള  സഞ്ചാരം 

 
കേരളീയരായ നമുക്ക്‌ കാല്പനികതയോട്‌ സവിശേഷമായ ഇഷ്ടമുണ്ട്‌. മഴക്കാലം ഉണ്ടാക്കിത്തരുന്ന പച്ചവഴക്കങ്ങളും നീരൊഴുക്കുകളും മലയുടെയും കുന്നുകളുടെയും സമതലങ്ങളുടെയും ലയസാന്നിധ്യവും ചേർന്ന ഭൗമപ്രകൃതിയാകാം ഒരു കാരണം. ഇംഗ്ലീഷ്‌ വഴി കാൽപ്പനികത ഇവിടെ മറ്റൊരു കാലാവസ്ഥയുണ്ടാക്കി. അതിനുമു‌മ്പേ ഇവിടത്തെ നാടോടിവ്യവഹാരങ്ങളിൽ ആ ഭാവമുണ്ട്‌. അത്‌ കാല്പനികതയാണ്‌ എന്ന്‌ നാം തിരിച്ചറിയുന്നത്‌ കൊളോണിയൽ കാലത്തിനൊപ്പമാണ്‌ എന്നുമാത്രം. 
 
കാല്പനികതയ്‌ക്ക്‌ മലയാളത്തിലുണ്ടായ നല്ല സൈദ്ധാന്തികൻ കേസരി എ ബാലകൃഷ്‌ണപിള്ളയാണ്‌. എട്ട്‌ തത്വങ്ങൾ എ ബി പി നിരത്തിയിട്ടുണ്ട്‌. ‘‘ജീവിതത്തിന്റെ കുറവുകൾ മനസ്സിലാക്കാനുള്ള നിമിത്തം ഉണ്ടാകുന്ന അസംതൃപ്‌തിഹേതുവായി, അതിൽനിന്ന്‌ രക്ഷപ്പെട്ട്‌ പ്രകൃതിയെന്നൊ മറ്റോ വ്യാജപ്പേരുകൾ വഹിക്കുന്ന ഭാവനാസൃഷ്ടമായ ഒരു ലോകത്ത്‌ വസിക്കാനുള്ള മോഹം’’ എന്നത്‌ എട്ടിലൊരു തത്വമാണ്‌. ജീവിതത്തിൽ കുറവുകളുണ്ട്‌ എന്ന തിരിച്ചറിവാണ്‌ സംഘബോധത്തിന്റെയും സമരബോധത്തിന്റെയും ആദിമൂലം. കാൽപ്പനികഭാവമുള്ളവർ ഇതിനൊപ്പം പ്രകൃതിയുടെ നാനാഭാവങ്ങളിലേക്കും പ്രമേയബന്ധിയായി കടന്നുചെല്ലും. വ്യവസ്ഥ മർദകമാണ്‌ എന്നും മനുഷ്യശക്തിക്ക്‌ പരിമിതികൾ ഏർപ്പെടുത്തുന്നത്‌ വ്യവസ്ഥയാണ്‌ എന്നും വ്യവസ്ഥയെ മാറ്റാനായി പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ മാനുഷികതയിലേക്ക്‌ കടക്കുമെന്നും കാല്പനികർ ഭാവനചെയ്യുന്നുണ്ട്‌. ഇക്കാര്യവും എ ബി പി സൂചിപ്പിക്കുന്നു. വിഷാദാത്മകത്വം, അതൃപ്‌തി, ത്യാഗം, വേദന, മരണം, ജിജ്ഞാസ, കരുണ, പുതുമ, വൈചിത്ര്യം എന്നിവ കാൽപ്പനികതയുടെ ഭാവസീമയിൽപ്പെടുന്നവയാണ്‌  നാം എ ബി പിയിൽ വായിക്കുന്നു. ചങ്ങമ്പുഴയാണ്‌ കേസരിയുടെ കണ്ടെത്തലുകളുടെ പ്രധാന പ്രേരണയെന്ന്‌ ഉറപ്പിച്ചുപറയാം.
 
കാല്പനികത, ഉറപ്പാണ്‌, ചങ്ങമ്പുഴയുടെ വഴക്കത്തിന്‌ പുറത്തും തളിർക്കുന്നുണ്ട്‌. കാല്പനികതയെ സമരശക്തിയുള്ള കവിതാമാർഗമായി മാറ്റിയെടുക്കുന്ന കവികൾ മലയാളത്തിൽ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും ഇത്‌ തുടരും. കാരണം, കേരള മനസ്സിന്റെയും ഭാവുകത്വത്തിന്റെയും ഭാഗമാണത്‌. ഇവിടത്തെ മാറാത്ത ഋതുക്കളിലൊന്നാണ്‌ കാല്പനികത. വിമോചനാശയത്തിന്റെയും അതുമായി ചേർന്ന പ്രവർത്തനങ്ങളുടെയും ഊർജസ്രോതസ്സാണ്‌ ഇവിടെ കാല്പനികത. കവിതാവായനക്കാരല്ലാത്തവരിലും ഇതിന്റെ ഉണർവുകളുണ്ട്‌. കാല്പനികതയെ സമഗ്രമായി തിരിച്ചറിയുകയും കാലത്തെ അടയാളപ്പെടുത്താനുള്ള കാവ്യമാർഗമായി അതിനെ സദാ വികസിപ്പിച്ചുകൊണ്ടിരിക്കുകയും കാല്പനികതയെ വ്യവസ്ഥാനുകൂലമാക്കിത്തീർക്കാനുള്ള ഏർപ്പാടുകൾക്കെതിർനിൽക്കുകയും ചെയ്യുക എന്നത്‌ ഒരു വലിയ പ്രവർത്തനമാണ്‌. സമകാലിക മലയാള കവിതയിൽ ആ പ്രവർത്തനം നടത്തുന്നവരിൽ മുമ്പൻ ഏഴാച്ചേരി രാമചന്ദ്രനാണ്‌.
 
ലോകത്തെപ്പറ്റിയുള്ള അസംതൃപ്‌തിക്ക്‌ ഇന്ന്‌ കാര്യമായ രാഷ്‌ട്രീയമൂല്യമുണ്ട്‌.ശരീരസുഖം എന്നതിനെ പ്രത്യയശാസ്‌ത്രമായി അവതരിപ്പിക്കാനാണ്‌ പുതുമുതലാളിത്തത്തിന്റെ നീക്കങ്ങൾ. അത്‌ സൂക്ഷ്‌മമൃദുല(Microsofly)മായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പൊരുത്തപ്പെട്ട്‌, വീണ്ടും പൊരുത്തപ്പെട്ട്‌ സുഖം നേടുക; നേടിയ സുഖം കൂട്ടിക്കൊണ്ടിരിക്കുക എന്ന ആശയത്തിന്റെ വീട്ടിൽ കഴിയാൻ ജനങ്ങൾക്കുമേൽ നിത്യനിരന്തരമായ പ്രേരണയുണ്ടാകുന്നുണ്ട്‌. ഈ വേളയിൽ ലോകം അത്ര നല്ലതല്ലാതായിരിക്കുന്നു എന്ന്‌ പറയുന്നത്‌ വിപ്ലവകരമാണ്‌. 2002ൽ പ്രസിദ്ധംചെയ്‌ത ‘പക്ഷി ചിലയ്‌ക്കാത്ത ചാവുനിലം’ എന്നൊരു ഏഴാച്ചേരിക്കവിതയുണ്ട്‌. പുതിയ ലോകത്തെ ആ കവിതയുടെ പേരുതന്നെ നിർവചിക്കുകയാണ്‌ എന്നുവേണം കരുതാൻ. ഒരു ഖണ്ഡം കാണുക:
 
വയലാർ അവാർഡിനർഹമായ ഏഴാച്ചേരിയുടെ  കവിതാ സമാഹാരം ഒരു വെർജീനിയൻ വെയിൽകാലം

വയലാർ അവാർഡിനർഹമായ ഏഴാച്ചേരിയുടെ കവിതാ സമാഹാരം ഒരു വെർജീനിയൻ വെയിൽകാലം

‘‘സർവം പുകമയം; പേയുമനാദിയാം
ഗർവവും ശീതചാരം ചേർന്ന ഭൂമിയും
കണ്ണീർ വടിച്ചെങ്ങോ മറയുന്ന
സന്ധ്യയും മാത്രമേ, ബാക്കിപത്രം; ജീവ–
ഗംഗാമദം തളിർക്കാത്ത വലതുകൈ
നെഞ്ചോടു ചേർത്തുനിൽക്കും വ്യാസതാപസ–
സങ്കടം താനേ മൊഴിഞ്ഞു ‘‘ഹാ പുഷ്‌പമേ!’’
 
പാരിസ്ഥിതികസങ്കടങ്ങളുടെ തുടർക്കണിയും അതിന്‌ കാണിയാകുന്ന കാവ്യസ്ഥാനവും അതിനോടുള്ള ആത്മാർഥമായ പ്രതികരണവും അതിൽ ഉൾച്ചേർന്നു കിടക്കുന്ന മലയാള കാവ്യചരിത്ര സൂചനയുംകൊണ്ടുള്ള ഒരു സർഗനിർമിതിപോലെയാണ്‌ ഈ കാവ്യഖണ്ഡം. ഏഴാച്ചേരിയുടെ തനതായ ഭാവരൂപ പദ്ധതികൾ ഈ ഖണ്ഡം ശ്രദ്ധിച്ചാൽ ഏതാണ്ടൊക്കെ തെളിഞ്ഞുകിട്ടും.
 
 പ്രകൃതി; പ്രകൃതിയിൽ വന്നുചേരുന്ന പ്രസാദാത്മകവും അല്ലാത്തതുമായ മാറ്റങ്ങൾ; അവ അടയാളപ്പെടുത്താനുള്ള സാംസ്‌കാരിക ജാഗ്രത; അതിന്റെ ആവിഷ്‌കാരത്തിന്‌ തുണയാകുന്ന സാഹിത്യ–സാംസ്‌കാരിക സ്‌മൃതികൾ– ഏഴാച്ചേരിയുടെ ഒരു രീതി ഇതാണ്‌. പലമട്ടിൽ, തുടരെ പുതുക്കപ്പെടുന്ന രീതിയുമാണിത്‌. 2017ൽ പ്രകാശനം നേടിയ ‘സ്‌നേഹനാനാർഥങ്ങളിലെ’ ഒന്നാം ഖണ്ഡത്തിൽ വായിക്കുക:
 
ഓണത്തിനെത്രതരം തോക്കുകൾ, വിഷ–
ക്കൂണുകൾ, പാതി കരിഞ്ഞ ശവങ്ങൾ തൻ
ശീതഗന്ധങ്ങൾ, തലയോടുകൾക്കുള്ളി–
ലാരോ വളർത്തും ഭയപ്പാറ്റകൾ, ശപ്‌ത
കാമുകിമാർ തൻ വിരൽ മുറിഞ്ഞൂഴിയിൽ
വീണ വിഷാദാർദ്രമുദ്രാംഗുലീയങ്ങൾ,...’’
 
പ്രകൃതിയെന്നാൽ ബാഹ്യപ്രകൃതി മാത്രമല്ല സാംസ്‌കാരിക പ്രകൃതികൂടിയാണ്‌; ചരിത്രത്തിന്‌ വാഴ്‌വുള്ള വ്യവസ്ഥയാണ്‌, രണ്ടിന്റെയും ചേർച്ചയാണ്‌ താൻ കണ്ണാലേ, ഉൾക്കണ്ണാലേ കാണുന്നത്‌ എന്ന്‌ തിട്ടമുള്ള കവിയാണ്‌ ഏഴാച്ചേരി. ‘ഭയപ്പാറ്റകൾ’ എന്ന്‌ ‘സ്‌നേഹനാനാർഥങ്ങളി’ൽ കണ്ടല്ലോ. ‘മഴപ്പാറ്റകൾ’ എന്ന, പ്രകൃതിയുടെ ഭാഗമായ, പ്രാണിയുടെ പേരിൽനിന്നാണ്‌, അസ്വാസ്ഥ്യം പടർത്തുന്ന ‘ഭയപ്പാറ്റകൾ’ എന്ന പദയോഗത്തിന്റെ വരവ്‌. പക്ഷേ, ഉറവിടത്തിൽനിന്ന്‌ ഭാവപരമായി എത്രയോ വ്യത്യസ്‌തമാണ്‌ ഈ പുതിയ പ്രയോഗം. പ്രകൃതി ഇങ്ങനെയൊക്കെയാണ്‌ ഈ കവിയെ ഉണർത്താറ്‌.
 
 പിക്കാസോ ‘ഗ്വർണിക’യിൽ ശ്ലഥബിംബങ്ങൾകൊണ്ട്‌ ഒരു ചരിത്രക്കണി തീർത്തു. ആധുനികകലയിലെ ഒരു സങ്കേതമാണത്‌. ഒറ്റത്തലത്തിൽ ചിതറിയ ചിത്രങ്ങൾ; അവയുടെ ചേർച്ചയുണ്ടാക്കുന്ന സമഗ്രഫലം. വിവരിക്കാൻ എളുപ്പമല്ലാത്ത ഒരു ലോകം പിറന്നിരിക്കെ, ലളിതയുക്തിയുടെ ഭാഷയ്‌ക്ക്‌ ശ്വാസംമുട്ടൽ വരുമ്പോൾ ശ്ലഥബിംബങ്ങൾ ചേർത്തുവയ്‌ക്കുന്നു. എല്ലാം ചേർന്ന്‌ ഒരു വലിയ ചിത്രം ഉണ്ടാകുന്നു. ആ ചിത്രം ചരിത്രമായിത്തീരുന്നു. ഏഴാച്ചേരി പലപ്പോഴും കാലത്തെ ഭാഷാനുഭവമാക്കി മാറ്റുന്നത്‌ ഈ കലാതന്ത്രത്തിലൂടെയാണ്‌. ഫ്യൂഡൽ കാലത്തെ സരള ദൃശ്യങ്ങളോ ഒറ്റത്തലമുള്ള അനുഭവങ്ങളോ അല്ല ഇന്നത്തെ യാഥാർഥ്യം. ഈ തിരിച്ചറിവിൽ നിന്നുണ്ടാകുന്ന (വ്യത്യസ്‌തതയ്‌ക്ക്‌ വേണ്ടിയുള്ള) അന്വേഷണത്തിന്റെ സഫലതയാണ്‌ ഈ കാവ്യമാർഗം.
 
2005ൽ പുറത്തുവന്നതാണ്‌ ‘ചാരുബെഞ്ചിലെ ഗൗരീശങ്കരം’ എന്ന കവിത. ഇവിടെ കാവ്യഭാഷ തീവ്രതരമായൊരു മാറ്റത്തിന്‌ നിർബന്ധിക്കപ്പെട്ടതായി വായിച്ചറിയാം. കവി എത്രമാത്രം അസ്വസ്ഥനായിട്ടാകണം ഈ ഭാഷയിൽ ലോകാവതരണം നടത്തുന്നത്‌ എന്ന്‌ ഏഴാച്ചേരിയെ ദീർഘകാലമായി വായിച്ചുപോരുന്ന  വായനക്കാരന്‌ എളുപ്പത്തിൽ മനസ്സിലാക്കാനാകും.
 
‘‘കടൽപ്പാലത്തിൽനിന്ന്‌
താഴേക്ക്‌ ചാടിച്ചാകാൻ
കിഴക്കെങ്ങാണ്ടോ നിന്ന്‌
വന്നതാണവർ കാലേ.
പട്ടിണി, പ്രണയത്തെ
കൊന്നു തിന്നുകയാലേ
രക്തസാക്ഷിത്വപ്പുക–
ളൊന്നുതാനിനി വേണ്ടൂ’’
 
ഈ കവിതയുടെ ഭൂപ്രദേശം കോഴിക്കോടാണ്‌. എൻ എൻ കക്കാടിനെ ‘നഗരത്തിൽ ഒരു യക്ഷൻ’ എഴുതാൻ പ്രേരിപ്പിച്ച അതേ നഗരം. നഗരപ്രകൃതം കവിതയിൽ, ചരിത്രബോധംകൊണ്ട്‌ എങ്ങനെ, എതിരാഖ്യാന(Counter Narrative)മായി തീരുന്നു എന്ന്‌ ഇവിടെ തെളിയുന്നുണ്ട്‌. കാലത്തിന്റെ ഉപ്പുകാറ്റുള്ള ഒരു ഭാഗം പകർത്താം:
 
‘‘ദൈവമക്കളെപ്പിച്ച–
തെണ്ടിക്കുമാകാശത്തിൻ
ഗർവുകൾപോലെ കടൽ–
പ്പാലമൊന്നുലയുന്നു.’’
 
കോഴിക്കോടിന്റെ കേന്ദ്രബിംബമായി കുറെക്കാലമായി പ്രചരിച്ചുപോന്ന ഒന്നാണ് കടൽപ്പാലം. ആ ദൃശ്യത്തെ വ്യത്യസ്‌തമായി കാണുകയാണ്‌ ഈ സന്ദർഭം.
 
 ‌ഏഴാച്ചേരിയുടെ ‘ആഖ്യാനപുരുഷൻ’ എന്നൊരു സങ്കല്പനത്തെപ്പറ്റി ആലോചിക്കേണ്ടതുണ്ട്‌. ഈ കവിതകളൊക്കെയും സ്വരപ്പെടുന്നത്‌ ഏത് സ്രോതസ്സിൽനിന്നാണ്‌?  ആ വ്യക്തിത്വത്തിന്റെ ഇടപെടൽകൊണ്ടാണ്‌ ഇവിടെ ബിംബശ്രേണികൾ ഉണ്ടാകുന്നത്‌, അനുകമ്പയുടെയെന്നപോലെ സമരവീര്യത്തിന്റെയും സന്ദർഭങ്ങൾ പിറക്കുന്നത്‌, കവിത നല്ലയർഥത്തിൽ ആധികാരികമാകുന്നത്‌ അങ്ങനെയാണ്‌. ഏഴാച്ചേരി എന്ന, മലയാള സാഹിത്യം ഔപചാരികമായി പഠിക്കുകയും അധ്യാപകപരിശീലനം നേടുകയും പ്രസംഗകനായി തെളിയുകയും രാഷ്‌ട്രീയ പത്രപ്രവർത്തകനായി തൊഴിലെടുക്കുകയും കേരളഗ്രാമങ്ങളിൽ ഉത്സുകനായി സഞ്ചരിക്കുകയും സംസ്‌കാരത്തിന്റെ ഗോപുരങ്ങളെയെന്നപോലെ മൺപുറ്റുകളെയും ഒരേ കണിശതയോടെ ശ്രദ്ധിക്കുകയും ചെയ്‌ത, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജീവിച്ചുപോന്ന ആളാണ്‌ അത് എന്ന്‌ സാമാന്യമായി പറയാം. അപ്പോഴും എനിക്ക്‌ തോന്നുന്നു, ഏഴാച്ചേരി ഒരു ‘ഗോത്രപുരുഷനാ’ണ്‌ തന്റെ കവിതകളുടെയെല്ലാം വിളംബരസ്ഥാനം എന്ന്‌ സ്വയം കരുതുന്നുണ്ടെന്ന്‌. 2016ൽ പുറപ്പെട്ട ‘ഒന്നു പതുക്കെ തിരിഞ്ഞുനോക്കുമ്പോൾ’ എന്ന കവിതയിൽ ഈ ആഖ്യാനവ്യക്തിത്വത്തെ ഉണർത്തിയെടുത്ത്‌ അരങ്ങിലെത്തിക്കുന്നുണ്ട്‌–
 
കമ്മാളനേരിന്റെ ലാവണ്യദർശനം
കമ്പോളരാക്ഷസൻ കൈയടക്കുമ്പോൾ
കവിതയുടെ താളവും താരുണ്യവും യന്ത്ര–
മുതലയുടെ വായിൽ ഞെരിഞ്ഞു പിടയുമ്പോൾ
നോക്കിനിൽക്കാനില്ല നേരം, പ്രിയപ്പെട്ട
ഗോത്രപുരുഷാ, നീ നയിക്കേണമങ്കം.’’
 
ഈയൊരു കവിതയിൽ മാത്രമാണ്‌ ഗോത്രപുരുഷൻ നേരിൽ പ്രത്യക്ഷപ്പെടുന്നതെന്നുവരാം. എന്നാൽ, നയിക്കാനുള്ള ശേഷിയുള്ള ഒരു വ്യക്തിത്വം  ഏഴാച്ചേരിയുടെ കവിതകളിലെല്ലാം പൊതുവായി ഉണ്ട്‌. പ്രകൃതിയുടെ സൂക്ഷ്‌മ–സ്ഥൂലഭാവങ്ങൾ അറിയുന്ന, കാലഭേദങ്ങളുടെ കാര്യകാരണങ്ങൾ തിരയുന്ന, വാക്കുകളുടെ ഉണർവാണ്‌ കവിതയെന്നറിയുന്ന, കവി ഒറ്റയ്‌ക്കിരിക്കുമ്പോഴും ഏകാകിയല്ല എന്ന്‌ തിട്ടമുള്ള, വിമോചനത്തിന്റെ വികാരവും പ്രേരണയുമാണ്‌ കവിതയുടെ ഉയിര്‌ എന്ന്‌ ഓർമിക്കുന്ന, താളത്തിന്റെ വാദകനും ഈണത്തിന്റെ ഈശ്വരനുമായ ഒരാളാണത്‌. അയാൾ ഓർമയുടെ പെരുമാളുമാണ്‌– വെറുതെ ഓർമിക്കാത്തയാളും.
 
‘നീലി’പോലുള്ള കഥാകാവ്യങ്ങളിൽ ഈ കാവ്യപുരുഷന്റെ പെരുമാറ്റം നല്ലവണ്ണമുണ്ട്‌. തനിക്ക്‌ രണ്ട്‌ കൈയും രണ്ട്‌ കാലും രണ്ട്‌ കണ്ണുമുള്ളത്‌ പാരമ്പര്യത്തെയും ആധുനികതയെയും ഒരേ സമയം ഒന്നിച്ചറിയാനാണ്‌ എന്ന ബോധ്യമുള്ള ഒരാളിന്റെ സ്വാതന്ത്ര്യവിളംബരംപോലെയാണ്‌ ‘നീലി'യുടെ വീണ്ടെടുപ്പ്‌ നടക്കുന്നത്‌. ‘കയ്യൂർ’ പോലുള്ള സമരസ്‌മൃതിഗാഥകളിൽ ഇതിന്റെ വേറൊരു പ്രത്യക്ഷം കാണാം. 2018ൽ പുറത്തുവന്ന ‘ജമീല’യിലും മറ്റും സാഹിത്യത്തിൽനിന്നും ചരിത്രത്തിൽനിന്നുമുള്ള പലജാതിയോർമകളിലൂടെ, പ്രകൃതി–ചരിത്രച്ചേർച്ചയുടെ പ്രമാണങ്ങളിലൂടെ, ദേശീ–മാർഗീ വഴക്കങ്ങളുടെ അഭേദപ്രകാശനങ്ങളിലൂടെ, കവിതയ്‌ക്കൊപ്പം നിൽക്കുന്ന കാലവ്യക്തിത്വമായി ഈ സാന്നിധ്യം പ്രവർത്തിക്കുന്നതായി തെളിയുന്നുണ്ട്‌.
 
ഒരു ഓർമ വരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കൊല്ലം സമ്മേളനമായിരിക്കണം. പി ഭാസ്‌കരൻ നിര്യാതനായ സന്ദർഭമാണ്. ഏഴാച്ചേരി രാമചന്ദ്രൻ അനുസ്‌മരണപ്രസംഗം നടത്തുന്നു. പി ഭാസ്‌കരന്റെ കവിതകൾ, ഗാനങ്ങൾ– ഇവയിൽ നിന്നെല്ലാം വരികളും വാക്കുകളും ഓർത്തെടുത്ത്‌ ദീർഘനേരം വിസ്‌തരിക്കുക വഴി കവിസ്‌മരണയുടെ മറ്റാർക്കും സാധിക്കാത്ത ആവിഷ്‌കാരമായിത്തീർന്നു ആ പ്രസംഗം. അനായാസതയുടെ കവിയരങ്ങ്, ഉചിതസ്‌മൃതികളുടെ ഉത്സവം. അത്‌ കേട്ടുകൊണ്ടിരുന്നപ്പോഴാണ് ഒഴുക്ക് എന്നത് ഏഴാച്ചേരിയുടെ പ്രഭാഷണങ്ങളുടെ മാത്രമല്ല കവിതകളുടെയും മൗലിക സ്വഭാവമാണല്ലോ എന്ന് തോന്നിയത്. തന്നിൽ അടിസ്ഥാനപരമായി ഉള്ള സംഗീതസംസ്‌കാരം ഇതിന്റെ ഒരു കാരണമാണ്‌. ക്ഷീണിക്കാത്തതും തുടരെ കൂടിച്ചേർക്കപ്പെടുന്നതുമായ ഓർമയുടെ ഘടനയാണ്‌ ഒപ്പം വരുന്നത്. ഇവ രണ്ടും രാഷ്ട്രീയ‐ഭാഷാ ജാഗ്രതകളുടെ കൂടെ ചേരുമ്പോഴുണ്ടാകുന്ന പ്രകടനമാണ്, നല്ലയർഥത്തിൽത്തന്നെ, ഏഴാച്ചേരിക്കവിതയുടെ ഒഴുക്കുരൂപം. അതിൽ അനിവാര്യമായും ഒരു നാടോടിപ്പടർച്ചയുണ്ട്‐ മുറുക്കമല്ല, നിറഞ്ഞൊഴുക്കാണത്.
 
ആ ഒഴുക്കിൽ കേരളത്തിന്റെയും (പഴയ) തെക്കൻ തിരുവിതാംകൂറിന്റെയും വംശസ്‌മൃതികൾ പ്രമേയരാശികൾക്കൊപ്പം ഇരമ്പി നിൽക്കും. സംഗീതസൂചനകൾ അവയിൽ തിളങ്ങും, കഥാസ്‌മരണകൾ   ഒഴുകിയെത്തും, ജനകീയാധുനികതയിലെ വീരവ്യക്തിത്വങ്ങളുടെയും നാട് ഏറ്റെടുത്ത പാട്ടുകളുടെയും ഓളങ്ങൾ ഒപ്പം വരും. (തന്റെ കവിതയും ഇങ്ങനെയൊക്കെ ഓർമിക്കപ്പെടണമെന്ന അബോധതാൽപ്പര്യംകൂടിയാണ് ഈ ധാരാഘടനയിലൂടെ ഏഴാച്ചേരി വെളിവാക്കുന്നത് എന്നും വരാം.) സംസ്‌കാരത്തിന്റെ ജനകീയതയിലുള്ള വിള്ളലില്ലാത്ത വിശ്വാസം ഈ കലാകാരന്റെ ആത്മഭാവമാണ് എന്ന് ചുരുക്കം.
 
 സംഗീതം ഏഴാച്ചേരിക്കലയുടെ ഉന്മേഷങ്ങളിലൊന്നാണ്.ഒരു ഉറവിടമാണ് സംഗീതം– കവിത സംഗീതമായി സ്വയം മാറുകയും ചെയ്യുന്നു. എത്രയോ രാഗ നാമങ്ങൾ, ഗായകസ്‌മൃതികൾ, ചലച്ചിത്രഗാനങ്ങളടക്കമുള്ള ഉദ്ധരണികൾ, ഗസൽ പോലുള്ള സമ്പ്രദായങ്ങളുടെ സക്രിയപരാമർശങ്ങൾ, സംഗീതത്തിലൂടെ സാധ്യമാവുന്ന പ്രശ്നാവതരണം, അതേ വഴിക്കുള്ള  ഉയിർപ്പുസന്ദേശംപകരൽ. ഏഴാച്ചേരിക്കവിതയിൽ ഈ ഘടന ഒരു സിംഫണി കണക്കെ സജീവം.
 
 എം എസ് ബാബുരാജിന്റെ ജീവചരിത്രം പോലൊരു സംരചന (Composition) ‘താമസമെന്തേ വരുവാൻ' എന്ന പേരിൽ 2019ൽ ഏഴാച്ചേരി കവിതയിൽ സാധിച്ചിട്ടുണ്ട്.
 
‘‘അത്തരം ചില വെയിൽ മലരുകൾ
നമുക്കീയൾത്താരയിന്മേൽ
സർഗബലിയുടെ മുഹൂർത്തങ്ങൾ–
ക്കായ് സമർപ്പിക്കാം
അപ്രകാരം മുളയ്‌ക്കുന്നോ–
രഴൽത്തൂവലുകൾ പൊതിഞ്ഞീ
സ്വർഗവാതിൽ വിതാനിക്കാം
 
ദൈവവമറിയാതെ'' എന്ന് ‘സിസ്റ്റർ സെലീനയുടെ ഇഷ്ടഗസൽ ' എന്ന കവിതയിൽ വായിക്കാം (2010). ഒരു നിലപാടാണിത്.
 
 ഒച്ചകളുടെയും കാഴ്‌ചകളുടെയും ഓർമകളുടെയും  ജൈവവേദിയായ ഒരു നാട്ടുത്സവത്തിന്റെ  മട്ടും മാതിരിയും ഏഴാച്ചേരിക്കവിതയ്‌ക്കുണ്ട്. കാല്പനികതയുടെ വൈയക്തികതയെ അത് മറികടക്കുന്നത്  ഉത്സവീയതയുടെ ഈ ദേശഭാവം കൊണ്ടാണ്. ആവർത്തിക്കുമ്പോഴും മുന്നോട്ടു പോകുന്ന, ജനജീവിതത്തിന്റെ നാനാഭാവങ്ങളുടെ രാഗമാലികയായി സ്വന്തം ജീവിതത്തെ മാറ്റുന്ന കേരളീയ പ്രവർത്തനമാണ് ഏഴാച്ചേരിക്കവിത. ഏഴാച്ചേരിക്ക്‌ സ്വാഭാവികമായി വന്നു ചേർന്ന ഒരു പുരസ്‌കാരമാണ് വയലാർ അവാർഡ്. അതിൽ ഒരു വലിയ നീതിയുമുണ്ട്.  വയലാറിനെപ്പോലെ, കേരളീയത പുലരുന്നതും സാഹിത്യ കലാ സംസ്‌കൃതികളെ  ഓർമിക്കുന്നതും സമരവീര്യം സൂക്ഷിക്കുന്നതും സംഗീത സൗന്ദര്യം നിറഞ്ഞതുമായ കവിതകളാണ് ഏഴാച്ചേരി സ്വന്തം നിലയിൽ എഴുതിവരുന്നത്‌.  ഇതാണ് ആ നീതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top