07 July Tuesday

കൃഷ്‌ണമേനോൻ– നിമ്‌നോന്നതകാന്തിയുള്ള ബഹുമുഖജീവിതം

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Sunday Mar 22, 2020

1957 ജനുവരി 23ന് കശ്‌മീർ പ്രശ്നത്തിൽ  ഐക്യരാഷ്ട്രസഭയിൽ നടത്തിയ എക്കാലത്തേയും ഏറ്റവും ദൈർഘ്യമേറിയ എട്ടു മണിക്കൂർ പ്രസംഗത്തെക്കുറിച്ച് മാത്രം ഓർത്ത് മേനോനെ ആരാധിക്കുന്നവരും 1962 ചൈന-–-ഇന്ത്യ യുദ്ധത്തിൽ രാജ്യത്തിനേറ്റ തിരിച്ചടിയുടെ പേരിൽ മേനോനോട് വിദ്വേഷം  പുലർത്തുന്നവരു മാണ് കൂടുതലും.  എന്നാൽ,  ഇത്രത്തോളം മേഖലകളിൽ സംഭാവന നൽകാൻ  ശത്രുക്കളാൽ ചുറ്റപ്പെട്ട് ഒറ്റയാനായി ജീവിച്ച ഒരാൾക്കെങ്ങനെ കഴിഞ്ഞു എന്നോർത്ത് നമ്മൾ അത്ഭുതപ്പെടും

വി കെ കൃഷ്‌ണമേനോൻ. മുൻ പ്രതിരോധ മന്ത്രി.  രാഷ്ടീയത്തിലെ അത്യപൂർവ വ്യക്തിത്വം. ഒരേസമയം  ഒട്ടേറെ ശത്രുക്കളും അതിലേറെ ആരാധകരുമുണ്ടായിരുന്ന നേതാവ്‌. ലൂസിഫർ, മെഫിസ്റ്റോഫിലസ്, റാസ്‌പുടിൻ, ഏറ്റവും വെറുക്കപ്പെട്ട നയതന്ത്രജ്ഞൻ എെന്നല്ലാം വിശേഷിപ്പിക്കപ്പെട്ട പ്രതിഭ .  അത്യുല്യമായ ആ ധിഷണാപാടവത്തെ  അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ ‘ദുഷ്‌ട പ്രതിഭ’ എന്നാണ് കൂടുതൽ പേരും   വിശേഷിപ്പിച്ചിരുന്നത്. 

 കൃഷ്‌ണമേനോന്റെ നിമ്‌ന്നോന്നതമായ  ജീവിതയാത്രയെക്കുറിച്ചും  മനസ്സിലാക്കിയവർ കേരളത്തിൽ കുറവ്‌.  ടി ജെ എസ് ജോർജ്‌ ഇംഗ്ലീഷിലെഴുതി പിന്നീട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ജീവചരിത്രമുണ്ട്‌. Krishna Menon:( London: Jonathan Cape, 1964) എന്ന പേരിലുള്ള ആ പുസ്‌തകം വായിച്ചാണ്  പലരും കൃഷ്‌ണമേനോനെ മനസ്സിലാക്കിയത്.  വി കെ മാധവൻ കുട്ടി രചിച്ച്‌ 1988ൽ  കേന്ദ്ര പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്‌ പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥവും  കൃഷ്‌ണമേനോനെക്കുറിച്ചറിയാൻ പര്യാപ്‌തം. സ്വാതന്ത്ര്യസമരത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും നെഹ്‌റു സർക്കാരിനെയും പ്രത്യേകിച്ച്  1962ലെ ഇന്ത്യ–- ചൈന യുദ്ധത്തെയും കുറിച്ച്‌    നൂറുകണക്കിന്‌ ഗ്രന്ഥങ്ങളുണ്ട്‌. അവയിൽ കൃഷ്‌ണമേനോന്റെ രാഷ്ടീയ ഇടപെടലുകളെ  അനുകൂലിച്ചും വിമർശിച്ചുമുള്ള പരാമർശങ്ങളുണ്ട്‌. സ്വാതന്ത്ര്യസമരത്തെയും  ചേരിചേരാപ്രസ്ഥാനത്തെയും  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യവർഷങ്ങളെ പറ്റിയുമുള്ള പഠനങ്ങളിൽ നിന്ന്‌ കൃഷ്‌ണമേനോന്റെ വിപുലമായ സംഭാവനകളെ ഒഴിച്ചുനിർത്താനാവില്ല.    

രാജ്യസഭാ മെമ്പറും മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ജയ്‌റാം രമേഷ് രചിച്ച  A Chequered Brilliance: The Many Lives of V.K.Krishna Menon (Penguin: Viking 2019) എന്ന ജീവചരിത്രം കൃഷ്‌ണമേനോന്റെ ഇതുവരെ അറിയപ്പെടാതിരുന്ന വ്യക്തിവിശേഷത്തിലേക്ക് വെളിച്ചം വീശുന്നു. കാൽനൂറ്റാണ്ടായി ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, ക്യാനഡ, റഷ്യ, ചൈന എന്നിവിടങ്ങളിൽ ലഭ്യമായ  രേഖകളും കൃഷ്‌ണമേനോന്റെ   അപ്രകാശിത കത്തുകളും കുറിപ്പുകളും നെഹ്‌റുവിന്റെ തെരഞ്ഞെടുത്ത കൃതികളും  ജയ്‌റാം രമേശ്   രചനയ്‌ക്കായി പ്രയോജപ്പെടുത്തിയിട്ടുണ്ട്.  

 ലണ്ടനിൽ  ഇന്ത്യാ ലീഗ് രൂപീകരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയും കൊളോണിയൽ ചൂഷണത്തിനെതിരെയും കൃഷ്‌ണമേനോൻ  നടത്തിയ ഉജ്വല പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്തേണ്ടതാണ്.  അക്കാലത്ത് മേനോൻ ബ്രിട്ടീഷ് ലേബർ പാർട്ടി അംഗവും സെന്റ് പാൻക്രാസ്ബറോയിലെ  ലേബർ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുമായിരുന്നു.  കമ്യൂണിസ്റ്റ് പാർടി ബന്ധമാരോപിച്ച്‌ ലേബർ പാർടി ഇടക്കാലത്ത് മേനോനെ അകറ്റിനിർത്തി. വീണ്ടും പാർടിയിൽ സജീവമായ  മേനോനെ 1945ലെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ലേബർ പാർടി  ആലോചിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് നെഹ്‌റു ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് മേനോൻ മത്സരിക്കാതിരുന്നത്. മറിച്ചായിരുന്നെങ്കിൽ ഒരു പക്ഷേ ചർച്ചിലിന്റെ പതനശേഷം അധികാരത്തിൽ വന്ന ക്ലമന്റ് ആറ്റ്‌ലിയുടെ ലേബർപാർടി ഗവൺമെന്റിൽ മന്ത്രിയായേനെ അദ്ദേഹം. ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം നൽകാനുള്ള ചർച്ചകൾക്ക് മേനോൻ നേതൃത്വം നൽകിയേനെ. അതിശയോക്തി കലർന്ന നിഗമനമല്ലിത്‌. കാരണം മൗണ്ട് ബാറ്റനെ  വൈസ്രോയിയായി  ബ്രിട്ടൺ നിയമിച്ചത്  മേനോന്റെ ശുപാർശപ്രകാരമാണ്. മൗണ്ട് ബാറ്റനുമായും ഭാര്യ എഡ്വിനയുമായും  നെഹ്‌റുവിനെക്കാൾ  സൗഹൃദം മേനോനായിരുന്നു.  എഡ്വിന 1960ൽ മലേഷ്യയിൽ മരിച്ചപ്പോൾ മേനോൻ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ  തിരക്കിട്ടെത്തുന്നുണ്ട്. 

നെഹ്‌റുവും  മേനോനും തമ്മിലുണ്ടായിരുന്ന  ബൗദ്ധികവും വൈകാരികവുമായ  അനുപമ വ്യക്തിബന്ധത്തിന്റെ സൂക്ഷ്‌മതലങ്ങളിലേക്ക് വെളിച്ചം വീശുന്നു  ഈ പുസ്‌തകം. നെഹ്‌റു ഇല്ലെങ്കിൽ മേനോനും മേനോൻ ഇല്ലെങ്കിൽ നെഹ്‌റുവും ഉണ്ടാകുമായിരുന്നില്ലെന്ന് രമേശ് വ്യക്തമാക്കുന്നു. തിരക്കിനും സംഘർഷങ്ങൾക്കുമിടയിലും അന്യോന്യം അയച്ച കത്തുകളിലൂടെയാണ്  ദൃഢ മൈത്രിയുടെ വിവിധതലങ്ങൾ  രമേശ് വെളിപ്പെടുത്തുന്നത്. നെഹ്‌റുവിനെ പോലെ തന്നെ ശുദ്ധ ഇംഗ്ലീഷിന്റെ ഉടമയായിരുന്നു മേനോൻ. നെഹ്‌റുവിന്റെ ജീവചരിത്രമടക്കം പ്രധാന പുസ്‌തകങ്ങളെല്ലാം എഡിറ്റ് ചെയ്‌ത്‌ പ്രസിദ്ധീകരിച്ചത് മേനോനായിരുന്നു. അതും മേനോന്റെ മുൻകൈയിൽ സ്ഥാപിതമായ പെൻഗ്വിൻ വഴി.  

  ആനി ബസന്റിന്റെ ശിഷ്യനായിട്ടാണ്  പൊതുരംഗത്തെത്തുന്നത്. ഹരോൾഡ് ലാസ്‌കിയുടെ പ്രിയശിഷ്യനും പിന്നീട് സഹപ്രവർത്തകനുമായി. ബെർട്രാൻഡ് റസ്സൽ, ബെർണാർഡ് ഷാ, വെബ് ദമ്പതിമാർ തുടങ്ങിയ ബുദ്ധിജീവികളുമായും ചൗ എൻ ലായി, അബ്‌ദുൽ നാസർ, ഹോചിമിൻ തുടങ്ങിയ രാഷ്ടീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. 

എക്കാലവും മുതലാളിത്തത്തിന്റെ കടുത്ത വിമർശകനായിരുന്ന മേനോൻ തികഞ്ഞ സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്നു. പാശ്ചാത്യനാടുകളിലും കുറെയൊക്കെ ഇന്ത്യയിലും അദ്ദേഹം എതിർക്കപ്പെട്ടിരുന്നത് രഹസ്യ കമ്യൂണിസ്റ്റ്‌ (Cryptic Communist) ധാരണയിലായിരുന്നു. മേനോന്റെ പ്രവർത്തനം നിരീക്ഷിക്കാൻ സ്‌കോട്‌ലൻഡ്‌ യാർഡ് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. അവരുടെ രേഖകളിൽ ഒരു വിദേശിയെപ്പറ്റിയുള്ള പരാമർശങ്ങളിൽ കൂടുതലും  മേനോനെ സംബന്ധിച്ചാണ്‌. നെഹ്‌റുവിന്റെ മരണശേഷം കോൺഗ്രസിൽനിന്നും തെറ്റിയ അദ്ദേഹം  ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തു. 1969ൽ മിഡ്നാപുർ പാർലമെന്റ് മണ്ഡലത്തിൽനിന്ന്‌ സിപിഐ എം പിന്തുണയോടെ  ജയിച്ചു. 1971ൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സിപിഐ എം മേനോനെ പിന്തുണച്ചപ്പോൾ  സിപിഐ  പിന്തുണച്ചത്‌ എതിർസ്ഥാനാർഥിയെ.  

ദേശീയ–- സാർവദേശീയ തലങ്ങളിൽ അദ്ദേഹമർപ്പിച്ച അർഥപൂർണവും ക്രിയാത്മകവുമായ സംഭാവനകളിൽ പലതും പിൽക്കാലത്ത് നെഹ്‌റുവിന്റേതായിട്ടാണ് അറിയപ്പെട്ടിട്ടുള്ളത്. മേനോൻ ഒരിക്കലും  അവയുടെ കർതൃത്വം അവകാശപ്പെട്ടിട്ടില്ല.  ഇതിന്‌ നിരവധി  ഉദാഹരണങ്ങൾ ജയറാം രമേശ്  അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം സോവിയറ്റ്, അമേരിക്ക ചേരികളുമായി നിഷ്‌പക്ഷ ബന്ധ(Neutral Relationship)മാണ്  ഇന്ത്യക്കുള്ളതെന്നാണ്‌ നെഹ്‌റു അന്തരാഷ്ട്ര വേദികളിൽ പ്രഖ്യാപിച്ചത്. ന്യൂട്രലിന് പകരം ചേരിചേരായ്‌മ (Non Aligned)എന്ന പദം മുന്നോട്ടുവച്ചു മേനോൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം ഉറപ്പായ ഘട്ടത്തിൽ ലോകരാജ്യങ്ങളുടെ ഭരണഘടനയിൽനിന്ന്‌ നല്ല വകുപ്പുകൾ തെരഞ്ഞെടുത്ത് ഇന്ത്യൻ ഭരണഘടനയുടെ  കരട്  അദ്ദേഹം തയ്യാറാക്കി.  ഭരണഘടന സംബന്ധിച്ച് വാചാലമായ ചർച്ച നടക്കുന്ന ഇക്കാലത്തുപോലും മേനോന്റെ സംഭാവന പരാമർശിക്കപ്പെടുന്നില്ല. ആസൂത്രണ കമീഷൻ, യുജിസി എന്നിവ രൂപീകരിക്കണമെന്ന് നെഹ്‌റുവിനോട് ആവശ്യപ്പെട്ടതും മേനോനാണ്‌. വിദേശകാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസം, ആസൂത്രണം, ശാസ്‌ത്ര സാങ്കേതിക മേഖല എന്നിവയിലെല്ലാം  വ്യക്തമായ കാഴ്‌ചപ്പാടുകളുണ്ടായിരുന്നു.  

 ഇന്ത്യൻ  രാഷ്ടീയത്തിലും ഭരണരംഗത്തും അദ്ദഹം  നടത്തിയിട്ടുള്ള പരിഷ്‌കാരങ്ങളും സംഭാവനകളും അമ്പരിപ്പിക്കുന്നവിധം വിപുലവും സങ്കീർണവുമാണ്. 1957 ജനുവരി 23ന് കശ്‌മീർ പ്രശ്നത്തിൽ  ഐക്യരാഷ്ട്രസഭയിൽ നടത്തിയ എക്കാലത്തേയും ഏറ്റവും ദൈർഘ്യമേറിയ എട്ടു മണിക്കൂർ പ്രസംഗത്തെക്കുറിച്ച് മാത്രം ഓർത്ത് മേനോനെ ആരാധിക്കുന്നവരും 1962 ചൈന-–-ഇന്ത്യ യുദ്ധത്തിൽ രാജ്യത്തിനേറ്റ തിരിച്ചടിയുടെ പേരിൽ മേനോനോട് വിദ്വേഷം  പുലർത്തുന്നവരുമാണ് കൂടുതലും.    എന്നാൽ ശത്രുക്കളാൽ ചുറ്റപ്പെട്ട് ഒറ്റയാനായി ജീവിച്ച ഒരാൾക്കെങ്ങിനെ  ഇത്രത്തോളം മേഖലകളിൽ സംഭാവന നൽകാൻ  കഴിഞ്ഞു എന്നോർത്ത് നമ്മൾ അത്ഭുതപ്പെടും

മേനോനെ വലയം ചെയ്‌ത നിഗൂഢത അനാവരണം ചെയ്യാനും,  ഇപ്പോഴും ചൂഴ്‌ന്നുനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കം ചെയ്യാനും ജയ്‌റാം രമേശിന് കഴിഞ്ഞിട്ടുണ്ട്.  അതേയവസരത്തിൽ ഇതൊരു പുകഴ്‌ത്തൽ (Hagiography) ജീവചരിത്രമല്ല.  മേനോന്റെ സ്വാഭാവ വൈചിത്ര്യത്തിലടങ്ങിയ ചപലതകളും  ഒരാവശ്യവുമില്ലാതെ ശത്രുക്കളെ സൃഷ്ടിക്കാനും മിത്രങ്ങളെ അകറ്റാനുമുള്ള അസാധാരണമായ സവിശേഷതയുമെല്ലാം  രമേശ് കലവറ കൂടാതെ രേഖപ്പെടുത്തുന്നു. വെറും ബിസ്‌കറ്റും ചായയും മാത്രം കഴിച്ച് മരിക്കുമ്പോൾ ആയിരക്കണക്കിനു പുസ്‌തകങ്ങളും ഏതാനും ഊന്നുവടികളും  കുറേയേറെ  കളിപ്പാട്ടങ്ങളും  അവശേഷിപ്പിച്ച് കടന്നുപോയ കൃഷ്‌ണമേനോൻ എന്ന വിശ്വപൗരനെ വളരെ വൈകിയാണെങ്കിലും മനസ്സിലാക്കാൻ  ഈ പുസ്‌തകത്തിലൂടെ കഴിയും. മലയാളികളാരും ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാതിരുന്നതിൽ നമുക്ക് ലജ്ജിക്കാം.

പ്രധാന വാർത്തകൾ
 Top