24 February Sunday
സെൽഫി

എന്റെ ചക്കാന്വേഷണ പരീക്ഷ

കൃഷ‌്ണ പൂജപ്പുരUpdated: Sunday Jul 22, 2018
അങ്ങനെയാണ്‌ ‘ജാക്ക്‌ കോം’ തുടങ്ങാൻ ഞാൻ തീരുമാനിക്കുന്നത്‌. അതെ ‘ജാക്ക്‌ കോം’. സംഗതി എന്താണെന്നോ? പറയാം. (അതാണല്ലോ സിനിമാറ്റിക്‌ രീതി. ആദ്യം ഒരു സംഗതിയുടെ നിർണായക പോയിന്റ്‌ പറയുക. പിന്നെയാണ‌് ഫ്ലാഷ്‌ ബാക്ക്‌).
 
ഞാൻ  കുറെ ഫീച്ചറുകളൊക്കെ  വായിച്ചു. പ്രത്യേകതയുള്ളവ. അതായത്‌, സ്വന്തം ബിസിനസിലൂടെ ദശകോടീശ്വരന്മാരും ശതകോടീശ്വരന്മാരും ആയവരുടെ രോമാഞ്ചം കൊള്ളിക്കുന്ന കഥകൾ. വെറും സാധാരണക്കാർ. അവരുടെ തലച്ചോറിൽ മിന്നിയ ആശയത്തെ ആദ്യം പലരും കളിയാക്കി.  പക്ഷേ, ജയിക്കാനായി ജനിച്ചവരുടെ തീരുമാനങ്ങളെ  തളർത്താനാകില്ലല്ലോ. 
 
ഒരു യുവാവ്‌ എൻജിനിയറിങ്‌ പഠനം പൂർത്തിയാക്കി.  എൻജിനിയറിങ്‌ ഡിഗ്രിക്കാരെ മുട്ടാതെ നടക്കാൻ പറ്റാത്ത ഇക്കാലത്ത്‌ ഇനി ഒരു എൻജിനിയർക്കുകൂടി സ്‌കോപ്പില്ലെന്ന്‌ പുള്ളി മനസ്സിലാക്കുന്നു. തറവാട്ടുവക അരയേക്കർ ഭൂമി കൃഷിചെയ്യാതെ കിടക്കുന്നത്‌  ശ്രദ്ധിക്കുന്നു. ഒന്ന്‌ കൃഷിചെയ്‌ത്‌ നോക്കിയാലെന്താ? തണ്ണിമത്തന്‌ അനുയോജ്യമായ ഭൂമിയാണെന്ന്‌  മനസ്സിലാക്കുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസത്തിന്റെ പശ്ചാത്തലത്തിൽ പുള്ളി തണ്ണിമത്തൻ വച്ചുപിടിപ്പിക്കുന്നു.  ആയിരം ഏക്കറിൽപ്പരം ഭൂമിയിലാണ് ഇപ്പോൾ തണ്ണിമത്തൻ കൃഷിചെയ്യുന്നത്‌. വാർഷിക വിറ്റുവരവ്‌ മുന്നൂറ്‌ കോടി. നാനൂറ്‌ സ്ഥിരം ജീവനക്കാർ.
 
തമിഴ്‌നാട്ടിൽ മറ്റൊരു കക്ഷി ചുറ്റുമുള്ള തൊഴിലാളികൾക്ക്‌ ഇഡ്ഡലി പായ‌്ക്കറ്റുകൾ വിതരണംചെയ്യുന്നു. ചെറിയ തുകയ്‌ക്ക്‌. രുചി അവരെ ആകർഷിക്കുന്നു. ഇന്നിപ്പോൾ മൂന്ന്‌ സംസ്ഥാനങ്ങളിൽ നാനൂറ്‌ ഔട്ട്‌ലെറ്റുകളുണ്ടത്രേ. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്നവരിൽ ഒരാൾ ഈ ചങ്ങാതിയാണ്‌. ഇനിയൊരു സ്‌നേഹിതൻ പുതിയ കംപ്യൂട്ടർ ആപ്ലിക്കേഷനിലാണ്‌ ശ്രദ്ധപതിപ്പിച്ചത്‌. സിനിമ കാണാൻ നാട്ടുകാർ തിയറ്ററിൽ ചെന്നാണ് ടിക്കറ്റെടുക്കുന്നത്‌. വീട്ടിലിരുന്നുതന്നെ ബുക്കുചെയ്യുന്ന ഒരു ആപ്ലിക്കേഷനായാലോ. അതിലേക്ക്‌ ശ്രദ്ധയൂന്നി. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ സിനിമാ ബുക്കിങ്‌ ആപ്ലിക്കേഷനിലൂടെ ചങ്ങാതിക്ക്‌ കിട്ടുന്ന നോട്ടുകൾ എണ്ണിത്തീർക്കാൻ മെഷീനുകൾ വേണം. അതുണ്ടാക്കിക്കൊടുക്കുന്ന  കമ്പനിയും ഉണ്ടാക്കിയത്രേ കോടികൾ. മേൽപ്പടി ആപ്ലിക്കേഷൻ വാങ്ങാൻ ഫെയ്‌സ്‌ ബുക്ക്‌ ഉടമ സുക്കർബർഗ്‌ വില പറഞ്ഞപ്പോൾ ‘ഫെയ്‌സ്‌ ബുക്ക്‌ വിൽക്കുന്നുണ്ടെങ്കിൽ പറയൂ ഞാനെടുത്തോളാം’ എന്നാണുപോലും മറുപടി കൊടുത്തത്‌.
 
ഇതൊക്കെ കൂട്ടിവായിച്ച്‌ എന്റെ ഉറക്കംപോയി. എന്നെപ്പോലെ രണ്ട്‌ കൈയും രണ്ട്‌ കാലും ഉള്ളവർ. എന്നെപ്പോലെ ഓക്‌സിജൻ ശ്വസിച്ചും ഭക്ഷണം കഴിച്ചും ജീവിക്കുന്നവർ പുതിയ മേഖലകൾ കണ്ടെത്തി കോടികളുടെ സാമ്രാജ്യത്തിൽ ചക്രവർത്തിമാർ. ഞാനോ? കടക്കാരുടെ കണ്ണിൽപ്പെടാതെ നടക്കാൻ പാടുപെടുന്നു. ഇങ്ങനെ നടന്ന്‌ നാട്ടിലെ ഇടവഴികളൊക്കെ പച്ചവെള്ളമാണ്‌.  ചെറുപ്പത്തിന്റെ ഊർജം കുറഞ്ഞുപോകുന്നതിനെ കോമ്പൻസേറ്റ്‌ ചെയ്യാൻ അനുഭവങ്ങളുടെ ആഴമുണ്ടല്ലോ. ഞാൻ തീരുമാനിക്കുന്നു. എനിക്കും എന്തെങ്കിലും ആകണം.

ഒരുക്കം

ഞാനാകെ ആവേശഭരിതനായി. വിജയിച്ചവരുടെ ജീവിതം പഠിച്ചു. ഇതിൽ ഒരു കക്ഷിക്ക്‌ തന്റെ സംരംഭം തുടങ്ങുന്ന സമയത്ത്‌ പോക്കറ്റിൽ ആകെയുണ്ടായിരുന്നത്‌ വെറും 50 രൂപ. അതെന്നെ ത്രില്ലടിപ്പിച്ചു. എന്റെ കൈയിൽ 750 രൂപയുണ്ട്‌. പതിനഞ്ചിരട്ടി. (500 ബാങ്കിലും 250 രൊക്കം കൈയിലും). 50 രൂപവച്ച്‌ തുടങ്ങിയ സുഹൃത്തിന്‌ ഇപ്പോൾ ടേൺ ഓവർ 200 കോടിയാണ്‌ . അങ്ങനെയാണെങ്കിൽ എനിക്ക്‌ അതിന്റെ പതിനഞ്ചിരട്ടി വരണം. ഇരുന്നൂറേ ഗുണം പതിനഞ്ചേ. മൂവായിരം കോടി. എന്റെ ശരീരത്തിലെ രോമങ്ങൾ അങ്ങ്‌ എഴുന്നേറ്റുനിന്നു.

ഉന്മേഷം കൂടുന്നു

ബിസിനസ‌് വളർന്നുകഴിയുമ്പോൾ സ്റ്റാഫിനൊക്കെ വമ്പൻ സാലറി കൊടുക്കണം. സ്റ്റാഫുമായി സൂപ്പർ സൗഹൃദമായിരിക്കണം. സെക്യൂരിറ്റിക്കാർക്ക്‌ വൻ ശമ്പളം കൊടുക്കണം. അവരുടെ വീടൊക്കെ ഇടയ്‌ക്ക്‌ ഞാൻ കുടുംബസമേതം സന്ദർശിച്ച്‌  ആനന്ദിപ്പിക്കണം.  വാരിക്കോരി ആനുകൂല്യം കൊടുക്കുന്നതുകണ്ട്‌ മറ്റ്‌  ബിസിനസുകാർ ചൊടിക്കും. അതൊന്നും മൈൻഡ്‌ ചെയ്യുന്നില്ല. വീടിന്റെ ചില ഭാഗങ്ങളിൽ മൊബൈൽ ഫോണിന്‌ റേഞ്ച്‌ കുറവാണ്‌. റേഞ്ചുള്ള ഭാഗത്ത്‌ സ്ഥിരമായി ഒരു ഫോൺ വയ്‌ക്കണമെന്ന്‌ തീരുമാനിച്ചു. മറ്റൊന്നുംകൊണ്ടല്ല.  ബിസിനസ‌് വളർന്ന്‌ പടർന്നുകഴിയുമ്പോൾ സുക്കർബർഗ്‌ വിളിക്കുമല്ലോ. അപ്പോ ഔട്ട്‌ ഓഫ്‌ കവറേജ്‌ ഏരിയ ആകരുത‌്.  വലിയ തിരക്കുള്ള കക്ഷിയാണ്‌. ഒറ്റ വിളിയേ ചിലപ്പോൾ വിളിക്കൂ. ഫ്ലുവന്റായി സംസാരിക്കാൻ സ്‌പോക്കൺ ഇംഗ്ലീഷ്‌ മാഷിനെ വീട്ടിൽ വരുത്തി പ്രാക്ടീസ്‌ തുടങ്ങണം. ഇപ്പോഴും ആശയത്തിലല്ല, ഗ്രാമറിലാണ്‌ ഇംഗ്ലീഷിൽ സംസാരിച്ചുതുടങ്ങുമ്പോൾ മനസ്സ് ഊന്നുന്നത്‌. ഫസ്റ്റ‌് പേഴ്‌സൺ സിംഗുലർ ആകുമ്പോൾ ‘ഹാവ്‌ ആണോ ഹാസ്‌’ ആണോ എന്നതിലൊക്കെയാണ്‌ ശ്രദ്ധ. ചാർട്ടേഡ്‌ അക്കൗണ്ടന്റായി ആരെ വേണമെന്ന്‌ തീരുമാനിച്ചു. ടാക്‌സ്‌ റിട്ടേൺ തയ്യാറാക്കുമ്പോൾ അഞ്ച്‌ പൈസപോലും എനിക്കുവേണ്ടി നികുതി ലാഭിച്ചുതരേണ്ട എന്ന്‌ പ്രത്യേകം പറയണം. എന്നിലൂടെ നാടിനും നേട്ടം വരണം. കുലീനത്വമുള്ള ബിസിനസുകാരനെ മാത്രമേ നാട്‌ ആദരിക്കൂ.

എന്ത്‌ ബിസിനസ‌്

ഐടിമേഖലയുമായി ബന്ധപ്പെട്ട ബിസിനസ‌് വേണ്ട. പെട്ടെന്നാണ്‌ ഒരാശയം ചിന്തിച്ചത്‌. ചക്ക നമ്മുടെ ചക്ക. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലം.  പ്രമേഹത്തിനുവരെ നല്ലത്‌. ഒരേസമയം മരുന്നും ആഹാരവും. എന്റെ ബിസിനസ‌് കണ്ടെത്തിക്കഴിഞ്ഞു. പക്ഷേ, ചക്കവ്യവസായി എന്ന വിശേഷണത്തിൽ ഗ്ലാമർ പോര. ജാക്ക്‌ ഫ്രൂട്ട്‌ എന്റർപ്രൈസസ്‌ എന്നാക്കിയാലോ. എന്റർപ്രൈസസ്‌  പഴയ പ്രയോഗം. ജാക്ക്‌ ഫ്രൂട്ടിനെ ചുരുക്കി ജാക്ക്‌ ആക്കാം. പിന്നെ ന്യൂജൻ ലുക്ക്‌ കിട്ടാൻ ഒരു കോംകൂടി. ജാക്ക്‌ കോം. ഇതല്ലേ പേര്‌. അങ്ങനെയാണ്‌ സാർ ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച ജാക്ക്‌ കോം ആരംഭിച്ചത്‌.
 
(പത്രാധിപർ: അതുശരി. തുടക്കമായതേയുള്ളോ? ആശാനേ അനുവദിച്ച സ്ഥലം ഇപ്പോൾത്തന്നെ തൊണ്ണൂറ്‌ ശതമാനം കഴിഞ്ഞു.
 
ലേഖകൻ: ഹ! സാറ്‌ ചൂടാകാതെ. ഒരുവർഷം കഴിയട്ടെ. സാറ്‌ ജോലികഴിഞ്ഞ്‌ വൈകുന്നേരം ഓഫീസിൽനിന്ന്‌ ഇറങ്ങുമ്പോൾ ഒരു ബിഎംഡബ്ല്യുവോ ഓഡിയോ വന്ന്‌ മുന്നിൽ നിൽക്കും. ഡ്രൈവർ ഇറങ്ങി സാറിനുവേണ്ടി ഡോർ തുറക്കും. സാറ്‌ അമ്പരന്ന്‌ നോക്കുമ്പോൾ പിറകിലെ സീറ്റിൽ ഞാനായിരിക്കും. എന്റെ ഒരു ഡസൻ കാറുകളിൽ ഒന്നുമാത്രമായിരിക്കും അതെന്ന്‌ ഊഹിച്ചുകൊള്ളുക. ഒരു ലിഫ്‌റ്റ്‌ തരാൻനിറുത്തിയതാണെന്നും അറിയുക. പഴയതൊന്നും മറക്കുന്ന വ്യവസായപ്രമുഖനാകില്ല സാർ ഞാൻ).

ഭാര്യയോട്‌ അവതരിപ്പിക്കുന്നു

രാത്രി ഭാര്യ ഒരു മാസികയിൽ സ്വർണത്തിന്റെ പരസ്യം നോക്കി നെടുവീർപ്പിട്ടിരിക്കുകയായിരുന്നു. (പാവം. കുറ്റം പറയാൻ പറ്റില്ല. വിവാഹത്തിന്‌ കൈയിലും കഴുത്തിലുമായി ഇട്ടുകൊണ്ടുവന്ന സ്വർണം ഹണിമൂൺ കഴിയുംമുമ്പ‌്  പണയത്തിലായി. പലിശ കയറിയപ്പോൾ പലതും ലേലം ചെയ്‌തുപോയി). ‘‘നിനക്ക്‌ ഇതുപോലെ ഒരു വജ്രമാല വേണമെന്നുണ്ടോ?’’ ഞാൻ ചോദിച്ചു.
 
അവൾ എന്നെ നോക്കി. കൈയിൽ അവശേഷിക്കുന്ന ഒരു മോതിരവുംകൂടി പണയം വയ്‌ക്കാൻവേണ്ടി ആവശ്യപ്പെടാനുള്ളതിന്റെ പതിവ്‌ മുന്നൊരുക്ക സംഭാഷണമാണിതെന്ന്‌ അവൾ ചിന്തിച്ചുകാണണം.
 
‘‘ഒരു വർഷത്തിനുള്ളിൽ ഇതുപോലെ എത്ര വജ്രമാല, ഒരുഡസൻ വജ്രവള ഒക്കെ നിനക്ക് കിട്ടും. വജ്രം തുന്നിയ ഡ്രസ്സ് ഉണ്ടെന്ന് കേൾക്കുന്നു. പക്ഷേ, അത് വേണ്ട. അഹങ്കാരമായിപ്പോകും. പണം കൂടുമ്പോൾ നമ്മൾ അഹങ്കാരം മാക്സിമം കുറയ്ക്കാൻ നോക്കണം.''
 
അവൾ രണ്ടുചുവട് പുറകിലേക്ക് വച്ചു. എനിക്കൊന്നും സംഭവിച്ചതല്ലെന്ന് ഞാൻ പറഞ്ഞു. തുടർന്ന് ജാക്ക് കോമിനെക്കുറിച്ച് പറഞ്ഞു.
 
അവൾ ഒന്നമ്പരന്നു. "ഇതൊക്കെ നടക്കുമോ?''
 
"നടക്കുമോന്നോ...? ഇതാ.'' ഫീച്ചറുകൾ അവളെ കാണിച്ചു.
 
എന്ത് കാര്യത്തിനും എന്നോടൊപ്പം നിൽക്കുകയും ഞാനാണ് ലോകത്തിലെ ഒരേയൊരു മഹാൻ എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഭാര്യ ഇത്രയേ പറഞ്ഞുള്ളൂ.
 
"ചേട്ടൻ തീരുമാനിക്കുന്നതുപോലെ.''
 
"ഫെയ്സ് ബുക്കുകാർ  കമ്പനി ഏറ്റെടുക്കുകയാണെങ്കിൽ കരാറെഴുതാൻ അമേരിക്കയിൽ പോകേണ്ടിവരും.'' ഞാൻ പറഞ്ഞു.
 
"അമേരിക്കയിൽ തണുപ്പല്ലേ. എനിക്കാണെങ്കിൽ ചെറിയ തണുപ്പടിച്ചാൽത്തന്നെ...''
 
"നമുക്ക് സ്വെറ്റർ കൂടുതൽ കരുതാം. അഞ്ചാറെണ്ണാം വാങ്ങാം.''
 
"വെറുതെ അഞ്ചാറെണ്ണം വാങ്ങി കാശ് കളയണ്ട. നമ്മുടെ സുനിതേടെ കൈയിൽ ഒന്നുരണ്ടെണ്ണമുണ്ട്. അത് വാങ്ങാം.''
 

എന്നിട്ടെന്തായി

തുടങ്ങിയിട്ട് ഒരു വർഷമായി സാർ. സുക്കർബർഗ് വിളിച്ചില്ല, ചാർട്ടേഡ് അക്കൗണ്ടന്റും വന്നില്ല.  വലിയ നിരാശയായിപ്പോയി. ബാക്കി ഞാൻ ലേഖനത്തിൽ വായിച്ച സംരംഭകരെല്ലാം മുകളിലേക്ക് പോയപ്പോൾ ഞാൻ നിന്നിടത്തുനിന്ന് അനങ്ങിയില്ല. ഞാനും   സ്വപ്നം കണ്ടതാണല്ലോ. പിന്നീട് എന്താണ് സംഭവിച്ചത്. ഞാൻ അവരെക്കുറിച്ചുള്ള ഫീച്ചറുകൾ വീണ്ടും പൊടിതട്ടിയെടുത്തു. വീണ്ടും വായിച്ചു. അപ്പോഴാണ് ഞാൻ അറിയുന്നത് അവരുടെ അധ്വാനം. നിതാന്ത പരിശ്രമം. പരാജയപ്പെട്ടിട്ടും വീണ്ടും വീണ്ടുമുള്ള ശ്രമം. ഞാൻ ചെയ്തതോ. ഒരുദിവസം ചക്ക അന്വേഷിച്ചിറങ്ങിയപ്പോൾ മഴ. എന്നാൽ, പിന്നെ നാളെയാകട്ടെ എന്നുവച്ചു. അടുത്തദിവസം പോയപ്പോൾ മാർക്കറ്റിൽ പരിചയക്കാർ. പരിചയക്കാരുടെ മുന്നിൽവച്ച് ചക്ക വാങ്ങുന്നത് നാണക്കേടല്ലേ എന്നുകരുതി തിരിച്ചുപോന്നു. അടുത്തദിവസം കുറച്ച് ചക്ക വാങ്ങിയത് ചുമക്കാൻ ആളിനെ കിട്ടിയില്ല. വെയിലുകൊള്ളാൻ മടിയായതുകാരണം ഞാൻ മാർക്കറ്റിങ്ങിന് ആളെ അന്വേഷിച്ചു. ചുരുക്കത്തിൽ വിജയിച്ചവരുടെ തിളക്കങ്ങളല്ലാതെ അവരുടെ വിയർപ്പിനെക്കുറിച്ച് അറിയാൻ ഞാൻ ശ്രമിച്ചില്ല. ഞാനൊട്ട് വിയർത്തുമില്ല. ചുമ്മാ സ്വപ്നം കണ്ടിരുന്നാൽ കാശ് വന്ന് നിറയുമെന്ന് കരുതി.
 
അടുത്തയാഴ്ച ഒരു സാംസ്കാരിക സംഘടനക്കാർ നടത്തുന്ന 'വിജയത്തിലേക്കുള്ള വഴികൾ' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണത്തിന് എന്നെയും ക്ഷണിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഞാനിത് ഓർമിച്ചത്.
 
krishnapoojappura@gmail.com
പ്രധാന വാർത്തകൾ
 Top