18 September Wednesday

കുഞ്ഞിമാളുവിന്റെ പാട്ടബാക്കി

കെ ഗിരീഷ്Updated: Sunday Oct 22, 2017

പാട്ടബാക്കി എന്ന നാടകത്തില്‍നിന്ന്

ചില കലാസൃഷ്ടികള്‍ക്ക് കാലത്തോളം, ചരിത്രത്തോളം പ്രാധാന്യമുണ്ട്. നാടിന്റെ, സമൂഹത്തിന്റെ വികാസത്തില്‍ അവയിങ്ങനെ ഒരു വെളിച്ചക്കാല്‍പോലെ നിലകൊള്ളും. ഒരു സമൂഹം വളര്‍ന്നുവന്ന വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വിളക്ക് കാണിക്കുന്നത് പലപ്പോഴും ഇത്തരം സൃഷ്ടികളാകും. വിശേഷിച്ച് നാടകങ്ങള്‍. പൊരുതിയും മരിച്ചും ജനത മുന്നേറിയപ്പോഴൊക്കെ നാടകം അവരുടെ ജീവിതംതൊട്ട് ഉണ്ടായിട്ടുണ്ട്. 

അത്തരം ഒരു രചനയുടെ എണ്‍പതാം ആണ്ടില്‍ അത് വീണ്ടും രംഗത്തെത്തിക്കുകയാണ് ഞമനേങ്ങാട് തിയറ്റര്‍ വില്ലേജ്. കെ ദാമോദരന്‍ രചിച്ച 'പാട്ടബാക്കി' നാടകം അതിന്റെ എട്ട് പതിറ്റാണ്ട്  ആഘോഷിക്കുന്ന വേളയില്‍ രംഗത്തെത്തിക്കുകയാണ് അവര്‍. 1937ല്‍ ഞമനേങ്ങാടിനടുത്ത കുരഞ്ഞിയൂരില്‍ നടന്ന കര്‍ഷകസംഘം സമ്മേളനത്തിന് അവതരിപ്പിക്കാന്‍ ഇ എം എസിന്റെ വാശിക്ക് വഴങ്ങിയാണ് കെ ദാമോദരന്‍ നാടകം രചിച്ചത്. മൂന്നോ നാലോ ദിവസംകൊണ്ട് നാടകം അരങ്ങിലെത്തിച്ചു. അതിന്റെ എല്ലാ തകരാറും നാടകരചനയ്ക്കുണ്ട്. എന്നാലും മലയാള നാടകത്തിന്റെ ചരിത്രത്തിലെ ആദ്യ രാഷ്ട്രീയനാടകം എന്നൊക്കെ വിളിക്കാവുന്ന ഈ രചനയ്ക്ക് അതിന്റെ മൂര്‍ച്ചയുണ്ട്. നാടകീയവളര്‍ച്ചയും മുഹൂര്‍ത്തങ്ങളും കുറവായ രചന എണ്‍പതാണ്ടിനുശേഷം പുനരവതരിപ്പിക്കുക എന്നത് ദുഷ്കരമാണ്. വിശേഷിച്ച് കാലത്തിന്റെ ഒഴുക്കില്‍ എല്ലാം അടിമുടി മാറ്റപ്പെട്ടശേഷം പഴയകാലത്തെ രചന വേദിയിലെത്തുമ്പോള്‍. കാലത്തെ ഓര്‍ത്തെടുക്കല്‍, കാലത്തെ ആവിഷ്കരിക്കല്‍ എല്ലാം അത്രയേറെ ദുഷ്കരമാകും. ജീവിക്കാന്‍വേണ്ടി മാനംവിറ്റ കുഞ്ഞിമാളു എന്ന സഹോദരി, പട്ടിണികിടന്ന് മരിക്കാറായപ്പോള്‍ ഒരല്‍പ്പം അരി മോഷ്ടിച്ച കിട്ടുണ്ണി. കമ്യൂണിസ്റ്റ് നേതാവ് മുഹമ്മദ് എന്നിവരെ കേന്ദ്രീകരിച്ചാണ് നാടകം. കിട്ടുണ്ണി ജയിലില്‍ പോയതോടെ പട്ടിണിയായ കുടുംബം, എല്ലാം ഏറ്റെടുക്കുകയാണ് കുഞ്ഞിമാളു. അവളുടെ ശരീരത്തിന് വില പറഞ്ഞാണ് ജന്മിമാരും മുതലാളിമാരും അവളുടെ ശിഷ്ടജീവിതം അനുവദിച്ചുകൊടുക്കുന്നത്.
എന്നാല്‍, ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ പാട്ടബാക്കി അവതരണത്തില്‍ നാടകം കേന്ദ്രീകരിക്കുന്നത് കുഞ്ഞിമാളുവിലാണ്. മരിക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന കുഞ്ഞിമാളുവാണവിടെ. ശരീരം, മാനം എന്നെല്ലാമുള്ള കപടസദാചാരത്തെ വെല്ലുവിളിക്കുന്ന കുഞ്ഞിമാളു. മറ്റു പല ആണ്‍പോരാളികളേക്കാളും പോരാട്ടത്തിന്റെ വീറുള്ള, പാര്‍ടി കെട്ടിപ്പടുക്കാന്‍ പാടുപെടുന്ന കുഞ്ഞിമാളു. ഈ പാട്ടബാക്കി കുഞ്ഞിമാളുവിന്റെ പാട്ടബാക്കിയാണ്. ഒടുവില്‍ രക്തസാക്ഷികളാകുന്ന കുഞ്ഞിമാളുവും മുഹമ്മദും കിട്ടുണ്ണിയുമാണ് അവിടെയുള്ളത്.
പ്രദീപ് നാരായണന്‍

പ്രദീപ് നാരായണന്‍

ആറാട്ടുകടവിലേക്ക് ആനകള്‍ക്ക് പോകാനാകില്ലെന്ന പേരില്‍ തകര്‍ത്ത് കളയപ്പെട്ട മൂവരുടെയും രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് നാടകം തുടങ്ങുന്നത്. കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിന്റെയും അനിയന്‍ ബാലന്‍ പൂര്‍വകാലകഥകള്‍ ഓര്‍ത്തെടുക്കുന്നു. 
മൂലനാടകത്തിലെ മൂലകഥയും ചില രംഗങ്ങളുംമാത്രമാണ് ആവര്‍ത്തിക്കുന്നത്. വിമര്‍ശകര്‍ ആവര്‍ത്തിക്കുന്ന കുറവുകളെ പരിഹരിക്കാനാകുംവിധം നാടകം സമകാലീനതയുമായി കണ്ണിചേര്‍ത്ത് മാറ്റിയെഴുതിയിരിക്കയാണ്. ഒരുപക്ഷേ പാട്ടബാക്കിയുടെ പെണ്‍പക്ഷ വായനയെന്നും ഇതിനെ വിശേഷിപ്പിക്കാം.
പ്രദീപ് നാരായണന്‍ സംവിധാനവും ഷാജി സുരേന്ദ്രനാഥ് ദീപസംവിധാനവും ബിഷോയ് അനിയന്‍ സംഗീതവും ജയ്സണ്‍ ഗുരുവായൂര്‍ സെറ്റും നിര്‍വഹിച്ചു. അസീസ് പെരിങ്ങോടാണ് അസോ. ഡയറക്ടര്‍. നാരായണന്‍ ആത്രപ്പിള്ളിയാണ് നിര്‍മാണനിര്‍വഹണം.
പ്രധാന വാർത്തകൾ
 Top